Jump to content

അപക്ഷയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപക്ഷയത്തിന് ഒരു ഉദാഹരണം
ഭൗതികാപക്ഷയം

ഭൗമശിലകൾക്ക് നിരന്തരമായി സംഭവിക്കുന്ന വിഘടനപ്രക്രിയയെ അപക്ഷയം എന്നു പറയുന്നു. ആർദ്രോഷ്ണാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളും സസ്യങ്ങളുടെയും ജന്തുക്കളുടെയും പെരുമാറ്റരീതികളും പൊതുവേ അപക്ഷയപ്രക്രിയയ്ക്ക് സഹായകങ്ങളാണ്. ജലം,വായു, ഹിമം, ഭൂഗുരുത്വം, താപനിലയിലെ വ്യത്യാസം, ഓക്സിജൻ‍, കാർബൺ ഡൈഓക്സൈഡ് എന്നിവയാണ് അപക്ഷയത്തിന്റെ മുഖ്യ അഭികർത്താക്കൾ. സാധാരണ ഊഷ്മാവിൽപോലും ഗണ്യമായ തോതിൽ നടക്കുന്ന ഒരു പ്രക്രിയയാണിത്. ശിലാഘടകങ്ങളായ ധാതുക്കളുടെയും രാസമൂലകങ്ങളുടെയും അംശങ്ങൾ നഷ്ടപ്പെട്ട് വിഘടനം ത്വരിതപ്പെടുന്നു. അപക്ഷയത്തിനു വിധേയമാകുന്ന ശിലാഖണ്ഡം സ്വസ്ഥാനസ്ഥമായിക്കൊള്ളണം എന്ന് നിർബന്ധമില്ല. എന്നാൽ പ്രധാന ശില അടരുകളായോ അല്ലാതെയോ അടർന്നു പൊടിഞ്ഞു നീക്കം ചെയ്യപ്പെടുക സാധാരണമാണ്.

അപക്ഷയം രണ്ടുവിധം

[തിരുത്തുക]

അപക്ഷയം പ്രധാനമായി രണ്ടു രീതിയിലാണ് നടക്കുന്നത്.

  1. ഭൌതിക ശക്തികളുടെ പ്രവർത്തനത്തിലൂടെ ശിലകൾ പൊടിയുന്നതാണ് ഭൌതികാപക്ഷയം (Physical weathering)[1]
  2. രാസപ്രവർത്തനഫലമായി ശിലകളുടെ രാസഘടനയ്ക്കും സ്വഭാവത്തിനും ഉണ്ടാകുന്ന വ്യത്യാസം രാസാപക്ഷയവും (Chemical weathering).[2]

ശുഷ്കപ്രദേശങ്ങളിലെ സ്ഥലരൂപങ്ങളുടെ നിർമിതിയിൽ ഭൌതികാപക്ഷയത്തിനു മുഖ്യമായ പങ്കാണുള്ളത്. ശീതമേഖലയിലെ ചില സ്ഥലരൂപങ്ങളും ഇങ്ങനെ നിർമ്മിക്കപ്പെടുന്നവയാണ്. രാസാപക്ഷയത്തിന്റെ പ്രഭാവം ഉഷ്ണമേഖലയിലെ ആർദ്രപ്രദേശങ്ങളിലാണ് അധികമായും കണ്ടുവരുന്നത്. ജൈവരാസിക പരിണാമങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ ജലയോജനം പ്രമുഖമായ പങ്കു വഹിക്കുന്നു; അതുപോലെ രാസാഭിക്രിയകളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. അപക്ഷയക്രിയ അധികം ആഴത്തിലേക്കു വ്യാപിക്കുവാനുള്ള സാധ്യതകളും ഉണ്ട്. ഭൌതികാപക്ഷയം കാരണം ശിലകളിലെ ധാതുഘടനയ്ക്കു വ്യത്യാസം ഉണ്ടാകുന്നില്ല. മറിച്ച് രാസാപക്ഷയം മുഖേന എല്ലാ ധാതുക്കൾക്കും നാശമോ പരിവർത്തനമോ സംഭവിക്കയും ചെയ്യും.

ഭൗതികാപക്ഷയം

[തിരുത്തുക]
ഭൗതികാപക്ഷയം

ഭൌമശിലകളുടെ താപചാലന ശക്തി തുലോം കുറവാണ്. തന്മൂലം ഉപരിപടലം പെട്ടെന്നു ചൂടാകുന്നു. ചിലപ്പോൾ ഈ പടലം ഉന്നത-ഊഷ്മാവിലെത്തിയാലും താഴത്തെ അടരുകളിൽ സാധാരണ താപനിലയായിരിക്കും. താപസംഗ്രഹത്തിലെ ഈ വ്യത്യാസം മൂലം ഒന്നിനുപരി മറ്റൊന്നായി ശിലാപാളികൾ രൂപംകൊള്ളുന്നു. താപവിസർജനത്തിലും ഏറ്റവും മുകളിലത്തെ പാളി മുന്നിട്ടു നിൽക്കും. അപ്പോൾ പെട്ടെന്നുണ്ടാകുന്ന സങ്കോചത്തിന്റെ ഫലമായി ഈ പാളി ഒടിഞ്ഞുമടങ്ങുകയോ വിണ്ടുകീറുകയോ ചെയ്യുന്നു. അതോടൊപ്പം പ്രതലത്തിൽ വിള്ളലുകളും വിടവുകളും ഉണ്ടാകുന്നു. ഇതുപോലെതന്നെ ശിലാഘടകങ്ങളായ ധാതുക്കളും വ്യത്യസ്ത ആപേക്ഷിക താപമുള്ളവ ആയിരിക്കും. തന്നിമിത്തം ഉണ്ടാകുന്ന വികാസ സങ്കോചങ്ങൾ സന്നിഘർഷണ (attrition) ത്തിനും അതിലൂടെ ശിലപൊടിയുന്നതിനും കാരണമാകുന്നു.

രാസപ്രവർത്തനം കൂടാതെയുള്ള ഭൌതികാപക്ഷയം സാധാരണയായി സാധ്യമല്ല. ജലാംശത്തിന്റെ സാന്നിധ്യത്തിൽ രാസാപക്ഷയം അല്പമായെങ്കിലും അനുഭവപ്പെടാതിരിക്കുകയില്ല. വരണ്ട കാലാവസ്ഥയുള്ള മരുഭൂമികളിലാവട്ടെ രാസാപക്ഷയത്തിനാണ് പ്രാമുഖ്യം. ധാതുപടലങ്ങളിൽ പൊട്ടലുകളും വിടവുകളും സൃഷ്ടിക്കുവാൻ താപനിലയിലെ ഏറ്റക്കുറച്ചിലുകളോടൊപ്പം ജലാംശത്തിന്റെ സാന്നിധ്യവും ആവശ്യമാണ്. രാസവികലനത്തിൽ ജലം വഹിക്കുന്ന പങ്ക് പ്രധാനമാണ്. ജലത്തിൽ കളിമണ്ണിനുള്ള പ്രകീർണന സ്വഭാവം ഇതിനുദാഹരണമാണ്. ജലയോജനഫലമായി ഘടകപദാർഥങ്ങളുടെ വ്യാപ്തം കൂടി, അന്തഃസമ്മർദം വർധിച്ച് പ്രധാനശില പൊടിയുന്നു. അപക്​ഷയംമൂലം വീണ്ടുകീറിയ ശിലാപടലങ്ങൾ ആർദ്രപ്രദേശങ്ങളിലെ മാതൃക

ശിലാഘടകങ്ങളായ ധാതുക്കൾ പരലുകളായി മാറുമ്പോൾ അനുഭവപ്പെടുത്തുന്ന സമ്മർദവും ഒരു പരിധിവരെ ശിലകൾ പൊടിയുന്നതിനു കാരണമാകും. ശിലാതലങ്ങളിലുള്ള വിള്ളലുകളിൽ സംഭരിക്കപ്പെടുന്ന ജലം ഖനീഭവിച്ച് ഹിമമാകുമ്പോൾ വ്യാപ്തം കൂടി സമ്മർദം ചെലുത്തുന്നതോടെ ശിലാഭിത്തികളുടെ വികലനം സംഭവിക്കുന്നു. മർദം കൂടുന്നതോടെ ഹിമം ജലമായി മാറുകയും ചെയ്യും. ഇപ്രകാരം മാറി മാറി ഖരവും ദ്രവവുമായി പരിവർത്തിതമാകുന്നതിന്റെ ഫലമായി അപക്ഷയത്തിന്റെ വ്യാപ്തിയും വർധിക്കുന്നു. ലവണാംശമുള്ള ജലത്തിന്റെ അപക്ഷയപ്രവർത്തനം കുറേക്കൂടി വ്യാപകമായിരിക്കും. വൃക്ഷങ്ങളുടെ വേരുകളും ശിലാവികലനത്തെ സഹായിക്കുന്നു. ചെറുജീവികളുടെ ജീവസന്ധാരണപ്രക്രിയകളും മുൻപറഞ്ഞ അപക്ഷയഹേതുക്കളുടെ കൂട്ടത്തിൽ പെടുന്നു.

രാസാപക്ഷയം

[തിരുത്തുക]
രാസാപക്ഷയം

ശിലകളുടെ ഏതു ഘടകപദാർഥവും രാസപ്രക്രിയകൾക്കു വഴങ്ങുന്നു. ചില പദാർഥങ്ങൾ വളരെ വേഗം പരിവർത്തനവിധേയങ്ങളാകും. ഏറ്റവും കടുപ്പമേറിയ ക്വാർട്ട്സ് പോലും ശുദ്ധജലത്തിൽ അല്പമായും ലവണജലത്തിൽ സാമാന്യമായും ലയിക്കുന്നതാണ്. ധാതുഘടകങ്ങളാകട്ടെ ജലം, ഓക്സിജൻ, കാർബൺഡൈഓക്സൈഡ് എന്നിവയുമായി എളുപ്പം സംയോജിക്കും. ഈ രാസമാറ്റങ്ങൾ പ്രകൃതി പരിതഃസ്ഥിതികൾക്കനുസരിച്ച് പൂർണമോ ഭാഗികമോ ആകാം. ചിതൽ തുടങ്ങിയ ജീവികൾ മൂലം ഉണ്ടാകുന്ന ഹ്യൂമിക് അമ്ളങ്ങളും രാസാപക്ഷയത്തെ ത്വരിതപ്പെടുത്തുന്നു.

ഘടകധാതുക്കളുടെയും ആർദ്രോഷ്ണസ്ഥിതിയുടെയും സ്വഭാവം അനുസരിച്ചാണ് അപക്ഷയക്രിയയിലെ ഏറ്റക്കുറച്ചിലുകൾ കാണുന്നത്. ഉഷ്ണമേഖലയിലെ ആർദ്രപ്രദേശങ്ങളിൽ ഉയർന്ന താപനിലയോടൊപ്പം ജലാംശവും ഹ്യൂമിക് അമ്ലങ്ങളും കൂടുതലായിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളോടൊപ്പം രാസപ്രക്രിയകളുടെ വേഗതയും വർധിക്കുന്നു. ഉഷ്ണമേഖലയിൽ സൌരതാപവും ആർട്ടിക് മേഖലകളിൽ ഹിമരൂപീകരണവുമാണ് അപക്ഷയത്തിനു മുഖ്യകാരണങ്ങൾ.

ധാതുസ്വഭാവത്തെ അടിസ്ഥാനമാക്കി നോക്കുമ്പോൾ അല്പസിലികശിലകളാണ് എളുപ്പത്തിൽ വിഘടിതമാകുന്നതെന്നു കാണാം. ഘടനയെപ്പോലെതന്നെ പ്രകൃതിയും ഇക്കാര്യത്തിൽ സ്വാധീനത ചെലുത്തുന്നു. ശിലാതലത്തിലുള്ള രന്ധ്രങ്ങളും വിള്ളലുകളുമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അവ അപക്ഷയക്രിയയുടെ തുടക്കത്തിനു സഹായമാണ്. പാറ പൊടിയുന്നതിന്റെ ഫലമായി ഉപരിതലത്തിൽ രൂപംകൊള്ളുന്ന ശിലാചൂർണം അപരദന (Erosion) ഫലമായി നീക്കം ചെയ്യപ്പെടാത്തപക്ഷം തുടർന്നുള്ള അപക്ഷയത്തിനു തടസ്സമായിത്തീരുന്നു. നേരേമറിച്ച് വ്യാപകവും ശക്തവുമായ അപരദനം അപക്ഷയക്രിയയ്ക്ക് അത്യന്തം സഹായകമാണുതാനും.

പൊതുവേ നോക്കുമ്പോൾ സൂക്ഷ്മവും ജടിലവുമായ ഒരു പരിവർത്തനമാണ് അപക്ഷയക്രിയയിലൂടെ ശിലകൾക്കുണ്ടാകുന്നത്. ശിലകളെ അപരദനത്തിനു തയ്യാറാക്കുന്നു എന്നതാണ് ഈ ക്രിയയുടെ പ്രാധാന്യം. ഒഴുക്കുവെള്ളം, വായു, ഹിമാനി തുടങ്ങിയ അപരദനകർത്താക്കൾക്കൊന്നും തന്നെ അപക്ഷയത്തിന്റെ അഭാവത്തിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുവാൻ കഴിയില്ലെന്നു കാണാം.

അവലംബം

[തിരുത്തുക]
  1. http://www.geolsoc.org.uk/gsl/pid/3561;jsessionid=4A320A4A2A7174CCCBB9EF3241B5E3E4
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-03. Retrieved 2011-09-18.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപക്ഷയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപക്ഷയം&oldid=3801022" എന്ന താളിൽനിന്ന് ശേഖരിച്ചത്