Jump to content

അമുക്കുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അശ്വഗന്ധ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമുക്കുരം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Solanales
Family: Solanaceae
Genus: Withania
Species:
W. somnifera
Binomial name
Withania somnifera
Synonyms[1]
  • Physalis somnifera L.
  • Withania kansuensis Kuang & A. M. Lu
  • Withania microphysalis Suess.
Withania somnifera

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധ സസ്യമാണ് അമുക്കുരം.  : (Amukkuram). ശാസ്ത്രീയനാമം. Withania Somnifera.

ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് അമുക്കുരം. [2] ആയുർവേദത്തിൽ ‍ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു.[2][3] ശരീരപുഷ്ടിക്കും ലൈംഗികവീര്യത്തിനും അമുക്കുരം അഥവാ അശ്വഗന്ധ പ്രസിദ്ധമാണ്.  ഈ ചെടി ഉപയോഗിച്ചുള്ള ആയുർവേദ മരുന്നു ഉപയോഗിക്കുന്നത് കരൾ രോഗത്തിന് കാരണമാകും എന്ന് ഈയിടെ ഒരു പഠനത്തിൽ പറഞ്ഞിരുന്നു.[4][4]എന്നാൽ ഈ  റിപ്പോർട്ടുകൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അമുക്കുരം ചേർത്തുള്ള ആയുർവേദ മരുന്നുകൾ കരളിന് നല്ലതാണ്. മാത്രമല്ല, രോഗികൾക്കുണ്ടാകുന്ന ശരീര ക്ഷീണം മാറാൻ അമുക്കുരം സഹായിക്കുകയും ചെയ്യുന്നു.   

ഇതരഭാഷാനാമങ്ങൾ

[തിരുത്തുക]
  • സംസ്കൃതം- അശ്വഗന്ധ, വാജീഗന്ധ
  • ഹിന്ദി - അശ്‌ഗന്ധ്
  • മലയാളം - അമുക്കിരം, പീവെട്ട, പിവട്ട


വിവരണം

[തിരുത്തുക]

ഈ ഔഷധസസ്യം ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങൾക്കായി കൃഷിചെയ്തു വരുന്നു. ഏകദേശം 1 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് നശിച്ചുപോകുന്നു. ശാഖകൾ ഉണ്ട്. ചെടി മുഴുവനായും രോമാവൃതമാണ്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകൾ നട്ടാണ്‌ കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. തൈകൾ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന്‌ പാകമാകും. ഇതിൽ ഉണ്ടാകുന്ന കായകൾ പഴുക്കുമ്പോൾ കിഴങ്ങ് പറിച്ച് ഉണക്കി വിൽക്കാം[3].ഇലകൾ ദീർഘവൃത്താകാരവും 4 ഇഞ്ചോളം വ്യാസവുമുള്ളതാണ്. കടും പച്ച നിറമാണിവക്ക്. പൂക്കൾ ചെറുതും പത്രകക്ഷങ്ങളിൽ നിന്ന് ഉണ്ടാവുന്നതുമാണ്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. വേരിന് കുതിരയുടെ മൂത്രത്തിന്റേതു പോലുള്ള രൂക്ഷമായ മണമുണ്ട്.

രസാദി ഗുണങ്ങൾ

[തിരുത്തുക]

ആയുർവേദശാസ്ത്രപ്രകാരം

  • രസം :തിക്തം, കഷായം
  • ഗുണം :സ്നിഗ്ധം
  • വീര്യം :ഉഷ്ണം
  • വിപാകം :മധുരം

[5]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വേര്, ഇല, കിഴങ്ങ്[5]

ശുദ്ധി

[തിരുത്തുക]

പാലിൽ പുഴുങ്ങി,വറ്റിച്ച് തണലിൽ ഉണക്കുക.

ഉപയോഗങ്ങൾ

[തിരുത്തുക]

അമുക്കുരം ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു.ഇത് രോഗാണുക്കളെയും നശിപ്പിക്കുന്നു. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. രക്തശുദ്ധികരണഗൂണവും കാമോദ്ദീപകഗൂണവും നിദ്രജനകഗൂണവും വിരേചകഗൂണവും സുഖവർദ്ധകഗൂണവും ഉണ്ട്. അമുക്കുരം പാലിൽ പുഴുങ്ങി തണലിൽ വച്ച് ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്‌. കൂടാതെ കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും.അമുക്കുരത്തിന്റെ ഉപയോഗം പ്രത്യുൽപാദന ശേഷി വർദ്ദിക്കുന്നതിന് സവിശേഷമാണ് അശ്വഗന്ധ (അമുക്കുരം) ത്തിന്റെ കഷായം വിധിപ്രകാരം തയ്യാറാക്കി അതിൽ അത്രയും തന്നെ പശുവിൻ പാൽ ചേർത്ത് തിളപ്പിച്ച്, ഇതിനെപകുതിയായി വറ്റിച്ച് പതിവായി കുടിക്കുകയാണങ്കിൽ വന്ധ്യത മാറി ഗർഭമുണ്ടാക്കുവാൻ സഹായിക്കും. ഉറക്കക്കുറവ്‌ , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും[2]. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുവാനുള്ള ഗുണമുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഔഷധമാണ്. [2][3]. അർബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു.[6]

അവലംബം

[തിരുത്തുക]
  1. "Withania somnifera (L.) Dunal". Tropicos. Missouri Botanical Garden. Retrieved 25 Feb 2012.
  2. 2.0 2.1 2.2 2.3 ഡോ. കെ. ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ . H&C Publishers, Thrissur.
  3. 3.0 3.1 3.2 പി.വി.ഗോപാലകൃഷ്ണന്റെ ലേഖനം, കർഷകശ്രീ മാസിക, നവംബർ 2007.
  4. 4.0 4.1 https://journals.lww.com/hepcomm/fulltext/2023/10010/ashwagandha_induced_liver_injury_a_case_series.37.aspx .
  5. 5.0 5.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. http://summuzhakkunnu.blogspot.in/p/photo-shop.html

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമുക്കുരം&oldid=4089747" എന്ന താളിൽനിന്ന് ശേഖരിച്ചത്