Jump to content

കെ.കെ. റോഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യതിരുവിതാംകൂറിലെ കോട്ടയത്തെ കിഴക്കൻ മലയിലെ കുമളിയുമായി ബന്ധിപ്പിക്കാൻ ഇഗ്ലീഷ്‌കാർ നിർമ്മിച്ച പുരാതന പാതയാണ് കോട്ടയം-കുമളി റോഡ്‌. ഇപ്പോൾ ഈ പാത നാഷണൽ ഹൈവേ 183 (കൊല്ലം-കൊട്ടാരക്കര-കോട്ടയം- കുമളി- തേനി നാഷണൽ ഹൈവേ) യുടെ ഭാഗമാണ്.

ചരിത്രം

[തിരുത്തുക]

ക്രിസ്തുമത പ്രചരണാർഥം ഇംഗ്ളീഷുകാരനും സി.എം.എസ് മിഷനറിമാരിൽ ഒരാളുമായ റവ.ഹെന്റി ബേക്കർ (ജൂനിയർ) 1845-ൽ മുണ്ടക്കയത്തെത്തി. കോട്ടയം മുതൽ കുമളി വരെയുള്ള ഒരു നടപ്പാത അവിടെ നിലവിലുണ്ടായിരുന്നു. ഹെന്റിയുടെ അഭ്യർഥന പ്രകാരം 1870ൽ തിരുവിതാംകൂർ ദിവാൻ കാളവണ്ടിക്ക് യാത്ര ചെയ്യാൻ പറ്റും വിധം ഈ പാത വിപുലീകരിച്ചു. ഇത് പിന്നീട് കെ.കെ. റോഡായി പരിണമിക്കുകയാണുണ്ടായത്.[1]

കൊല്ലവർഷം (കൊ.വ) 1938(A.D 1863) ൽ ആരംഭിച്ച റോഡ്‌ മുണ്ടക്കയം വരെ എത്താൻ നാലു വർഷം എടുത്തു.അവിടെ നിന്നും കുമളിയിലെത്താൻ വീണ്ടും മറ്റൊരു നാലു വർഷവും. നൂറു കണക്കിനു തൊഴിലാളികൾ ഈ റോഡിനുവേണ്ടി പണിയെടുത്തു. പലരും മലമ്പനി എന്ന തുള്ളൽ പനി പിടിച്ചു മരിച്ചു.അവരെ സംസ്കരിച്ച സ്ഥലമാണ്‌ പാമ്പാടിയിലെ കാളച്ചന്തയ്ക്കു സമീപമുള്ള തെള്ളിച്ചുവട്‌. മേൽനോട്ടം വഹിച്ച എഞ്ചിനീയർമാർ തുണികൊണ്ടുള്ള കൂടാരമടിച്ചു തമസ്സിച്ച സ്ഥലം പാമ്പാടിയിലെ കൂടാരക്കുന്ന്‌. ആനത്താര (ആനകളുടെ നടപ്പുവഴി) വികസിപ്പിച്ചാണ്‌ പലസ്ഥലത്തും റോഡ്‌ നിർമ്മിച്ചത്‌

ആദ്യം കാളവണ്ടികളായിരുന്നു കെ.കെ.റോഡിൽ കൂടുതൽ. എസ്റ്റേറ്റുകളിലേക്കു കരാറുകാർ സാധനങ്ങൾ കാളവണ്ടികളിൽ കൊണ്ടൂ പോയിരുന്നു. തുടർന്ന്‌ കിഴക്കൻ മേഖലയിലേക്കു ക്രിസ്ത്യൻ കുടിയേറ്റമുണ്ടായി. പാമ്പാടി, വാഴൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാർ എന്നീ പ്രദേശങ്ങൾ വികസിച്ചു. പൊൻകുന്നത്തെ മുൾക്കാടുകൾ വെട്ടാൻ ജോലിക്കാർ വിസമ്മതിച്ചപ്പോൾ അവർക്കുത്തേജനം നൽകി പണി മുന്നോട്ടു കൊണ്ടു പോകാൻ മണ്ട്രോ പൊൻനാണയങ്ങൾ വാരി മുൾപ്പടർപ്പിലേക്കെറിഞ്ഞത്രേ. അതുകൊണ്ടാണ്‌ പൊൻകുന്നത്തിന്‌ പ്രസ്തുത പേരു കിട്ടിയതെന്നു പഴമക്കാർ പറയുന്നു. കെ.കെ റോഡിൽ ആദ്യം ഓടിയിരുന്നത്‌ എട്ടു സീറ്റുള്ള ബസ്സുകളായിരുന്നു. കരിഗ്യാസ്‌ ഉപയോഗിച്ചിരുന്നതിനാൽ ഇവയെ കരിവണ്ടി എന്നു വിളിച്ചു. ടാറിഗ്‌ വന്നത്‌ 55 വർഷം മുൻപാണ്‌ ബാലകുമാർ, സ്വരാജ്‌, സിൻഡിക്കേറ്റ്‌ ബസ്സുകൾ കെ.കെ റോഡിലൂടെ ഓടിയിരുന്നു. തേക്കടി സന്ദർശിക്കാൻ, ആദ്യം ചിത്തിര തിരുനാളൂം പിന്നീട്‌ ജവഹർലാൽ നെഹ്രുവും കെ.കെ റോഡ്‌ വഴി പോയപ്പോൾ, ആയിരങ്ങൾ വഴിക്കിരുവശവും മണിക്കൂറുകൾ കാത്തു നിന്നിരുന്നത്‌ പഴമക്കാർ ഇപ്പോഴും ഓർമ്മിക്കുന്നു.

ഐതിഹ്യം

[തിരുത്തുക]

ലക്ഷ്മി ഭായി തമ്പുരാട്ടി നാടു വഴുന്ന കാലം ചിന്ന മൺട്രൊ എന്ന ധ്വര തിരുനക്കര ക്ഷേത്രത്തിനു മുൻപിൽ നിന്നു കിഴക്കോട്ടു ദൃഷ്ടി പായിച്ചപ്പോൾ ഉദിച്ച ആശയമാണ്‌ പിന്നീട്‌ കെ.കെ റോഡായി പരിണമിച്ചത്‌.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  • മാത്യു പാമ്പാടി മാതൃഭൂമി 2003 ജനുവരി14
  • ചെറിയമഠത്തിൽ വലിയ യാക്കോബ്‌ കത്തനാർ-സ്മരണ പരമ്പര
  • ഡോ.കാനം ശങ്കരപ്പിള്ള-നാടും നാട്ടാരും

ബാഹ്യ ലിങ്ക്‌

[തിരുത്തുക]
* http://wikimapia.org/348241/KK-Road-Kottayam
  1. http://lsgkerala.in/mundakayampanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.കെ._റോഡ്‌&oldid=3898617" എന്ന താളിൽനിന്ന് ശേഖരിച്ചത്