കഡ്ഡോ അമേരിക്കൻ ഇന്ത്യക്കാർ
Total population | |
---|---|
5,290 alone and in combination[1] | |
Regions with significant populations | |
USA (currently Oklahoma, formerly Arkansas, Louisiana, Texas) | |
Languages | |
dialects of Caddo and English | |
Religion | |
Ghost Dance, Native American Church, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Pawnee, Wichita, Kitsai Caddo Confederacy: Adai, Cahinnio, Eyeish, Hainai, Hasinai, Kadohadacho, Nabedache, Nabiti, Nacogdoche, Nadaco, Nanatsoho, Nasoni, Natchitoches, Nechaui, Neche, Ouachita, Tula, Yatasi |
കഡ്ഡോ (ഉച്ചാരണം : "CAD-oh") എന്നറിയപ്പെടുന്നത് അമേരിക്കൻ ഐക്യനാടുകളുടെ തെക്കു കിഴക്കൻ പ്രദേശങ്ങളിൽ അധിവസിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരാണ്. ചരിത്രപരമായി അവരുടെ പൂർവ്വികർ ഇന്നത്തെ കിഴക്കൻ ടെക്സാസ്, ലൂയിസിയാന എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അർക്കാൻസാസ്, ഒക്ലാഹോമ എന്നീ പ്രദേശങ്ങളുടെ ഏതാനും ഭാഗങ്ങളിലുമാണ് അധിവസിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ കഡ്ഡോ ജനങ്ങൾ ടെക്സാസിലെ ഒരു റിസർവ്വേഷനിലേയ്ക്കു ഒഴിഞ്ഞു പോകുവാൻ നിർബന്ധിതരാകുകയും പിന്നീട് 1859 ൽ ഒരു ഇന്ത്യൻ ടെറിറ്ററിയിലേയക്കു പുനരധിവസിക്കപ്പെടുകയും ചെയ്തു.
ഇന്ന് ഒക്ലാഹോമയിലെ കഡ്ഡോ രാഷ്ട്രം, ഒക്ലാഹോമായിലെ “ബിൻഗർ” (Binger) തലസ്ഥാനമായി, ഫെഡറലായി അംഗീകരിക്കപ്പെട്ട ഒരു അമേരിന്ത്യൻ വർഗ്ഗമാണ്. ഏറ്റവും കുറഞ്ഞത് കഡ്ഡോ ഗോത്ര പിന്തുടർച്ചയുടെ 1/16 എങ്കിലും രേഖാമൂലമുള്ള തെളിവുകൾ സമർപ്പിക്കുന്ന ഇന്ത്യൻ ഗോത്രവിഭാഗത്തിൽപ്പെട്ടവർക്ക് ഔദ്ദ്യോഗികമായി കഡ്ഡോ രാഷ്ട്രത്തിലെ ജനതയാകുവാൻ സാധിക്കുന്നു. ഇപ്പോൾ അനേകം കഡ്ഡോ ഭാക്ഷകൾ ഏകോപിപ്പിച്ച് ഒറ്റ ഭാക്ഷയാക്കി മാറ്റിയിരിക്കുന്നു.
യൂറോപ്യൻ സമ്പർക്കം
[തിരുത്തുക]1540 ൽ ഇന്നത്തെ അമേരിക്കൻ ഐക്യനാടുകളുടെ തെക്കു കിഴക്കൻ പ്രദേശങ്ങളിൽ സ്പാനീഷ് പര്യവേക്ഷകനായ ഹെർനാൻഡോ ഡെ-സോട്ടോ പര്യവേക്ഷണ യാത്ര നടത്തുകയും ഇന്നത്തെ കഡ്ഡോ വില്ലേജുകളിലുൾപ്പെട്ട നഗ്വാറ്റെക്സ്, നിഷോണ്, ഹകാനാക്, നൊൻഡകാവോ പ്രദേശങ്ങളിലെ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളുമായി സമ്പർക്കത്തിലാകുകയും ചെയ്തു. 1520 ൽ ഈ പ്രദേശത്തെ വിവിധ ഗോത്ര വിഭാഗക്കാരുടെ എണ്ണം ഏകദേശം 250,000 ആയി കണക്കാക്കപ്പെട്ടു. പിന്നീടുള്ള 250 വർഷം കഴിഞ്ഞപ്പോൾ കഡ്ഡോയൻ ഭാക്ഷ സംസാരിക്കുന്ന ഇവരുടെ എണ്ണം നാടകീയമായി താഴ്ന്നു. സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരോടൊപ്പം എത്തിയ യൂറോപ്യൻ സാംക്രമിക രോഗങ്ങളാണ് ഇവരുടെ എണ്ണം പെട്ടെന്നു കുറയുവാൻ കാരണം. സാംക്രമിക രോഗങ്ങളുടെ അണുക്കളടങ്ങിയ പുതപ്പുകളും മറ്റും യൂറോപ്യൻ കുടിയേറ്റക്കാർ ഇവരുടെയിടയിൽ വിതരണം ചെയ്തിരുന്നു. തദ്ദേശവാസികൾക്ക് അപരിചിതമായ പുതിയ രോഗങ്ങളോട് പ്രതിരോധ ശേഷിയില്ലാത്ത ഗോത്രജനത കൂടുതലും ചത്തൊടുങ്ങി. ബാക്കിയുണ്ടായിരുന്നവർ യൂറോപ്പ്യൻ കയ്യേറ്റക്കാരുടെ ആക്രമണത്തിനും ഇരയായിരുന്നു. യൂറോപ്യൻ കുടിയേറ്റക്കാരും അവരോടൊപ്പം എത്തിയ ആഫ്രിക്കൻ വംശജരും വൻകരയിലെത്തിയതിനു ശേഷമുള്ള കാലഘട്ടത്തിൽ കഡ്ഡോ വർഗ്ഗക്കാർ നാറ്റ്ചിറ്റോച്ചെസ് (Natchitoches), ഹസിനായി (Hasinai), കഡോഹഡാച്ചോ (Kadohadacho) മൂന്നു കോൺഫെഡറസികൾ രൂപവൽക്കരിച്ചിരുന്നു. എന്നാൽ ഇവയെല്ലാംതന്നെ ഒരു പൊതു ഭാക്ഷവഴി ബന്ധിക്കപ്പെട്ടിരുന്നു.
പുരാതന കാലഘട്ടം
[തിരുത്തുക]കഡ്ഡോ ജനങ്ങൾ, 200 BCE യ്ക്കും 800 CE യ്ക്കും ഇടയിലുള്ള കാലഘട്ടത്തിൽ ഇന്നത്തെ അർക്കാൻസാസ്, ലൂയിസിയാന, ഒക്ലാഹോമ, ടെക്സാസ് എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങളിൽ ജീവിച്ചിരുന്ന ഫോർച്ചെ മലിനെ (Fourche Maline), മോസി ഗ്രോവ് സംസ്കാരങ്ങളുൾക്കൊണ്ടിരുന്ന വുഡ്‍ലാൻറ് കാലഘട്ടത്തിലെ ജനങ്ങളുടെ പിന്തുടർച്ചയാണെന്നു കരുതപ്പെടുന്നു.[3] വിചിത, പോവ്നീ ഇന്ത്യൻ വർഗ്ഗക്കാർ കഡ്ഡോ ജനങ്ങളുമായി ബന്ധമുള്ളവരാണ്. ഈ രണ്ട് അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളും കഡ്ഡോയൻ (Caddoan) ഭാക്ഷയാണ് സംസാരിക്കുന്നത്. ഏകദേശം 800 CE യിൽ ഈ സമൂഹം കഡ്ഡോയൻ മിസിസിപ്പിയൻ സംസ്കാരവുമായി ലയിച്ചു ചേർന്നു.
കഡ്ഡോ വരമൊഴിയനുസരിച്ച് ഇന്നത്തെ ലൂയിസിയാനയിലെ തെക്കുള്ള റെഡ് നദിയുടെയും മിസിസിപ്പി നദിയുടെയും സംഗമസ്ഥാനത്തുള്ള “ചഹ്ക്കാനിന (Chahkanina “the place of crying”) എന്നു പേരായ ഭൂഗർഭത്തിൽ നിന്നുള്ള ഒരു ഗുഹയിൽനിന്നാണ് കഡ്ഡോ വർഗ്ഗക്കാർ ഉയർന്നു വന്നതെന്നാണ്. ആ സമയം അവരുടെ “മൂൺ” എന്ന നേതാവ് ജനങ്ങളോടു തിരിഞ്ഞ നോക്കരുതെന്ന് ഉത്തരവിട്ടു. ഈ ജനങ്ങളുടെ മതപരമായ ആചാരങ്ങൾക്ക് ഇന്നും ചെണ്ട, കുഴൽ, അഗ്നിഎന്നിവയേന്തിയ ഒരു പ്രായമേറിയ കഡ്ഡോ അനിവാര്യമാണ്. ഇദ്ദേഹത്തിൻ സഹധർമ്മിണി ചോളം, മത്തങ്ങക്കുരു എന്നിവയേന്തി അരികിലുണ്ടായിരിക്കും. കഡ്ഡോ ജനങ്ങൾ ആദ്യകാലത്ത് ,ബഹാറ്റെനൊ (Bah'hatteno) എന്നു വിളിച്ചിരുന്ന റെഡ് നദിയ്ക്കു സമാന്തരമായി പടിഞ്ഞാറൻ പ്രദേശങ്ങളിലേയ്ക്കു വ്യാപനം ചെയ്തു.[4] അക്കാലത്ത് സക്കാഡോ (Zacado) എന്ന കഡ്ഡോ വനിത, ഗോത്രത്തോട് ഈ പ്രദേശത്ത് വേട്ടയാടുവാനും മത്സ്യബന്ധനത്തിനും വീടു നിർമ്മാണത്തിനും, ലഭ്യമായി വസ്തുക്കളുപയോഗിച്ച് വസ്ത്രങ്ങളുണ്ടാക്കുവാനും ആഹ്വാനം ചെയ്തു. കഡ്ഡോ മതത്തിന്റെ കേന്ദ്രബിന്ദു “കാഥിഹായുഹ്” (Kadhi háyuh) ആണ്. ഇതിനർത്ഥം “ഉന്നതങ്ങളിലെ അധിപൻ” അഥവാ “ആകാശങ്ങളുടെ അധിപൻ” എന്നൊക്കെയാണ്. ആദ്യകാലങ്ങളിൽ കഡ്ഡോ ജനതയെ നയിച്ചിരുന്നത് പുരോഹിതന്മാരായിരുന്നു. പുരോഹിതന്മാരിലെ പ്രധാനിയായ ക്സിനേസിയ്ക്ക് (xinesi) കഡ്ഡോ ദേവാലയങ്ങൾക്കു സമീപം അധിവസിച്ചിരുന്ന ആത്മാക്കളുമായി സംവദിക്കുവാൻ സാധിച്ചിരുന്നവത്രേ.[5] ചോളത്തിന്റെ വിളവെടുപ്പിനോടനുബന്ധിച്ച് ചാക്രികമായ ഏതാനും അനുഷ്ടാനങ്ങൾ നടത്തപ്പെട്ടിരുന്നു. ആചാരാനുഷ്ടാനങ്ങൾക്ക് പുകയില ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. പുരാതന കാലത്തുള്ള പുരോഹിതന്മാർ വിശുദ്ധ കർമ്മങ്ങൾക്കു മുന്നോടിയായി സ്വയം ശുദ്ധീകരിക്കുവാൻ കാട്ട് ഒലിവ് ഇലകൾകൊണ്ടുണ്ടാക്കിയ ഒരു പാനീയം ഉപയോഗിച്ചിരുന്നു.[6]
കഡ്ഡോ ഭൂമി
[തിരുത്തുക]യൂറോപ്യൻ കുടിയേറ്റക്കാരുടെ സമ്പർക്കം ഉണ്ടാകുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ കഡ്ഡോ വർഗ്ഗക്കാരുടെ അധീനതയിലുള്ള ഏതാനും പ്രദേശങ്ങൾ, “ഡെഖിഹ സിയോൺ” ഭാക്ഷ (Deghiha Siouan) സംസാരിക്കുന്ന മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരായ ഒസേജ് (Osage), പോൻക (Ponca), ഒമാഹ (Omaha), കാവ് (Kaw) എന്നിവർ ആക്രമിച്ചു കീഴടക്കിയിരുന്നു. ഇവർ 1200 CE യിൽ ഒഹായോ നദീ പ്രദേശത്തു പാർക്കുന്ന (ഇന്നത്തെ കെൻറുക്കി പ്രദേശം) ഇറോക്യൂസ് ഇന്ത്യൻസുമായുള്ള വർഷങ്ങളായുള്ള പോരാട്ടത്തിൻറെ ഫലമായി പടിഞ്ഞാറൻ ദേശങ്ങളിലേയ്ക്കു പ്രയാണം നടത്തിയവരാണ്. ഈ പ്രദേശത്തെ വേട്ടയാടാനുള്ള പ്രദേശങ്ങൾ ഇറോക്യൂസ് വർഗ്ഗക്കാരുടെ അധീനതയിലായിത്തീർന്നു. ഒസേജ് വർഗ്ഗക്കാർ കഡ്ഡോ വർഗ്ഗക്കാരുമായി യുദ്ധത്തിലേർപ്പെടുകയും അവരുടെ ചില പഴയ അധിവാസമേഖലകളിൽ നിന്ന് അവരെ പുറന്തള്ളുകയും ഇന്നത്തെ മസൌറി, അർക്കാൻസാസ്, പടിഞ്ഞാറൻ കൻസാസ് എന്നീ മേഖലകളിൽ മേൽക്കോയ്മ സ്ഥാപിക്കുകയും ചെയ്തു. ഇവർ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യ ശതകങ്ങളിൽ യൂറോപ്യന്മാർ ഇവിടെ കുടിയേറ്റം നടത്തുന്നതിനു മുമ്പുതന്നെ തങ്ങളുടെ ആധിപത്യത്തിലായ മിസിസിപ്പിക്ക് പടിഞ്ഞാറുള്ള പുതിയ പ്രദേശങ്ങളിൽ വ്യാപിക്കുകയും സ്ഥിരവാസമുറപ്പിക്കുകയും ചെയ്തിരുന്നു.[7]
ഭൂരിപക്ഷം കഡ്ഡോ അമേരികൻ ഇന്ത്യക്കാരും ചരിത്രപരമായി കിഴക്കൻ ടെക്സാസ്, തെക്കൻ അർക്കാൻസാസ്, പടിഞ്ഞാറൻ ലൂയിസിയാന,തെക്കുകിഴക്കൻ ഒക്ലാഹോമ എന്നിവിടങ്ങളിലെ 54,400 സ്ക്വയർ മൈൽ (141,000 km2) പ്രദേശങ്ങളിലായി പരന്നു കിടക്കുന്ന കോണിഫറസ് വനങ്ങളിലാണ് അധിവസിച്ചിരുന്നത്. ഈ വനപ്രദേശങ്ങൾ ഒസാർക്ക് (Ozark) പർവ്വതനിരകളുടെ താഴ്വാരത്തുവരെ വ്യാപിച്ചു കിടന്നരുന്നു. കഡ്ഡോ ജനങ്ങൾ പ്രാഥമികമായി കഡ്ഡോ നദിയ്ക്കു സമീപത്താണ് വസിച്ചിരുന്നത്.
യൂറോപ്യൻ കുടിയേറ്റക്കാരുമായി ആദ്യകാലസമ്പർക്കമുണ്ടാകുന്ന കാലത്ത് കഡ്ഡോ ജനങ്ങൾ നാറ്റ്ചിറ്റോച്ചെസ് (Natchitoches), ഹസിനായി (Hasinai), കഡോഹഡാച്ചോ (Kadohadacho) മൂന്നു കോൺഫെഡറസികളായി തിരിഞ്ഞിരുന്നു. മറ്റു സഹഗോത്രങ്ങളുമായി പരസ്പര സഹകരണത്തിലായിരുന്നു ഇവർ. നാറ്റ്ചിറ്റോച്ചെസ് കോൺഫെഡറസിയിലുള്ളവർ ഇന്നത്തെ വടക്കൻ ലൂയിസിയാനയിലും ഹസിനായി കോൺഫെഡറസിയിലുള്ളവർ കിഴക്കൻ ടെക്സാസിലും കഡോഹഡാച്ചോ കോൺഫെഡറസിയിലുള്ളവർ ടെക്സാസിൻറെ അതിർത്തി പ്രദേശങ്ങൾ ഒക്ലാഹോമ, അർക്കാൻസാസ് എന്നിവിടങ്ങളിലുമാണ് നിവസിച്ചിരുന്നത്.[8]
സാമൂഹ്യജീവിതം
[തിരുത്തുക]ഈ വിഭാഗക്കാർ പ്രാഥമികമായി കാർഷികവൃത്തിയായിരുന്നു നയിച്ചിരുന്നത്. കഡ്ഡോ ജനങ്ങൾ കൃഷി ചെയ്തുണ്ടാക്കിയിരുന്ന ചോളമായിരുന്നു പ്രധാനമായി ആഹരിച്ചിരുന്നത്. അതോടൊപ്പം സൂര്യകാന്തി, മത്തങ്ങ, കുമ്പളഞ്ഞ വർഗ്ഗങ്ങൾ, തണ്ണിമത്തൻ എന്നിവയും കൃഷിചെയ്യുകയും ആഹാരമാക്കുകയും ചെയ്തിരുന്നു. അതുപോലെ വാൻകോഴികൾ (ടർക്കി), കരടി, മാൻ, ചെറിയ സസ്തനികൾ എന്നിവയെ അവർ വേട്ടയാടി ഭക്ഷിച്ചിരുന്നു. സമതലത്തിൻ കോണിൽ ജീവച്ചിരുന്നവർ കാട്ടുപോത്തുകളെ വേട്ടയാടിയിരുന്നു. ഇവർ വേട്ടയാടുവാൻ അമ്പും വില്ലുമാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്.ഉപ്പുരസമുള്ള ചതുപ്പുകൾക്കു സമീപം വസിച്ചിരുന്നവർ വലിയ പരന്ന പാത്രങ്ങളിൽ ഉപ്പുവെള്ളം തിളപ്പിച്ചു വറ്റിച്ച് ഉപ്പുണ്ടാക്കിയിരുന്നു. ഭക്ഷണത്തോടൊപ്പം ഉപ്പുപയൊഗിക്കുകുയും വിപണനവസ്ത്ക്കളായ കരടിയെണ്ണ, മൃഗത്തോൽ എന്നിയോടൊപ്പം മറ്റ് ഇന്ത്യൻ വർഗ്ഗക്കാർക്കും യൂറോപ്യൻ കുടിയേറ്റക്കാർക്കിടയിലും ഉപ്പും വിപണനം ചെയ്തിരുന്നു. യൂറോപ്യൻ കച്ചവടക്കാരിൽ നിന്ന് ലോഹ, സെറാമിക് ഉത്പന്നങ്ങൾ ലഭ്യമാകുന്നതുവരെ ഇവർ സൂക്ഷ്മമായി അലങ്കരിച്ച മൺപാത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.
മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളെപ്പോലെ കഡ്ഡോ വംശജർ റ്റീപ്പികളിൽ അല്ല താമസിക്കുന്നത്. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഡ്ഢോ ഭവനങ്ങളുണ്ട്. ലൂയിസിയാനയിലെ ഈസ്റ്റേൺ കഡ്ഡോ വംശജർ തേനീച്ചക്കൂടുകൾക്കു സമാനമായ ആകൃതിയിലുള്ള പുല്ലുകൊണ്ടുണ്ടാക്കിയ കുടിലുകളിലാണ് വസിച്ചിരുന്നത്. കുംഭാകൃതിയിലുള്ള ഈ കുടിലുകൾ ഉയരമുള്ളതും ഏകദേശം 30 ആളുകൾക്കുവരെ കഴിയുവാൻ പര്യാപ്തമായതുമായിരുന്നു. ടെക്സാസിലും ഒക്ലാഹോമയിലുമുള്ള പടിഞ്ഞാറൻ കഡ്ഢോകൾ പുല്ലുമേഞ്ഞ മൺകുടിലുകളിലുമാണ് കഴിഞ്ഞിരുന്നത്. ഒരു ക്ഷേത്രവും കളിസ്ഥലവും അടങ്ങിയതായിരുന്നു ഒരോ കഡ്ഡോ ഇന്ത്യൻ വില്ലേജുകളും. ഓരോ വില്ലേജുകളും തടികൾ കൊണ്ടുള്ള മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇന്നത്തെക്കാലത്ത് കൂടുതൽ കഡ്ഢോ ഇന്ത്യൻസും ആധുനിക ഭവനങ്ങളിലും അപ്പാർട്ട്മെൻറുകളിലും ജീവിക്കുന്നു.
യൂറോപ്യൻ സമ്പർക്കാനന്തരമുള്ള ചരിത്രം
[തിരുത്തുക]1541 ൽ ഹെർനാൻഡോ ഡെ-സോട്ട് കഡ്ഡോ ഭൂമിയിലെത്തിയതോടെയാണ് ഇവർ യൂറോപ്യന്മാരുമായും ആഫ്രിക്കൻ ജനങ്ങളുമായും ആദ്യം സമ്പർക്കത്തിലാകുന്നത്. കഡ്ഡോ ഇന്ത്യൻസിലെ ഒരു വിഭാഗവുമായ “ടുല” (Tula) ഗോത്രവുമായി ഇന്നത്തെ അർക്കാൻസാസിലെ കഡ്ഡോ ഗാപ്പിൽ വച്ച് (Caddo Gap) ഡെ-സോട്ടോ രൂക്ഷമായ സംഘട്ടനത്തിലേർപ്പെട്ടിരുന്നു. ഈ ചരിത്ര സംഭവം ഒരു സ്മാരകത്താൽ ഈ പട്ടണത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് പര്യവേക്ഷകർ വടക്കൻ ലൂയിസിയാനയിൽ വച്ച് നാറ്റ്ചിറ്റോച്ചെസ് വിഭാഗക്കാരുമായി സമ്പർക്കത്തിലായി. ഇവരെ പിന്തുടർന്ന് ഗൾഫ് കോസ്റ്റിൽ നിന്നുള്ള രോമ വ്യാപാരികളും ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് മതപ്രചരണാർത്ഥം മിഷണറിമാരും എത്തിച്ചേർന്നു. പുതുതായി എത്തിയവർ ഇവരുടെയിടെയിൽ തലങ്ങും വിലങ്ങം സഞ്ചരിച്ച് കച്ചവടം, മതപ്രചരണം എന്നിവയിലേർപ്പെട്ടു. യൂറോപ്യൻ കുടിയേറ്റക്കാർ തദ്ദേശവാസികളെ കീഴടക്കുന്നതിനുതകുന്ന വസൂരി, സ്മോൾപോക്സ്, മീസിൽസ് തുടങ്ങിയ തീരാവ്യാധികളുമായാണെത്തിയത്. ഈ വ്യാധികൾ ഉള്ളവർ ഉപയോഗിച്ച പുതപ്പുകളും മറ്റും യൂറോപ്യൻ കുടിയേറ്റക്കാർ കപ്പലുകളിൽ എത്തിക്കുകയും തദ്ദേശവാസികളുടെയിടെയിൽ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. ഈ നാട്ടിൽ പരിചിതമല്ലാതിരുന്നു പുതിയ രോഗങ്ങളോട് തദ്ദേശവാസികൾക്ക് പ്രതിരോധശേഷിയില്ലായിരുന്നു. പടർന്നു പിടിച്ച യൂറോപ്പ്യൻ രോഗങ്ങളാല് തദ്ദശവാസികൾ വൻതോതിൽ മരണമടഞ്ഞു. പകർച്ചപ്പനിയും മലേറിയയും അനേകം കഡ്ഡോ ഗ്രാമങ്ങളെ പൂർണ്ണമായി തുടച്ചു നീക്കി.[9]
ഫ്രഞ്ച് വ്യാപാരികൾ കഡ്ഡോ വില്ലേജുകൾക്കു സമീപം കോട്ടകളും വാണിജ്യനിലയങ്ങളും നിർമ്മിച്ചിരുന്നു. ഈ നിർമ്മിതികൾ കൂടുതൽ ഫ്രഞ്ചു കുടിയേറ്റക്കാരെയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റു കുടിയേറ്റക്കാരെയും ഈ മേഖലയിലേയ്ക്കു ആകർഷിച്ചു. അക്കാലത്തു നിർമ്മിക്കപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങളാണ് പിന്നീട് എലിസിയൻ ഫീൽഡ്സ് (Elysian Fields), നക്കോഗ്ഡോച്ചസ് (Nacogdoches), ടെക്സാസ്, നോറ്റ്ചിറ്റോച്ചെസ് (Natchitoches), ലൂയിസിയാന എന്നിവിടങ്ങളിൽ നിലനിൽക്കുന്നത്. അവസാനം എണ്ണം പറഞ്ഞ രണ്ട് പട്ടണങ്ങൾക്ക് ആദ്യകാല കുടിയേറ്റക്കാരും പര്യവേക്ഷകരും യഥാർത്ഥ കഡ്ഡോ വില്ലേജുകളുടെ പേരു നിലനിർത്തിയിരിക്കുന്നു. കുടിയേറ്റക്കാരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുവാൻ കഡ്ഡോ ജനങ്ങൾ, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് കുടിയേറ്റക്കാരുമായി സമാധാന സന്ധി ചെയ്തു. 1803 ൽ ഫ്രഞ്ചുകാരിൽ നിന്ന് മിസിസിപ്പി നദിയ്ക്കു പടിഞ്ഞാറുള്ള ലൂയിസിയാന പ്രദേശം വിലയ്ക്കു വാങ്ങിയ കാലത്ത് ഐക്യനാടുകൾ കഡ്ഡോ ജനങ്ങളുമായി ഉടമ്പടി ചെയ്തു സഖ്യകക്ഷിയാക്കി.
1812 ബ്രിട്ടീഷ് കോളനികളും ബ്രിട്ടനുമായുണ്ടായ യുദ്ധത്തിൻറ കാലത്ത്, വില്യം ഹെൻറി ഹാരിസൺ, വില്യം ക്ലാർക്ക് (പര്യവേക്ഷകൻ), ആൻഡ്രൂ ജാക്സൺ എന്നീ അമേരിക്കൻ ജനറലുമാർ മറ്റു തെക്കുകിഴക്കൻ മേഖലകളിലെ ഇന്ത്യൻസിന്റെ ഇടയിലുണ്ടായ കുടിയേറ്റ്ക്കാർക്കെതിരെയുള്ള ലഹള അടിച്ചമർത്തി. ഈ കലാപങ്ങളിൽ കഡ്ഡോ ജനങ്ങൾ നിഷ്പക്ഷത പാലിക്കുകയും അടിച്ചമർത്തലിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തുവെങ്കിലും 1830 ലെ ഫെഡറൽ ഗവൺമെൻറിൻറെ ഇന്ത്യൻ റിമൂവൽ ആക്ട് പ്രകാരം തെക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവർ കുടിയൊഴിപ്പിക്കപ്പെടുകയും ഈ മേഖല യൂറോപ്യൻ അമേരിക്കൻ കുടിയേറ്റക്കാർക്കായി മാറ്റിവയ്ക്കുകയും ചെയ്തു.[10]
1835 ൽ ഏറ്റവും വട്ക്കുള്ള കഡ്ഡോ കോൺഫെഡറസിയായ കഡോഹാഡോച്ചോ (Kadohadacho) ഐക്യനാടുകളുമായി മെക്സിക്കോയുടെ കീഴിലായിരുന്ന ഇന്നത്തെ കിഴക്കൻ ടെക്സാസ് മേഖലയിലേയ്ക്ക് മാറിത്താമസിക്കുവാനുള്ള ഒരു ഉടമ്പടിയുണ്ടാക്കി. എന്നാൽ ക്രമേണ യൂറോപ്യൻ കുടിയേറ്റക്കാർ ഈ മേഖലയിലേയ്ക്കും തള്ളിക്കയറി. 1836 ൽ ഈ മേഖലിയലുള്ള കുടിയേറ്റക്കാർ മെക്സിക്കോയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഒരു സ്വതന്ത്ര രാഷ്ര്ടമായ “റിപ്പബ്ലിക് ഓഫ് ടെക്സാസ്” നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. “ടെക്സാസ്” എന്ന പേര് “ഹസിനായി” പദമായ “táysha”യിൽ നിന്നു രൂപപ്പെട്ടതാണ്. ഇതിനർത്ഥം “മിത്രം” എന്നാണ്.[11]
1845 ൽ ടെക്സാസ് ഐക്യനാടുകളിലെ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. ആ സമയം ഫെഡറൽ ഗവൺമെൻറ് ഹസിനായി, കഡോഹഡാച്ചോ കോൺഫെഡറസികളിലുള്പ്പെട്ട് തദ്ദേശീയ ഇന്ത്യൻ വംശജരെ ബ്രാസോസ് റിസർവേഷനിലേയ്ക്കു (Brazos Reservation) മാറിത്താമസിക്കുവാൻ നിർബന്ധിതമാക്കി. 1859 ൽ അനേകം കഡ്ഡോ ജനങ്ങൽ വീണ്ടും ടെക്സാസിനു വട്ക്കുള്ള (ഇന്നത്തെ ഒക്ലാഹോമ) ഇന്ത്യൻ പ്രദേശങ്ങളിലേയ്ക്കു വീണ്ടും സ്ഥാനമാറ്റം നടത്തി. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനു ശേഷം കഡ്ഡോ ജനങ്ങൾ വഷിത, കനാഡിയൻ നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ടെറിറ്ററിയിലേയ്ക്ക് കേന്ദ്രീകിരിച്ചു.[12]
പത്തൊമ്പതാം നൂറ്റാണ്ടിൽ കഡ്ഡോ ജനങ്ങൾ “ഗോസ്റ്റ് ഡാൻസ്” മതത്തിലധിഷ്ടിതമായി ജീവിതമാണ് നയിച്ചിരുന്നത്. ഈ മതം പടിഞ്ഞാറൻ മേഖലകളിലെ അമേരിക്കൻ ഇന്ത്യൻ രാഷ്ട്രങ്ങളിലെ ജനങ്ങളിൽ വ്യാപകമായിരുന്നു. കഡ്ഡോ ഭാക്ഷ സംസാരിച്ചിരുന്ന ജോൺ വിൽസൺ എന്ന കഡ്ഡോ-ഡിലാവെയർ വൈദ്യൻ ഗോസ്റ്റ് ഡാൻസ് മതത്തിലെ പ്രമുഖ പുരോഹിതമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം
[തിരുത്തുക]ഇന്ത്യൻ ടെറിറ്ററികളുടെ ഏകീകരണവും അഭിവൃദ്ധിയും ലക്ഷ്യമാക്കി കോൺഗ്രസ് 1887 ല് പാസാക്കിയ “Dawes Act” അനുസരിച്ച്, അമേരിക്കൻ പ്രസിഡൻറിന് അമേരിക്കൻ ഇന്ത്യൻ ഗോത്ര ഭൂമികളിൽ സർവ്വേ നടത്തുന്നതിനും ഭൂമി അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളിലെ വ്യക്തികൾക്കു വിഭജിച്ചു നല്കുന്നതിനുമുള്ള അധികാരം ലഭിച്ചു. ഭൂമിയുടെ ഈ പങ്കിടൽ അംഗീകരിക്കുകയും ഗോത്രസമൂഹത്തിൽ നിന്നു മാറി അമേരിക്കൻ മോഡലിൽ സ്വതന്ത്രമായി താമസിക്കുകയും ചെയ്യുന്ന ഇന്ത്യൻ ഗോത്രത്തിലെ അംഗത്തിന് യു.എസ്. പൌരത്വം നൽകുന്ന ഒരു ഏർപ്പാടും ഇക്കാലത്ത് പ്രാബല്യത്തിൽ വന്നു. ഡാവേസ് ആക്ടിൽ 1891 ൽ ചില ഭേദഗതികൾ വരുത്തി. 1898 ൽ കർട്ടിസ് ആക്ട് (Curtis) വഴിയും 1906 ൽ ബുർക് ആക്ട് (Burke) വഴിയും വീണ്ടും ഭേദഗതികൾ നടത്തിയിരുന്നു. ഇങ്ങനെ പങ്കിട്ടു നൽകുന്ന ഭൂമിയിൽ നിന്നു മിച്ചം വരുന്നവ അധിക ഭൂമിയായി കണക്കാക്കുകയും തദ്ദേശീയരല്ലാത്ത അമേരിക്കൻ പൌരന്മാർക്ക് യു.എസ്. സർക്കാർ വിൽപ്പന നട്ത്തുകയും ചെയ്തിരുന്നു. ഗോത്രഭൂമി ഈ വിധം പങ്കിട്ടു നൽകിയത് നേറ്റീവ് അമേരിക്കൻ ഇന്ത്യൻ ഭൂമിയുടെ ക്ഷയിച്ചു വരുകയും ഭൂരിപക്ഷ ഗോത്രവർഗ്ഗത്തിൻറെ നിലനിൽപ്പുതന്നെ ഭീക്ഷണിയിലാകുകയും ചെയ്തു. അതേ സമയം ഗോത്ര സർക്കാരുകൾക്ക് അധികാരം നഷ്ടപ്പെടുകയും ക്രമേണ ഇല്ലാതാവുകയും ചെയ്തു. താമസിയാതെ ഈ പ്രദേശം ഗോത്രപ്രദേശത്തിനു വെളിയിലുള്ള അനേകം യൂറോപ്യൻ അമേരിക്കൻ കുടിയേറ്റക്കാരെക്കൊണ്ടു നിറയുകയും ചെയ്തു. കഡ്ഡോ ജനങ്ങൾ ഗോത്രഭൂമി വീതം വച്ചു നല്കുന്നതിനെ ശക്താമായി എതിർത്തിരുന്നു. 1934 ലെ ഇന്ത്യൻ റീ ഓർഗനൈസേഷൻ ആക്ട്, 1936 ലെ ഒക്ലാഹോമ ഇന്ത്യൻ വെൽഫയർ ആക്ട് എന്നിവയനുസരിച്ച് കഡ്ഡോ ജനങ്ങൽ തങ്ങളുടെ ഗോത്ര സർക്കാരിനെ പുനരുജ്ജീവിപ്പിച്ചു. അവർ എഴുതപ്പെട്ട ഒരു ഭരണഘടന തെരഞ്ഞെടുക്കുകയും തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്തു.
1938 ൽ കഡ്ഡോകൾ ഏകീകരിക്കപ്പെട്ട് “കഡ്ഡോ ഇന്ത്യൻ ട്രൈബ് ഓഫ ഒക്ലാഹോമ” ആയി അംഗീകരിക്കപ്പെട്ടു. കഡ്ഡോ രാഷ്ട്രത്തിന് ഒരു ചെറു രാജ്യത്തിനുള്ളതു പോലെ സ്വന്തമായി ഒരു സർക്കാർ, ഭരണഘടന, നിയമങ്ങൾ, പോലീസ്, മറ്റു സർവ്വീസുകള് എന്നിവയുണ്ട്. എന്നിരുന്നാലും കഡ്ഡോ വംശജർ യു.എസ്. യു.എസ്. നിയമങ്ങൾ ബാധകമായ യു.എസ്. പൌരന്മാരായി പരിഗണിക്കപ്പെടുന്നു. പഴയ കാലഘട്ടത്തിൽ ഓരോ കഡ്ഡോ സംഘവും കഡ്ഡോ പോരാളികളാൽ തെരഞ്ഞടുക്കപ്പെടുന്ന നേതാവിനാൽ നയിക്കപ്പെട്ടിരുന്നു. ഇക്കാലത്ത് കഡ്ഡോ കൌൺസിൽ അംഗങ്ങൾ, ഒരു ഗവർണറെയോ സെനറ്റർമാരെയോ തെരഞ്ഞെടുക്കുന്നതുപോലെ തന്നെ തെരഞ്ഞെടുക്കപ്പെടുന്നു. ഇവർ പുരുഷന്മാരോ സ്ത്രീകളോ ആകാം.
1938 ജനുവരി 17 ൻ കഡ്ഡോ ജനങ്ങൾ തങ്ങളുടെ ഭരണഘടന പ്രമാണീകരിക്കരിച്ചു.[13] 1976 ൽ അവർ പുതിയ ഒരു ഭരണഘടനയുടെ രൂപരേഖയുണ്ടാക്കി. ഇരുപതാം നൂറ്റാണ്ടിൽ മെൽഫോർഡ് വില്ല്യംസ്, ഹാരി ഗയ്, ഹൂബർട്ട് ഹാഫ്‍മൂൺ, വെർനോൺ ഹണ്ടർ തുടങ്ങിയ കഡ്ഡോ ഇന്ത്യൻ നേതാക്കൾ തങ്ങളുടെ ഗോത്രത്തെ പുതിയ കാലത്തിനനുസരിച്ച് രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.[14] 2002 ജൂൺ 29 നു നടന്ന ഒരു പ്രത്യേക തെരഞ്ഞെടുപ്പോടനുബന്ധമായി കഡ്ഡോ ജനങ്ങൾ തങ്ങളുടെ ഭരണഘടനയിൽ 6 ഭേദഗതികൾ വരുത്തി.
-
John Wilson (1840-1901), Caddo peyote roadman
-
Sho-e-tat (Little Boy) or George Washington (1816-1883), Louisiana Caddo leader
-
A stirrup dance by the Caddo Culture Club, Caddo National Complex, Binger, 2008
-
Caddo dancers, members of the Caddo Cultural Club, Binger, Oklahoma, 2008
- ↑ "Census 2010" (PDF). census.gov. Retrieved 2015.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Art on the Prairies". All About Shoes. Bata Shoe Museum. 2006. Retrieved 26 July 2015.
- ↑ "Tejas-Caddo Fundamentals-Caddo Timeline". Retrieved 2010-02-04.
- ↑ Meredith, Howard. "Caddo (Kadohadacho)," Encyclopedia of Oklahoma History and Culture, Oklahoma Historical Society, Accessed July 9, 2015.
- ↑ Sturtevant, 625
- ↑ Sturtevant, 626
- ↑ Louis F. Burns, "Osage" Archived January 2, 2011, at the Wayback Machine. Oklahoma Historical Society's Encyclopedia of Oklahoma History and Culture, retrieved 2 March 2009
- ↑ Sturtevant, 616–617
- ↑ Louis F. Burns, "Osage" Archived January 2, 2011, at the Wayback Machine. Oklahoma Historical Society's Encyclopedia of Oklahoma History and Culture, retrieved 2 March 2009
- ↑ Peter Kastor, The Nation's Crucible: The Louisiana Purchase and the Creation of America,(New Haven: Yale University Press, 2004) 159-160.
- ↑ Bolton 2002:63–64
- ↑ Meredith, Howard. "Caddo (Kadohadacho)," Encyclopedia of Oklahoma History and Culture, Oklahoma Historical Society, Accessed July 9, 2015.
- ↑ Constitution and By-Laws of the Caddo Indian Tribe of Oklahoma. Archived 2013-06-30 at Archive.is National Tribal Justice Resource Center. (retrieved 13 September 2009)
- ↑ Meredith, Howard. "Caddo (Kadohadacho)," Encyclopedia of Oklahoma History and Culture, Oklahoma Historical Society, Accessed July 9, 2015.