Jump to content

ക്രോണോമെട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമയത്തിന്റെ സാർവത്രികമായി അറിയപ്പെടുന്ന ചിഹ്നമായ മണൽ ഘടികാരം.

സമയം അളക്കുന്നതിനെക്കുറിച്ചുള്ള അല്ലെങ്കിൽ സമയം രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ച ശാസ്ത്രമാണ് ക്രോണോമെട്രി.[1] "സമയം" എന്നർഥം വരുന്ന ഗ്രീക്ക് വാക്ക് χρόνος (ക്രോനോസ്), "അളവ്" എന്നർഥം വരുന്ന μέτρον (മെട്രോൺ), എന്നിവയിൽ നിന്ന് ആണ് ഈ വാക്കുണ്ടായത്. സമയത്തിന്റെ അളവെടുപ്പിനൊപ്പം, അതിന്റെ മാനദണ്ഡീകരണവും ക്രോണോമെട്രി ചെയ്യുന്നു, ഇത് ശാസ്ത്രത്തിന്റെ പല മേഖലകളിലും ഒരു പ്രധാന റഫറൻസായി വർത്തിക്കുന്നു.

സമയത്തിന്റെ ഒരു അംഗീകൃത ഏകകം നൽകുന്നതും സമയത്തിന്റെ കൃത്യവും വിശ്വസനീയവുമായ അളവെടുപ്പും ക്രോണോമെട്രിക് പരീക്ഷണങ്ങൾക്കും ശാസ്ത്രീയ ഗവേഷണങ്ങൾക്കും പ്രധാനമാണ്. പല പരീക്ഷണങ്ങളിലും സമയം ഒരു വേരിയബിളാണ്, അതിനാൽ സമയവും അതിന്റെ മാനദണ്ഡീകരണവും ശാസ്ത്രത്തിന്റെ പല മേഖലകളിലും അനിവാര്യ ഘടകമാണ്.

കാലക്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കണ്ടെത്തുന്ന കാലാനുക്രമണിക അല്ലെങ്കിൽ ക്രോണോളജി എന്ന ശാസ്ത്രവുമായി ഇത് തെറ്റിദ്ധരിക്കരുത്. ഇതുമായി സാമ്യമുള്ള മറ്റൊരു ശാഖ സ്റ്റോപ്പ് വാച്ചുകൾ, ക്ലോക്കുകൾ, മണൽ ഘടികാരങ്ങൾ എന്നിവ പോലുള്ള സമയം അളക്കാൻ സൃഷ്ടിച്ച ഉപകരണങ്ങളുടെ പഠനം ആയ ഹൊറോളജി ആണ്. പല ശാസ്ത്ര മേഖലകളിലും ക്രോണോമെട്രി ഉപയോഗപ്പെടുത്തുന്നു, അതേപോലെ ശാസ്ത്രത്തിലെ മറ്റ് മേഖലകളിൽ നിന്ന് ഉരുത്തിരിഞ്ഞ ക്രോണോളജി മേഘലകളുമുണ്ട്, ഉദാഹരണത്തിന് ജിയോക്രോണോമെട്രി, ജിയോളജിയും ക്രോണോമെട്രിയും സംയോജിപ്പിക്കുന്നത് ആണ്.

സമയം രേഖപ്പെടുത്തുന്നതിനുള്ള ആദ്യകാല തെളിവുകൾ പാലിയോലിത്തിക് കാലഘട്ടത്തിൽ ആണ് കാണപ്പെടുന്നത്. വർഷം അളക്കുന്നതിനായി ചന്ദ്രൻ കടന്നുപോകുന്നത് അടയാളപ്പെടുത്തിയ കൊത്തുപണികൾ ആണ് അവ. സമയം നോക്കുന്നതിനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും കണ്ടുപിടിക്കുന്നതിനുമുമ്പ് തന്നെ കലണ്ടറുകളുടെ രേഖാമൂലമുള്ള പതിപ്പുകളിലേക്ക് അവ പുരോഗമിച്ചു. ഇന്ന്, സമയത്തിന്റെ ഏറ്റവും ഉയർന്ന കൃത്യതയുള്ള ഘടികാരങ്ങൾ ആറ്റോമിക് ക്ലോക്കുകളാണ്, അവ സെക്കന്റുകൾക്കുള്ള അന്താരാഷ്ട്ര അളവിനായി ഉപയോഗിക്കുന്നു.[2] [3]

പദോൽപ്പത്തി[തിരുത്തുക]

“സമയം”, “അളവ്” എന്നീ അർഥം വരുന്ന പ്രാചീന ഗ്രീക്ക് ഭാഷയിലെ ക്രോനോസ്, മെട്രോൺ എന്നീ രണ്ട് മൂല പദങ്ങളിൽ നിന്നാണ് ക്രോണോമെട്രി ഉത്ഭവിച്ചത്. [4]

ക്രോണോമെട്രിയുടെ ഫീൽഡുകൾ[തിരുത്തുക]

ബയോക്രോണോമെട്രി[തിരുത്തുക]

സമയത്തിന് അനുസരിച്ച് മൃഗങ്ങളിൽ കാണപ്പെടുന്ന ജൈവ സ്വഭാവങ്ങളെയും പാറ്റേണുകളെയും കുറിച്ചുള്ള പഠനമാണ് ബയോക്രോനോമെട്രി (ക്രോണോബയോളജി അല്ലെങ്കിൽ ബയോളജിക്കൽ ക്രോണോമെട്രി എന്നും അറിയപ്പെടുന്നത്). ഇതിനെ സിർ‌കാഡിയൻ‌ റിഥം, സിർകാനുലർ റിഥം എന്നിങ്ങനെ തരംതിരിക്കാം (പ്രസക്തിയെ ആശ്രയിച്ച് ഈ വർ‌ഗ്ഗീകരണത്തിൽ‌ സിർകാടൈഡൽ സിർകാനുലർ എന്നിവയും ഉൾ‌പ്പെടുത്താം). ഈ സ്വഭാവങ്ങളുടെ ഉദാഹരണങ്ങളിൽ സമുദ്ര സസ്യങ്ങളുടെയും മൃഗങ്ങളുടെയും ദൈനംദിനവും, കാലാനുസൃതവുമായ ടൈഡൽ സൂചകങ്ങളുമായുള്ള ബന്ധം, [5] ആൽഗകളിലെ ഫോട്ടോസിന്തറ്റിക് ശേഷിയും ഫോട്ടോടാക്റ്റിക് പ്രതികരണശേഷിയും, [6] അല്ലെങ്കിൽ ബാക്ടീരിയയിലെ മെറ്റബോളിക് ടെമ്പറേച്ചർ കോമ്പൻസേഷൻ എന്നിവ ഉൾക്കൊള്ളുന്നു. [7]

ഹ്യൂമൻ സിർകാഡിയൻ സൈക്കിളിന്റെ (ബയോളജിക്കൽ ക്ലോക്ക്) സവിശേഷതകൾ ചിത്രീകരിക്കുന്ന ഒരു ഡയഗ്രം.

എല്ലാ ഏകകോശ ബഹുകോശ ജീവജാലങ്ങളിലും സിർക്കാഡിയൻ, സിർകാനുലർ കാണാം. [8] [9] ബയോക്രോണോമെട്രിയുടെ ഒരു ഉപശാഖ മൈക്രോബയോക്രോണോമെട്രി (ക്രോണോമൈക്രോബയോളജി അല്ലെങ്കിൽ മൈക്രോബയോളജിക്കൽ ക്രോണോമെട്രി എന്നിവയും) ആണ്, ഇത് സൂക്ഷ്മജീവികളിലെ പെരുമാറ്റ ക്രമങ്ങളുടെയും റിഥങ്ങളുടെയും പരിശോധനയാണ്. സിർകാഡിയൻ, സിർകാനുലർ റിഥവുമായി പൊരുത്തപ്പെടുന്നത് ജീവജാലങ്ങൾക്ക് അനിവാര്യമായ ഒരു പരിണാമമാണ്. ഈ പഠനങ്ങൾക്ക് പല ജീവജാലങ്ങളുടെയും പ്രതികരണങ്ങളെ ബാധിക്കുന്ന ചില ഘടകങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ കഴിയും, ഒപ്പം മൊത്തത്തിലുള്ള ഫിസിയോളജിയെ കൂടുതൽ മനസിലാക്കുന്നതിനും ഇത് സഹായിക്കും, ഇത് മനുഷ്യർക്കും ബാധകമാണ്, കാരണം മനുഷ്യന്റെ പ്രകടനം, ഉറക്കം, ഉപാപചയം, രോഗവികസനം എന്നിവയെല്ലാം ബയോക്രോണോമെട്രിക്കൽ ചക്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മെന്റൽ ക്രോണോമെട്രി[തിരുത്തുക]

മെന്റൽ ക്രോണോമെട്രി (കോഗ്നിറ്റീവ് ക്രോണോമെട്രി എന്നും വിളിക്കുന്നു) പ്രതികരണ സമയം ഗ്രഹണം തുടങ്ങിയ മനുഷ്യ വിവര പ്രോസസ്സിംഗ് സംവിധാനങ്ങളെ പഠിക്കുന്നു. ക്രോണോമെട്രിയുടെ ഒരു മേഖലയെന്ന നിലയിൽ, ഇത് കോഗ്നിറ്റീവ് സൈക്കോളജിയുടെയും അതിന്റെ സമകാലീന മനുഷ്യ വിവര സംസ്കരണ സമീപനത്തിന്റെയും ഭാഗമാണ്. [10]

ജിയോക്രോണോമെട്രി[തിരുത്തുക]

ജിയോക്രോണോളജിക്കൽ രീതികൾ, പ്രത്യേകിച്ച് റേഡിയോ ആക്ടീവ് ധാതുക്കളോ മൂലകങ്ങളോ ഉപയോഗിച്ച് ഭൂമിശാസ്ത്രപരമായ വസ്തുക്കളുടെ കാലഗണന (ഡേറ്റിംഗ്) നടത്തുന്നതാണ് ജിയോക്രോണോമെട്രി, ഇത് ജിയോക്രോണോളജി, സ്ട്രാറ്റഗ്രാഫി എന്നീ മേഖലകളിൽ കൂടി ഉൾപ്പെടുന്നു, അതേസമയം ക്രോണോസ്ട്രാറ്റിഗ്രാഫിയിൽ നിന്ന് വ്യത്യസ്തമാണ്.

ചരിത്രവും വികസനവും[തിരുത്തുക]

ആദ്യകാല മനുഷ്യർ തങ്ങളുടെ അടിസ്ഥാന ഇന്ദ്രിയങ്ങളെ സമയം മനസ്സിലാക്കാൻ ഉപയോഗിക്കുകയും ഋതുക്കൾ തിരിച്ചറിയാൻ അവരുടെ ജൈവശാസ്ത്രപരമായ സമയത്തെ ആശ്രയിക്കുകയും ചെയ്യുമായിരുന്നു. അവരുടെ ഫിസിയോളജിക്കൽ, ബിഹേവിയറൽ സീസണൽ ചക്രങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത് മെലറ്റോണിൻ അടിസ്ഥാനമാക്കിയുള്ള ഫോട്ടോപിരീഡ് ടൈം മെഷർമെന്റ് ബയോളജിക്കൽ സിസ്റ്റമാണ് - ഇത് വാർഷിക പകൽ വ്യതിയാനത്തെ അളക്കുന്നു. മാസങ്ങൾക്ക് മുമ്പുതന്നെ പാരിസ്ഥിതിക സംഭവങ്ങളുടെ ഒരു സൂചന ലഭിക്കുന്നത് അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. [11]

പുരാതന ഈജിപ്ഷ്യൻ സൺ‌ഡയൽ, ഇതിൽ പകൽ സമയം 12 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

പുരാതന ഈജിപ്ഷ്യൻ കലണ്ടറുകൾ ആദ്യകാല കലണ്ടറുകളിൽ ഒന്നാണ്, അതിനുശേഷം വന്ന സിവിൽ കലണ്ടർ സംസ്കാരത്തിന്റെ തകർച്ചയും ക്രൈസ്തവ കാലഘട്ടത്തിന്റെ ആദ്യകാലവും അതിജീവിച്ച് കൂടുതൽ നാൾ നിലനിന്നു. ബിസി 4231-നടുത്ത് ആണ് ഇത് കണ്ടുപിടിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു, എന്നാൽ കൃത്യമായ ഡേറ്റിംഗ് ബുദ്ധിമുട്ടാണ്. ഇത് ആദ്യം ചന്ദ്രന്റെ ചക്രങ്ങളെയും ഘട്ടങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു, സിറിയസ് നക്ഷത്രം ഓരോ 365 ദിവസത്തിലും സൂര്യോദയത്തിനുമുമ്പ് കാണുന്നത് ശ്രദ്ധയിൽ പെട്ട് കലണ്ടറിൽ പിഴവുണ്ടെന്ന് ഈജിപ്തുകാർ മനസ്സിലാക്കുകയും ഇപ്പോൾ നമുക്കറിയാവുന്ന പന്ത്രണ്ട് മാസങ്ങൾ ഉൾക്കൊള്ളുന്ന ഒരു വർഷം എന്ന രീതിയിൽ അത് പുനർനിർമ്മിക്കുകയും ചെയ്തു. മുപ്പത് ദിവസം ഉള്ള പന്ത്രണ്ട് മാസങ്ങളും അഞ്ച് അധിക ദിവസങ്ങളും ഉൾപ്പെടുന്നതാണ് ഒരു വർഷം. [12] [13] ആദ്യത്തേത് പുരാതന ഈജിപ്തുകാരുടെ ചാന്ദ്ര കലണ്ടർ എന്നും രണ്ടാമത്തേത് സിവിൽ കലണ്ടർ എന്നും അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

 1. Webster's Dictionary, 1913
 2. Lombardi, M.A.; Heavner, T.P.; Jefferts, S.R. (2007). "NIST Primary Frequency Standards and the Realization of the SI Second". NCSLI Measure. NCSL International. 2: 74–89.
 3. Ramsey, N.F. (2005). "History of Early Atomic Clocks". IOP Publishing. {{cite journal}}: Cite journal requires |journal= (help)
 4. Bauer, W. (2001). A Greek-English Lexicon of the New Testament and Other Early Christian Literature (Third Edition). University of Chicago Press.
 5. Naylor, E. (2010). Chronobiology of Marine Organisms. Cambridge University Press.
 6. Bünning, E. (1964). The Physiological Clock: Endogenous diurnal rhythms and biological chronometry. Springer Verlag.
 7. Menaker, M (Ed.) (1971). Biochronometry: Proceedings of a Symposium. National Academy of Sciences, USA.
 8. Edmunds, L.N. (1985). Physiology of Circadian Rhythms in Micro-organisms. Elsevier.
 9. Gillette, M.U. (2013). Chronobiology: biological timing in health and disease. Academic Press.
 10. Abrams, R.A, Balota, D.A. (1991). Mental Chronometry: Beyond Reaction Time. Cambridge University Press.
 11. Lincoln, GA, Andersson, H & Loudon A. (2003). Clock genes in calendar cells as the basis for annual timekeeping in mammals. BioScientifica.
 12. Jones, A. (1997). On the Reconstructed Macedonian and Egyptian Lunar Calendars. Dr. Rudolf Habelt GmbH.
 13. Spalinger, A. (1995). Journal of Near Eastern Studies: Some Remarks on the Epagomenal Days in Ancient Egypt, Vol 54(1), p.33-47. Chicago University Press.
"https://ml.wikipedia.org/w/index.php?title=ക്രോണോമെട്രി&oldid=3553874" എന്ന താളിൽനിന്ന് ശേഖരിച്ചത്