കാൻഡിസ് ബെർഗൻ
കാൻഡിസ് ബെർഗൻ | |
---|---|
ജനനം | കാൻഡിസ് പട്രീഷ്യ ബെർഗൻ മേയ് 9, 1946 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
കലാലയം | പെൻസിൽവാനിയ സർവകലാശാല |
തൊഴിൽ | നടി |
സജീവ കാലം | 1958–ഇതുവരെ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | |
പുരസ്കാരങ്ങൾ | Full list |
കാൻഡിസ് പട്രീഷ്യ ബെർഗൻ (ജനനം: മെയ് 9, 1946) ഒരു അമേരിക്കൻ നടിയാണ്. സിബിഎസ് ഹാസ്യപരമ്പരയായ മർഫി ബ്രൗണിൽ (1988–1998, 2018) ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിൽ അവർ അഞ്ച് പ്രൈംടൈം എമ്മി അവാർഡുകളും രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും കരസ്ഥമാക്കി. ബോസ്റ്റൺ ലീഗൽ (2005-2008) എന്ന എബിസി നാടകീയ പരമ്പരയിലെ ഷെർലി ഷ്മിത്ത് എന്ന കഥാപാത്രത്തിലൂടെയും അവർ കലാരംഗത്ത് അറിയപ്പെടുന്നു. സിനിമകളിൽ, സ്റ്റാർട്ടിംഗ് ഓവർ (1979) എന്ന ചിത്രത്തിലെ വേഷം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനും റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി (1982) എന്ന ചിത്രം സഹനടിക്കുള്ള ബാഫ്റ്റ അവാർഡിനും ബെർഗനെ നാമനിർദ്ദേശം ചെയ്തു.
ഒരു ഫാഷൻ മോഡലായി തന്റെ കരിയർ ആരംഭിച്ച ബെർഗൻ, ദ ഗ്രൂപ്പ് (1966) എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വോഗ് മാഗസിൻറെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ദി സാൻഡ് പെബിൾസ് (1966), സോൾജിയർ ബ്ലൂ (1970), കാർണൽ നോളജ് (1971), ദി വിൻഡ് ആൻഡ് ദ ലയൺ (1975) എന്നീ സിനിമകളിൽ അഭിനയിച്ചു. 1984 ലെ ഹർലിബർലി എന്ന ഹാസ്യ നാടകത്തിലൂടെ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ച അവർ ദി ബെസ്റ്റ് മാൻ (2012), ലവ് ലെറ്റേഴ്സ് (2014) എന്നീ നാടകങ്ങളുടെ പുനരുജ്ജീവനങ്ങളിൽ അഭിനയിച്ചു. 2002 മുതൽ 2004 വരെയുള്ള കാലത്ത്, അവർ HBO പരമ്പരയായ സെക്സ് ആൻഡ് ദി സിറ്റിയുടെ മൂന്ന് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടു. മിസ് കൺജെനിയാലിറ്റി (2000), സ്വീറ്റ് ഹോം അലബാമ (2002), ദി വിമൻ (2008), ബ്രൈഡ് വാർസ് (2009), ബുക്ക് ക്ലബ് (2018), ലെറ്റ് ദേം ഓൾ ടോക്ക് (2020) എന്നിവയാണ് അവർ അഭിനയിച്ച മറ്റ് പ്രധാന ചലച്ചിത്രങ്ങൾ.
ആദ്യകാല ജീവിതം
[തിരുത്തുക]കാൻഡിസ് പട്രീഷ്യ ബെർഗൻ 1946 മെയ് 9 ന് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ ഹോളിവുഡ് പ്രെസ്ബിറ്റീരിയൻ ആശുപത്രിയിൽ ജനിച്ചു.[1][2] പവർസ് മോഡലിംഗ് ഏജൻസിയുടെ ഒരു മോഡലായിരുന്ന അവരുടെ മാതാവ് ഫ്രാൻസെസ് ബെർഗൻ (മുമ്പ്, വെസ്റ്റർമാൻ) പ്രൊഫഷണലായി ഫ്രാൻസെസ് വെസ്റ്റ്‌കോട്ട് എന്നറിയപ്പെട്ടിരുന്നു.[3] പിതാവ് എഡ്ഗർ ബെർഗൻ ഒരു വെൻട്രിലോക്വിസ്റ്റും ഹാസ്യകാരനും നടനുമായിരുന്നു. സ്വീഡിഷ് കുടിയേറ്റക്കാരായിരുന്ന അവരുടെ പിതൃ പിതാമഹന്മാർ യഥാർത്ഥത്തിൽ ബെർഗ്രെൻ ("പർവത ശാഖ") എന്നായിരുന്ന തങ്ങളുടെ കുടുംബപ്പേര് ആംഗലേയമാക്കി മാറ്റി. ബെർഗൻ കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വളരുകയും, ഹാർവാർഡ്-വെസ്റ്റ്ലേക്ക് സ്കൂളിൽ പഠനം നടത്തുകയും ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ Bergen 2014, പുറം. 25.
- ↑ Erickson, Hal. "Candice Bergen". Allmovie. Retrieved February 2, 2022.
- ↑ "Candice Bergen Biography (1946–)". www.filmreference.com.
- ↑ Bergen 2014, പുറങ്ങൾ. 58–59.