കാമില വലേജോ ഡൗളിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമില വലേജോ ഡൗളിങ്
Camila Vallejo - Munich 2012.jpg
ചിലിയിലെ ഇരുപത്തിയാറാം ജില്ലയിലെ ഡെപ്യൂട്ടിയായി ചിലി ചേംബർ ഓഫ് ഡെപ്യൂട്ടീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
In office
പദവിയിൽ വന്നത്
2014 മാർച്ച് 11
യൂണിവേഴ്സിറ്റി ഓഫ് ചിലി വിദ്യാർഥി ഫെഡറേഷൻ അദ്ധ്യക്ഷ
ഓഫീസിൽ
2010 നവംബർ 24 – 2011 നവംബർ 16
മുൻഗാമിജൂലിയോ സാർമിയെന്തോ
പിൻഗാമിഗബ്രിയേൽ ബൊറിക്
കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ചിലി കേന്ദ്രകമ്മറ്റി അംഗം
ഓഫീസിൽ
2011 ഒക്ടോബർ – തുടരുന്നു
വ്യക്തിഗത വിവരങ്ങൾ
ജനനം (1988-04-28) 28 ഏപ്രിൽ 1988  (35 വയസ്സ്)
ലാ ഫ്ലോറിഡ, ചിലി
ദേശീയതചിലിയൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ചിലി
Domestic partnerജൂലിയോ സെർമൈന്റോ
കുട്ടികൾഒരു പെൺകുട്ടി
വസതി(കൾ)ലാ ഫ്ലോറിഡ, ചിലി
അൽമ മേറ്റർയൂണിവേഴ്സിറ്റി ഓഫ് ചിലി
ജോലിസാമൂഹ്യപ്രവർത്തനം, രാഷ്ട്രീയം
തൊഴിൽഭൂമിശാസ്ത്രം

ചിലിയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാവാണു് കാമില വലേജോ ഡൗളിങ്. ചിലിയൻ കമ്യൂണിസ്റ്റ് യൂത്ത് എന്ന യുവജന സംഘടനയുടെ പ്രവർത്തക. ചിലിയിലെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായുള്ള വിദ്യാഭ്യാസ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ‘കമാണ്ടർ കാമില' എന്ന് വിളിപ്പേരുണ്ട്. 2011ൽ ചിലി സർവകലാശാലയിലെ ഭൂമിശാസ്ത്ര വിദ്യാർഥിനിയായിരിക്കെയാണു് നേതൃത്വത്തിലേക്കു കടന്നുവന്നതു്. 2013 നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിലി കോൺഗ്രസിലേക്കു മത്സരിച്ചു ജയിച്ചു. മികച്ച പ്രസംഗകയായ കാമിലക്ക് ബ്രസീലിൽ നടന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തെ അഭിസംബോധനചെയ്യാൻ ക്ഷണം ലഭിച്ചിട്ടുണ്ട്[1]

ജീവചരിത്രം[തിരുത്തുക]

1988 ഏപ്രിൽ 28നു ചിലിയിലെ സാന്റിയാഗോയിൽ ജനനം. കാമില വലേജോ ഡൗളിങ് പിനോഷേയുടെ സ്വേഛാധിപത്യത്തിനെതിരായ സമരങ്ങളിൽ അണിനിരന്ന ചിലിയൻ കമ്യൂണിസ്റ്റ് ദമ്പതികളായ റെയ്നോൾഡോ വലേജോയുടെയും മരിയേല ഡൗളിങ്ങിന്റെയും മകളാണ്.[2]കാമില ബാല്യകാലം ചെലവഴിച്ചത് ലാ ഫ്ലോറിഡ, മാകുൽ ജില്ലകളിലാണ്. ലാ ഫ്ലോറിഡയിലെ ഒരു സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. രണ്ടായിരത്തി ആറിൽ ഭൂമിശാസ്ത്ര പഠനത്തിനായി ചിലി സർവ്വകലാശാലയിൽ എത്തി. അവിടെ ബിരുദപഠനത്തിനിടെ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനവുമായി അടുപ്പം ഉണ്ടാവുകയും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവുകയും ചെയ്തു.[3] 2013 ജൂലൈയിൽ കാമില ബിരുദം നേടി.[4]

രാഷ്ട്രീയ രംഗപ്രവേശം[തിരുത്തുക]

കോടീശ്വരനായ സെബാസ്റ്റ്യൻ പിനോറെ അധികാരത്തിലേറിയതിനുപിന്നാലെ നടപ്പാക്കിയ വിദ്യാഭ്യാസ നയങ്ങൾക്കെതിരായ സമരനായികയായാണ് കേവലം 23 വയസ്സുകാരിയായ ഭൂമിശാസ്ത്ര വിദ്യാർഥിനി കാമിലയുടെ രാഷ്ട്രീയ രംഗപ്രവേശം. കാമില വലേജോ ഡൗളിങ് ചിലി സർവകലാശാലാ വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു. സർവകലാശാലയുടെ 105 വർഷത്തെ ചരിത്രത്തിൽ ഈ സ്ഥാനത്തുവന്ന രണ്ടാമത്തെ വനിതയാണ് ഇവർ.[5]സംഘടനാ പാടവവും ദൃഡ നിശ്ചയവും മറ്റനേകം നേതൃ ഗുണങ്ങളും ഒത്തിണങ്ങിയ കാമില സോവിയറ്റ്‌ യൂണിയന്റെ തകർച്ചയുടെ നാളുകളിൽ ജനിച്ച് ഇരുപത്തിമൂന്നു വർഷം ആഗോളീകൃത സമൂഹത്തിൽ അതിന്റെ ഉപരിപ്ലവമായ സൌന്ദര്യത്തിൽ ഭ്രമിച്ചു ജീവിതം മുന്നോട്ട് നയിക്കുന്ന പുതിയ തലമുറയെപ്പോലും കമ്മ്യൂണിസ്റ്റ്‌ മൂല്യബോധത്തിലേക്ക് നയിക്കാൻ ശേഷിയുള്ള നേതാവായി വിലയിരുത്തപ്പെടാറുണ്ട് .

ചിലിയൻ ശൈത്യം (ചിലിയൻ വിന്റർ)[തിരുത്തുക]

"വിദ്യാഭ്യാസം എന്തിനുള്ളതാണ്? പണമുണ്ടാക്കുന്നതിനോ? കച്ചവടത്തിനോ? ഇതു രണ്ടിനുമല്ലാതെ സമൂഹത്തിന്റെ സർവതോമുഖമായ നന്മ ഉദ്ദേശിച്ചുകൊണ്ട് വിദ്യാഭ്യാസം സാർവത്രികമാക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. യുവാക്കളാണ് പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ടത്. കാരണം അവർക്ക് കുടുംബപരമായ കെട്ടുപാടുകളില്ല.നമ്മൾ ആദ്യത്തെ ചുവടുവച്ചു. പക്ഷേ ഏറെനാൾ നാം ഒറ്റക്കുപോകുകയില്ല. മുൻതലമുറ നമ്മോടൊപ്പം ചേർന്നുതുടങ്ങിയിരിക്കുന്നു. അതിക്രമവും സ്ഥാപനങ്ങൾ തല്ലിപ്പൊളിക്കലും പൊലീസിനെ ആക്രമിക്കലും ഒന്നും ഞങ്ങളുടെ നയവുമല്ല."

വിദ്യാർഥികളുമായി ചർച്ച ചെയ്യാതെ നടപ്പാക്കിയ വിദ്യാഭ്യാസബിൽ പിൻവലിക്കുക, വിദ്യാഭ്യാസക്കച്ചവട സ്ഥാപനങ്ങൾ നിർത്തലാക്കുക, വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുക, ദരിദ്രരും സമ്പന്നരുമെന്ന പ്രവണത വിദ്യാഭ്യാസരംഗത്തുനിന്ന് മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാമിലയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭമാണു "ചിലിയൻ വിന്റർ" എന്നറിയപ്പെട്ടത്.[6] തികച്ചും സമാധാനപരമായിരുന്നു ഈ പ്രക്ഷോഭം.ജനങ്ങളുടെ പ്രീതി നേടാനായെങ്കിലും ഈ പ്രക്ഷോഭത്തെ പൊലീസ് അടിച്ചമർത്താനാണ് ശ്രമിച്ചത്. സമരത്തിന്റെ ആദ്യ ദിവസം തന്നെ 900 ഓളം വരുന്ന വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ചിലയിടത്ത് പോലീസിന്റെ പ്രകോപനത്തിൽ പ്രക്ഷോഭം അക്രമാസക്തമായി, ചില പോലീസുകാർക്ക് പരിക്കേറ്റു.കാമിലയേയും കൂട്ടരെയും നേരിടാൻ ചിലപ്പോൾ പട്ടാളക്കാർ വരെ രംഗത്തിറങ്ങി. കണ്ണീർ വാതകം മുതൽ ജലപീരങ്കി വരെ പ്രയോഗിക്കപ്പെട്ടു. നിരവധി തവണ കാമിലക്ക്‌ ലാത്തിയടിയേറ്റു.`കാമിലയെ വധിക്കുക' എന്ന സന്ദേശം പോലും ട്വിറ്റർ വഴി രാജ്യത്ത്‌ പ്രചരിക്കപ്പെട്ടു. ട്വിറ്ററിൽ ഈ സന്ദേശമയച്ച സർക്കാർ ഉദ്യോഗസ്ഥ തത്യാനയുടെ സ്ഥാനം നഷ്ടമായി. ചിലിയിലെ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും സമരത്തിന് വൻ പിന്തുണ നൽകി. ചിലിയൻ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്നതും ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.[7]കാമിലയുടെ പ്രക്ഷോഭത്തിനു പിന്തുണയുമായി ട്രേഡ്‌ യൂണിയനുകളടക്കം എൺപതിലേറെ സംഘടനകളാണിപ്പോൾ രംഗത്തുള്ളത്‌. ഗായകരും കലാകാരന്മാരുമുൾപ്പെടെ സാംസ്‌കാരിക നേതാക്കളും ഈ പ്രക്ഷോഭസമരവുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. അയൽദേശങ്ങളായ ബൊളീവിയയിലും ബ്രസീലിലും കാമിലയുടെ പ്രക്ഷോഭം അലയടികൾ ഉയർത്തുന്നുണ്ട്. പിനോറെ തന്റെ മന്ത്രി സഭയിൽ നിന്നും വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കി.[8] കാമിലക്ക് സുപ്രീംകോടതി പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ട്രേഡ് യൂണിയനുകളും ഇവർക്കൊപ്പം ചേർന്നതോടെ രണ്ട് ദിവസം ചിലി പൂർണമായും സ്തംഭിച്ചു. കാമിലയും മറ്റുനേതാക്കളുമായും പിനോറെ നേരിട്ട് ചർച്ചനടത്തി. 20,000 കോടി രൂപ വിദ്യാഭ്യാസ പദ്ധതികൾക്കായി അനുവദിച്ചു. വിദ്യാഭ്യാസ വായ്പകളുടെ പലിശയും കുറച്ചു.[5][9]

നേട്ടങ്ങൾ[തിരുത്തുക]

"നിങ്ങൾ അർജന്റീനയിലും ബ്രസീലിലും ചിലിയിലും എന്താണ് നടക്കുന്നതെന്നതിനെപ്പറ്റി സംസാരിക്കേണ്ടിയിരിക്കുന്നു. അവിടെ സുന്ദരിയായ ഒരു ചെറുപ്പക്കാരിയാണ് യുവജനങ്ങളെ ഒരു അതിശക്തമായ മുന്നേറ്റത്തിലേക്ക് നയിക്കുന്നത്.നിങ്ങൾ ചിലിയിലെ കാമിലയെ കണ്ടുപഠിക്കുക. അസമത്വവും അഴിമതിയും ഇല്ലാതാക്കാൻ കാമില നടത്തുന്ന സമരങ്ങൾ നിങ്ങൾക്ക്‌ മാതൃകയാകട്ടെ."

കാമിലയെക്കുറിച്ച് ബൊളീവിയൻ വൈസ് പ്രസിഡന്റ് അൽവാരോ ഗാർസിയ ലിനേറ[10]

കാമിലയുടെ നേതൃത്വവും സമരരീതിയും ലോകശ്രദ്ധ പിടിച്ചെടുത്തു.കാമിലയുടെ മൂർച്ചയേറിയ വാക്കുകളും കമ്മ്യൂണിസ്റ്റ്‌ പോരാട്ടവീര്യവും യുവത്വത്തിന്റെ പ്രസരിപ്പും അവളെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി - ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചിലി കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് വ്യക്തിത്വമായി കാമില പരിഗണിക്കപ്പെടുകയാണ്. പ്രശസ്തമായ 'ദ ഗാർഡിയൻ' പത്രം 2011ലെ ‘പേഴ്സൻ ഓഫ് ദ ഇയർ’ ആയി കാമിലയെ തിരഞ്ഞെടുത്തു. 2011ലെ 100 പ്രമുഖ വ്യക്തികളുടെ കൂട്ടത്തിൽ 'ടൈം' വാരിക അവരെ ഉൾപ്പെടുത്തി.[11] 2011 ലെ 150 നിർഭയരായ വനിതകളുടെ കൂട്ടത്തിൽ അവർ ഉൾപ്പെട്ടു,‘ന്യൂസ് വീക്ക്’ നിയോ ലിബറൽ വിരുദ്ധ സമരങ്ങൾക്ക് ആവേശം പകരുന്ന സർഗചാരുതയായി കാമിലയെ വാഴ്ത്തുന്നു.[12] 2013 നവംബർ 18നു കാമില ചിലിയൻ കോൺഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[13]

വിമർശനങ്ങൾ[തിരുത്തുക]

ചിലി സർവ്വകലാശാല വിദ്യാർത്ഥി യൂണിയനു പണം കണ്ടെത്താനായി കാമിലോ ഒരു സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാർ ധാരാളം വിമർശനങ്ങൾ വിളിച്ചു വരുത്തി. സ്കൂളുർകൾക്കും, സർവ്വകലാശാലകൾക്കും വേണ്ടി പുസ്തകങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയായിരുന്നു അത്. അവരുടെ പുസ്തകങ്ങൾക്ക് വേണ്ടത്ര വിപണി കണ്ടെത്താനായി, വിദ്യാർത്ഥി യൂണിയന്റെ പേര് ഉപയോഗിക്കുന്നതിനു പകരമായി യൂണിയനു കമ്പനി പണം നൽകും എന്നുള്ളതായിരുന്നു കരാർ. കാമിലോ ആ പണം എന്തു ചെയ്തുവെന്നറിയില്ല എന്നായിരുന്നു വിദ്യാർത്ഥി സംഘടനയുടെ ഒരു മുതിർന്ന നേതാവ് പിന്നീട് പറഞ്ഞത്. ഈ കരാറിനു ലഭിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്ന് കാമില പറഞ്ഞിരുന്നു. എന്നാൽ കാമിലക്കു ശേഷം വന്ന വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, ഈ കരാർ റദ്ദാക്കിയതായി മാധ്യമങ്ങളെ അറിയിച്ചു. സായുധ സമരത്തിനു താനെതിരല്ലെന്നും, എന്നാൽ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് എതിരായതിനാൽ അതിനുള്ള സാധ്യതകൾ തൽക്കാലം ഇല്ലെന്നും കാമില ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വളരെ വിവാദം സൃഷ്ടിച്ചിരുന്നു. ചിലിയിലെ മുഖ്യധാരാമാധ്യമങ്ങൾ കാമിലോയുടെ ഈ പ്രസ്താവനക്കെതിരേ കടുത്ത വിമർശനം അഴിച്ചുവിട്ടിരുന്നു.

വ്യക്തി ജീവിതം[തിരുത്തുക]

കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ചിലി എന്ന സംഘടനയിലെ പ്രവർത്തകനായ ജൂലിയോ സെർമൈന്റോ ആണ് കാമിലോയുടെ ജീവിത പങ്കാളി. ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്.[14]

അവലംബം[തിരുത്തുക]

 1. "അറിയുമോ ചിലിയുടെ കാമിലയെ". മാധ്യമം ഓൺലൈൻ. 09-മെയ്-2012. ശേഖരിച്ചത് 19-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 2. "ചിലിയൻ വിന്റർ". ദേശാഭിമാനി. ശേഖരിച്ചത് 20-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
 3. അൽഡിയ, സോഫിയ (16-മെയ്-2011). "കംമ്പാനെറ കാമില". റീവിസ്റ്റ പോള. ശേഖരിച്ചത് 2013-നവംബർ-19. {{cite web}}: Check date values in: |accessdate= and |date= (help)
 4. "കാമിലോ വലേജോ". Nacion. 31-ജൂലൈ-2013. ശേഖരിച്ചത് 20-നവംർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 5. 5.0 5.1 "ചിലിയൻ വിന്റർ". ദേശാഭിമാനി. ശേഖരിച്ചത് 19-നവംബർ-2013. {{cite web}}: Check date values in: |accessdate= (help)
 6. ജിദിയോൻ, ലോങ് (11-ഓഗസ്റ്റ്-2011). "ചിലി സ്റ്റുഡന്റ് പ്രൊട്ടസ്റ്റ്സ് പോയിന്റ് ടു ഡീപ്പ് ഡിസ്കണ്ടന്റ്". ബി.ബി.സി. ശേഖരിച്ചത് 20-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 7. "ചിലിയൻ വിന്റർ ഓഫ് ഡിസ്കണ്ടന്റ്". ഓപ്പൺ ഡെമോക്രസി. 21-ഓഗസ്റ്റ്-2013. ശേഖരിച്ചത് 20-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 8. "ചിലിയൻ എഡ്യുക്കേഷൻ മിനിസ്റ്റർ റിസൈൻസ്". ബി.ബി.സി. 30-ഡിസംബർ-2011. ശേഖരിച്ചത് 20-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 9. "ദ ചിലിയൻ വിന്റർ". റാഡിക്കൽ ഫിലോസഫി. ജനുവരി-2012. ശേഖരിച്ചത് 20-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 10. "ചിലീസ് കമാണ്ടർ കാമില, എ സ്റ്റുഡന്റ് ഹു കാൻ ഷട്ട് ഡൗൺ എ സിറ്റി". ദ ഗാർഡിയൻ. 24-ഓഗസ്റ്റ്-2011. ശേഖരിച്ചത് 19-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 11. "ചിലീസ് സ്റ്റുഡന്റ് പ്രൊട്ടസ്റ്റേഴ്സ്". ടൈം മാസിക. 14-ഡിസംബർ-2011. ശേഖരിച്ചത് 20-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 12. "ചിലി വിദ്യാർത്ഥി നേതാവ് കാമിലോ വലേജോ അധികാരത്തിലേക്ക്". ഡൂൾ ന്യൂസ്. 19-നവംബർ-2013. ശേഖരിച്ചത് 19-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 13. "ചിലിയൻ സ്റ്റുഡന്റ് ലീഡർ കാമിലോ വല്ലേജോ ഇലക്ടഡ് ടു കോൺഗ്രസ്സ്". ദ ഗാർഡിയൻ. 18-നവംബർ-2013. ശേഖരിച്ചത് 19-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
 14. "കാമിലോ വലേജോ". ഇമോൾ (സ്പാനിഷ് ഭാഷ). 06-ഒക്ടോബർ-2013. ശേഖരിച്ചത് 20-നവംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാമില_വലേജോ_ഡൗളിങ്&oldid=3349169" എന്ന താളിൽനിന്ന് ശേഖരിച്ചത്