ഉടുമ്പഞ്ചോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ആസ്ഥാന പട്ടണമായ ചെറുതോണിക്കു കിഴക്കുള്ള ഇടുക്കി എന്ന സ്ഥലം കൂടി ഉൾപ്പെടുന്ന വിശാലമായ താലൂക്കാണ്‌ ഉടുമ്പഞ്ചോല. താലൂക്കിന്റെ ആസ്ഥാനം നെടുങ്കണ്ടമാണ്‌. ഇടുക്കിയിൽ നിന്നു നെടുങ്കണ്ടം വരെയുള്ള റോഡുവഴിയുള്ള ദൂരം ഏകദേശം 50 കിലോമീറ്ററാണ്‌. വിസ്‌തീർണത്തിന്റെ കാര്യത്തിൽ ആലപ്പുഴ ജില്ലയേക്കാൾ വലിപ്പമുണ്ട്‌ ഈ താലൂക്കിന്‌. ചെറുതോണി പട്ടണത്തിന്റെ ഒരു വശം ഉടുമ്പഞ്ചോല താലൂക്കും മറുഭാഗം തൊടുപുഴ താലൂക്കുമാണ്‌. ഉടുമ്പഞ്ചോല താലൂക്കിന്റെ എതിർവശത്തെ അതിർത്തി മൂന്നാറിൽ നിന്ന്‌ 20 കിലോമീറ്റർ മാത്രം മാറിയുള്ള ചിന്നക്കനാലാണ്‌. ഈ താലൂക്കിന്റെ മറ്റൊരു അതിർത്തിയിൽ തമിഴ്‌നാട്‌ നീണ്ടുനിവർന്നു കിടക്കുന്നു. 2002 ൽ ഭൂമി കയ്യേറ്റത്തിലൂടെ വിവാദം സൃഷ്ടിച്ച മതികെട്ടാൻ മലനിരകൾ ഈ താലൂക്കിലാണ്‌ ഉൾപ്പെടുന്നത്‌. ഇന്ത്യയിൽ ഏറ്റവുമധികം കാറ്റുവീശുന്ന സ്‌ഥലമെന്ന്‌ അനർട്ട്‌ സർവ്വേയിലൂടെ കണ്ടെത്തിയ സ്ഥലമായ രാമക്കൽമേടും ഈ താലൂക്കിലാണ്‌. കേരള സർക്കാർ അനർട്ടിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വാതോർജ്ജ പദ്ധതി രാമക്കൽമേട്ടിലാണുള്ളത്‌. പ്രകൃതിമനോഹരമായ ഈ സ്ഥലം നല്ലൊരു ടൂറിസ്‌റ്റു കേന്ദ്രം കൂടിയാണ്‌. താലൂക്ക്‌ ആസ്ഥാനമായ നെടുങ്കണ്ടത്തു നിന്ന്‌ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്ന രാമക്കൽമേട്ടിലെത്താം.

ഉടുമ്പഞ്ചോല താലൂക്ക്‌ പൊതുവേ അറിയപ്പെടുന്നത്‌ സംരക്ഷിത ഏലമലകൾ എന്നാണ്‌ (കാർഡമം ഹിൽ റിസർവ്വ്‌). ഏലം കൃഷിക്കായി സർക്കാർ കുത്തകപ്പാട്ടത്തിനു നൽകിയതുൾപ്പെടെയുള്ള ഭൂമിയുള്ളതിനാലാണ്‌ ഈ പേരു വരാൻ കാരണം. ഏലത്തിനൊപ്പം കുരുമുളക്‌, കാപ്പി, തേയില, വാനില എന്നിവയാണ്‌ താലൂക്കിലെ പ്രധാന കൃഷികൾ.

"https://ml.wikipedia.org/w/index.php?title=ഉടുമ്പഞ്ചോല&oldid=1696456" എന്ന താളിൽനിന്ന് ശേഖരിച്ചത്