അനക്സഗോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനക്സഗോറസ്
Anaxagoras, part of a fresco in the National University of Athens.
ജനനം c. 500 BC
Clazomenae
മരണം c. 428 BC (aged around 72)
brown
കാലഘട്ടം Ancient philosophy
പ്രദേശം Western Philosophy
ചിന്താധാര Pluralist school
പ്രധാന താത്പര്യങ്ങൾ Natural philosophy
ശ്രദ്ധേയമായ ആശയങ്ങൾ Cosmic mind (Nous) ordering all things

ഏഷ്യാമൈനറിലെ ക്ലാസോമെനേ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന യവനദാർശനികനായിരുന്നു അനക്സഗോറസ്(ബി.സി. 500 - 428). ബി.സി. 464 മുതൽ ഏതാണ്ട് 30 വർഷത്തോളം ഇദ്ദേഹം ആഥൻസിൽ അധ്യാപകനായിരുന്നു. ആഥൻസ് നിവാസികൾക്ക് തത്ത്വചിന്ത ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത് ഇദ്ദേഹമാണ്. അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂപടം ഇദ്ദേഹം തയ്യാറാക്കിയതാണ് എന്നു കരുതപ്പെടുന്നു. പെരിക്ലിസ്, യൂറിപ്പിഡിസ്, സോക്രട്ടീസ് തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു. അനക്സഗോറസ് തത്ത്വദർശനപഠനത്തിനായി പൌരസ്ത്യരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതായി യവനചരിത്രരേഖകളിൽ സൂചനയുണ്ട്.

അനക്സഗോറസ്സിന്റെ സിദ്ധാന്തങ്ങൾ[തിരുത്തുക]

പ്രപഞ്ചത്തേയും പ്രപഞ്ചവസ്തുക്കളിലുണ്ടാകുന്ന മാറ്റങ്ങളെയും വിശദീകരിക്കുവാൻ അനക്സഗോറസ് ശ്രമിച്ചു. ഒരു മൂലപദാർഥത്തിൽ നിന്നാണ് പ്രപഞ്ചോദ്ഭവം എന്ന മുൻസിദ്ധാന്തത്തെ എതിർത്ത ഇദ്ദേഹം എണ്ണമറ്റ പദാർഥങ്ങളെയാണ് മൂലകാരണമായി അംഗീകരിച്ചത്. എല്ലാ പദാർഥങ്ങളിലും മൂലവസ്തുക്കളുടെ അംശം ഉണ്ട്. ഈ മൂലപദാർഥങ്ങൾ അന്യോന്യം വേർതിരിക്കപ്പെടാൻ കഴിയാത്തവയാണ്. ഓരോ പദാർഥത്തിലും അഗ്നി, ജലം, വായു, ഭൂമി എന്നീ നാലു ഭൂതങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയിൽ ഏതൊന്ന് മുന്നിട്ടുനില്ക്കുന്നുവോ അതിന്റെ സ്വഭാവമാണ് വസ്തുവിന് കിട്ടുന്നത്. വസ്തുക്കൾ തമ്മിലുള്ള വ്യത്യാസം അവയിൽ അടങ്ങിയിട്ടുള്ള മൂലപദാർഥങ്ങളുടെ ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചിരിക്കും ഉദാ. മഞ്ഞ് ഒരളവിൽ കറുത്തതാണെങ്കിലും വെളുപ്പുനിറം മുന്നിട്ടു നില്ക്കുന്നതുകൊണ്ട് വെളുത്തതാണെന്ന് നാം ധരിക്കുന്നു. ചില വസ്തുക്കളിൽ മൂലവസ്തുക്കൾക്കു പുറമേ മനസ്സും അടങ്ങിയിട്ടുണ്ട്. മനസ്സ് മറ്റു പദാർഥങ്ങളിൽ നിന്നു വ്യത്യസ്തമാണ്. പദാർഥങ്ങളുടെ ചലനത്തിന് അതു സഹായകമാണ്. സജീവവസ്തുക്കളെ നിർജീവ വസ്തുക്കളിൽ നിന്നും വേർതിരിക്കുന്നത് മനസ്സിന്റെ സാന്നിധ്യമാണ്. ഇതെല്ലാമാണ് ഇദ്ദേഹത്തിന്റെ മുഖ്യസിദ്ധാന്തങ്ങൾ.

അനക്സഗോറസ്സിന്റെ അണുസിദ്ധാന്തം[തിരുത്തുക]

അണു സിദ്ധാന്തത്തെപ്പറ്റിയും അനക്സഗോറസ് ചില പുതിയ വാദങ്ങൾ ഉന്നയിച്ചിരുന്നു. അണുക്കൾ നിർഗുണങ്ങളാണെന്ന് ലൂസിപ്പസും ഡമോക്രിറ്റസും വാദിച്ചപ്പോൾ അവയ്ക്ക് നിറം, രുചി, മണം തുടങ്ങിയ ഗുണങ്ങൾ ഉണ്ടെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. അനന്തമായ വിഭജനസാധ്യതയുള്ളതാണ് അണു എന്നും ഇതിനെ മനസ്സ് അഥവാ പ്രപഞ്ചബുദ്ധി നിയന്ത്രിക്കുന്നു എന്നും അനക്സഗോറസ് പറഞ്ഞു. സൂര്യൻ ചുട്ടുപഴുത്ത ലോഹമാണെന്നും സൂര്യനിൽ നിന്നാണ് ചന്ദ്രന് പ്രകാശം ലഭിക്കുന്നതെന്നും ഇദ്ദേഹം പ്രസ്താവിക്കയുണ്ടായി. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും കല്പിക്കപ്പെട്ടിരുന്ന ദിവ്യത്വത്തെ ചോദ്യം ചെയ്തതു നിമിത്തം കുറ്റാരോപണ വിധേയനായ ഇദ്ദേഹം ലംപ്സാക്കസിൽ അഭയം പ്രാപിച്ചു. പ്രപഞ്ചോദ്ഭവത്തെക്കുറിച്ചുള്ള അനക്സഗോറസിന്റെ സിദ്ധാന്തത്തിന് ആധുനിക സിദ്ധാന്തവുമായി ഏതാണ്ട് സാദൃശ്യമുണ്ട്. ഭൂമിയുടെ അതിവേഗത്തിലുള്ള ഭ്രമണഫലമായി വിദൂരതയിലേക്ക് തെറിച്ചുപോയ പാറക്കഷണങ്ങളാണ് നക്ഷത്രങ്ങളെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ പൂർവികർ മൃഗങ്ങളായിരുന്നിരിക്കാം എന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു.

അനക്സഗോറസ് ഒരു നിരീശ്വരവാദിയായിരുന്നു എന്ന ധാരണ ശരിയല്ല. ഈശ്വരനും മനസ്സും ഒന്നാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. പ്രപഞ്ചചലനത്തിനു കാരണം മനസ്സാണെന്ന് ഇദ്ദേഹം വാദിച്ചു. ആഥൻസിലെ പഴയ വിശ്വാസങ്ങൾക്കു വിരുദ്ധമായിരുന്ന ഈ വാദഗതി ഇദ്ദേഹത്തെ ശിക്ഷാർഹനാക്കുന്നതിന് മറ്റൊരു കാരണമായിരുന്നു. ലംപ്സാക്കസിൽ വച്ച് ബി.സി. 428-ൽ ഇദ്ദേഹം നിര്യാതനായി. അനക്സഗോറസിന്റെ കൃതികളിൽ വളരെ കുറച്ചുമാത്രമേ അവശേഷിച്ചിട്ടുള്ളു. എങ്കിലും അവയുടെ പല വ്യാഖ്യാനങ്ങളും ഇന്ന് ലഭ്യമാണ്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനക്സഗോറസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അനക്സഗോറസ്&oldid=1711856" എന്ന താളിൽനിന്നു ശേഖരിച്ചത്