Jump to content

കൊക്ക-കോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊക്ക-കോള
Typeകോള
Manufacturerകൊക്ക കോള കമ്പനി
Country of origin അമേരിക്കൻ ഐക്യനാടുകൾ
Introduced1886
Colorകരാമെൽ
Related productsപെപ്സി
ഇറ്‌ൻ ബ്രൂ
RC Cola
Cola Turka
Zam Zam Cola
Mecca Cola
Virgin Cola
Parsi Cola
Qibla Cola
Evoca Cola
Corsica Cola
Breizh Cola
Coca-Cola
1941, മോൺട്രിയൽ, കാനഡ.

കാർബണേറ്റ് ചെയ്യപ്പെട്ട ലഘുപാനീയം ആണ് കൊക്ക-കോള (ചിലപ്പോൾ കോക്ക് എന്നും അറിയപ്പെടുന്നു) . ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ലഘുപാനീയമാണിത്[1][2]. കൊക്ക-കോള കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിലെ ജ്യോർജിയ സംസ്ഥാനത്തിലെ, അറ്റ്ലാൻറ എന്ന പട്ടണത്തിലാണ്. 1884 -ൽ, ഈ പട്ടണത്തിൽ വച്ചാണ്, ഈ പാനീയം ആദ്യമായി ഉണ്ടാക്കപ്പെട്ടത്. കോക്കിന്റെ ഉപജ്ഞാതാവായ ജോൺ പെംബെർടൺ ഈ പാനീയം പ്രചരിപ്പിക്കുന്നതിൽ വിജയം കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിൽ നിന്നും, ഇതിന്റെ ഉടമസ്ഥാവകാശം അസാ കാൻഡ്ലെർ എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അസാ കാൻഡ്ലെറുടെ കമ്പനിയാണ് ഇപ്പോഴും കൊക്ക-കോളയുടെ ഉടമസ്ഥർ. കാൻഡ്ലെറുടെയും, അദ്ദേഹത്തെ പിന്തുടർന്ന റോബെർട് വൂഡ്രഫ് മുതലായവരുടെയും ശ്രമം, കൊക്ക-കോളയെ അമേരിക്യൻ ഐക്യ നാടുകളിലെയും, പിന്നീട് ലോകത്തിലേത്തന്നെയും മുൻ‌നിരയിൽ എത്തിച്ചു.

ചരിത്രം[തിരുത്തുക]

ആദ്യവർഷങ്ങൾ[തിരുത്തുക]

1884 -ൽ ജ്യോർജ്ജിയ സംസ്ഥാനത്തിലെ കൊളംബസ് പട്ടണത്തിലെ ഒരു ഡ്രഗ് സ്റ്റോർ ഉടമയായിരുന്ന ജോൺ സ്റ്റിത് പെംബെർടൺ ഒരിനം കൊകാവൈൻ നിർമ്മിക്കുകയും അതിനെ ‘പെംബെർടൺസ് ഫ്രെഞ്ച് വൈൻ കൊകാ‘ എന്ന പേരിൽ വില്പന നടത്തുകയും ചെയ്തു. യഥാർത്ഥത്തിൽ ഇത് തലവേദനക്കുള്ള ഒരു മരുന്നായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്‌. ഫ്രെഞ്ചുകാരനായ ആഞ്ചെലോ മാരിയാനി ഉണ്ടാക്കിയ ‘വിൻ മാരിയാനി’ എന്ന കൊകാവൈനിൽ നിന്നാണ് ഈ പുതിയ പാനീയം വികസിപ്പിച്ചെടുത്തത്‌.

അടുത്ത വർഷം ഫുൾടൺ കൌണ്ടി മദ്യ നിരോധനം ഏർപ്പെടുത്തിയതോടെ, പെംബെർടൺ ഈ പാനീയത്തിൽ നിന്ന്‌ ആൽക്കഹോൾ ഒഴിവാക്കുവാനുള്ള ശ്രമം തുടങ്ങി. പുതിയതായി ഉണ്ടാക്കിയ ആൽക്കൊഹോൾ രഹിതമായ പാനീയത്തിന്, അദ്ദേഹം കൊക്ക-കോള എന്നു നാമകരണം ചെയ്തു. ഉന്മേഷദായകമായ കൊക്ക ഇലകളും, നറുമണം നൽകുന്ന കോള കുരുക്കളും(ഇതിൽ കഫീൻ അടങ്ങിയിരിക്കുന്നു) ഈ പാനീയത്തിന്റെ കൂട്ടിൽ ഉണ്ടായിരുന്നു. ഒരു ഗാലൻ കൊക്ക-കോള സിറപ്പിൽ 140 ഗ്രാം കൊക്കാ ഇലകൾ ആണ് ചേർത്തിരുന്നത്‌. 1886 മെയ് 8 ന്, ജ്യോർജ്ജിയ സംസ്ഥാനതലസ്ഥാനമായ അറ്റ്ലാൻറയിലെ ‘ജകൊബ്സ് ഫാർമസി’ യിലാൺ് കൊക്ക-കോളയുടെ ആദ്യവില്പന നടന്നത്‌. ആദ്യ എട്ടു മാസങ്ങളിൽ ഓരോ ദിവസവും ശരാശരി ഒമ്പത് പാനീയങ്ങൾ മാത്രമായിരുന്നു വില്പന. ഈ പുതിയ പാനീയത്തിന്റെ ആദ്യ പരസ്യം 1886 മെയ് 29ന്, അറ്റ്ലാൻറ ജേർണലിൽ ആണ് പ്രത്യക്ഷപ്പെടുന്നത്‌.

ഒരുപാട്‌ അസുഖങ്ങൾക്കുള്ള മറുമരുന്നെന്ന നിലയിൽ, ഒരു ഗ്ലാസിന് അഞ്ചു സെൻറ്‌ എന്ന നിരക്കിലാണ് കൊക്ക-കോള ആദ്യം വിൽക്കപ്പെട്ടിരുന്നത്‌.

1887 -ൽ, പെംബെർടൺ അദ്ദേഹത്തിന്റെ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം അസാ ഗ്രിഗ്ഗ്‌സ് കാൻഡ്ലർ എന്നയാൾക്ക്‌ വിൽക്കുകയുണ്ടായി. തുടർന്ന്‌ 1888 -ൽ, അസാ ഗ്രിഗ്ഗ്‌സ് കാൻഡ്ലർ കൊക്ക കോള കോർപൊറേഷൻ എന്ന കമ്പനി രൂപവത്കരിച്ചു. അതേ വർഷം തന്നെ, പെംബെർടൺ ഉടമസ്ഥാവകാശത്തിന്റെ ബാക്കി, മറ്റു മൂന്നു പേർക്കു കൂടി കൈമാറി: ജെ.സി. മെയ്ഫീൽഡ്‌, എ.ഒ. മർഫി, ഇ.എച്‌. ബ്ലഡ്‌വർത്‌ എന്നിവരായിരുന്നു അവർ. അതേ സമയം തന്നെ, പെംബെർടണിന്റെ മകൻ ചാർലി പെംബെർടൺ, കൊക്ക-കോളയുടെ മറ്റൊരു രൂപം, സ്വന്തം രീതിയിൽ ഉത്പാദിപ്പിച്ചു തുടങ്ങിയിരുന്നു. അങ്ങനെ, ഒരേ സമയം, കൊക്ക-കോളയുടെ മൂന്നു പതിപ്പുകൾ വിപണിയിൽ ലഭ്യമായിരുന്നു.

കാൻ‌ഡ്ലെറുടെയും വൂഡ്രഫിന്റെയും നായകത്വം[തിരുത്തുക]

കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി, പെംബെർടൺ വിശദീകരണം ഇറക്കി: കൊക്ക-കോള എന്ന പേർ ചാർലിക്കു മാത്രം സ്വന്തമാണ്. എന്നാലും മറ്റു രണ്ടു പേർക്കും, അതേ രാസസൂത്രം ഉപയോഗിക്കുകയും ചെയ്യാം. അതുപ്രകാരം 1888 -ൽ കാൻ‌ഡ്ലെർ യം‌യം എന്നും, കോക്ക് എന്നും രണ്ടു പാനീയങ്ങൾ നിർമ്മിച്ചു വില്പന നടത്തി. ഇവയ്ക്കു വലിയ പ്രചാരം ലഭിക്കാഞ്ഞതിനെത്തുടർന്ന്‌, കൊക്ക-കോളയുടെ ഉടമസ്ഥാവകാശത്തിനായി അദ്ദേഹം നിയമനടപടികൾ ആരംഭിച്ചു. പെംബെർടൺ, മാർഗരറ്റ് ഡോസീയെർ, വൂൽഫോക്ക് വാക്കെർ എന്നിവരുടെ കയ്യിൽ നിന്ന്‌, രാസസൂത്രത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശവും കാൻഡ്ലെർ വാങ്ങിയതായി പറയപ്പെടുന്നു. എന്നാൽ 1914 -ൽ, മാർഗരറ്റ് ഡോസീയെർ, അവരുടെ കയ്യൊപ്പ് കൃത്ത്രിമത്താൽ ഉണ്ടാക്കിയതാണെന്ന്‌ അവകാശപ്പെട്ടു. പിന്നീട് നടന്ന പരിശോധനകൾ, പെംബെർടണിന്റെ കയ്യൊപ്പും വ്യാജമാണെന്ന സൂചനകൾ ൻൽകി.

1892 -ൽ, “ദ കൊക്ക-കോള കമ്പനി” എന്ന പേരിൽ കാൻഡ്ലെർ തന്റെ രണ്ടാമത്തെ കമ്പനി തുടങ്ങി. 1910 -ൽ അദ്ദേഹം തന്റെ കമ്പനികളുടെ ആദ്യകാല രേഖകൾ കത്തിച്ചുകളഞ്ഞതായി വിശ്വസിക്കപ്പെടുന്നു. അതോടെ, കമ്പനിയെ സംബന്ധിക്കുന്ന അവകാശത്തർക്കങ്ങൾ തെളിയിക്കപ്പെടാത്ത രീതിയിലാവുകയും ചെയ്തു. എന്തായാലും കാൻഡ്ലെർ തന്റെ കമ്പനികൾക്കു വേണ്ടി അതിശക്തമായ പരസ്യപ്രചരണങ്ങൾ തുടങ്ങിവയ്ക്കുകയുണ്ടായി.

1894, മാർച് 12നാണ്, ആദ്യമായി കൊക്ക-കോള കുപ്പികളിൽ നിറച്ചു വിൽക്കാൻ തുടങ്ങിയത്‌. ഇപ്പോൾ കാണുന്ന കുപ്പി 1915 -ലാണ് പുറത്തുവരുന്നത്.

നിർമ്മാണം[തിരുത്തുക]

രാസഘടന[തിരുത്തുക]

കാണുക: English Wikipedia: Coca-Cola formula

കൊക്ക-കോള കമ്പനിയുടെ അഭിപ്രായത്തിൽ, കൊക്ക-കോളയുടെ രാസഘടന ലോകത്തിലെ ഏറ്റവും ഗോപ്യമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വാണിജ്യ രഹസ്യമാണ്. വളരെ കുറച്ചു ഉദ്യോഗസ്ഥർക്കു മാത്രമേ, ശരിയായ രാസഘടന അറിയാവൂ എന്നാണ് കരുതപ്പെടുന്നത്‌. ഏണസ്റ്റ്‌ വൂഡ്രഫ്‌ എന്ന മുൻ‌മേധാവി, ശ്രദ്ധാപൂർവം വളർത്തിയെടുത്ത ഒരു വിപണന തന്ത്രം കൂടിയാണിത്‌. "7X" എന്നറിയപ്പെടുന്ന ഒരു രഹസ്യ ചേരുവ, കൊക്ക-കോളയിൽ ഉണ്ട്‌ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്‌. ഈ ചേരുവ എന്താണെന്നത്‌, ബാഹ്യലോകത്തിന് അറിയില്ല എന്ന്‌ കരുതപ്പെടുന്നു. രാസഘടന തൊഴിലാളികൾ പോലും അറിയാതിരിക്കാൻ, ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ പേരിനുപകരം നിശ്ചിത സംഖ്യകൾ ആണ് ഉപയോഗിക്കുന്നത്‌.

എത്രയൊക്കെ മുൻ‌കരുതൽ എടുത്താലും, ഇക്കാലത്തെ ഭക്ഷ്യശാസ്ത്രജ്ഞന്മാർക്കും, സുഗന്ധദ്രവ്യവിദഗ്ദ്ധന്മാർക്കും ഒരു ഉല്പന്നത്തിന്റെ ഘടന ശരിയായി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. “ഫോർ ഗോഡ്‌, കണ്ട്രി ആൻറ്‌ കൊക്ക-കോള” എന്ന തന്റെ പുസ്തകത്തിൽ, മാർക്ക് പെൻ‌ഡെർഗ്രാസ്റ്റ്‌ കൊക്ക-കോളയുടെ ഘടന ഇപ്രകാരമാണെന്ന്‌ പരയുന്നുണ്ട്: സിട്രേറ്റ്‌ കഫീൻ, വാനില സത്ത്‌, ദ്രവ കൊക്കൊ സത്ത്‌, സിട്രിക്‌ ആസിഡ്‌, നാരങ്ങ സത്ത്‌, പഞ്ചസാര,വെള്ളം, കാരമെൽ , "X". ഈ "X" എന്നു പറയുന്നത്‌, മധുരനാരങ്ങ, പുളിനാരങ്ങ, കറുക, മല്ലി, ജാതി, നെറോലി(neroli:Citrus aurantium ) എന്നിവയുടെ സത്തിന്റെ മിശ്രിതമാണത്രേ.

നിർമ്മാണരീതി[തിരുത്തുക]

കൊക്ക-കോളയുടെ നിർമ്മാണവും വിതരണവും വികേന്ദ്രീകൃതമായ രീതിയിൽ ആണ് നടക്കുന്നത്‌. കൊക്ക-കോള കമ്പനി പാനീയത്തിന്റെ ഗാഢത കൂടിയ സിറപ്പ്‌ മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. ഭൂമിശാസ്ത്രപരമായി വ്യത്യസ്തങ്ങളായ ഭാഗങ്ങളിൽ വിപണനാവകാശം നേടിയിട്ടുള്ള കമ്പനികൾക്ക്‌ ഈ സിറപ്പ്‌ വിൽക്കുക മാത്രമാണ് കൊക്ക-കോള കമ്പനി ചെയ്യുന്നത്‌. ഈ ബോട്‌ലിംഗ് കമ്പനികൾ, സിറപ്പും വെള്ളവും പഞ്ചസാരയും(അല്ലെങ്കിൽ കൃത്രിമ മധുരദ്രവ്യങ്ങൾ) ചേർത്ത് നാം അറിയുന്ന കൊക്ക-കോള ഉണ്ടാക്കി, കുപ്പികളിലോ ക്യാനുകളിലോ നിറച്ചു വില്പന നടത്തുന്നു. അതതു പ്രദേശങ്ങളിൽ, പരസ്യങ്ങളുടേയും വിപണനതന്ത്രങ്ങളുടേയും ചുമതല ഇത്തരം കമ്പനികൾക്കായിരിക്കും.

ക്കൊക്ക കോള എന്റെർപ്രൈസസ്‌, കൊക്ക-കോള അമാടിൽ, കൊക്ക-കോള ഹെല്ലെനിക് ബോട്ട്‌ലിംഗ് കമ്പനി മുതലായ കമ്പനികളിൽ, കൊക്ക-കോള കമ്പനിക്ക്‌ വളരെച്ചെറിയ മുതൽമുടക്കുണ്ട്‌. എന്നാൽ, ലോകത്ത്‌ വിൽക്കപ്പെടുന്ന കൊക്ക-കോളയുടെ പകുതിയോളവും ഉണ്ടാക്കപ്പെടുന്നത്‌ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിപണന കമ്പനികളാണ്.

ബോട്‌ലിംഗ് കമ്പനികൾ പ്രാദേശികമായ രുചിഭേദങ്ങൾക്കനുസരിച്ചാണ് കൊക്ക-കോളയിലെ മധുരത്തിന്റെ അളവു നിയന്ത്രിക്കുന്നത്. തന്മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന കൊക്ക-കോളയുടെ രുചിയും വ്യത്യസ്തമായിരിക്കും.

കുപ്പിയും ലോഗോയും[തിരുത്തുക]

1885-ൽ ജോൺ പെംബെർട്ട്ണിൻ‌ന്റെ വ്യാപാരപങ്കാളിയായ ഫ്രാങ്ക് മേസൺ റോബിൻസൺ ആണ് കൊക്ക-കോള എന്ന വ്യാപാര നാമം രൂപപ്പെടുത്തിയതും, ലോഗോ ഉണ്ടാക്കിയതും. ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലിപിരൂപത്തിന് സ്പെൻസേറിയൻ സ്ക്രിപ്റ്റ് എന്നാണ് പേർ.

കൊക്ക-കോളയുടെ കുപ്പിയുടെ ആകൃതിയും, ഇതുപോലെ പ്രത്യേകതയുള്ള ചരിത്രത്തോടു കൂടിയതാണ്. 1915 -ൽ, അലക്സാൻഡർ സാമുവൽ‌സൺ എന്ന സ്വീഡൻ‍ കുടിയേറ്റക്കാരനാണ് ഈ കുപ്പിയുടെ ആകൃതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചത്‌. കൊക്ക-കോളയുടെ ഒരു കുപ്പി നിർമ്മാതാക്കളായ ഇൻഡ്യാനയിലെ റ്റെറെ ഹൌടെയിലെ ദ റൂട് ഗ്ലാസ്സ് കമ്പനിയിൽ മാനേജരായിരുന്നു അദ്ദേഹം. കൊക്ക-കോളയിലെ മുഖ്യ ഘടകങ്ങളായ കൊക്ക ഇലയുടെയും കൊളാ കുരുക്കളുടെയും ആകൃതിയിൽ നിന്ന് ഒരു കുപ്പി ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലൿഷ്യം. പക്ഷേ, അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ, തെറ്റിദ്ധാരണമൂലം, ചോക്ലേറ്റിലെ പ്രധാനഘടകമായ കൊക്കൊ കുരുവിന്റെ ആകൃതിയിലുള്ള കുപ്പി രൂപപ്പെടുത്തി എന്നാണ് കഥ.

പരാതികളും വിമർശനങ്ങളും[തിരുത്തുക]

സാധാരണ പ്രശ്നങ്ങൾ[തിരുത്തുക]

ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്ക-കോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. എന്നിരിന്നാലും ഈ പാനീയത്തിനുള്ള കൂടിയ അമ്ലത നിമിത്തം സാരമായ ആരൊഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ചില ഗവേഷകർ പറയുന്നുണ്ട്‌.

ചെറുപ്രായത്തിൽ വളരെയധികം കൊക്ക-കോള കഴിക്കുന്നത്‌ നല്ലതല്ല എന്നാണ് മിക്ക ന്യൂട്രിഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നത്‌. പഠനങ്ങൾ വെളിപ്പെടുത്തുന്നത്, സ്ഥിരമായി ലഘുപാനീയങ്ങൾ കഴിക്കുന്നവരിൽ, കാത്സിയം, മഗ്നീഷിയം, അസ്കൊർബിക് ആസിഡ്, റൈബൊഫ്ലാവിൻ, വിറ്റാമിൻ എ എന്നിവയുടെ ആഗിരണം കുറ്ച്ചു മാത്രമേ ഉള്ളു എന്നാണ്. മാത്രവുമല്ല, ഈ പാനീയത്തിൽ കൂടിയ അളവിൽ കാണപ്പെടുന്ന കഫീൻ, കൂടുതൽ വിമർശനം ക്ഷണിച്ചു വരുത്തുന്നു.

ഒരുപാട് കോടതി കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അമ്ലത ഉള്ള സാധാരണ ആപ്പിൾ ജ്യൂസിനേക്കാൾ കൂടുതൽ ദ്രോഹം കൊക്ക-കോള ഉണ്ടാക്കുന്നതായി ആധികാരികമായി തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല.

മറ്റെല്ലാ കോളകളുടെയും പോലെ, കൊക്ക-കോളയിലും ഫൊസ്ഫോറിക് ആസിഡ് ഉണ്ട്‌. ധാരാളമായ ഉപയോഗം, അസ്ഥികളുടെ നാശത്തിനു കാരണമായേക്കാം.

1980 ൾക്ക് ശേഷം, സാധാരണ ഗ്ലുക്കോസിനു പകരം, കൂടുതൽ ഫ്രക്റ്റോസ് ഉള്ള കോൺ സിറപ്പ് ആണ് കൊക്ക-കോളയിൽ ഉപയോഗിക്കുന്നത്. ഈ കോൺ സിറപ്പ്‌, ജനിതകഘടനയിൽ മാറ്റം വരുത്തിയിട്ടുള്ള ചെടികളിൽനിന്നായിരിക്കാം ഉത്പാദിപ്പിക്കുന്നത്. മാത്രവുമല്ല, ഇത്‌ പൊണ്ണത്തടിക്കും, ഡയബറ്റിസിനും കാരണമാകുന്നതായും ശങ്കിക്കുന്നു.

ഇന്ത്യയിൽ[തിരുത്തുക]

കുപ്പിയിലടക്കപ്പെട്ട പാനീയങ്ങളിൽ കീടനാശിനികളുടെ അംശം കാണപ്പെട്ടതിനെത്തുടർന്ന്‌, ഇന്ത്യയിൽ ഒരു വൻ‌വിവാദം പൊട്ടിപ്പുറപ്പെട്ടു. ഒരു സർക്കാരിതര സംഘടനയായ സെൻറർ ഫോർ സയൻസ് & എൻ‌വയറന്മെൻറ്‌ (സി. എസ്. ഇ) ആണ് 2003 - ൽ ഇത്തരമൊരു കണ്ടുപിടിത്തം നടത്തിയത്. സി. എസ്. ഇ യുടെ കണക്കനുസരിച്ച്‌, പെപ്സിയിലും കൊക്ക-കോളയിലും മറ്റും, അനുവദനീയമായതിൽ വളരെക്കൂടുതൽ ലിൻ‌ഡേൻ, ഡി.ഡി.ടി., മാലതിയോൺ, ക്ലോറോപൈറിഫോസ് മുതലായ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഈ കണ്ടെത്തലിനെതുടർന്ന് ഇന്ത്യൻ പാർലമെന്റിന്റെ ക്യാന്റീനിൽ കൊക്കകോളയുൾപ്പെടെയുള്ള ഉത്പന്നങ്ങൾ നിരോധിച്ചു. പല സംസ്ഥാനങ്ങളും വിദ്യാലയങ്ങളിലും മറ്റും ഇത്തരം പാനീയങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഏറ്റന്വും ഒടുവിൽ, 2006 ഓഗസ്റ്റ് മാസത്തിൽ, കേരള ഭരണകൂടം, പെപ്സിയുടെയും കൊക്ക-കോളയുടെയും നിർമ്മാണവും വിതരണവും കേരളത്തിൽ നിരോധിച്ചുവെങ്കിലും, കേരളാ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.

പ്രതിഷേധ സമരങ്ങൾ[തിരുത്തുക]

പ്ലാച്ചിമട[തിരുത്തുക]

2000 തിൽ, കൊക്ക കോള കമ്പനി, കേരളത്തിലെ, പാലക്കാട് ജില്ലയിലെ, പ്ലാച്ചിമടയിൽ ഒരു നിർമ്മാണകേന്ദ്രം സ്ഥാപിച്ചു. ഒരു കൊല്ലത്തിനകം സമീപപ്രദേശങ്ങളിലെ ഭൂഗർഭജലസംഭരണത്തിൽ കുറവു കാണുകയും, കിണറുകൾ മലിനമാകുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. http://memory.loc.gov/ammem/ccmphtml/colainvnt.html
  2. http://www.bbc.co.uk/dna/h2g2/A12590327


"https://ml.wikipedia.org/w/index.php?title=കൊക്ക-കോള&oldid=3600204" എന്ന താളിൽനിന്ന് ശേഖരിച്ചത്