കൃഷ്ണപ്പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണപ്പരുന്ത്
Brahminy Kite
Brahminy kite2.jpg
കൃഷ്ണപ്പരുന്ത്, ചാലക്കുടിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Falconiformes
(or Accipitriformes, q.v.)
കുടുംബം: Accipitridae
ജനുസ്സ്: Haliastur
വർഗ്ഗം: H. indus
ശാസ്ത്രീയ നാമം
Haliastur indus
Boddaert, 1783

മാംസഭോജി പക്ഷികളായ പരുന്തുകളിൽ ഒന്നാണ്‌ കൃഷ്ണപ്പരുന്ത്. ഇംഗ്ലീഷ്:Brahminy Kite (Red-backed Sea-eagle).ശാസ്ത്രീയ നാമം: Haliastur indus ഹലിയാസ്തുർ ഇൻഡസ്.

ആവാസവ്യവസ്ഥകൾ[തിരുത്തുക]

ഈ പരുന്ത് കേരളത്തിൽ സർ‌വ്വവ്യാപിയായി കാണപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ദക്ഷിണപൂർ‌വ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുതൽ ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. നന്നെ വരണ്ട മരുഭൂമിയും തിങ്ങി നിറഞ്ഞ കാടുകളും ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും അതിൻ വസിക്കാൻ കഴിയും. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും മനുഷ്യൻ എത്തിപ്പെടാത്തിടങ്ങളിലും അവ യഥേഷ്ടം വസിക്കുന്നു.

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

ചിറകിന്റെ വിസ്താരം

വളരെ പ്രൗഢിയും തലയെടുപ്പുമുള്ള പക്ഷിയാണ്‌ കൃഷ്ണപ്പരുന്ത്. തല കഴുത്ത് മാറിടം എന്നിവ വെള്ളയും ദേഹത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം കടുത്ത കാവി വർണ്ണവുമാണ്‌. വാലിന്റെ അഗ്രത്തിന്‌ അർദ്ധ ചന്ദ്രാകൃതിയാണ്‌. പ്രായപൂർത്തിയാകാത്ത പക്ഷികൾ ചക്കിപ്പരുന്തിനേപ്പോലെയാണ്‌ കാഴ്ചയിൽ. അവ കൂടുതൽ കാപ്പി നിറം കലർന്നവയായിരിക്കും. മുതിർന്ന പരുന്തിന്‌ ബലിഷ്ഠമായ കാലുകളാണ്‌ ഉള്ളത്. കാലുകൾ ഉപയോഗിച്ചാണ് അവ ഇരയെ പിടിക്കുന്നത്. ഇര കാലുകളിലെ പിടുത്തത്തിൽ നിന്ന് എളുപ്പം കുതറിപ്പോകവാതിരിക്കാനായി പാദങ്ങളിൽ ചിതമ്പലുകൾ പോലെ കാണപ്പെടുന്നു.

കൂട്[തിരുത്തുക]

വലിയ മരങ്ങളിലാണ്‌ ഇവ കൂടൊരുക്കുന്നത്. അമ്പതു മീറ്ററിലധികം ഉയരത്തിൽ വളരുന്ന മരങ്ങളിലാണ് പരുന്ത് സാധാരണ കൂടുവെയ്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ മൊബൈൽ ടവറുകളിലും ഇവയുടെ കൂടുകൾ കണ്ടുവരുന്നുണ്ട്.[2] ഇത് മിക്കവാറും ഇര തേടുന്ന പ്രദേശത്തിനു സമീപത്തായിരിക്കും. ജലാശയമോ വയലുകളോ മറ്റോ അരികിലുണ്ടായിരിക്കും. ഡിസംബർ ജനുവരി കാലങ്ങളിലാണ്‌ കൃഷ്ണപ്പരുന്തുകൾ കൂടുകെട്ടുവാനുള്ള ഒരുക്കം ചെയ്തു തുടങ്ങുന്നത്. ഉയരമുള്ള മാവ്, ആൽ, തെങ്ങ്, പന എന്നീ മരങ്ങളിലാണ്‌ ഇവ കൂടു കെട്ടുന്നത്. വലിയ ചുള്ളികൾ കൂട്ടിവെച്ചാണ്‌ ഇവ ഇത് ഉണ്ടാക്കുന്നത്. നല്ല ഉറപ്പുള്ള ഈ കൂടുകൾ മുന്നോ നാലോ വർഷങ്ങൾ വരെ കേടുകൂടാതിരിക്കാറുണ്ട്.

ആഹാരം[തിരുത്തുക]

കേരളത്തിൽ വസിക്കുന്ന കൃഷ്ണപ്പരുന്തുകൾക്ക് മത്സ്യം, ഞണ്ട്, തവള, പുല്പ്പോന്ത് എന്നിവയാണ്‌ ആഹാരമാക്കുന്നത്. എലി, പാമ്പ്, ചിതൽ, പാറ്റകൾ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ട്. മത്സ്യം വളരെ പഥ്യമായതിനാൽ വേനൽക്കാലത്തും മറ്റും തോടുകളിൽ കർഷകർ മീൻ പിടിക്കുന്നതിനടുത്തായി ഇവ വട്ടമിട്ടു പറക്കുകയും ഭയമില്ലാതെ തക്കം കിട്ടുന്നതനുസരിച്ച് മീൻ പിടിക്കുകയും ചെയ്യാറുണ്ട്.

ഐതിഹ്യം[തിരുത്തുക]

മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനാണ് ഈ വർഗ്ഗം എന്നാണ് ഐതിഹ്യം. പണ്ട് മഹാവിഷ്ണു ഗരുഡൻ ചെയ്ത സേവനങ്ങൾക്ക് പാരിതോഷികമായി തൻറെ വെള്ളപ്പട്ട് ഗരുഡനു നൽകുകയും സന്തതി പരമ്പരകൾ എല്ലാം ധരിച്ചുകൊള്ളുക എന്ന് കല്പിക്കുകയും ചെയ്തത്രെ. അതിൽ നിന്നാണ് കൃഷ്ണപരുന്തിൻറെ കഴുത്തിൽ വെളള നിറം എന്നുമാണ് വിശ്വാസം

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. BirdLife International (2009). "Haliastur indus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 29 May 2010. 
  2. പക്ഷിക്കൂട് ഒരു പഠനം-വി.പി. പത്മനാഭൻ (ഡി.സി.ബുക്സ്, കോട്ടയം-2012) ISBN-978-81-264-3583-8 പേജ്-35
"https://ml.wikipedia.org/w/index.php?title=കൃഷ്ണപ്പരുന്ത്&oldid=2591073" എന്ന താളിൽനിന്നു ശേഖരിച്ചത്