കൈറ്റ് വിക്ടേഴ്സ്
കൈറ്റ് വിക്ടേഴ്സ് | |
---|---|
ആരംഭം | 28 ജൂലൈ 2005 |
ഉടമ | പൊതു വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ |
മുദ്രാവാക്യം | ആദ്യ വിനോദ വിദ്യാഭ്യാസ ചാനൽ |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ |
മുഖ്യകാര്യാലയം | തിരുവനന്തപുരം, കേരളം, ഇന്ത്യ [1] |
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനലാണ് വിക്ടേഴ്സ്. VICTERS എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന "വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ്" (Versatile ICT Enabled Resource for Students). വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എഡ്യുസാറ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്.
2001 ൽ നായനാർ സർക്കാർ പടിയിറങ്ങും മുമ്പേ തുടക്കമിട്ട ഐടി അറ്റ് സ്‌കൂൾ പദ്ധതിയെ പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ പ്രോൽസാഹിപ്പിച്ചു. തന്മൂലം വിക്ടേഴ്‌സ് ചാനലിന്റെ ഇന്റർനെറ്റ് എഡിഷൻ ആരംഭിക്കുകയുണ്ടായി. ശേഷം 2006 ൽ വി.എസ്. അച്ച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്ത് ചാനലിനെ ഇപ്പോൾ കാണുന്ന രീതിയിൽ, ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കി മാറ്റി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ലുള്ള വിക്ടേഴ്സ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക്ടീവ് നെറ്റ്വർക്കായ ഇതിൻ്റെ ഉദ്ഘാടനം 2005 ജൂലൈ 28-ന് എ.പി.ജെ. അബ്ദുൾ കലാം നിർവ്വഹിച്ചു.[2] തിരുവനന്തപുരത്ത് ഗോർക്കി ഭവനത്തിൽ ഐടി@സ്കൂൾ പദ്ധതി, സി-ഡിറ്റ് സഹകരണത്തോടെ ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്‌ലിങ്ക് ചെയ്യാനും സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനലുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്.
സാങ്കേതികത
[തിരുത്തുക]വിക്ടേഴ്സ് ഡി.റ്റി.എച്ച് സംവിധാനത്തിൽ 90 സെ.മീ. വലിപ്പമുള്ള ഒരു ആന്റിനയും സെറ്റ്-ടോപ്പ് ബോക്സും ഒരു കെ.യു ബാൻഡ് എൽ.എൻ.ബിയും ആവശ്യമാണ്.
വിക്ടേഴ്സ് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പരിപാടികൾ ഡയറക്ട്-ടു ഹോം, കേബിൾ ടെലിവിഷൻ സംവിധാനമുപയോഗിച്ച് വീടുകളിൽ ലഭിക്കുന്ന രീതിയിൽ രണ്ടാമതൊരു ചാനൽ കൂടി നിലവിൽ വന്നിട്ടുണ്ട്. ഇതിലൂടെയുള്ള സംപ്രേഷണം 2006 ഫെബ്രുവരി 13-ആം തീയതി മുതൽ ആരംഭിച്ചു.
ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ
[തിരുത്തുക]കേരളത്തിൽ കോവിഡ് 19 ന്റെ ലോക്ഡൗൺ പശ്ചാത്തലത്തിൽ 2020 - 21 അക്കാദമിക് വർഷത്തെ ക്ലാസുകൾ, പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ഉപഗ്രഹ ചാനൽ വഴി ആരംഭിച്ചു.[3] ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകാർക്ക് അരമണിക്കൂറും എട്ട് ഒൻപത് ക്ലാസുകളിൽ ഒരു മണിക്കൂറും പത്താംക്ലാസിന് ഒന്നരമണിക്കൂറും പന്ത്രണ്ടാംക്ലാസിന് രണ്ട് മണിക്കൂറുമായാണ് ക്ലാസുകൾ ക്രമീകരിച്ചത്. 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ക്ലാസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. യൂ ട്യൂബ് വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും ഫസ്റ്റ് ബെൽ പ്രക്ഷേപണത്തിലൂടെ പ്രതിമാസം 15ലക്ഷം രൂപയോളം പരസ്യ വരുമാനം ലഭിച്ചു. 141 രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ ക്ലാസകൾ കാണുന്നുണ്ട്. പ്രതിമാസം 15 കോടി വ്യൂസാണ് ഈ വീഡിയോകൾക്ക് ലഭിച്ചത്. തിരുവനന്തപുരത്തെ സ്റ്റുഡിയോക്കു പുറമെ കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലെ കൈറ്റ് കേന്ദ്രങ്ങളിലും ഓൺ ലൈൻ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. തമിഴ്, കന്നഡ എന്നീ മാധ്യമങ്ങളിലുള്ള ക്ലാസുകൾ ഫസ്റ്റ് ബെൽ ക്ലാസുകൾ സംസ്ഥാനത്തെ പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾ വഴി സംപ്രേഷണം ചെയ്തു. കന്നഡയിൽ 274 ക്ലാസുകളും തമിഴിൽ 163 ക്ലാസുകളും കുട്ടികളിലെത്തിച്ചു. വിക്ടേഴ്സ് ചാനലിന് പുറമെ വെബ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും ഓൺലൈൻ ക്ലാസുകൾ ലഭ്യമാണ്. കോവിഡ് -19 മഹാമാരി മൂലം സംസ്ഥാന സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ഇടക്കാല ക്രമീകരണമായാണ് (ബദൽ ക്ലാസായിട്ടല്ല) ജൂൺ 1 ന് ഈ സംരംഭം ആരംഭിച്ചത്. ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ 604 ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ https://victers.kite.kerala.gov.in
- ↑ "വിക്ടേഴ്സ്". Archived from the original on 2016-03-05. Retrieved 2021-08-12.
- ↑ https://www.mathrubhumi.com/news/kerala/ensure-virtual-education-for-all-students-in-kerala-says-jeevan-babu-1.4798477
- ↑ "ഫസ്റ്റ് ബെൽ യൂടൂബിൽ സൂപ്പർ ഹിറ്റ്; പ്രതിമാസ വരുമാനം 15 ലക്ഷം രൂപ; കോവിഡ് കാലത്ത് പണംവാരി പൊതുവിദ്യാഭ്യാസ വകുപ്പ്".