ക്വാസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വികസിക്കുന്ന ഒരു ക്വാസാർ കലാകാരന്റെ ഭാവനയിൽ.


സജീവ താരാപഥകേന്ദ്രത്തോടു കൂടിയതും, ഉയർന്ന ഊർജ്ജത്തോടുകൂടിയ ശക്തമായ റേഡിയോ വികിരണ സ്രോതസ്സുമായ വളരെ അകലത്തിലുള്ള താരാപഥങ്ങളെ ക്വാസാർ എന്നു പറയുന്നു. ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് (Quasi Stellar Radio Source) എന്നതിന്റെ ചുരുങ്ങിയ രൂപമാണ് ക്വാസാർ (Quasar). പ്രത്യക്ഷ നിരീക്ഷണങ്ങളിൽ നക്ഷത്രങ്ങളെപ്പോലെ കാണപ്പെടുന്നതുകൊണ്ടാണ് ക്വാസാർ എന്നു വിളിക്കുന്നതെങ്കിലും,കൂടുതൽ വ്യക്തമായ നിരീക്ഷണങ്ങളിൽ പത്തുശതമാനം ക്വാസാറുകൾക്കു മാത്രമേ ശക്തമായ റേഡിയോ സ്രോതസ്സുകളുള്ളൂ. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാ വസ്തുക്കൾക്കും ക്വാസാർ എന്നപ്പേരു യോജിക്കില്ല. അതിനാൽ അവയെ ക്വാസി സ്റ്റെല്ലാർ ഒബ്ജക്ട്സ് (Quasi Stellar Objects-QSOs) എന്നും വിളിക്കുന്നു

വിദ്യുത്കാന്തിക പ്രസരണങ്ങളിൽ ഉയർന്ന അളവിൽ ചുവപ്പുനീക്കം പ്രകടമാക്കുന്ന ബഹിരാകാശ വസ്തുക്കളെന്ന നിലയിലാണ്‌ ഇവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഹബിൾ നിയമമനുസരിച്ച് ഏറ്റവും കൂടിയ വേഗതയിൽ ഭൂമിയിൽ നിന്നകന്നു പോകുന്ന ബഹിരാകാശ വസ്തുക്കളും ക്വാസാറുകളാണ്. ഇതു പ്രകാശവേഗത്തിന്റെ ഏതാണ്ട് എൺപത് ശതമാനം വേഗതയിലാണ് ഭൂമിയുമായി അകലുന്നത്. ചുരുക്കി പറഞ്ഞാൽ ക്വാസാറുകളാണ് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ബഹിരാകാശ വസ്തുക്കൾ. ഭൂരിഭാഗം ക്വാസാറുകളും ചെറിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ദൃശ്യമാവുന്നവയല്ല. എന്നാൽ 12.9 മാഗ്നിറ്റ്യൂടോടു കൂടിയ 3C 273 എന്ന ക്വാസാർ ഇതിനൊരപവാദമാണ്‌. 2.44 ബില്ല്യൺ പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന ഇത് സാധാരണ ടെലിസ്കോപ്പുകളുപയോഗിച്ച് ദൃശ്യമാകുന്ന പ്രപഞ്ചത്തിലെ ഏറ്റവും അകലെയുള്ള വസ്തുക്കളിലൊന്നാണ്‌. നിലവിൽ ULAS J1120+0641 എന്ന ക്വാസാറിനാണ് ഏറ്റവും ഉയർന്ന ചുവപ്പുനീക്കമുള്ളത്. 7.085 ആണ് ഇതിന്റെ ചുവപ്പുനീക്കം. ഇത് ഏകദേശം 28.85ബില്ല്യൺ പ്രകാശവർഷങ്ങൾക്കു തുല്യമാണ്.

1980-കൾ വരെ ഇവയ്ക്ക് ഒരു കൃത്യമായ വിശദീകരണം നൽകുവാൻ ജ്യോതിശാസ്ത്ര ലോകത്തിന് കഴിഞ്ഞിരുന്നില്ല. നിലവിൽ ശാസ്ത്രീയ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ താരാപഥകേന്ദ്രത്താൽ ചുറ്റപ്പെട്ട തമോദ്വാരത്തിൽ നിന്ന് അസാധാരണമായ അളവിൽ ഊർജ്ജം ഉൾക്കൊണ്ട് ഉന്നതോർജ്ജ സ്രോതസ്സായിത്തീർന്ന കേന്ദ്രമാണ് ക്വാസാർ എന്ന് വിശ്വസിക്കപ്പെടുന്നു. റേഡിയോ താരാപഥങ്ങളെക്കാൾ കൂടിയ ദൂരത്തിലും, പ്രായം കുറഞ്ഞതുമായ താരാപഥങ്ങളിലാണ് ഇത്തരം ഉന്നതോർജ്ജ കേന്ദ്രങ്ങളുള്ളത്.

നിരീക്ഷണ ചരിത്രം[തിരുത്തുക]

റേഡിയോ ടെലിസ്കോപ്പുകളുടെ കണ്ടുപിടിത്തത്തിലൂടെയാണ് ക്വാസാറുകളെക്കുറിച്ചു ശാസ്ത്രലോകത്തിന് സൂചന ലഭിക്കുന്നത് . ആദ്യകാല ചിത്രങ്ങളിൽ പ്രകാശബിന്ദുവിന്റെ രൂപത്തിലാണ് ക്വാസാറുകൾ കാണപ്പെട്ടിരുന്നത്, അതിനാൽ തന്നെ നക്ഷത്രങ്ങളിൽ നിന്ന് വേർതിരിച്ചറിയുവാൻ പ്രയാസമായിരുന്നു.

1961ൽ Thomas A. Matthews എന്ന ജ്യോതിശാസ്ത്രജ്ഞൻ 3C 48 എന്ന റേഡിയോ സ്രോതസ്സിന്റെ കൃത്യമായ സ്ഥാനം കണ്ടുപിടിച്ചതിൽ നിന്ന് അതൊരു നക്ഷത്രവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലായി. പ്രത്യേക തരത്തിലുള്ള അതിന്റെ വർണരാജിയിൽ അനവധി ഉദ്വമനരേഖകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നു പോലും പരിചിതമായ തരംഗദൈർഘ്യം ഉള്ളതായിരുന്നില്ല. ഒരു റേഡിയോ നക്ഷത്രത്തെ കണ്ടു എന്നതിൽ കവിഞ്ഞ് ജ്യോതിശാസ്ത്രജ്ഞരാരും ഇതിനെ രണ്ടു കൊല്ലക്കാലം കാര്യമായി പരിഗണിച്ചില്ല.1963-ൽ 3C 273 എന്ന മറ്റൊരു റേഡിയോ സ്രോതസ്സിനും, മുകളിൽ പറഞ്ഞ സ്രോതസ്സിന്റെ അതേ സ്വഭാവങ്ങളുള്ളതായി കണ്ടു. Hazard-ഉം Mackey-ഉം Shimmins-ഉം ചേർന്ന് അതിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിച്ചു. പലോമർ വാനനിരീക്ഷണാലയത്തിലെ 100-ഇഞ്ച് ദൂരദർശിനി ഉപയോഗിച്ച് Maarten Schmidt എന്ന ശാസ്ത്രജ്ഞൻ എടുത്ത 3C 273-ന്റെ വർണ്ണരാജിയിൽ ഉദ്വമനരേഖകളെ കണ്ടു. 0.158 അളവിൽ ചുവപ്പുനീക്കം സംഭവിച്ച ആണവ ഹൈഡ്രജന്റെ രേഖകളായിരുന്നു അവ. ഇതിന്റെ അടിസ്ഥാനത്തിൽ 3C 48-ന്റെ വർണ്ണരാജി പരിശോധിച്ചപ്പോൾ അതിലെ രേഖകൾക്ക് 0.367 അളവിൽ ചുവപ്പു നീക്കമുള്ളതായി കണ്ടു. അങ്ങനെ 3C 48-ഉം, 3C 273-ഉം ആണ് ആദ്യം തിരിച്ചറിഞ്ഞ ക്വാസാറുകൾ. ചുവപ്പുനീക്കത്തിന്റെ വലുതായ അളവിൽ നിന്ന് അവ ബാക്കിയുള്ള താരാപഥങ്ങളിൽ നിന്നെല്ലാം വളരെ അകലെയാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.

നിരുക്തം[തിരുത്തുക]

അതിവിദൂര താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ അതിസ്ഥൂല തമോഗർത്തങ്ങളുണ്ടെന്നു [Super Massive Black Holes] കരുതുന്നു. പത്തുലക്ഷത്തിനും നൂറുകോടിക്കും ഇടയിൽ സൂര്യപിണ്ഡം അവയ്ക്കു കാണും. അതിനാൽ തന്നെ ശക്തമായ ഗുരുത്വാകർഷണവും, കാന്തിക മണ്ഡലവും അവയ്ക്കുണ്ടാകും. ശക്തമായ ഗുരുത്വാകർഷണബലത്താൽ സമീപമുള്ള നക്ഷത്രങ്ങളിലെയും, നക്ഷത്രാന്തരീയ മാധ്യമത്തിലെയും വാതകങ്ങളും, ധൂളികളും ഇവയിലേക്ക് ആകർഷിക്കുകയും, ഇത് തമോഗർത്തത്തിനു ചുറ്റും വലയം ചെയ്ത് ഒരു ഭീമൻ 'അക്രീഷൻ ഡിസ്കും' രൂപപ്പെടുന്നു. അക്രീഷൻ ഡിസ്കിൽ നിന്നും ദ്രവ്യം, തമോഗർത്തത്തിലേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം വാതകത്തെയും, ധൂളികളെയും ചൂട് പിടിപ്പിച്ച് ഊർജ്ജം വർദ്ധിക്കുകയും, അങ്ങനെ എക്സ്-റേ ഉത്സർജ്ജനം നടക്കുകയും, അതോടൊപ്പം ശക്തമായ കാന്തിക മണ്ഡലത്തിൽപ്പെട്ട ഇലക്ട്രോണുകൾ എക്സ്-റേ ബഹിർഗമനവും സൃഷ്ടിക്കുന്നു. ഇതു അക്രീഷൻ ഡിസ്കിനു ലംബമായി രണ്ട് വാതകജെറ്റുകൾക്ക് കാരണമാകുന്നു. ഇതാണു ക്വാസാറുകളെ അതീവ പ്രകാശമുള്ളതാക്കുന്ന വിപുലമായ ഊർജ്ജത്തിന്റെ ഉറവിടം. അതിനാൽ ക്വാസാറുകൾ, "അതിസ്ഥൂല തമോദ്വാരങ്ങളുടെ അക്രീഷൻ ഡിസ്കുകളാണെന്നും പറയാം".

ക്വാസാറുകളിൽ ഏറ്റവും പ്രഭ കൂടിയവയുടെ ഊർജ്ജ പ്രസരണം ശരാശരി താരാപഥങ്ങളുടെ ഊർജ്ജ പ്രസരണങ്ങളെ കടത്തിവെട്ടുന്നതാണ്, ഏകദേശം ഒരു ട്രില്ല്യൺ (1012) സൂര്യന്മാർക് തുല്യം. സൂര്യൻ ആയിരം കോടി വർഷം കൊണ്ട് പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന്റെ ആയിരം കോടി മടങ്ങ് ഊർജ്ജം ഒരു ക്വാസാർ വെറും പത്തുവർഷം കൊണ്ട് പുറത്തുവിടുന്നു. അനേകായിരം സാധാരണ ഗാലക്സികൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തെക്കാൾ കൂടുതൽ ഊർജ്ജം ക്വാസാറുകൾ ഓരോന്നും പുറപ്പെടുവിക്കും. 2011ൽ ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ 1200കോടി സൗരപിണ്ഡമുള്ള SDSS J010013.02+280225.8 എന്ന തമോഗർത്തവുമായി ബന്ധപ്പെട്ട ക്വാസാറിന് 420ലക്ഷം കോടി സൂര്യപ്രഭയുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ പ്രഭയുള്ള ക്വാസാർ ഇതാണ്.

ക്വാസാറുകൾ വർണ്ണരാജിയിലെ ഏതാണ്ടെല്ലാ വികിരണങ്ങളും ഒരു പോലെ പ്രസരിപ്പിക്കുന്നു. എക്സ്-കിരണം മുതൽ ഇൻഫ്രാറെഡിന്റെ അങ്ങേയറ്റം വരെ, അൾട്രാവയലറ്റ്- ഒപ്റ്റിക്കൽ ബാൻഡിൽ ഈ അളവ് കൂടുതലാണ്. റേഡിയോ വികിരണങ്ങളുടേയും ഗാമാ കിരണങ്ങളുടേയും ശക്തമായ സ്രോതസ്സുകളാണ് ചില ക്വാസാറുകൾ. ഇൻഫ്രാറെഡ് ടെലിസ്കോപ്പുകളുടേയും ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ സഹായത്താൽ ക്വാസാറുകളുടെ ചുറ്റിലായി സ്ഥിതിചെയ്യുന്ന ആതിഥേയ താരാപഥങ്ങളെ ചില അവസരങ്ങളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.[1] ഇത്തരം താരാപഥങ്ങൾ, ക്വാസാറുകളുടെ പ്രഭയ്ക്ക് മുന്നിൽ മങ്ങിയ നിലയിലാണ്‌ സാധാരണ കാണപ്പെടുക.

ചില ക്വാസാറുകൾ അവയുടെ പ്രഭയിൽ പെട്ടെന്നുള്ള മാറ്റം പ്രകടമാക്കുന്നു ദൃശ്യപ്രകാശ മേഖലയിലാണ്‌ ഇത് കൂടുതലെങ്കിൽ ചിലപ്പോൾ എക്സ് കിരണങ്ങളിലും ഇത് കാണിക്കുന്നു. ഇതുവഴി അത്തരം ക്വാസാറുകൾ സൗരയൂഥത്തിന്റെ വലിപ്പത്തിനു സമാനമായത്ര ചെറുതാണെന്ന് അനുമാനിക്കുന്നു. കാരണം ഈ വ്യത്യാസം പ്രകാശത്തിനു ഒരറ്റം മുതൽ മറ്റേ അറ്റം വരെ സഞ്ചരിക്കുന്നതിനെടുക്കുന്നതിനേക്കാൾ ചെറിയ സമയമായിരിക്കാൻ കഴിയില്ല, അപൂർവ്വമായി ഇത് വീക്ഷിക്കുന്ന ദിശയിലുള്ള ശക്തമായ ഊർജ്ജ പ്രവാഹമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.


അവലംബം[തിരുത്തുക]

  1. Hubble Surveys the "Homes" of Quasars Hubblesite News Archive, 1996-35
"https://ml.wikipedia.org/w/index.php?title=ക്വാസാർ&oldid=2583723" എന്ന താളിൽനിന്നു ശേഖരിച്ചത്