ആർക്കൈവ്
ചരിത്രരേഖകളെയോ അവ ക്രമീകരിച്ചു സൂക്ഷിക്കുന്ന സ്ഥലത്തെയോ ആണ് ആർക്കൈവ് (Archive) എന്നുപറയുന്നത്.[1] ഗ്രന്ഥപ്പുര, ഗ്രന്ഥരക്ഷാലയം, ചരിത്രരേഖാശേഖരണം, റിക്കാഡുകൾ സൂക്ഷിക്കുന്ന സ്ഥലം എന്നൊക്കെ ഇത് അറിയപ്പെടുന്നു. ആധികാരികത ഉറപ്പുവരുത്തുന്ന ഘടകങ്ങൾ, ചരിത്രപരമോ സാംസ്കാരികപരമോ ആയ പ്രാധാന്യം എന്നിവയുടെ അടിസ്ഥാനത്തിൽ ദീർഘകാലത്തേക്കു സംരക്ഷിച്ചുവച്ചിരിക്കുന്ന രേഖകളെയാണ് പൊതുവെ ആർക്കൈവ്സ് എന്നുപറയുന്നത്. ഇവ സൂക്ഷിച്ചിരിക്കുന്ന ഭൗതികമായ ഇടത്തെയും ആർക്കൈവ്(സ്) എന്നുവിളിക്കാറുണ്ട്.[2][3] ഒരാളുടെ ഡയറി, കത്തുകൾ, ചിത്രങ്ങൾ, കണക്കുപുസ്തകങ്ങൾ, കമ്പ്യൂട്ടർ ഫയലുകൾ, ഒരു സ്ഥാപനത്തിന്റെ പ്രവർത്തനരേഖകൾ, ഫയലുകൾ, ബിസിനസ് റിക്കാഡുകൾ എന്നിവയെല്ലാം ആർക്കൈവുകൾക്ക് ഉദാഹരണമാണ്.
നിയമപരമോ വാണിജ്യപരമോ ഭരണപരമോ സാമൂഹികപരമോ ആയ പ്രവർത്തനങ്ങൾ ചിട്ടയായി രേഖപ്പെടുത്തുന്നതിലൂടെ ആർക്കൈവുകൾ സ്വാഭാവികമായി തന്നെ രൂപംകൊള്ളുന്നു.[4] വരും തലമുറയ്ക്ക് എന്തെങ്കിലും സന്ദേശം നൽകുവാനായി ബോധപൂർവ്വം തയ്യാറാക്കിയ രേഖകളിൽ നിന്നും ആർക്കൈവുകളെ വ്യത്യസ്തമാക്കുന്നതും ഈ 'സ്വാഭാവികത'യാണ്. ഒരു വസ്തുതയുടെയോ സംഭവത്തിന്റെയോ ആധികാരികത (തെളിവ്) ഉറപ്പുവരുത്തുകയാണ് ആർക്കൈവുകളുടെ പ്രധാന ധർമ്മം.
ആർക്കൈവുകൾ സാധാരണ പ്രസിദ്ധീകരിക്കാറില്ല. പുസ്തകങ്ങൾ, മാഗസീനുകൾ എന്നിവയ്ക്കുള്ളതു പോലെ നിരവധി പകർപ്പുകൾ ഇവയ്ക്ക് ഉണ്ടാകാറുമില്ല. അതിനാൽ തന്നെ ആർക്കൈവുകൾ ഗ്രന്ഥശാല (ലൈബ്രറി)കളിൽ നിന്നും വ്യത്യസ്തമാണ്. എന്നിരുന്നാലും ചില ഗ്രന്ഥശാലകളിൽ ആർക്കൈവുകളുടെ ശേഖരം കാണപ്പെടുന്നുണ്ട്.[5] ഉദാഹരണമായി, കോളേജ് ലൈബ്രറികളിൽ പ്രസ്തുത സ്ഥാപനത്തിന്റെ പ്രവർത്തനചരിത്രരേഖകൾ, ഭരണനിർവ്വണരേഖകൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവ പ്രത്യേകമായി സൂക്ഷിക്കുന്നുണ്ട്. ഇവയെ "ഗ്രന്ഥശാല" എന്നതിനു പകരം "ആർക്കൈവ്" എന്നാണ് വിശേഷിപ്പിക്കുന്നത്.
ആധുനികകാലത്തെ ആർക്കൈവ്സിന് ഉദാഹരണമാണ് വെബ് ആർക്കൈവ്. വെബ്സൈറ്റുകളും മറ്റും ദീർഘകാലത്തേക്കു സംരക്ഷിച്ചുവയ്ക്കുന്നതിനെയാണ് വെബ് ആർക്കൈവ് എന്നുപറയുന്നത്. വിക്കിപീഡിയ പോലുള്ള ഓൺലൈൻ വിജ്ഞാനകോശങ്ങൾ വെബ് സ്രോതസ്സുകളുടെ ആധികാരികത എന്നും നിലനിർത്തുന്നതിനായി "ആർക്കൈവ് ചെയ്യൽ" പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ആർക്കൈവുകളുടെ സംരക്ഷകനെ ആർക്കിവിസ്റ്റ് (Archivist) എന്നാണു പറയുക. ആർക്കൈവുകളുടെ നിർമ്മാണം, ക്രമീകരണം, സംരക്ഷണം, വിവരം ലഭ്യമാക്കൽ, എന്നിവ സംബന്ധിച്ച പഠനത്തെ ആർക്കിവൽ സയൻസ് (Archival Science) എന്നുംപറയുന്നു.
വാക്കിന്റെ ഉത്ഭവം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഭാഷയിലാണ് ആർക്കൈവ് /ˈɑːrkaɪv/ എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്നു കരുതുന്നു. ചരിത്രരേഖകളുടെ ശേഖരത്തെ സൂചിപ്പിക്കുന്നതിനായി ഗ്രീക്കുഭാഷയിലുള്ള ആർക്കയോൺ, ഫ്രഞ്ച് ഭാഷയിലെ ആർക്കൈവ്സ്, ലാറ്റിൻ ഭാഷയിലെ ആർക്കിയം, ആർക്കിവം എന്നീ വാക്കുകളിൽ നിന്നാണ് ആർക്കൈവ് എന്ന പദത്തിന്റെ ഉത്ഭവമെന്നു കരുതുന്നു.[6]
ചരിത്രം
[തിരുത്തുക]ശിലകളിലും പേപ്പറിലും ഔദ്യോഗിക രേഖകൾ രേഖപ്പെടുത്തിവയ്ക്കുന്ന സമ്പ്രദായം പുരാതനകാലത്തു തന്നെ നിലനിന്നിരുന്നു. ക്രിസ്തുവിന് 2000 വർഷം മുമ്പുള്ള (ബി.സി. 2000) ആർക്കൈവുകൾ കണ്ടെത്തിയിട്ടുണ്ട്. പുരാതനകാലത്തു ചൈനക്കാരും ഗ്രീക്കുകാരും, റോമാക്കാരും ആർക്കൈവുകൾ സൂക്ഷിച്ചിരുന്നു. റോമാക്കാർ ഇതിനെ റ്റാബുലേറിയം എന്നാണ് വിളിച്ചിരുന്നത്. ആധുനികകാലത്തെ ആർക്കൈവുകളുടെ ചരിത്രം ഫ്രഞ്ചുവിപ്ലവ കാലത്തുനിന്ന് ആരംഭിക്കുന്നു. വിപ്ലവകാലത്ത് (1790-കളിൽ) ചരിത്രരേഖകളുടെ സംരക്ഷണത്തിനായി ഫ്രഞ്ച് നാഷണൽ ആർക്കൈവ്സ് രൂപീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആർക്കൈവുകളിലൊന്നായ ഇവിടെ എ.ഡി. 625-ലെ ചരിത്രരേഖകൾ പോലും ലഭ്യമാണ്. .[7]
ഉപയോക്താക്കൾ
[തിരുത്തുക]പുരാതനകാലത്തെ ചരിത്രം, സാഹിത്യം, ജനജീവിതം എന്നിവ മനസ്സിലാക്കുവാൻ ആർക്കൈവുകൾ സഹായിക്കുന്നു. ചരിത്രകാരൻമാർ, ജീനിയോളജിസ്‌റ്റുകൾ, അഭിഭാഷകർ, ജനസംഖ്യാപഠനം നടത്തുന്നവർ എന്നുതുടങ്ങി ചലച്ചിത്രനിർമ്മാതാക്കൾ വരെ ആർക്കൈവുകൾ പ്രയോജനപ്പെടുത്തുന്നു.[8] ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ആർക്കൈവുകളെ വിദ്യാഭ്യാസസംബന്ധമായവ, വാണിജ്യസംബന്ധമായവ, സർക്കാർ സംബന്ധമായവ, മറ്റുള്ളവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സംബന്ധമായവ
[തിരുത്തുക]കോളേജുകളിലും സർവകലാശാലകളിലും ഗ്രന്ഥശാലകളോടൊപ്പം തന്നെ ആർക്കൈവ്സും സംരക്ഷിച്ചുവരുന്നു.[9] പ്രസ്തുത സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട രേഖകൾ, വിവിധ സംഘടനകളുടെ പ്രവർത്തനരേഖകൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവയാണ് ഇത്തരം ആർക്കൈവ്സിൽ സൂക്ഷിക്കുന്നത്.
വാണിജ്യപരമായവ
[തിരുത്തുക]ചില ബിസിനസ് സ്ഥാപനങ്ങൾ ആർക്കൈവ്സ് സൂക്ഷിക്കുന്നുണ്ട്. പ്രസിദ്ധ അമേരിക്കൻ കമ്പനിയായ കൊക്കക്കോള, മോട്ടറോള തുടങ്ങിയ കമ്പനികൾ അവരുടെ ചരിത്രരേഖകളും മറ്റും സൂക്ഷിക്കുന്നുണ്ട്.[10] കമ്പനിയുടെ ബ്രാൻഡ് വാല്യു നിലനിർത്തുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു.
സർക്കാരിന്റെ ആർക്കൈവ്സ്
[തിരുത്തുക]മാധ്യമപ്രവർത്തകർ, ജീനിയോളജിസ്‌റ്റുകൾ, എഴുത്തുകാർ, ചരിത്രകാരൻമാർ, വിദ്യാർത്ഥികൾ എന്നിവർ വിവരശേഖരണത്തിനായി സർക്കാർ ഉടമസ്ഥതയിലുള്ള ആർക്കൈവുകൾ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ നാഷണൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷൻ, ബ്രിട്ടനിലെ നാഷണൽ ആർക്കൈവ്സ്, ഫ്രാൻസിലെ ഫ്രഞ്ച് ആർക്കൈവ്സ് അഡ്മിനിസ്ട്രേഷൻ, ഇന്ത്യയിലെ നാഷണൽ ആർക്കൈവ്സ് (ന്യൂഡെൽഹി) എന്നിവ സർക്കാർ ഉടമസ്ഥതയിലുള്ള ആർക്കൈവ്സിന് ഉദാഹരണങ്ങളാണ്.
വെബ് ആർക്കൈവ്
[തിരുത്തുക]ആധുനികകാലത്തെ ആർക്കൈവ്സിന് ഉദാഹരണമാണ് വെബ് ആർക്കൈവ്. വേൾഡ് വൈഡ് വെബിലെ (WWW) ഭാഗങ്ങൾ (പ്രധാനമായും വെബ്സൈറ്റുകൾ) ദീർഘകാലത്തേക്കു സംരക്ഷിച്ചുവയ്ക്കുകയും അത് ഗവേഷകർക്കും ചരിത്രകാരൻമാർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുന്നതിനെയാണ് വെബ് ആർക്കൈവ് എന്നുപറയുന്നത്. ഇതിനുള്ള സേവനം സൗജന്യമായി നൽകുന്ന നിരവധി വെബ്സൈറ്റുകൾ ഇന്നു ലഭ്യമാണ്. www.archive.org , www.archive.is Archived 2016-01-17 at the Wayback Machine. എന്നിവ ഇതിനുദാഹരണങ്ങളാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Glossary of Library and Internet Terms". University of South Dakota Library. Archived from the original on 2009-03-10. Retrieved 30 April 2007.
- ↑ "Glossary of Archival and Records Terminology". Society of American Archivists. Retrieved 2013-10-21.
- ↑ "archive" The Oxford English Dictionary. 2nd ed. 1989. OED Online. Oxford University Press.
- ↑ Galbraith, V.H. (1948). Studies in the Public Records. London. p. 3.
{{cite book}}
: CS1 maint: location missing publisher (link) - ↑ "A Glossary of Archival and Records Terminology". Society of American Archivists. Retrieved 7 December 2012.
- ↑ archīum, Charlton T. Lewis, Charles Short, A Latin Dictionary, on Perseus
- ↑ "archive: Definition, Synonyms from". Answers.com. Retrieved 1 June 2010.
- ↑ "What Are Archives?". National Museum of American History. Retrieved 2 September 2014.
{{cite web}}
: CS1 maint: url-status (link) - ↑ Maher, William J. (1992). The Management of College and University Archives. Metuchen, New Jersey: Society of American Archivists and The Scarecrow Press. OCLC 25630256.
- ↑ "Business Archives Council". Business Archives Council. Archived from the original on 6 June 2007. Retrieved 8 May 2007.
{{cite web}}
: External link in
(help)|publisher=
പുറംകണ്ണികൾ
[തിരുത്തുക]- International Council on Archives
- Archives Hub — ബ്രിട്ടനിലെ 280 സ്ഥാപനങ്ങളിലെ ആർക്കൈവ്സ്
- InterPARES Project Archived 2013-01-03 at the Wayback Machine. — ആധികാരിക ഡിജിറ്റൽ രേഖകളുടെ ദീർഘകാലസംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര ഗവേഷണം.
- Access to Archives (A2A) — ബ്രിട്ടനിലെ ആർക്കൈവുകൾ
- Online-Guide to Archives around the globe Archived 2007-06-08 at the Wayback Machine.
- AIM25 – ബ്രിട്ടനിലെ M25 പ്രദേശത്തെ ആർക്കൈവ്സ്
- British Cartoon Archive associated with the University of Kent
- The Digital Archive of Literacy Narratives Archived 2009-04-01 at the Wayback Machine.
- Banco di San Giorgio – Genova Italy: Archive (1407–1805): nearly 40,000 books catalogued with full description. www.giuseppefelloni.it
- Slavic Archives[പ്രവർത്തിക്കാത്ത കണ്ണി]
- Inter-university Consortium for Political and Social Research (ICPSR)