അഹ്‌മദ്‌ റസാഖാൻ ഖാദിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഹ്‌മദ്‌ റസാഖാൻ
احمد رضا خان
മതംഇസ്‌ലാം
Personal
ജനനം14 ജൂൺ 1856[1]
ബറേൽവി, ഉത്തര- പടിഞ്ഞാറൻ പ്രവിശ്യ, ബ്രിട്ടീഷ് രാജ്
മരണം28 ഒക്ടോബർ 1921(1921-10-28) (പ്രായം 65)
ബറേൽവി, ആഗ്ര-ഊദ് ഐക്യ പ്രവിശ്യ , ബ്രിട്ടീഷ് രാജ്
ശവകുടീരംബറേൽവി ശരീഫ്, ബറേൽവി , ഉത്തർ പ്രദേശ്
Senior posting
Title
 • അലാ ഹസ്‌റത്ത്,
 • ഇമാമെ അഹ്‌ലു സുന്നഃ
Religious career
വെബ്സൈറ്റ്www.alahazratnetwork.com

1856-1921 കാലഘട്ടത്തിൽ ബ്രിട്ടീഷ് രാജിൽ ജീവിച്ചിരുന്ന മുസ്ലിം യാഥാസ്ഥിതിക പണ്ഡിതനും സൂഫി ആചാര്യനുമായിരുന്നു അഹ്മദ് റസാഖാൻ ഖാദിരി. ഉത്തരേന്ത്യൻ പ്രവിശ്യകളിൽ ഏറ്റവും സ്വാധീനമുള്ള യാഥാസ്ഥിതിക മുസ്ലിം സംഘടനയായ ബറേൽവി ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടതാണ്.[2] ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും അഅലാ ഹസ്റത്ത് എന്ന വിളിപ്പേരിൽ ഇദ്ദേഹത്തെ ആത്മീയ നേതാവായി കരുതി പോരുന്നു. ഒരേ സമയം ഖാദിരിയ്യ, നക്ഷബന്ദിയ്യ, സുഹ്രവർദ്ദിയ്യ, ചിശ്ത്തിയ്യ എന്നീ പ്രധാന സൂഫി സരണികളിലെ ഖലീഫ (ആചാര്യൻ) പദവി വഹിച്ചത് അദ്ധ്യാത്മിക മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ അനുസ്മരിപ്പിക്കുന്നു.

ജീവിത രേഖ[തിരുത്തുക]

1856 ജൂണ് 14 ന് ഉത്തർ പ്രദേശിലെ ബറേൽവിയിൽ മൗലാനാ നഖീ അലി ഖാൻ എന്നിവരുടെ മകനായാണ് ഇദ്ദേഹത്തിൻറെ ജനനം പിതാവും പിതാമഹൻ മൗലാനാ റസാ അലി ഖാനും പ്രശസ്തരായ സൂഫി മഹത്തുക്കളും മതപണ്ഡിതരുമായിരുന്നു. അഞ്ചാം വയസ്സിൽ ഖുർആൻ ഹൃദയസ്ഥമാക്കിയ ഇദ്ദേഹം പത്താം വയസ്സിൽ അറബി വ്യാകരണ ഗ്രന്ഥം രചിച്ചു. പതിമൂന്നാം വയസ്സിൽ ഹനഫി കർമ്മ ശാസ്ത്രത്തിൽ ഫത്വകൾ നൽകുന്ന മതപണ്ഡിതനായി വളർച്ച കൈവരിച്ചു. വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിൽ മക്കയിൽ ബിരുദാനന്തര പഠനം. ഖുർആൻ വ്യാഖ്യാനം, ഹദീസ്, ഫിഖ്ഹ്, ഫിലോസഫി, തജ്‌വീദ്, താരീഖ്, അഖായിദ്, മാത്തമാറ്റിക്സ്, ഗോളശാസ്ത്രം, ഭാഷ ശാസ്ത്രം, തസവ്വുഫ് എന്നിവകളിൽ ജ്ഞാനം ആർജ്ജിച്ചു. സ്വപിതാവ് നഖീ അലിഖാൻ, അല്ലാമാ സൈനി ദഹ്‌ലാൻ, ഹുസൈൻ ബിൻ സ്വാലിഹ് ജമലുല്ലൈൽ, ശാഹ് ആലി റസൂൽ എന്നീ പ്രശസ്തരാണ് അദ്ദേഹത്തിന്റെ ഗുരുനാഥന്മാർ. പഠന ശേഷം സ്വദേശത്ത് മടങ്ങിയെത്തിയ അദ്ദേഹം ബറേൽവി കേന്ദ്രമായി ആശ്രമവും വിദ്യാകേന്ദ്രവും ആരംഭിച്ചു.

കർമ്മ രംഗം[തിരുത്തുക]

മത വിദ്യാഭ്യാസ രംഗത്ത് പാണ്ഡിത്യപെരുമായാൽ പെട്ടെന്ന് തന്നെ അഹ്‌മദ്‌ റസാഖാൻ ശ്രദ്ധിക്കപ്പെട്ടു. അഞ്ചിലേറെ ത്വരീഖത്തുകളുടെ ആചാര്യ പദവി അദ്ധ്യാത്മിക രംഗത്തും അദ്ദേഹത്തെ പ്രശസ്തനാക്കി. വലിയ തോതിൽ അനുയായിക വൃന്ദമുള്ള ആത്മീയ നേതാവായി മാറിയെങ്കിലും സാമ്പത്തികാഭിവൃദ്ധി ലാക്കാക്കാതെ പ്രവർത്തിച്ചു. അതി സമ്പന്നരായ ഒട്ടേറെ അനുയായികൾ ഉണ്ടായിട്ടു പോലും ദരിദ്രപരമായ ചുറ്റുപാടിലാണ് അദ്ദേഹം ജീവിതം നയിച്ച് കൊണ്ടിരുന്നത്. അബ്ദുൽ മുസ്തഫ (തിരഞ്ഞെടുക്കപ്പെട്ടവൻറെ സേവകൻ) എന്നാണു ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.[3] പുരോഗമനാശയക്കാരനായ നജ്ദ് പണ്ഡിതൻ ഇബ്നു വഹാബിൽ ആകൃഷ്ടരായ ഏതാനും ഇന്ത്യക്കാർ വഹാബിൻറെ ആശയങ്ങൾ ഇന്ത്യയിൽ പ്രസരണം ചെയ്യാൻ തുടങ്ങി. സൂഫികൾ മതഭ്രഷ്ടരാണെന്നും, പരമ്പരാഗത ആചാരങ്ങൾ മതവിരുദ്ധമാണെന്നും അവർ പ്രചരിപ്പിക്കാൻ ആരംഭിച്ചതോടെ അഹ്മദ് റസാഖാൻ അവർക്കെതിരെ രംഗത്ത് വന്നു.[4] ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ യാഥാസ്ഥിതിക പണ്ഡിതന്മാർ യോഗം കൂടി പാരമ്പര്യ പണ്ഡിത കൂട്ടായ്മ രൂപീകരിച്ചു. ബറേൽവി എന്നാണ് ഈ പ്രസ്ഥാനം അറിയപ്പെടുന്നത്. ലോകവ്യാപകമായി ഇരുപത് കോടി അനുയായികൾ ഈ പ്രസ്ഥാനത്തിന് ഇന്നുണ്ട്.[5]

ബ്രിട്ടീഷ് വിരുദ്ധ സമരം സജീവമായ കാലഘട്ടത്തിലായിരുന്നു റസാഖാൻ ജീവിച്ചിരുന്നതെങ്കിലും ബ്രിട്ടീഷ് വിരുദ്ധ സമരരംഗത്ത് ഒന്നും തന്നെ ഇദ്ദേഹം സാന്നിധ്യമായിരുന്നില്ല.ബ്രിട്ടീഷ് സർക്കാരിനെ എതിർത്തിരുന്നുവെങ്കിലും സ്വാതന്ത്ര്യ പോരാട്ടത്തിൽ യാതൊരു പങ്കും വഹിച്ചില്ല. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ അണിചേരാൻ വിമുഖത കാട്ടിയ ഇദ്ദേഹം അനുയായികളെ സ്വാതന്ത്ര്യ സമരത്തിന് പ്രേരിപ്പിക്കുകയോ, സ്വാതന്ത്ര്യ സമര സേനാനികളായ അനുയായികളെ നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല.[6]

സൂഫി ശവകുടീരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ചില ചടങ്ങുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. [7] ശവകുടീരത്തിൻറെ തലഭാഗത്ത് എണ്ണ വിളക്ക് കത്തിച്ചു വെക്കുന്നത് വെളിച്ചത്തിനു വേണ്ടിയാണെങ്കിൽ മാത്രമേ അനുവദീയമാകൂ എന്ന മത വിധി നൽകി. പുണ്യാളന്മാരുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നത് നിരുത്സാഹപ്പെടുത്തി. സന്ദർശകർക്ക് ശ്വസന സുഗന്ധത്തിനു മസാറുകളിൽ പൂക്കളും അത്തറും ഉപയോഗിക്കാമെങ്കിലും അത് കൊണ്ട് ദുർവ്യയമല്ലാതെ പ്രതേകിച്ചു നേട്ടമൊന്നും ഉണ്ടാകില്ല എന്നായിരുന്നു ഇദ്ദേഹം സമർത്ഥിച്ചത്.[8] ഇതേ പ്രകാരം ശവകൂടീരം മൂടാനുള്ള തുണി മുഷിഞ്ഞാൽ മാത്രം മാറ്റിയാൽ മതിയെന്നും മൂടാനുള്ള തുണി നേർച്ചയാക്കുന്നതിനു പകരം കുഴിമാടത്തിലുള്ള മഹാത്മാവിൻറെ പേരിൽ ആ സംഖ്യ പാവപ്പെട്ടവർക്ക് ദാനമായോ ഭക്ഷണമായോ നൽകണമെന്നും അദ്ദേഹം മത വിധി നൽകി .[9]

ഗ്രന്ഥ ലോകത്ത് അതിപ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു ഇദ്ദേഹം. ലോക പ്രശസ്തമായ പ്രവാചക കീർത്തനങ്ങളും കർമ്മ വിശ്വാസ അദ്ധ്യാത്മ രചനകളും ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് അടർന്നു വീണു. അംഗ ഗണിതം, ബീജ ഗണിതം, ക്ഷേത്ര ഗണിതം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, രസതന്ത്രം, ആസ്ട്രോണമി, ഫിലോസഫി തുടങ്ങിയ 55 ഓളം വ്യത്യസ്ത വിഷയങ്ങളിൽ അറബി, ഉർദു, പാർസി ഭാഷകളിലായി ആയിരക്കണക്കിന് രചനകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ലോക വ്യാപകമായി 25 ഓളം സർവ്വകലാശാലകളിൽ ഇദ്ദേഹം ഒരു പഠനവിഷയമാണ്.[10]

റഈസുൽ മുഹഖികീൻ, പതിനാലാം നൂറ്റാണ്ടിന്റെ ഇന്ത്യൻ മുജദ്ദിദ് (യുഗപുരുഷൻ) എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് പ്രശസ്തരായ ആയിരകണക്കിന് ശിഷ്യഗണങ്ങളുണ്ട്. ലോക പ്രശസ്ത മുസ്ലിം പണ്ഡിതനും മലയാളിയുമായ അഹ്‌മദ്‌ കോയ ശാലിയാത്തി ഇദ്ദേഹത്തിൻറെ ശിഷ്യനാണ്. 28 ഒക്ടോബർ 1921 വെളളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. ബറേൽവിയിൽ അടക്കം ചെയ്ത ഇദ്ദേഹത്തിൻറെ സ്മൃതിമണ്ഡപം ബറേൽവി ശരീഫ് എന്നറിയപ്പെടുന്നു.

അവലംബങ്ങൾ[തിരുത്തുക]

 1. Hayat-e-Aala Hadhrat, vol.1 p.1
 2. "Early Life of Ala Hazrat".
 3. Man huwa Ahmed Rida by Shaja'at Ali al-Qadri, p.15
 4. Robert L. Canfield (30 April 2002). Turko-Persia in Historical Perspective. Cambridge University Press. pp. 131–. ISBN 978-0-521-52291-5.
 5. "Search Results". oxfordreference.com.
 6. R. Upadhyay, Barelvis and Deobandhis: "Birds of the Same Feather". Eurasia Review, courtesy of the South Asia Analysis Group. 28 January 2011.
 7. അസ്സുബദത്തു സ്സക്കിയ്യ ലി തഹരീമി സുജൂദിത്തഹിയ്യ.
 8. مواهب أرواح القدس لكشف حكم العرس
 9. അഹ്കാം ശരീഅത്ത്
 10. Usha Sanyal. Generational Changes in the Leadership of the Ahl-e Sunnat Movement in North India during the Twentieth Century. Modern Asian Studies (1998), Cambridge University Press
"https://ml.wikipedia.org/w/index.php?title=അഹ്‌മദ്‌_റസാഖാൻ_ഖാദിരി&oldid=3619660" എന്ന താളിൽനിന്ന് ശേഖരിച്ചത്