കിംഗ് ജോൺസ്
കിംഗ് ജോൺസ് | |
|---|---|
| ജനനം | ഇടുക്കി,കേരളം |
| മറ്റ് പേരുകൾ | Prince John |
| തൊഴിൽ | എഴുത്തുകാരൻ നോവലിസ്റ്റ് |
| Notable work | ചട്ടമ്പിശാസ്ത്രം സർക്കാർ ടണൽ 33 |
മലയാളത്തിലെ ഒരു കഥാകൃത്തും നോവലിസ്റ്റുമാണ് കിംഗ് ജോൺസ്. 1985 ൽ ഇടുക്കി ജില്ലയിൽ ജനിച്ച അദ്ദേഹത്തിന്റെ ടണൽ 33[1] എന്ന പുസ്തകം 2021 ലെ കേരളസാഹിത്യഅക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് പുരസ്‌കാരം നേടി. [2] [3]2019 ൽ ഡിസി ബുക്ക്സ് നടത്തിയ ശില്പശാലയിലൂടെയാണ് നോവൽ രചനയിലേക്ക് കടന്നുവരുന്നത്. ബെന്യാമീനുമായി ചേർന്ന് പുഴമീനുകളെ കൊല്ലുന്ന വിധം എന്ന പരീക്ഷണ നോവലിന്റെ രചനയിൽ 11 യുവ എഴുത്തുകാർക്കൊപ്പം പങ്കാളിയായി.[4] ഖസാക്കിന്റെഇതിഹാസം സുവർണ്ണ ജൂബിലി സ്മാരക നോവൽ പുരസ്കാരം നേടിയ ചട്ടമ്പിശാസ്ത്രമാണ് ഏറ്റവും ശ്രദ്ധേയമായ പുസ്തകം.[5] [6] 2023 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സർക്കാർ എന്ന നോവലിനെ ആസ്പദമാക്കി നോവലിന്റെ രാഷ്ട്രീയ വായന എന്ന വിഷയത്തിൽ സംസാരിച്ചു.[7]
സാഹിത്യകൃതികളും പുരസ്കാരങ്ങളും
[തിരുത്തുക]ടണൽ 33 എന്ന കൃതി 2019 ലെ പൂന്താനം അവാർഡും തോപ്പിൽ രവി സാഹിത്യ പുരസ്കാരം പ്രത്യേക ജൂറി അവാർഡും നേടി. 2010 മുതൽ 2019 വരെയുള്ള ഒരു ദശാബ്ദത്തിനിടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച അഞ്ച് കവിതാസമാഹാരങ്ങളിൽ ഒന്നായി ടണൽ 33 യെ മാതൃഭൂമി പട്ടികയിൽ ഉൾപ്പെടുത്തി. [8][9] രചനാ പരീക്ഷണങ്ങളും ആഖ്യാന ശൈലിയും കൊണ്ട് ശ്രദ്ധേയമായ ഡി.സി. ബുക്ക്സ് നോവൽ പുരസ്കാരം നേടിയ ചട്ടമ്പിശാസ്ത്രം ആദ്യ നോവലാണ്.[10] [11] കൊള്ളിയാൻതീറ്റ എന്ന കഥാസമാഹാരം കേസരി പുരസ്കാരം നേടി.[12] പൗരത്വഭേദഗതിനിയമത്തെ ആസ്പദമാക്കി എഴുതിയ സർക്കാർ എന്ന രണ്ടാമത്തെ നോവൽ 2022 ൽ ഡിസിബുക്ക്സ് പ്രസിദ്ധീകരിച്ചു.[13] സർക്കാർ എന്ന നോവൽ സാഹിത്യ മേഖലയിലുള്ള സംഭാവനകൾക്ക് നൽകുന്ന കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2022ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം നേടി. [14] [15] പുലയ രാജവംശത്തിലെ അവസാന രാഞ്ജിയായിരുന്ന കോതറാണിയുടെ ജീവിതത്തെ സമകാലികതയുമായി ബന്ധിപ്പിച്ചു കൊണ്ടെഴുതിയ കോതറാണി എന്ന നോവൽ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചു.
രചനാ ശൈലി
[തിരുത്തുക]പാൻ ഇന്ത്യൻ സ്വഭാവമുള്ളതും മാജിക്കൽ റിയലിസം നിറഞ്ഞതും എന്നാണ് ജോൺസിന്റെ രചനാശൈലി വിശേഷിപ്പിക്കപ്പെടുന്നത്. ഈ ശൈലി സാവധാനത്തിൽ ഉള്ള വായനയിലൂടെ പല അടരുകളിലേയ്ക്ക് ആസ്വാദനത്തെ വികസിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു എന്ന് നിരൂപകർ വിലയിരുത്തുന്നു.[16] നിലവിലുള്ള രചനാ സങ്കേതങ്ങളെ മാറ്റിമറിക്കുന്ന ഘടനയും ഭാവുകത്വവുമായി നോവൽ എന്ന കലാരൂപത്തെ തന്നെ അട്ടിമറിച്ചും ഉടച്ചുവാർത്തും സൃഷ്ടിക്കുന്ന വിമത രചനയുടെ സൗന്ദര്യമാണ് ചട്ടമ്പിശാസ്ത്രത്തിന്റേത്. നോവലിനുള്ളിലെ നോവലും ചിത്രങ്ങളും രേഖകളും സ്‌ക്രീൻഷോട്ടുകളും ശ്രേണിയിലല്ലാത്ത അധ്യായങ്ങളും എന്നിങ്ങനെ ഘടനാപരമായ പരീക്ഷണങ്ങൾ കൊണ്ട് നിറഞ്ഞതാണ് അദ്ദേഹത്തിന്റെ എല്ലാ രചനകളും.[17] മലയാള ചെറുകഥയിലെ ഏറ്റവും വലിയ ഒറ്റഖണ്ഡികയായി ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 2220 വാക്കുകളുള്ള വർക്കിംഗ് ക്ലാസ് ഹീറോ എന്ന കഥ വിലയിരുത്തപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021
- ↑ കേരള സാഹിത്യ അക്കാദമി ഔദ്യോഗിക വെബ്സൈറ്റ്
- ↑ മാതൃഭൂമി ന്യൂസ് ഡിസംബർ 29, 2019
- ↑ മലയാള മനോരമ ഡിസംബർ 14, 2020
- ↑ സമകാലിക മലയാളം മെയ് 16,2021
- ↑ റിപ്പോർട്ട് , ദി ക്യൂ സെപ്തംബർ 13, 2021
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-07-04. Retrieved 2023-07-04.
- ↑ "മാതൃഭൂമി ന്യൂസ്". മാതൃഭൂമി. 29 ഡിസംബർ 2019.
- ↑ മാതൃഭൂമി ഡിസംബർ 29, 2019
- ↑ മാധ്യമം മെയ് 17, 2021
- ↑ https://malayalam.news18.com മെയ് 17, 2021
- ↑ മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി] ഏപ്രിൽ 24,2023
- ↑ https://www.dcbooks.com ജനുവരി 13,2023
- ↑ "മാതൃഭൂമി ന്യൂസ്". മാതൃഭൂമി ഫെബ്രുവരി 5, 2025.
- ↑ കേരള ന്യൂസ്, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഫെബ്രുവരി 6, 2025
- ↑ "ഡി സി ബുക്ക്സ്". ഡി ഡി ബുക്ക്സ്. 27 ഒക്ടോബർ 2021.
- ↑ "മലയാള മനോരമ". മലയാള മനോരമ. 5 ഏപ്രിൽ 2022.