അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012
2012 അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് | |
---|---|
![]() The shootings occurred off the coast of Kerala state, India | |
![]() എൻറിക ലെക്സി, സംഭവത്തിൽ ഉൾപ്പെട്ട കപ്പൽ കൊച്ചിയിൽ | |
സ്ഥലം | Indian Exclusive Economic Zone |
തീയതി | 15 ഫെബ്രുവരി 2012 4:30 pm (UTC+5.30) |
ആക്രമണത്തിന്റെ തരം | വെടിവെപ്പ് |
മരിച്ചവർ | ഇന്ത്യൻ മത്സ്യത്തൊഴിലാളികളായ അജീഷ് ബിങ്കി, ജലസ്റ്റിൻ (വാലന്റൈൻ) |
ആക്രമണം നടത്തിയത് | ഇറ്റാലിയൻ നാവികർ: മാസിമിലിയാനൊ ലെത്തോറെ, സാൽവത്തോറെ ജിറോൺ (accused) |
2012 ഫെബ്രുവരി 15-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട് ഇന്ത്യാക്കാർ ഇന്ത്യൻ സമുദ്രത്തിൽ വെടിയേറ്റു മരിച്ച സംഭവമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കൊലപാതകം[1]. മലയാളമാദ്ധ്യമങ്ങൾ ഈ സംഭവത്തെ കടൽക്കൊല കേസ് എന്ന് പരാമർശിക്കുന്നു.
എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്നുമാണ് വെടിയേറ്റ് മലയാളിയായ കൊല്ലം മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ, തമിഴ്നാട്, കന്യാകുമാരിയിലെ ഇരയിമ്മാൻതുറ കോവിൽ വിളാകത്ത് അജീഷ് പിങ്കു എന്നിവർ കൊല്ലപ്പെട്ടത്[2]. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് കപ്പലിലെ സുരക്ഷാഭടന്മാർ വെടിവെച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് കൊലക്കേസ് സംബന്ധിച്ച കേസ് സമർപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയൻ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യത്തെ നിലപാട്. എന്നാൽ ഇറ്റലിക്ക് പിന്നീട് ആ നിലപാടു മാറ്റുകയും പ്രതികളുടെ വിചാരണ ഇന്ത്യൻ നിയമമനുസരിച്ച് ഇന്ത്യയിൽതന്നെ നടത്തണം എന്ന ആവശ്യത്തിനു വഴങ്ങുകയും ചെയ്തു.
സംഭവം[തിരുത്തുക]
കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടാണ് ഇറ്റാലിയൻ നാവികർ കടൽക്കൊള്ളക്കാരുടേതെന്ന് തെറ്റിദ്ധരിച്ചത്. ആകെ 11 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. സംഭവസമയത്ത് ഉണർന്നിരുന്ന രണ്ടുപേരാണ് വെടിയേറ്റു മരിച്ചത്. ഡോൾഫിൻ ചേംബേഴ്‌സ് എന്ന ഇറ്റാലിയൻ കമ്പനിയാണ് കപ്പൽ ഉടമകൾ. 19 ഇന്ത്യക്കാർ കപ്പലിലെ ജീവനക്കാരായി ഉണ്ട്. സിംഗപ്പൂരിൽ നിന്നും ഈജിപ്തിലേക്ക് പോകുകയായിരുന്ന കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറ മാസിമിലിയാനോ, സൽവാതോറോ ലിയോൺ എന്നിവരാണ് വെടിവെച്ചത്.[3] വാലന്റൈന്റെ നെറ്റിയിലും അജീഷിന്റെ നെഞ്ചിലുമാണ് വെടിയേറ്റത്.
നിയമനടപടികൾ[തിരുത്തുക]
ഇന്ത്യൻ പ്രതിരോധസേനയുടെ നിർദ്ദേശാനുസരണം നിയമനടപടികൾക്കായി കപ്പൽ 16-ന് 11.30-ന് കൊച്ചിയിൽ കരയ്ക്കടുപ്പിച്ചു. ഇറ്റാലിയൻ കോൺസൽ ജനറൽ ജിയാം പൗലോസ് കുട്ടീലിയോ മുംബൈയിൽ നിന്നും കൊച്ചിയിലെത്തി സിറ്റി പോലീസ് കമ്മീഷണറുമായി ചർച്ച ചെയ്ത് കമ്മീഷണർ പുറംകടലിൽ കപ്പലിലെത്തിയാണ് കപ്പൽ തീരത്തടുപ്പിക്കാൻ നിർദ്ദേശം നൽകിയത്. കപ്പലധികൃതരുടെ വാദം ഇന്ത്യൻ അതിർത്തിക്കു പുറത്താണ് സംഭവം നടന്നത് അതിനാൽ രാജ്യാന്തര കപ്പൽ നിയമമാണ് ബാധകമെന്നു വാദിച്ചു. 19-ന് വൈകിട്ട് 3.30-നാണ് എറണാകുളം റേഞ്ച് ഐ.ജി കെ.പത്മകുമാറിന്റെയും സിറ്റി പൊലീസ് കമ്മീഷണർ എം.ആർ. അജിത്കുമാറിന്റെയും സാന്നിധ്യത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. സാം ക്രിസ്റ്റി ഡാനിയൽ കുറ്റവാളികളെ അറസ്റ്റ് ചെയ്തത്[4]. ഇന്ത്യൻ ശിക്ഷാനിയമം 302-ആം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് പ്രതികൾക്ക് ചുമത്തിയത്.
ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 27-ആം വകുപ്പ് പ്രകാരം തൊണ്ടികൾ കണ്ടെടുക്കുന്നതിന് സഹായകമായ വിവരം നൽകാൻ പ്രതികളോടുതന്നെ പൊലീസ് ആവശ്യപ്പെട്ട പ്രകാരം 26-ന് പ്രതികളായ നാവികർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെടിവെക്കാൻ ഉപയോഗിച്ച തോക്കുകൾ ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി[5]. കപ്പലിൽ നിന്നും പിടിച്ചടുത്ത എല്ലാ തൊണ്ടികളും 27-ന് കൊല്ലം കോടതിയിൽ ഹാജരാക്കി. കോടതി ഈ വസ്തുക്കൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് ബാലിസ്റ്റിക് പരിശോധനയ്ക്കായി അയച്ചു[6]. കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളും ബോട്ടുടമയും കേരള ഹൈക്കോടതിയിൽ നഷ്ടപരിഹാരത്തിനായി പ്രത്യേകം ഹർജികൾ നൽകി[7]. ഈ ഹർജി പ്രകാരം കപ്പൽ ഇന്ത്യൻ തീരം വിടാൻ മൂന്നു കോടി രൂപ കെട്ടിവെയ്ക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശം പുറപ്പെടുവിച്ചു[8].
സുപ്രീംകോടതി വിധി 2013[തിരുത്തുക]
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നൽകിയ ഹർജി പരിഗണിച്ച്, ഇറ്റാലിയൻ നാവികർക്കെതിരെ കേസെടുക്കാൻ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.[9] 12 നോട്ടിക്കൽ ദൂരപരിധിക്കുള്ളിൽ മാത്രമേ പ്രാദേശിക സർക്കാരുകൾക്ക് നിയമനടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളുവെന്നും അതിനാൽ ഐ.പി.സി. പ്രകാരം ഇറ്റാലിയൻ നാവികർക്കെതിരെ കേസെടുക്കാൻ ആവില്ലെന്നും ഇന്ത്യൻ മാരിടൈം നിയമപ്രകാരമാണ് നാവികർക്കെതിരെ കേസെടുക്കേണ്ടതെന്നുമായിരുന്നു കോടതി വിധി[10].
കർദ്ദിനാൾ ആലഞ്ചേരിയുടെ പ്രസ്താവന[തിരുത്തുക]
പുതുതായി അഭിഷിക്തനായ കേരളത്തിലെ സീറോ മലബാർ സഭാമേലദ്ധ്യക്ഷൻ, കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, പ്രശ്നത്തിന് 'സമാധാനപരമായ' പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഭാരത-കേരള സർക്കാരുകളുടെ നയങ്ങൾക്കു വിരുദ്ധമായ നിലപാടെടുത്തു എന്ന്, വത്തിക്കാനിൽ നിന്നുള്ള വാർത്താ ഏജൻസിയായ ഫിദയെ ഉദ്ധരിച്ചുകൊണ്ട് പയനിയർ ദിനപത്രം റിപ്പോർട്ടു ചെയ്തു.[11] എന്നാൽ ഇന്ത്യയുടെ താൽപര്യങ്ങളെ ഹനിക്കുന്ന ഒരഭിപ്രായവും കർദ്ദിനാൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കത്തോലിക്കാ സഭയുടെ വക്താവ് പ്രതികരിച്ചതായും പത്രം പറയുന്നു.[12][പ്രവർത്തിക്കാത്ത കണ്ണി]
അവലംബം[തിരുത്തുക]
- ↑ Navy, Coast Guard to be better equipped / ദ ഹിന്ദു
- ↑ വെടിവെപ്പ്: ക്യാപ്റ്റനും ഉടമകളും അന്വേഷണവുമായി സഹകരിക്കും / മാതൃഭൂമി
- ↑ http://www.mathrubhumi.com/story.php?id=333265
- ↑ കടൽ വെടിവെപ്പ്: രണ്ട് നാവികർ അറസ്റ്റിൽ / മാധ്യമം
- ↑ കടൽ വെടിവെപ്പ്: തോക്ക് കണ്ടെടുത്തത് നാവികരുടെ മൊഴിയിൽ / മാധ്യമം
- ↑ കപ്പലിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ കോടതിയിൽ ഹാജരാക്കി / മാതൃഭൂമി
- ↑ കപ്പലിന്റെ യാത്രാവിലക്ക് കോടതി നീട്ടി / മാതൃഭൂമി
- ↑ തീരംവിടാൻ മൂന്ന് കോടി കെട്ടിവെയ്ക്കണം / മാതൃഭൂമി
- ↑ "'കടൽക്കൊല: കേസെടുക്കാൻ കേരളത്തിന് അധികാരമില്ല'". 18 ജനുവരി 2013. മാതൃഭൂമി. ശേഖരിച്ചത് 2013 ജനുവരി 18. Check date values in:
|accessdate=
(help) - ↑ 'കടൽക്കൊല: കേസെടുക്കാൻ കേരളത്തിന് അധികാരമില്ല', മാതൃഭൂമി, Posted on: 26 Mar 2013
- ↑ "Is cardinal Alencherry more loyal to Italy than Kerala?". indiatoday.intoday.in.
- ↑ "സമാധാനനിർദ്ദേശവുമായി കേരള കർദിനാൾ". ഡെയിലിപയനീർ. 21 ഫെബ്രുവരി 2012.