Jump to content

കേരളത്തിലെ നാടൻപാട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഓരോ പ്രദേശത്തും നിലനിന്നിരുന്ന ഭാഷയിൽ ഉണ്ടായിട്ടുള്ള പാട്ടുകളാണ് കേരളത്തിലെ നാടൻ പാട്ടുകൾ. ഇവ ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്നു. നാടൻപാട്ടുകൾ പല കാലങ്ങളിലായി പരിണാമം സംഭവിച്ച് വന്നവയാണ്. മിക്കവയ്ക്കും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഭാഷയുടെ വ്യാകരണസംഹിതകളിലും ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിനിൽക്കുന്നതിനുപകരം ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള നാട്ടുഭാഷയിലാണ് മിക്ക നാടൻ പാട്ടുകളും രൂപപ്പെട്ടിട്ടുള്ളത്. ഇത് ഓരോ പ്രദേശത്തും നിലനിന്നിരുന്ന ആചാരങ്ങളും സംസ്കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കേരളത്തിലെ പാട്ടുസംസ്കാരം[തിരുത്തുക]

മലയാള ഭാഷയുടെ പ്രാചീന കുടുംബസ്വത്തുക്കളിൽ മുഖ്യമായ പാട്ടുസംസ്കാരത്തെ പല രീതിയിലും വിഭജിക്കാം. പാടുന്നവരുടെ ജാതി, വിശ്വാസം, പാട്ട് ഉണ്ടായിവന്ന ദേശം,പാടാറുള്ള സമയവും കാലവും,പാട്ടിൽ ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങൾ, ഇവയൊക്കെ മുൻനിർത്തിയാണ്.ഏതെങ്കിലും ഒരിനം പാട്ടുകൾക്ക് തനതായ ഒരു പേരു ലഭിയ്ക്കുന്നത്. പുള്ളുവൻപാട്ട്, കുറത്തിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവ സമുദായങ്ങളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിൽ, വടക്കൻ പാട്ട്, തെക്കൻ പാട്ട് എന്നിവ ദേശാടിസ്ഥാനത്തിലും തിരുവാതിരപ്പാട്ട്, ഓണപ്പാട്ട് തുടങ്ങിയവ കാലാടിസ്ഥാനത്തിലുമാണ് തനതു പേരുകൾ കൈക്കൊണ്ടത്. കോലടിപ്പാട്ട്, വില്ലടിച്ചാൻപ്പാട്ട്, ഉടുക്കുപാട്ട്, നന്തുണിപ്പാട്ട് തുടങ്ങിയവയുടെ നാമോൽപ്പത്തി അവയിൽ ഉപയോഗിക്കപ്പെടുന്ന പ്രധാന സംഗീതോപകരണങ്ങളെ അടിസ്ഥാനമാക്കിയാണ്.

ഇതുപോലെ, പ്രായേണ പ്രാചീനത്വം കല്പിക്കാവുന്ന വണ്ടിപ്പാട്ട്, വള്ളപ്പാട്ട്, കൃഷിപ്പാട്ട്, ഞാറ്റുപാട്ട് തുടങ്ങിയവ അതതു കാലങ്ങളിലെയും ദേശങ്ങളിലേയും തൊഴിൽ സംസ്കാരവുമായാണു് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നത്.

രൂപഭാവങ്ങളനുസരിച്ച് നാടൻപാട്ടുകളെ പാട്ട് (Song) എന്നും കഥപ്പാട്ട് (Ballad) എന്നും നേരേ വിഭജിക്കാവുന്നതാണ്. ഇവയിൽ കഥപ്പാട്ടുകൾക്ക് സാഹിത്യ-സാംസ്കാരിക ചരിത്ര പഠനത്തേയും അവലോകനത്തേയും സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യമുണ്ട്. അവ രൂപം കൊണ്ടത് ഈണവും താളവും യോജിപ്പിച്ച് കഥ പറഞ്ഞുരസിക്കാനും വിശ്രമവേളകൾ കൂടുതൽ ആസ്വാദ്യമാക്കാനും പ്രാക്തനജനങ്ങൾ സമയം കണ്ടെത്തിയതിന്റെ ഫലമായാണ്. ഉപരിവർഗ്ഗഭാഷയുടെ കർശനമായ വ്യാകരണസംഹിതയോ ഘട്ടനിബദ്ധതയോ പദസങ്കീർണ്ണതയോ മൂലം പൂർവ്വനിശ്ചിതമായ നിർമ്മാണഘടനയിൽ ബന്ധിക്കപ്പെടാതെ, ഒട്ടൊക്കെ സ്വതന്ത്രമായും എങ്കിലും അതോടൊപ്പം തന്നെ, തലമുറകളായി പകർന്നുപോവാൻ താല്പര്യമുണ്ടാക്കുന്നത്ര സംഗീതാത്മകതയും ലാളിത്യവും കഥാതന്തുക്കളും ഉൾച്ചേർത്തും രൂപപ്പെട്ടു വന്ന ഇത്തരം കഥപ്പാട്ടുകൾ ചരിത്രവിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ജനസാമാന്യത്തിന്റെ നിത്യവൃത്തികളിലേക്കുള്ള നേരിട്ടുള്ള കൈചൂണ്ടികൾ കൂടിയാണ്. മനസ്സിൽ ഏറെക്കാലം ഉറച്ചുനിൽക്കാവുന്ന ഈണങ്ങളും സംഘമായി ആലപിക്കുമ്പോൾ ഹരം പകരുന്ന താളങ്ങളും ഇത്തരം പാട്ടുകളെ അവ നിലനിർത്തിക്കൊണ്ടിരുന്ന സമൂഹത്തിലെ അംഗങ്ങൾക്കു് ഹൃദിസ്ഥമായ വായ്ത്താരികളാക്കി മാറ്റി. വായ്മൊഴി വഴി പിൻതലമുറകളിലേക്ക് പകരുവാൻ ഈ ഘടകങ്ങൾ പ്രയോജനപ്രദമായി.

നാടൻ പാട്ടുകളുടെ പ്രക്ഷിപ്തങ്ങളും പ്രമാണങ്ങളും[തിരുത്തുക]

കലയിലോ സാഹിത്യത്തിലോ ഒരു കൃതിയിലെ യഥാർത്ഥമൂലരൂപങ്ങളിൽ നിന്നും കാലാന്തരം കൊണ്ടു് സ്വാഭാവികമായൊ കൃത്രിമമായോ ഉണ്ടായിത്തീരുന്ന മാറ്റങ്ങളേയും തിരുത്തുകളേയുമാണു് പ്രക്ഷിപ്തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് ഇത്തരം പ്രക്ഷിപ്തങ്ങൾ സംഭവിച്ചിരിക്കാൻ ഇടയുണ്ടോ എന്നും അഥവാ ഉണ്ടെങ്കിൽ ഏതൊക്കെ കാലങ്ങളിലാണു് അതു നടന്നതെന്നും മനസ്സിലാക്കാൻ ഉതകുന്ന വാമൊഴിയായും വരമൊഴിയായും ഉള്ള തെളിവുകളാണ് പ്രമാണങ്ങൾ.

മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, വായ്മൊഴിയിലൂടെ പകർന്നുവന്നിരുന്ന പാട്ടുകൾക്കു് പലപ്പോഴും ലഘുവോ ഭീമമോ ആയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടു്. കാലാവസ്ഥ, ഭൂപ്രകൃതി (തന്മൂലം കൃഷി, ആവാസവ്യവസ്ഥ), ഭരണവ്യവസ്ഥകളിലെ മാറ്റങ്ങൾ, മറ്റു സമുദായങ്ങളുമായുള്ള കൊണ്ടുകൊടുക്കലുകൾ ഇവയൊക്കെ ഇത്തരം പ്രക്ഷിപ്തങ്ങൾക്കു കാരണമായിട്ടുണ്ടാവാം. അതുകൊണ്ടു് പല പാട്ടുകളുടേയും അന്തസ്സത്ത അവയുടെ പ്രാഗ്മൂലരൂപവുമായി നേരിട്ട് ഒത്തുപോയെന്നു വരില്ല. അതുകൊണ്ടുതന്നെ, കൃത്യമായ ചരിത്രപഠനം ലക്ഷ്യമാക്കുന്ന ഗവേഷകർക്കു് മറ്റു നാടൻ കലാരൂപങ്ങളെപ്പോലെത്തന്നെ നാടൻപാട്ടുകളേയും അന്ധമായി ആശ്രയിക്കാനാവില്ല.

എങ്കിൽ‌പ്പോലും, വായ്മൊഴിരൂപത്തിൽ പ്രചരിച്ചിരുന്ന പാട്ടുരൂപങ്ങൾ വരമൊഴിരൂപത്തിൽ സൂക്ഷിക്കുന്നതിനു് ഓരോരോ കാലങ്ങളിൽ അവ ആലപിച്ചുപോന്ന സമുദായങ്ങളോ വ്യക്തികളോ ശ്രമിച്ചിട്ടുണ്ടു്. അത്തരം പരിശ്രമങ്ങൾ താളിയോല, കരിമ്പനയോല, കടലാസ് എന്നീ രൂപങ്ങളിൽ പലയിടത്തുനിന്നും കണ്ടെടുക്കപ്പെട്ടിട്ടുമുണ്ടു്. ഇത്തരം പ്രമാണങ്ങളുടെ കൃത്യമായ കാലനിർണ്ണയം നടത്താനായാൽ അതതു പാട്ടുകളുടെ ആ കാലഘട്ടം വരെയെങ്കിലും പിന്നോട്ടുള്ള പ്രക്ഷിപ്തങ്ങൾ ഒഴിവായ രൂപങ്ങൾ കണ്ടുപിടിക്കാനാവും.

കേരളത്തിലെ നാടൻ പാട്ടുകളുടെ വൈവിദ്ധ്യം[തിരുത്തുക]

കാലഘട്ടം,സമൂഹത്തിലെ സ്ഥാനഭേദങ്ങൾ, ദൈവാരാധനാക്രമങ്ങൾ, കാർഷികചര്യകൾ, പൊതുജനാരോഗ്യാവസ്ഥ, യുദ്ധങ്ങളും കലാപങ്ങളും, കുടുംബങ്ങളിലേയും കൂട്ടായ്മകളിലേയും ആഘോഷങ്ങൾ, ഉത്സവങ്ങൾ, ഐതിഹ്യങ്ങളിലേയും ചരിത്രങ്ങളിലേയും വീരകഥാപാത്രങ്ങൾ തുടങ്ങിയ ഘടകങ്ങളൊക്കെ ഭാഗഭാക്കും കാരണങ്ങളുമാവുന്ന വിധത്തിൽ വിശാലമായ ഒരു വൈവിദ്ധ്യം കേരളത്തിലെ നാടൻ പാട്ടുകളിൽ കാണാം. ചിലേതിനു് ചരിത്രാതീതകാലത്തു നിലനിന്നിരുന്ന പ്രാഗ്സമൂഹങ്ങളുടെ പഴക്കം അവകാശപ്പെടാമെങ്കിൽ മറ്റു ചിലവ വർത്തമാനകേരളത്തിലെ ഏറ്റവും പുതിയ ശൈലികളിൽ ഉരുത്തിരിഞ്ഞവയാണു്. ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിന്റെ നാടൻ പാട്ടുശേഖരങ്ങളിൽ പെടുന്നു. വളരെ അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ വരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖല വിപുലമാണ്.

മുഖ്യ ഇനങ്ങൾ[തിരുത്തുക]

മുമ്പ് വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നതോ ഇപ്പോഴും നിലനിന്നുപോരുന്നതോ ആയ പ്രധാന നാടൻപാട്ടുപ്രസ്ഥാനങ്ങൾ ഇവയാണ്;

വടക്കൻപാട്ടും തെക്കൻപാട്ടും[തിരുത്തുക]

കന്യാകുമാരി മുതൽ തുളുനാടുവരെ വ്യാപിച്ചുകിടന്ന പഴയ കേരളനാട്ടിൽ പ്രചരിതമായ, മുഖ്യമായും വീരഗാഥകളായി കണക്കാക്കാവുന്ന നാടൻ പാട്ടുകളെ പൊതുവേ തെക്കൻ പാട്ടെന്നും വടക്കൻ പാട്ടെന്നും രണ്ടായി തിരിക്കാം. ഗുണ്ടർട്ടിന്റെ നിഘണ്ടുവിലാണ് "തെക്കൻ" എന്ന പ്രയോഗം കേരളത്തെ സംബന്ധിച്ച് ആദ്യമായി കണ്ടെടുക്കാവുന്നതെങ്കിലും, അതിനും ഒട്ടുമുമ്പു തന്നെ ഇത്തരം ദിങ്നാമവിഭജനം ഭാഷയിലുണ്ടായിരുന്നു എന്നു വ്യക്തമാണ്. അതേ സമയം, കിഴക്കൻപാട്ട്, പടിഞ്ഞാറൻപാട്ട് തുടങ്ങിയ രീതിയിൽ മലയാളത്തിലെ പാട്ടുകളെ ഒരു കാലത്തും വേർതിരിച്ചുകണ്ടിട്ടില്ല. ഇടക്കാലത്തെ കൊച്ചി രാജ്യത്തെ ഏകദേശം മദ്ധ്യഭാഗമായി തീരുമാനിച്ച് ജനസാമാന്യം സ്വയം കേരളദേശത്തിന് തെക്കും വടക്കും ഭാഗങ്ങൾ തീരുമാനിച്ചിരിക്കാനാണ് ഇട. വരമൊഴിയിലായാലും വായ്മൊഴിയിലായാലും. ഈ രണ്ടു ഭൂവിഭാഗങ്ങളും തമ്മിൽ ഭാഷയിൽ വ്യക്തമായ പ്രയോഗവ്യത്യാസമുണ്ടായിരുന്നു. തെക്കൻ മലയാളത്തിൽ തമിഴിന്റെ സമ്പർക്കപ്രസരം താരതമ്യേന കൂടുതലുണ്ട്. അതേ ലക്ഷണങ്ങൾ തെക്കൻ പാട്ടുകളിലും കാണാവുന്നതാണ്.

ഓണപ്പാട്ട്[തിരുത്തുക]

കേരളത്തിൽ ഓണക്കാലങ്ങളിൽ പണ്ടുകാലത്ത് ഗ്രാമങ്ങൾ തോറും കുട്ടികളൂം മുതിർന്നവരുമെല്ലാം പാടിയിരുന്ന പാട്ടുകളെയാണ് ഓണപ്പാട്ടുകൾ എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഓണക്കളികളുടെ ഭാഗമായാണ് ഇത്തരം ഓണപ്പാട്ടുകൾ നിലനിന്നിരുന്നത്. കാർഷികവൃത്തി ചെയ്ത് ജീവിച്ചിരുന്ന ഇവിടുത്തെ ഗ്രാമീണജനതയുടെ വിളവെടുപ്പിന്റെ കാലം കൂടിയായിരുന്നു ഓണം എന്നതിനാൽ തന്നെ ഈ പാട്ടുകൾക്കെല്ലാം കാർഷികവൃത്തിയോട് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. തുമ്പി തുള്ളൽ, തിരുവാതിരക്കളി മുതലായവയെല്ലാം ഇത്തരത്തിൽ ഓണക്കളികളായി ഗ്രാമങ്ങൾ തോറും ആചരിച്ചിരുന്നു. ഓണക്കാലത്ത് വായ്മൊഴിയായി പാടിയിരുന്ന ചില പാട്ടുകൾ താഴെ കൊടുക്കുന്നു