കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സംസ്ഥാന സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതത്തിലെ ഒരു ഇടതു രാഷ്ട്രീയ കക്ഷിയായ സി.പി.ഐ.(എം) ന്റെ (CPI(M) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ) കേരളഘടകമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സംസ്ഥാന സമിതി അഥവാ സി.പി.ഐ (എം) കേരള സംസ്ഥാന കമ്മറ്റി. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്തുള്ള എ.കെ.ജി. സെന്ററാണ്. കൊടിയേരി ബാലകൃഷ്ണനാണ് സി.പി.ഐ. (എം) കേരള സംസ്ഥാന കമ്മറ്റിയുടെ ഇപ്പോഴത്തെ സെക്രട്ടറി.

ചരിത്രം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിലെ പാറപ്രത്ത് 1939 ഡിസംബർ മാസത്തിന്റെ അവസാനം ചേർന്ന സമ്മേളനം പിണറായി-പാറപ്രം സമ്മേളനം എന്നറിയപ്പെടുന്നു. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപീകരിക്കപ്പെടുന്നത്. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ചേർന്ന് പി. കൃ‍ഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്. [1]

പിണറായി-പാറപ്രം സമ്മേളനത്തിനുമുൻപ് 1937 സെപ്തംബറിൽ കോഴിക്കോട്ട് പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളിൽ വച്ച് വളരെ രഹസ്യമായി പി. കൃഷ്ണപിള്ള, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, കെ ദാമോദരൻ, എൻ സി ശേഖർ എന്നീ നാലുപേരടങ്ങുന്ന ഒരു ഘടകം കേന്ദ്രക്കമ്മറ്റിയിൽ നിന്നും എത്തിയ എസ്.വി. ഘാട്ടെയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ആ കമ്മറ്റിയാണ് പിണറായി - പാറപ്രം സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്.

ഘടന[തിരുത്തുക]

ബ്രാഞ്ച് കമ്മറ്റിയാണ് സി.പി.ഐ.(എം) ന്റെ അടിസ്ഥാന ഘടകം. പഞ്ചായത്ത് അഥവാ മുനിസിപ്പൽ വാർഡ് കേന്ദ്രീകരിച്ചോ അല്ലെങ്കിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചോ രൂപീകരിക്കുന്ന ബ്രാഞ്ചുകളുടെ പരമാവധി അംഗസംഖ്യ 15 പാർട്ടി അംഗങ്ങളായിരിക്കും. ഒരു പഞ്ചായത്ത് പ്രദേശത്തെ ബ്രാഞ്ചുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒന്നോ അതിലധികമോ ലോക്കൽ കമ്മറ്റികളാണ് ഇതിന് മുകളിലുള്ള ഘടകം. വിവിധ ലോക്കൽ കമ്മറ്റികളെ ഏകോപിപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് അല്ലെങ്കിൽ താലൂക്കുകൾക്ക് സമാനമായ തലത്തിൽ രൂപീകരിക്കുന്ന ഘടകങ്ങളാണ് ഏരിയാ കമ്മറ്റികൾ. ഏരിയാ കമ്മറ്റികളെ ഏകോപിപ്പിച്ച് ജില്ലാ കമ്മറ്റികളും അതിന് മുകളിൽ സംസ്ഥാന ഘടകവും പ്രവർത്തിക്കുന്നു. [2]


അവലംബം[തിരുത്തുക]

  1. സി.എൻ, ചന്ദ്രൻ (2014-12-01). "പോരാട്ടങ്ങളുടേയും അതിജീവിക്കലിന്റേയും മഹത്തായ 75 വർഷങ്ങൾ". ജനയുഗം ഓൺലൈൻ. ശേഖരിച്ചത് 2015-12-20.
  2. "CPI(M) area committee conferences begin". ദി ഹിന്ദു ഓൺലൈൻ. 2014-12-02. ശേഖരിച്ചത് 2016-02-06.