സജീവ താരാപഥ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു സജീവ താരാപഥത്തിന്റെ ആന്തരിക ഘടന


ശക്തമായ റേഡിയോ വികിരണം, വർണ്ണരാജിയിലെ രേഖകൾ എന്നിവയുള്ള താരാപഥങ്ങളെ സൂചിപ്പിക്കാൻ ജ്യോതിശാസ്ത്രജ്ഞർ സജീവതാരാപഥങ്ങൾ എന്ന പദം ഉപയോഗിച്ചുവരുന്നു. ഇവയുടെ കേന്ദ്രങ്ങളിൽ അതിസ്ഥൂലതമോദ്വാരങ്ങൾ സ്ഥിതിചെയ്യുന്നുണ്ടെന്നാണ്‌ സൈദ്ധാന്തികപഠനങ്ങളും നിരീക്ഷണങ്ങളും കാണിക്കുന്നത്. സജീവതാരാപഥകേന്ദ്രങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുന്ന മാതൃകകൾ സൂര്യന്റെ നൂറുകോടിക്കണക്കിന്‌ ഇരട്ടി പിണ്ഡമുള്ള തമോദ്വരങ്ങൾ അവിടെയുണ്ടെന്നാണ്‌ കണക്കാക്കുന്നത്. ഈ തമോദ്വാരത്തിനു ചുറ്റും ഒരു ഭീമൻ അക്ക്രീഷൻ ഡിസ്കും ഇതിന്‌ ലംബമായി രണ്ട് വാതകജെറ്റുകളും ഉണ്ടാകും. ഡിസ്കിൽ നിന്ന് തമോദ്വാരത്തിലേക്ക് വീഴുന്ന ദ്രവ്യത്തിന്റെ ഗുരുത്വോർജ്ജമാണ് വികിരണമായി മാറുന്നത്. പത്ത് ശതമാനത്തോളം സജീവതാരാപഥകേന്ദ്രങ്ങളിൽ നിന്ന് കേന്ദ്രത്തിന്റെ വിപരീതദിശകളിൽ പ്രകാശവേഗത്തോടടുക്കുന്ന വേഗതയിൽ ദ്രവ്യം ഒരുജോഡി പ്രവാഹങ്ങളായി പുറത്തേക്കുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ എങ്ങനെയാണുണ്ടാകുന്നത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ ധാരണയായിട്ടില്ല. എക്സ്-രശ്മികളുടെ രൂപത്തിൽ ധാരാളം ഊർജ്ജം പുറത്തുവിടുന്ന സജീവതാരാപഥങ്ങളെ ഊർജ്ജത്തിന്റെ അളവനുസരിച്ച് സീഫർട്ട് ഗാലക്സികൾ എന്നും ക്വാസാറുകൾ എന്നും വിളിക്കുന്നു. ഭൂമിയുടെ ദിശയിൽ പ്രകാശവേഗത്തോടടുത്ത വേഗതയുള്ള കണികാപ്രവാഹമുള്ള സജീവതാരാപഥങ്ങളാണ് ബ്ലാസാറുകൾ എന്ന് കരുതുന്നു. പ്രവാഹങ്ങളിൻ നിന്ന് റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന സജീവതാരാപഥങ്ങളാണ് റേഡിയോ താരാപഥങ്ങൾ.

"https://ml.wikipedia.org/w/index.php?title=സജീവ_താരാപഥ_കേന്ദ്രം&oldid=2812173" എന്ന താളിൽനിന്നു ശേഖരിച്ചത്