Jump to content

അന്ത്യാവസ്ഥാസിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യൻ, ചരിത്രം, പ്രപഞ്ചം എന്നിവയുടെ അന്ത്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ദർശനശാഖയണ് അന്ത്യാവസ്ഥാസിദ്ധാന്തം. എല്ലാ മതദർശനങ്ങൾക്കും പ്രത്യേകം അന്ത്യാവസ്ഥാസിദ്ധാന്തങ്ങളുണ്ട്. ഇവയെ വ്യക്തികളുടെ അന്ത്യവും മരണാനന്തരസ്ഥിതിയും പ്രതിപാദിക്കുന്ന വ്യക്തിപരമായ സിദ്ധാന്തങ്ങളെന്നും മാനവരാശി, വിശ്വം എന്നിവയുടെ അന്ത്യത്തെ പരാമർശിക്കുന്ന സാർവത്രിക സിദ്ധാന്തങ്ങളെന്നും തരംതിരിക്കാം. ആവർത്തിക്കപ്പെടുന്നതോ അല്ലാത്തതോ ആയി അന്ത്യത്തെ സങ്കല്പിക്കുന്നതനുസരിച്ച് നിത്യാന്ത്യാവസ്ഥാ സിദ്ധാന്തവും ചരിത്രാന്ത്യാവസ്ഥാസിദ്ധാന്തവും ഉണ്ട്.

നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ എല്ലാ പ്രാകൃതവർഗക്കാരും മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നു. ഈ ജീവിതത്തോട് സദൃശവും ഭൂമിയിലെ ധാർമികജീവിതത്തിന് അനുസൃതവുമായിരിക്കും മരണാനന്തരാവസ്ഥ. ഈ പ്രപഞ്ചം അവസാനിക്കുമെന്നും പുതിയൊരു പ്രപഞ്ചം ഉണ്ടാകുമെന്നും പല പ്രാകൃതവർഗക്കാരും വിശ്വസിക്കുന്നു. മരിച്ചവർ അബോധാവസ്ഥയിൽ 'അറാല്ലു' എന്ന സ്വപ്നലോകത്ത് കഴിയും എന്ന് മെസപ്പൊട്ടേമിയരും മരണശേഷം മനുഷ്യർ ഒസീരിസ്ദേവന്റെ മുൻപിലെത്തും എന്ന് ഈജിപ്തുകാരും വിശ്വസിച്ചിരുന്നു. നന്മ തിൻമകളുടെ അളവനുസരിച്ച് അവർക്ക് ശിക്ഷയോ സമ്മാനമോ ലഭിക്കുന്നു. ദുഷ്ടർ അഗ്നികുണ്ഡത്തിലെറിയപ്പെടുന്നു. സ്വർഗജീവിതം ഭൂമിയിലെ ജീവിതത്തോട് സദൃശമാണ്.

ഗ്രീക്-റോമാസിദ്ധാന്തം[തിരുത്തുക]

മരിച്ചവർ, ഹൈഡേസ് (hades) എന്ന മൃതരുടെ ലോകത്ത് കഴിയുന്നു. (പരലോകത്തിന്റെ ദേവതയുടെ പേരായിരുന്നു, ഹൈഡേസ് എന്നത്. പിന്നീട് അതു മൃതരുടെ ലോകത്തിന്റെ പേരായി മാറി.) ചില ധീരപുരുഷന്മാർ മാത്രം എലീസിയ (Elysia) എന്ന സ്വർഗത്തിലെത്തുന്നു. ദുഷ്ടർ ടാർടറസ് (Tartarus) എന്ന നരകത്തിൽ അടയ്ക്കപ്പെടുന്നു. ഓർഫിക്ക് (Orphic) വിശ്വാസപ്രകാരം മരണാനന്തരം വിധിയും ശിക്ഷാസമ്മാനങ്ങളും ഉണ്ട്. പ്ളേറ്റോയുടെ അഭിപ്രായത്തിൽ മരണാനന്തരം ആത്മാവ് ആയിരം വർഷത്തേക്ക് ശിക്ഷയ്ക്കോ സമ്മാനത്തിനോ വിധിക്കപ്പെടുന്നു. അതിനുശേഷം വീണ്ടുമൊരു ശരീരമെടുത്തേക്കാം. ചില ദുഷ്ടാത്മാക്കൾ ഒരിക്കലും ശിക്ഷാവിമുക്തരാകുകയില്ല. മരണാനന്തരവിധിയും ശിക്ഷാസമ്മാനങ്ങളും സ്റ്റോയിക്ക് ചിന്തകരും അംഗീകരിക്കുന്നു. ശിക്ഷ ശുചീകരണാർഥമാണ്, എങ്കിലും ദുഷ്ടർ നശിക്കും. അവസാനം പ്രപഞ്ചം പൂർവാഗ്നിയിൽ ലയിക്കും. കുറേ കഴിഞ്ഞ് മൂലകങ്ങൾ മറ്റൊരു പ്രപഞ്ചത്തിന് രൂപംകൊടുക്കും എന്ന് അവർ വിശ്വസിച്ചു. റോമാക്കാർ ഗ്രീക്കുകാരുടെ അന്ത്യാവസ്ഥാസിദ്ധാന്തമാണ് മിക്കവാറും സ്വീകരിച്ചിരിക്കുന്നത്.

പുരാതന ജർമൻ സിദ്ധാന്തം[തിരുത്തുക]

മനുഷ്യർക്ക് അവരുടെ ധാർമികജീവിതം അനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു. ദൈവദ്രോഹികൾ, സ്വജനദ്രോഹികൾ, വ്യഭിചാരികൾ തുടങ്ങിയവർ കഠിനശിക്ഷയ്ക്ക് വിധേയരാകും. ലോകാവസാനത്തിൽ തിന്മയുടെ ശക്തി വർധിച്ചുവരും. അന്ത്യത്തിന് തൊട്ടുമുമ്പായി പ്രകൃതിക്ഷോഭങ്ങളുണ്ടാകും. ദുഷ്ടാത്മാക്കൾ ദേവന്മാരോടു പൊരുതും. പല ദേവന്മാരും മരിച്ചുവീഴും. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും അപ്രത്യക്ഷമാകും. ഭൂമി സമുദ്രത്തിലേക്ക് ആണ്ടുപോകും. എന്നാൽ തിരമാലകളിൽനിന്നും പുതിയൊരു ഭൂമി ഉയർന്നുവരും. ദേവന്മാർ യൌവനം വീണ്ടെടുക്കും. ഉന്നതങ്ങളിൽനിന്നു വരുന്ന ശക്തനായവൻ അന്ത്യന്യായവിധി നടത്തും. സുകൃതികൾക്ക് സമ്മാനവും ദുഷ്ടർക്ക് ശിക്ഷയും കൊടുക്കും എന്നെല്ലാം പുരാതന ജർമൻകാർ വിശ്വസിച്ചിരുന്നു.

ഹിന്ദുമതം[തിരുത്തുക]

ഋഗ്വേദം അനുസരിച്ച് മരണശേഷം ആത്മാക്കൾ യമലോകത്തെത്തുന്നു. മരണത്തോടുകൂടി വ്യക്തിത്വം നഷ്ടപ്പെടുന്നില്ല. മൃതനു സൂക്ഷ്മശരീരം ഉണ്ടായിരിക്കും. അയാൾ യമസന്നിധിയിൽ ഭൗമജീവിതത്തോട് എല്ലാംകൊണ്ടും സദൃശമായ ജീവിതം നയിക്കും. ദുഷ്ടർ ഒരു അഗാധഗർത്തത്തിലടയ്ക്കപ്പെടും. ശതപഥബ്രാഹ്മണപ്രകാരം മരണാനന്തരം മനുഷ്യൻ രണ്ടഗ്നികുണ്ഡങ്ങളുടെ മധ്യേകൂടി നടക്കണം. ദുഷ്ടരെ അഗ്നി ദഹിപ്പിക്കും. സുകൃതികൾ നിരപായം സ്വർഗത്തിലെത്തും. ഉപനിഷത്തുകൾ പുനർജന്മത്തിന് പ്രാധാന്യം കൊടുക്കുന്നു. യഥാർഥ ജ്ഞാനം സംസാരത്തിൽനിന്ന് മോചനം നേടിത്തരുന്നു. മുജ്ജന്മ കർമങ്ങൾ അനുസരിച്ച് ഓരോരുത്തനും പുനർജന്മത്തിൽ വ്യത്യസ്ത ശരീരങ്ങൾ സ്വീകരിക്കുന്നു. അനേക ജന്മങ്ങൾക്കു ശേഷമായിരിക്കും ഒരാൾക്ക് മുക്തി കൈവരിക.

ആദ്യന്തരഹിതമായ പ്രപഞ്ചം നിരന്തര പരിണാമാവസ്ഥയിലാണ്. നാലു യുഗങ്ങൾ ചേർന്ന ഹിരണ്യഗർഭന്റെ ഒരു ദിവസംകൊണ്ട് പ്രപഞ്ചം, സൃഷ്ടി-സ്ഥിതി-സംഹാരാവസ്ഥകളിലൂടെ കടന്നുപോകുന്നു. ഹിരണ്യഗർഭന്റെ നൂറുവർഷങ്ങൾ കഴിയുമ്പോൾ കല്പാന്തകാലവും അനേക കല്പങ്ങൾക്കുശേഷം ആത്യന്തിക പ്രളയവും സംഭവിക്കുന്നു. ഈ പ്രക്രിയ തുടർന്നുപോകുന്നു. നോ: കർമസിദ്ധാന്തം

ബുദ്ധമതം[തിരുത്തുക]

കർമഫലമായി പുനർജന്മം ഉണ്ടാകുന്നു. മനുഷ്യൻ മുജ്ജൻമകർമമനുസരിച്ച് ദേവൻ, മൃഗം, സസ്യം, പ്രേതം ഇവയിലൊന്നായി ജനിക്കും. പ്രേതങ്ങളെ ദാനധർമാദികൾ കൊണ്ട് മോചിപ്പിക്കാം. മൃഗങ്ങൾക്ക് യോഗ്യതസമ്പാദനവും നിർവാണവും സാധ്യമല്ല. വിവിധ സ്വർഗങ്ങൾ, നരകങ്ങൾ എന്നിവയെപ്പറ്റിയും അനന്തരകാലങ്ങളിലെ മതദാർശനികന്മാർ പഠിപ്പിക്കുന്നുണ്ട്. മഹായാനപ്രകാരം ബോധിസത്വന്റെ പ്രവർത്തനഫലമായി നരകവാസികൾ രക്ഷപ്രാപിക്കും. ബുദ്ധമതദർശനം അനുസരിച്ച് പ്രപഞ്ചം നിരന്തര ചലനത്തിനും ആവർത്തനത്തിനും വിധേയമാണ്.

സൊറോസ്ട്രിയൻ മതം[തിരുത്തുക]

ആത്മാവ് മൂന്നു ദിവസത്തേക്ക് ശവകുടീരത്തിനുസമീപം വസിക്കുന്നു. അപ്പോൾ ദുഷ്ടാത്മാക്കൾ പീഡിപ്പിക്കപ്പെടും. സുകൃതികളെ 'സ്രോഷ്' സഹായിക്കും. അതിനുശേഷം യോഗ്യതാനുസരണം ശിക്ഷയോ സമ്മാനമോ പ്രാപിക്കുന്നതിന് ആത്മാക്കൾ ദുഷ്ടരൂപികളുടെയോ ശിഷ്ടരൂപികളുടെയോ അകമ്പടിയോടെ പുറപ്പെടുന്നു. ചിൻവാദ് പാലത്തിൽവച്ച് സുന്ദരിയായ ഒരു കന്യക ശിഷ്ടാത്മാവിനെ സ്വീകരിച്ച് സ്വർഗത്തിൽ അഹൂരമസ്ദായുടെ (നോ: അഹൂരമസ്ദാ) സവിധത്തിലേക്ക് ആനയിക്കുന്നു. ദുഷ്ടാത്മാവ് നരകത്തിൽ തള്ളപ്പെടുന്നു.

ചരിത്രം 3000 വർഷങ്ങൾ വീതമുള്ള നാലു യുഗങ്ങൾ ചേർന്നതാണ്. അവസാനയുഗത്തിൽ തിന്മയുടെ ശക്തികൾ പ്രബലമാകും. ഒടുവിൽ സാവ്യോഷ്യാന്ത് (രക്ഷകൻ) പ്രത്യക്ഷപ്പെടും. അതോടെ മരിച്ചവർ ഉയിർത്തെഴുന്നേൽക്കും. ദുഷ്ടർ നരകത്തിൽ തള്ളപ്പെടും. പ്രപഞ്ചം ഉരുകിയൊലിക്കും. അഹ്രിമാനെയും (നോ: അഹ്രിമാൻ) സഹായികളെയും അഹൂരമസ്ദാ തോല്പിക്കും. അതിനുശേഷം എല്ലാവരും ഒരുമിച്ചുകൂടും, പരസ്പരം തിരിച്ചറിയും, സമ്മാനങ്ങൾ കൈമാറും. എല്ലാവർക്കും ആത്മീയശരീരവും അമരത്വവും ലഭിക്കും. ഭൂമി നവീകരിക്കപ്പെട്ട് അനശ്വരമായിത്തീരുകയും ചെയ്യും.

ഇസ്ലാംമതം[തിരുത്തുക]

മരണാനന്തരം മയ്യിത്ത് (ശവം) കബറിൽ അടക്കം ചെയ്തുകഴിയുമ്പോൾ ദൈവദൂതന്മാർ സന്ദർശിച്ചു സത്പ്രവൃത്തികൾ ചെയ്തവർക്ക് സന്തോഷവാർത്തയും ദുഷ്ടർക്ക് വരുവാനിരിക്കുന്ന കഷ്ടപ്പാടിന്റെ സൂചനയായി നേരിയ പീഡനങ്ങളും നല്കുന്നു. ജഡം അന്ത്യനാൾവരെ ശവക്കല്ലറയിൽ തന്നെ ജീർണിച്ചോ അല്ലാതെയോ കിടക്കും (മഹാന്മാരുടെ ജഡങ്ങൾ ജീർണിക്കാതെ കണ്ടുവരാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.) അന്ത്യനാളിനടുത്തു മഹ്ദി എന്ന സ്ഥാനപ്പേരോടുകൂടിയ ഒരു നീതിമാൻ ലോകത്തിൽ സമാധാനം പുനഃസ്ഥാപിക്കുകയും ജനങ്ങൾക്ക് ക്ഷേമം അതിന്റെ അത്യുച്ചകോടിയിൽ എത്തിക്കുകയും ചെയ്യുന്നു. തിന്മയുടെ മൂർത്തീകരണമായ ദജ്ജാൽ (എതിർക്രിസ്തു) ലോകത്തിൽ അക്രമവും അനീതിയും അഴിച്ചുവിടുകയും ദൈവത്തിനുപകരം അവനെ ആരാധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിനെതിരായി ഈസാനബി (യേശുക്രിസ്തു) ആകാശങ്ങളിൽനിന്ന് ഇറങ്ങിവന്ന് ദജ്ജാലിനെ നശിപ്പിച്ചശേഷം ലോകത്തു സമാധാനം പുനഃസ്ഥാപിക്കുകയും വിവാഹിതനായി കുടുംബജീവിതം നയിച്ച് മുൻജീവിതത്തിൽ നിറവേറ്റപ്പെടാത്ത കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യും. അന്ത്യനാളിൽ (ഖിയ്യാമത്ത് നാളിൽ) കാഹളങ്ങൾ മുഴക്കപ്പെടുമ്പോൾ ആദ്യം സർവജീവികളും നശിക്കുകയും തുടർന്ന് എല്ലാറ്റിനും ജീവൻ നല്കപ്പെടുകയും ഈ ലോകത്തിൽ ചെയ്ത പ്രവൃത്തികളുടെ ഫലം അനുഭവിക്കുന്നതിനായി അവർ ദൈവസന്നിധിയിൽ ഹാജരാക്കപ്പെടുകയും ചെയ്യും. ഓരോ വ്യക്തിയുടെയും പ്രവൃത്തികളെ സംബന്ധിച്ച രേഖകൾ പരിശോധിക്കപ്പെടുകയും അതിനനുയോജ്യമായ പ്രതിഫലം വിധിക്കപ്പെടുകയും ചെയ്യും. സത്പ്രവൃത്തികൾക്ക് മുൻതൂക്കം ഉണ്ടെങ്കിൽ അവൻ സകലവിധ സന്തോഷങ്ങളുടെയും ഇരിപ്പിടമായ സ്വർഗത്തിൽ പ്രവേശിക്കും. അല്ലാത്തപക്ഷം നരകത്തിൽ പതിക്കും. എന്നാൽ കാലക്രമേണ പാപികൾക്കു മാപ്പുനല്കി വളരെപ്പേരെ നരകാഗ്നിയിൽനിന്ന് വിമുക്തരാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ക്രിസ്തുമതം[തിരുത്തുക]

ദൈവം ചരിത്രത്തെ നിയന്ത്രിക്കുന്നു. അദ്ദേഹം അതിനെ പൂർണമാക്കും. സൌഭാഗ്യപൂരിതമായ ദൈവരാജ്യം വരും. 'യാഹ്വേയുടെ ദിനത്തിൽ' ദൈവം ദുഷ്ടരെ വധിക്കും. തിന്മ പ്രവർത്തിക്കുന്നവൻ നശിക്കും. എങ്കിലും ജനത്തിന്റെ ഒരു ഭാഗം രക്ഷ പ്രാപിക്കും. തുടർന്ന് ദൈവരാജ്യം സ്ഥാപിതമാകും. മരിച്ചവർ 'ഷിയോൽ' എന്ന സ്ഥലത്ത് കഴിയുന്നു. 'ഷിയോൽ' ഒരുതരം സ്വപ്നലോകമാണ്. ശരിയായ വ്യക്തിത്വമോ മാനസികവ്യാപാരങ്ങളോ അവിടെയില്ല. സുകൃതികൾ മഹത്ത്വത്തിൽ ഉയിർക്കുമെന്നും ദുഷ്ടർ നിത്യമായ അപമാനം അനുഭവിക്കുമെന്നും ഉള്ള വിശ്വാസം ബി.സി. 2-ാം ശ.-ത്തിൽ പ്രബലമായി. പുതിയ യുഗത്തിന്റെ ഉദയത്തിനു മുമ്പായി പ്രകൃതിവിക്ഷോഭങ്ങളും ദുഷ്ടന്മാരുടെ പരാജയവും ഉണ്ടാകുമെന്ന് വെളിപ്പാട് സാഹിത്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മിശിഹ പ്രത്യക്ഷനായി അന്ത്യന്യായവിധി നടത്തും (നോ: അന്ത്യന്യായവിധി). പഴയ ലോകം നശിക്കും. പുതിയ യെരുശലേം സ്വർഗത്തിൽ നിന്നിറങ്ങിവരും. അത് തെരഞ്ഞെടുക്കപ്പെട്ടവരുടെ വാസസ്ഥലമായിരിക്കും. പ്രവാചകന്മാർ പ്രതീക്ഷിച്ചിരുന്ന നിർണായകമായ ദൈവികസമ്പർക്കം ക്രിസ്തുവിൽ സംഭവിച്ചിരിക്കുന്നുവെന്നും, ക്രിസ്തുവിലൂടെ 'അന്ത്യം' ലോകത്തിൽ പ്രവേശിച്ചുകഴിഞ്ഞുവെന്നും പുതിയ നിയമകർത്താക്കൾ പഠിപ്പിച്ചു. ക്രിസ്തുവിലൂടെ ദൈവരാജ്യം ഭൂമിയിൽ പ്രവേശിച്ചു. എന്നാൽ ദൈവരാജ്യം അതിന്റെ പൂർണതയിൽ ഇനിയും വരുവാനിരിക്കുന്നതേയുള്ളു. യേശുവിന്റെ പുനരാഗമനത്തിൽ അതു സംഭവിക്കും. അന്ന് അർഹതാടിസ്ഥാനത്തിലായിരിക്കും സ്വർഗരാജ്യപ്രവേശനം.

മരണം പാപത്തിന്റെ ശിക്ഷയാണ്. എന്നാൽ ദൈവസ്നേഹത്തിൽ മരിക്കുന്നവന് മരണം ജീവനിലേക്കുള്ള കവാടമാണ്. മരണശേഷം യോഗ്യതയ്ക്ക് ഏറ്റക്കുറവുണ്ടാകുന്നില്ല. ഓരോരുത്തർക്കും യോഗ്യതാനുസരണം സമ്മാനമോ ശിക്ഷയോ ലഭിക്കുന്നു. മനുഷ്യന്റെ നിർണായകമായ അന്ത്യം സ്വർഗമോ നരകമോ ആണ്; രണ്ടും നിത്യമാണ്. മഹത്ത്വം പ്രാപിച്ച ക്രിസ്തുവിന്റെ സവിധത്തിൽ ഇരിക്കുന്നതും ക്രിസ്തുവഴി ദൈവവുമായി സമ്പർക്കത്തിലിരിക്കുന്നതുമാണ് സ്വർഗം. സ്വർഗം പ്രതിഫലം എന്നതിനെക്കാൾ ദൈവദാനമാണ്. എന്നാൽ നരകശിക്ഷയുടെ മുഖ്യോത്തര വാദിത്വം മനുഷ്യനാണ്. സ്നേഹത്തിന്റെ അഭാവമാണ് നരകശിക്ഷയുടെ അടിസ്ഥാന ഘടകം. നരകവാസികൾ ഘോരപീഡകൾ അനുഭവിക്കും.

അന്ത്യകാലസമൂഹമായ സഭ മാനവസമൂഹത്തെയും സൃഷ്ടിയെ മുഴുവനും നവീകരിക്കുന്ന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു. ലോകാവസാനത്തിലായിരിക്കും സഭയുടെ പൂരണം. അന്ന് യേശു വീണ്ടും വരും. അദ്ദേഹം മൃതശരീരങ്ങളെ പുനർജീവിപ്പിക്കും. സുകൃതികൾ മഹത്ത്വത്തിന്റെ ശരീരവും ദുഷ്ടജനങ്ങൾ അപമാനത്തിന്റെ ശരീരവും സ്വീകരിക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അന്ത്യന്യായവിധി നടക്കുന്നു. സുകൃതികൾ മഹത്ത്വപൂർണമായ ശരീരങ്ങളോടെ സ്വർഗസൌഭാഗ്യം പ്രാപിക്കുന്നു. അവർ ദൈവമഹത്ത്വം ദർശിച്ചുകൊണ്ട് നിത്യാനന്ദം അനുഭവിക്കും. മനുഷ്യനെ അനുഗമിച്ച് പ്രപഞ്ചവും മഹത്ത്വം പ്രാപിക്കും. ദുഷ്ടമനുഷ്യർ നരകത്തിൽ നിത്യശിക്ഷ അനുഭവിക്കും.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യാവസ്ഥാസിദ്ധാന്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.