Jump to content

അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Academy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഉപരിപഠനകേന്ദ്രം, കലകളുടെയും ശാസ്ത്രത്തിന്റെയും (അല്ലെങ്കിൽ ഏതെങ്കിലും കലയുടെയോ ശാസ്ത്രത്തിന്റെയോ) വികസനത്തിനുവേണ്ടി യത്നിക്കുന്നവരുടെ ഒരു സമിതി, കലാഭിവൃദ്ധിയേയും കലാഭ്യസനത്തേയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ഒരു സ്ഥാപനം എന്നിങ്ങനെ പല വിധത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമി എന്ന പദം യവനദാർശനികനായ പ്ളേറ്റോയുടെ കാലം (ബി.സി. 427-347) മുതൽ മാനവസംസ്കാരകേന്ദ്രങ്ങൾക്ക് ഒരു പര്യായമായി യൂറോപ്യൻ ഭാഷകളിലെല്ലാം പ്രചരിച്ചുവരുന്നു. ഒരു പ്രത്യേക സാഹിത്യത്തെയോ സംസ്കാരത്തെയോ കലയെയോ ശാസ്ത്രത്തെയോ ശിക്ഷണശാഖയെയോ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കപ്പെട്ടുവരുന്നുണ്ടെന്നതിന് കുതിരസവാരി (Riding) അക്കാദമി, രാജകീയ സൈനിക (Royal Military) അക്കാദമി, ഫ്രഞ്ച് അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ നിരവധി പ്രയോഗങ്ങൾ തെളിവാണ്.[1]

സ്കോട് ലൻഡ് തുടങ്ങിയ ചില രാജ്യങ്ങളിൽ പള്ളികൾ തുടങ്ങിയ ധർമസ്ഥാപനങ്ങളും മറ്റും നടത്തുന്ന സാധാരണ വിദ്യാലയങ്ങളേയും അക്കാദമികൾ എന്നു വിളിക്കാറുണ്ട്.

ആവിർഭാവം

[തിരുത്തുക]

ഗ്രീക് അക്കാദമി

[തിരുത്തുക]

ഇതിഹാസ പ്രസിദ്ധമായ ട്രോജൻ യുദ്ധത്തിൽ ഒരു പടയാളിയായിരുന്ന അക്കാദമോ (ഹെക്കാദമോ)സിന്റെ വകയെന്ന് കരുതപ്പെടുന്ന ലീവ് മരത്തോപ്പിൽ സ്ഥാപിച്ചിരുന്ന ഒരു കായികാഭ്യാസക്കളരി (gymna-sium) ആയിരുന്നു ഗ്രീക് അക്കാദമിയുടെ പ്രാഗ് രൂപം. അഥീനിയൻ ഭരണാധികാരിയായിരുന്ന സീമോൺ (സുമാർ ബി.സി. 504-449), ഈ സ്ഥലം പൊതുജനങ്ങളുടെ വിനോദവിശ്രമങ്ങൾക്കുള്ള ഒരു നഗരോപവനമാക്കി മോടിപിടിപ്പിച്ചു. സുമാർ 387-ൽ പ്ളാറ്റോ ഈ സ്ഥലം വിലയ്ക്കു വാങ്ങി വിജ്ഞാനാനുസന്ധാനത്തിനും കലാദേവത(Muses)കളുടെ ഉപാസനയ്ക്കും വേണ്ടിയുള്ള ഒരു വിദ്യാപീഠമായി ഉയർത്തി; ഇവിടെ ഒരു ക്ഷേത്രവും അദ്ദേഹം നിർമിച്ചതായി പറയപ്പെടുന്നു. ആരാമമധ്യത്തിൽ പണികഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രത്തോടു തൊട്ടുണ്ടായിരുന്ന കെട്ടിടങ്ങളിലാണ് പ്ളേറ്റോയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകളും താമസിച്ചിരുന്നത്. ഇവയോടു ചേർന്ന് വെണ്ണക്കല്ലിൽ തീർത്തിരുന്ന അർധവൃത്താകൃതിയിലുള്ള ഒരു പീഠം സിസറോയുടെ കാലത്തും (ബി.സി. 106-43) ഉണ്ടായിരുന്നതായി രേഖകളുണ്ട്.

സോക്രട്ടീസ് (സുമാർ 470-399) പ്രഭാഷണങ്ങൾ നടത്താനും പ്ലേറ്റോ തത്ത്വശാസ്ത്രങ്ങൾ പഠിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഈ വിദ്യാപീഠം അക്കാദെമിയ (Academia) എന്നും, ഇതിലെ അധ്യേതാക്കൾ അക്കാദെമിസ്റ്റുകൾ (Academists) എന്നും അറിയപ്പെട്ടുവന്നു. പ്ലേറ്റോയുടെ ശിഷ്യന്മാരും അനുയായികളും പിൽക്കാലത്ത് നടത്തിവന്നിരുന്ന ഇത്തരം സാംസ്കാരിക കേന്ദ്രങ്ങളുടെ മൂലമാതൃക അക്കാദമോസിന്റെ ആരാമത്തിലെ ഈ സ്ഥാപനമായിരുന്നു. ഏതാണ്ട് ഒമ്പതു നൂറ്റാണ്ടുകാലം ഇവ അഭംഗുരം നിലനിന്നു. പ്രാചീന മെഡിറ്ററേനിയൻ ജനതയുടെ മാനസികവും സാംസ്കാരികവുമായ വികാസത്തിൽ ഈ വിദ്യാകേന്ദ്രങ്ങൾ വഹിച്ച പങ്കിന്റെ പ്രാധാന്യത്തെ, സിസറോ തന്റെ കൊട്ടാരത്തിന് അക്കാദമി എന്ന് നാമകരണം ചെയ്തും, അക്കാദമിക് പ്രശ്നങ്ങൾ (Academic questions) എന്ന ഒരു ഗ്രന്ഥമെഴുതിയും ആദരപൂർവം അംഗീകരിച്ചു.

പ്ലേറ്റോയുടെ നാമവുമായി ഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രാചീന യവന അക്കാദമികളുടെ ചരിത്രത്തെ പല ഘട്ടങ്ങളിലായി പല അടിസ്ഥാനങ്ങളിൽ വിഭജിച്ചിട്ടുണ്ട്; എങ്കിലും അതിൽ വ്യക്തമായ മൂന്നു തിരിവുകൾ കാണാം:-

  1. പ്രാചീനഘട്ടം പ്ലേറ്റോ ആരംഭിച്ചതും സ്പ്യൂസിപ്പസ്, സെനോക്രേറ്റസ്, പോളിയൺ, ക്രേറ്റസ് എന്നിവർ തുടർന്നു നടത്തിയവയും;
  2. മധ്യഘട്ടം അർസേസിലാസ് സ്ഥാപിച്ചത് (ബി.സി. 316-241);
  3. നവീനഘട്ടം കാർണീസസ് എന്നയാളാണ് കുറച്ചുകാലം മാത്രം (ബി.സി. 214-129) നടന്ന മൂന്നാം ഘട്ടത്തിന്റെ സ്ഥാപകൻ.

സിസറോയുടെ കാലം കഴിഞ്ഞാൽ ഈ ഗ്രീക് അക്കാദമികളെക്കുറിച്ചു വിശ്വസനീയമായ വിവരം ഒന്നും ലഭ്യമല്ല. എ.ഡി. 3-ാ ശതകമായപ്പോഴേക്കും പ്ലേറ്റോണിസം രൂപാന്തരം പ്രാപിച്ച് നവീന പ്ലേറ്റോണിസം (Neo Platonism) ആയിത്തീർന്നു. അതോടുകൂടി യവന ദാർശനിക സിദ്ധാന്തങ്ങളുടെ രൂപഭാവങ്ങൾതന്നെ മാറുകയും, പല തോതിലുള്ള വൃദ്ധിക്ഷയങ്ങളോടെ കഷ്ടിച്ചു രണ്ടു നൂറ്റാണ്ടുകാലം കൂടി ഈ സ്ഥാപനങ്ങൾ നിലനിൽക്കുകയും ചെയ്തു. ഒടുവിൽ എ.ഡി. 529-ൽ ജസ്റ്റീനിയൻ ചക്രവർത്തി സകല അക്കാദമികളെയും നിർത്തലാക്കി; അവയുടെ സ്വത്തുക്കളും കണ്ടുകെട്ടി.

മറ്റു പ്രാചീന സ്ഥാപനങ്ങൾ

[തിരുത്തുക]

ബി.സി. 3-ാ ശതകത്തിന്റെ ആരംഭത്തിൽ ടോളമി ഒന്നാമൻ (305-285) അലക്സാൻഡ്രിയയിൽ ആരംഭിച്ച പ്രസിദ്ധ ഗ്രന്ഥാലയത്തിന് അക്കാദമി എന്ന പേരു തന്നെ നല്കി. ബാബിലോണിയ, പാലസ്തീൻ, അർമീനിയ തുടങ്ങിയ കേന്ദ്രങ്ങളിലും വൈജ്ഞാനിക ലക്ഷ്യങ്ങളെ മുൻനിർത്തി തുടർ|ന്നു പല വിദ്യാകേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു. വിജ്ഞാനശേഖരണത്തിനും അവയുടെ ഭദ്രമായ സംരക്ഷണത്തിനും കോർഡോവ മുതൽ സമർഖണ്ഡ് വരെ വ്യാപിച്ചുകിടക്കുന്ന നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പില്ക്കാലത്ത് അറബികൾക്ക് ഇവ പ്രചോദനം നല്കി. എ.ഡി. 782-ൽ ഷാർലിമേൻ ചക്രവർത്തി തന്റെ കൊട്ടാരത്തിന്റെ നല്ലൊരു ഭാഗം ഒരു അക്കാദമിയുടെ ആസ്ഥാനമാക്കി. സീസർ ബാർദസ് എന്ന പണ്ഡിതൻ ശാസ്ത്രാഭിവൃദ്ധിയെ ലക്ഷ്യമാക്കി 9-ാ ശതകത്തിൽ കോൺസ്റ്റാന്റിനോപ്പിളിൽ ഒരു കേന്ദ്രം തുറന്നു. സാഹിത്യവിഷയകമായ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ചു കവിതയ്ക്ക്, പ്രാധാന്യം നല്കിക്കൊണ്ടുള്ള സാംസ്കാരിക സ്ഥാപനങ്ങൾ 13-ം, 14-ം ശ.-ങ്ങളിൽ ഫ്രാൻസിലും ഇറ്റലിയിലും ധാരാളം ഉടലെടുത്തു.

മധ്യകാലം

[തിരുത്തുക]

15-ാ ശതകത്തിൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അപചയത്തോടുകൂടി ഗ്രീക് പണ്ഡിതന്മാരും ഗ്രീക് സാഹിത്യവും പശ്ചിമയൂറോപ്പിൽ പ്രവേശിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി ജനങ്ങളുടെ വിജ്ഞാനതൃഷ്ണയ്ക്ക് ആക്കം വർദ്ധിക്കുകയും അവ പലതരം അക്കാദമികളുടെ ആവിർഭാവത്തിൽ കലാശിക്കുകയും ചെയ്തു. ഈ വൈജ്ഞാനിക പുനരുത്ഥാനത്തിന്റെ വിളനിലം, മറ്റു പല മണ്ഡലങ്ങളുടേതുമെന്നപോലെ, ഇറ്റലിയായിരുന്നു. പരേതന്മാരുടെ, പുകവലിക്കാരുടെ, ഗുപ്തവിഷയങ്ങളുടെ, ഇന്ദ്രജാലത്തിന്റെ, ഹാസ്യത്തിന്റെ എന്നു തുടങ്ങി അസാധാരണവും വിചിത്രവുമായ സങ്കല്പങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള അക്കാദമികൾ ഈ കാലത്തെ ഇറ്റലിയുടെ സൃഷ്ടികളാണ്. പുരാവസ്തുശാസ്ത്രം, ചിത്രകല, സംഗീതം, പ്ളേറ്റോയുടെ സിദ്ധാന്തങ്ങൾ തുടങ്ങിയവയുടെ പഠനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അക്കാദമികളും ഇതോടൊപ്പം രൂപം പൂണ്ടുകൊണ്ടിരുന്നു. ഇവ ക്രമേണ ഇറ്റലിയിൽനിന്നു ജർമനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കും മധ്യകാലഘട്ടങ്ങളിൽ വ്യാപിച്ചു.

ശാസ്ത്ര അക്കാദമികളുടെ ആരംഭം 16-ാ ശതകത്തിലായിരുന്നു. 1560-ൽ ഇറ്റലിയിലും 1575-ൽ സ്പെയിനിലും ശാസ്ത്രീയ വിഷയങ്ങളുടെ പഠനത്തിന് ഓരോ അക്കാദമി സ്ഥാപിക്കപ്പെട്ടു. 1603-ൽ റോമിൽ തുടങ്ങിയ ഒരു പ്രസിദ്ധ ശാസ്ത്രപഠനകേന്ദ്രത്തിലെ (Academia Dei Lincei) ഒരംഗമായിരുന്നു ഗലീലിയോ. 1617-ൽ ജർമനിയിലെ വെയ്മാറിൽ, ഭാഷാശുദ്ധിയെയും സാഹിത്യാഭിവൃദ്ധിയെയും ലാക്കാക്കി ഒരു കേന്ദ്രം സ്ഥാപിക്കപ്പെട്ടു; 1622-ൽ റോസ്റ്റോക്കിൽ, ശാസ്ത്രവിഷയങ്ങൾക്കുവേണ്ടിയും, 1652-ൽ ഷ്വിൻഫർടിൽ വൈദ്യശാസ്ത്ര പഠനത്തിനുവേണ്ടിയും അക്കാദമികൾ സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ജർമൻ ശാസ്ത്രമാസിക (Misellanea Curiosa) പ്രസിദ്ധപ്പെടുത്തിയത് (1670) ഷ്വിൻഫർടിലെ അക്കാദമിയാണ്.

17-ാ ശതകമായപ്പോഴേക്കും യൂറോപ്പിലാകെ വ്യക്തമായ ഒരു കലാ-ശാസ്ത്ര-പഠന സ്ഫോടനം തന്നെ ഉണ്ടായി. പാരിസും ലണ്ടനും ഓക്സ്ഫോർഡും പശ്ചിമയൂറോപ്പിലെ സംസ്കാര കേന്ദ്രങ്ങളായിത്തുടങ്ങിയത് ഈ കാലത്താണ്. 1645-ൽ ലണ്ടനിലാരംഭിച്ച റോയൽ സൊസൈറ്റിയും 1699-ൽ പാരിസിൽ സംഘടിപ്പിക്കപ്പെട്ട ശാസ്ത്ര അക്കാദമിയും (Academie Des Sciences) 18-ാ ശതകത്തിൽ അന്താരാഷ്ട്ര പ്രസിദ്ധിയാർജിച്ചു. 1703-ൽ ജർമനിയിലെ ഡ്രെസ്ഡനിലും ഒരു ശാസ്ത്ര അക്കാദമി സ്ഥാപിതമായി. ദാർശനികനും ശാസ്ത്രജ്ഞനുമായ ലീബ്നിറ്റ്സ് (1646-1716) ആയിരുന്നു ഇതിന്റെ രൂപവത്കരണത്തിനു മുൻകൈയെടുത്തത്.[2]

മുൻപ് പറഞ്ഞ ആദ്യകാല അക്കാദമികളെല്ലാം സാഹിത്യത്തിനോ ശാസ്ത്ര വിഷയങ്ങൾക്കോ മാത്രം പ്രാധാന്യം കല്പിച്ചുകൊണ്ടുള്ളവയായിരുന്നു. 18-ാ ശതകമായപ്പോഴേക്കും സുകുമാരകലകളും ഇവയുടെ പരിധിയിൽ വന്നുതുടങ്ങി. ഇവയെല്ലാം ഏറിയകൂറും ഓരോ വിഷയത്തിൽ ഉപരിപഠനവും സവിശേഷ വൈദഗ്ദ്ധ്യവും പ്രധാനം ചെയ്യാനുതകുന്ന വിദ്യാകേന്ദ്രങ്ങളായാണ് ആദ്യമൊക്കെ നിലകൊണ്ടത്. 19-ഉം, 20-ഉം ശതകങ്ങളിൽ സാഹിത്യം, സുകുമാരകലകൾ, ശാസ്ത്രീയവിഷയങ്ങൾ തുടങ്ങിയവയിലൂടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി മിക്കവാറും എല്ലാ ആധുനിക രാഷ്ട്രങ്ങളിലും ദേശീയവും പ്രാദേശികവുമായ അടിസ്ഥാനത്തിൽ എണ്ണമറ്റ അക്കാദമികൾ രൂപംകൊള്ളുന്ന പ്രക്രിയ അഭംഗുരം തുടർന്നു. അക്കാദമികളുടെ പ്രവർത്തനമേഖലകൾ അനുക്രമം വികസ്വരമാവുകയും വൈദ്യശാസ്ത്രം, ഖനനം, പുരാവസ്തുപര്യവേക്ഷണം, വനവിജ്ഞാനീയം, കൃഷിശാസ്ത്രം, വാണിജ്യം, സൈനിക-നാവിക-വ്യോമയാന തന്ത്രങ്ങൾ തുടങ്ങി മാനവ വ്യവഹാരത്തിലുൾപ്പെട്ടിട്ടുള്ള മിക്കവാറും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം പഠന ഗവേഷണപ്രചാരണകേന്ദ്രങ്ങൾ അക്കാദമി എന്ന പേരിൽ നാടൊട്ടുക്കു സ്ഥാപിതമായിത്തുടങ്ങുകയും ചെയ്തു.

പഠനവിഷയങ്ങളുടെയും പാണ്ഡിത്യത്തിന്റെയും അന്താരാഷ്ട്രസ്വഭാവം പുലർത്തുന്നതിന് മിക്ക അക്കാദമികളും പ്രശസ്തരായ പല വിദേശീയർക്കും അംഗത്വം നൽകി ബഹുമാനിക്കുന്ന പതിവുണ്ട്. ആധുനിക രാഷ്ട്രങ്ങളിൽ താഴെ പറയുന്നവയിലെ അക്കാദമികളും അവയുടെ പ്രവർത്തനങ്ങളും അന്തർദേശീയ പ്രശസ്തിയാർജിച്ചിട്ടുണ്ട്:

അയർലൻഡ്

[തിരുത്തുക]

റോയൽ ഐറിഷ് അക്കാദമി ഒരു രാജകീയ വിളംബരംമൂലം 1796-ൽ സ്ഥാപിതമായി. ഐറിഷ് ഭാഷയുടെ ഒരു നിഘണ്ടുപരമ്പര പ്രസിദ്ധീകരിക്കുന്നതിൽ ഇത് വ്യാപൃതമായിരിക്കുന്നു.

ആർജന്റീന

[തിരുത്തുക]

ബ്യൂണസ് അയേഴ്സ് ആസ്ഥാനമാക്കി 1931-ൽ ആർജന്റീന ദേശീയ അക്കാദമി സ്ഥാപിതമായി (Academia Argentina de Letras). ഒരു അമേരിക്കൻ--സ്പാനിഷ് നിഘണ്ടു ഉൾപ്പെടെ ചില നിഘണ്ടുക്കളും പഴയ ക്ളാസിക് കൃതികളും ഇതു പ്രസിദ്ധപ്പെടുത്തിവരുന്നു.[3]

ആസ്ട്രിയ

[തിരുത്തുക]

ഖനനവിഷയകമായ ഒരു അന്താരാഷ്ട്ര സമിതി 1786-ൽ ഇവിടെ സ്ഥാപിതമായെങ്കിലും ഫെർഡിനാൻഡ് ഒന്നാമൻ വിയന്നയിൽ സ്ഥാപിച്ച (1847) ശാസ്ത്ര അക്കാദമിയാണ് (Osterreichische Akademie der Wissenschaften) ഇത്തരത്തിലുള്ള, ആസ്ട്രിയയിലെ പ്രമുഖ സ്ഥാപനം. ഇതു സംഘടിപ്പിച്ചത് ജർമൻ ദാർശനികനായ ഗോട്ഫ്രീഡ് വിൽഹെം ലിബ്നിറ്റ്സ് ആണ്.[4]

ആസ്ട്രേലിയ

[തിരുത്തുക]

1821-ൽ ന്യൂ സൌത്ത് വെയിൽസിൽ തത്ത്വശാസ്ത്രസമിതി (Philosophical Society ) എന്ന പേരിൽ തുടങ്ങിയ സ്ഥാപനമാണ് ആസ്ട്രേലിയായിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ അക്കാദമി. 19-ാ ശതകത്തിന്റെ ആദ്യം മുതൽ രാജ്യത്തിലെ പല സംസ്ഥാനങ്ങളും പ്രാദേശിക അക്കാദമികൾ സംഘടിപ്പിച്ചു തുടങ്ങിയിരുന്നു. 1930-ൽ കാൻബറാ ആസ്ഥാനമാക്കി റോയൽ സൊസൈറ്റി എന്ന പേരിലുള്ള ദേശീയ അക്കാദമിയും ഉദ്ഘാടിതമായി.[5]

ഇന്ത്യ

[തിരുത്തുക]

വേദങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വേദാംഗങ്ങളും ഷഡ്ദർശനങ്ങളും നാട്യശാസ്ത്രം, ധനുർവേദം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം തുടങ്ങിയവയും അഭ്യസിച്ചിരുന്ന ഭാരതത്തിൽ പ്രാചീന കാലത്തു തന്നെ ഇത്തരം വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനുവേണ്ടിയുള്ള ഉപരിപഠനകേന്ദ്രങ്ങൾ നിലനിന്നിരുന്നു. നളന്ദ, തക്ഷശില എന്നിവിടങ്ങളിലെ വിജ്ഞാനകേന്ദ്രങ്ങൾ ഭാരതത്തിലെ പ്രാചീന പഠനകേന്ദ്രങ്ങളുടെ ഉത്തമ മാതൃകകളായിരുന്നു. ഇവിടെ വിദേശരാജ്യങ്ങളിൽ നിന്നുപോലും പണ്ഡിതന്മാരും പഠിതാക്കളും എത്തിച്ചേർന്നിരുന്നതായി പറയപ്പെടുന്നു.

ഇറ്റലി

[തിരുത്തുക]

മിക്ക പട്ടണങ്ങളിലും ശാസ്ത്രപഠന സംഘടനകൾ വളരെ നേരത്തേ മുതൽ നിലനിന്നിരുന്നെങ്കിലും സുസജ്ജമായ ഒരു ശാസ്ത്രീയ അക്കാദമി 1757-ലെ ടൂറിൻ നഗരത്തിലാണ് ആരംഭിക്കുന്നത് (Philosophico -Matematica Societa Privata Taurinensis). തുടർന്നു നേപ്പിൾസിൽ (1779) ഒരു ശാസ്ത്രസാഹിത്യ അക്കാദമിയും (Academia delle Scienze e Belle Lettere) വെനീസിൽ മറ്റൊന്നും (Accademia dei Ricovrati) ആവിർഭവിച്ചു. 19-ാ ശതകത്തിൽ ഇറ്റലിയിൽ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ വിവിധ ശാഖകളിലായി രൂപംകൊണ്ടു.[6]

ഈജിപ്ത്

[തിരുത്തുക]

ഈജിപ്റ്റ്ലേയും സമീപ രാജ്യങ്ങളിലേയും കലാ സാഹിത്യശാസ്ത്രാദികളുടെ പഠനത്തെ പ്രോൽസാഹിപ്പിക്കാൻ 1850-ൽ ഉടലെടുത്ത കേന്ദ്രമാണ് (Institute d' Egypte) ആ രാജ്യത്തിലെ ആദ്യത്തെ അക്കാദമി.[7] ഈ സ്ഥാപനം മുടങ്ങാതെ ഒരു വാർഷികഗ്രന്ഥം പ്രസിദ്ധീകരിച്ചുവരുന്നു. അറബി ഭാഷാപഠനത്തിനു മാത്രമായി മറ്റൊന്ന് (Fouad i Academy) 1932-ൽ സ്ഥാപിതമായി.[8]

ആദ്യത്തെ കനേഡിയൻ അക്കാദമിയായ 'റോയൽ സൊസൈറ്റി' 1881-ൽ രൂപംകൊണ്ടു. ഭൂവിജ്ഞാനീയം, പുരാവസ്തുശാസ്ത്രം, ചിത്രകല, പ്രകൃതിശാസ്ത്രം, നരവംശശാസ്ത്രം എന്നിവയ്ക്കാണ് ഇതു പ്രാമുഖ്യം കല്പിച്ചത്. പല പുരാവസ്തു-ചിത്ര-ശില്പ-പ്രദർശന ശാലകളും (Museums, Galleries,Archves) ഈ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.[9] 1931-ൽ ശാസ്ത്രാഭിവൃദ്ധിയെ ലാക്കാക്കി മോൺട്രീലിൽ മറ്റൊരു കേന്ദ്രം സ്ഥാപിതമായി (Association Canadienne Francaise Pour1'Avancement des Sciences). അനവധി അപൂർവ കൃതികളുള്ള ഒരു ഗ്രന്ഥാലയം ഇതിലുണ്ട്. ഓരോ വിജ്ഞാനമണ്ഡലത്തിലും പ്രശസ്തരായവർക്ക് ഈ സ്ഥാപനം പാരിതോഷികങ്ങളും സമ്മാനങ്ങളും സഹായധനവും നല്കിവരുന്നു.[10]

ഗ്രീസ്

[തിരുത്തുക]

ചരിത്രം, പുരാവസ്തുശാസ്ത്രം എന്നിവയ്ക്കു പ്രാമുഖ്യം നല്കിക്കൊണ്ട് 1926-ൽ സ്ഥാപിതമായ ആഥൻസിലെ അക്കാദമി (Akkademia Athenon) അതിന്റെപ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വാർഷിക ഗ്രന്ഥങ്ങൾക്കുപുറമേ, ഗ്രീക്കു ഭാഷയുടെ ഒരു നിഘണ്ടു പരമ്പരയും പ്രസിദ്ധപ്പെടുത്തിവരുന്നു.[11]

1885-86-ൽ സ്ഥാപിതമായ ഒരു ഭാഷാപഠനകേന്ദ്രമാണ് ചിലിയിലെ ഏറ്റവും പ്രമുഖമായ അക്കാദമി (Academia Chilena de la Lengua).[12]

ജപ്പാൻ

[തിരുത്തുക]

വിവിധ പഠനമേഖലകളുൾപ്പെടുന്ന പല ശാഖകളും അടങ്ങിയ ഒരു ദേശീയ അക്കാദമി ജപ്പാനിൽ 1879-ൽ സ്ഥാപിതമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള സർവകലാശാലകളുമായി ബന്ധം പുലർത്തുന്ന ഈ ശിക്ഷണശാഖകൾ പ്രസിദ്ധീകരണ വിഷയത്തിൽ സദാ ജാഗരൂകമാണ്.

ആധുനിക ജർമനിയുടെ വിവിധ ഘടകങ്ങളായിരുന്ന പല രാജ്യങ്ങളിലും വളരെ മുമ്പുതന്നെ പ്രവർത്തിച്ചുപോന്നിരുന്ന വിവിധ സംഘടിത സംസ്കാര കേന്ദ്രങ്ങളും അക്കാദമികളായി നിലനിൽക്കുന്നു. ബർളിനിലെ ലിബ്നിറ്റ്സിയൻ സൊസൈറ്റി (Leibnizian Society) 1744-ൽ ഫ്രഡറിക് രണ്ടാമൻ ഒരു അക്കാദമിയായി പുനഃസംഘടിപ്പിച്ചു (Konigliche Preussische,Akademie der Wissenschaften zu Berlin). ഗൊട്ടിൻജനിൽ 1851-ലും മാൻഹീമിൽ 1755-ലും മ്യൂണിക്കിൽ 1759-ലും ലീപ്സിഗിൽ 1846-ലും സ്ഥാപിതമായ അക്കാദമികൾ ആധുനിക കാലങ്ങളിൽ പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.[13]

ഡെൻമാർക്ക്

[തിരുത്തുക]

ക്രിസ്ത്യൻ ആറാമൻ രാജാവ് 1742-ൽ ശാസ്ത്രസാഹിത്യ വിഷയങ്ങൾക്കുവേണ്ടിയുള്ള രാജകീയ ഡാനിഷ് അക്കാദമി സ്ഥാപിച്ചു (Det Kongelige Tanske Pidenskabernes Selskab,Copenhagen). ഇതിന്റെ വകയായി വാർഷിക ഗ്രന്ഥങ്ങളും പല ആനുകാലിക പ്രസിദ്ധീകരണങ്ങളുമുണ്ട്.[14]

ദക്ഷിണാഫ്രിക്ക

[തിരുത്തുക]

1878-ൽ സ്ഥാപിതമായ ദക്ഷിണാഫ്രിക്കൻ റോയൽ സൊസൈറ്റി ചില പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധ ചെലുത്തിവരുന്നു.[15]

നെതർലൻഡ്സ്

[തിരുത്തുക]

1752-ൽ ഇവിടെ ആദ്യമായി ഒരു ശാസ്ത്ര അക്കാദമി സ്ഥാപിതമായി. (Hollandsehe Maatschappij der Wetenschappen). കൃഷി, വ്യവസായം, വാണിജ്യം എന്നിവയ്ക്കാണ് ഇത് ആദ്യം മുതൽതന്നെ പ്രാധാന്യം നൽകിവന്നത്. ആംസ്റ്റർഡാമിൽ ലൂയി ബോണപ്പാർട്ട് രാജാവ് 1808-ൽ വേറൊരു കേന്ദ്രം സ്ഥാപിച്ചു (Royal Institute of the Low Countries ). 1855-ൽ പുനഃസംഘടിതമായതിനുശേഷം ഇത് രണ്ടു ഭാഗങ്ങളായി വേർതിരിഞ്ഞു പ്രവർത്തനം നടത്തിവരുന്നു.[16]

സസ്യശാസ്ത്രജ്ഞനായ ജെ.ഇ. ഗുണ്ണേരസ് 1760-ൽ ട്രോൺഡ് ഹീമിൽ ആരംഭിച്ച ഒരു സ്വകാര്യ ശാസ്ത്രസമിതിയാണ് നോർവെയിലെ ആദ്യത്തെ അക്കാദമി. 1857-ലാണ് ഓസ്ളോ കേന്ദ്രമാക്കി ഒരു ദേശീയ അക്കാദമി സ്ഥാപിതമായത് (Norske Pidenskaps Academy i Oslo).[17]

ന്യൂസിലൻഡ്

[തിരുത്തുക]

രണ്ടു ശാഖകളായി പ്രവർത്തിക്കുന്ന ഒരു റോയൽ സൊസൈറ്റിയാണ് ന്യൂസിലൻഡിലെ ദേശീയ അക്കാദമി: 1862-ൽ കാന്റർബറിയിൽ സ്ഥാപിച്ച തത്ത്വശാസ്ത്രസ്ഥാപനവും (Philosophical Institute), 1867-ൽ വെല്ലിങ്ടണിൽ ഉദ്ഘാടിതമായ തത്ത്വശാസ്ത്ര സമിതിയും (Philosophical Society).[18]

പോർച്ചുഗൽ

[തിരുത്തുക]

1779-ൽ ലിസ്ബണിൽ ഉടലെടുത്ത ദേശീയ അക്കാദമിയിൽ (Academia das Ciencias de Lisdoa) പോർച്ചുഗലിന് വെളിയിൽ ബ്രസീൽ തുടങ്ങിയ പല രാഷ്ട്രങ്ങളിലെയും പണ്ഡിതന്മാർ അംഗങ്ങളാണ്. നേരത്തെ (1720) ആരംഭിച്ചിരുന്ന ചരിത്ര അക്കാദമി (Academia Real da Historia portuguesa) കുറേക്കാലം പ്രവർത്തനരഹിതമായി കിടന്നതിനുശേഷം 1936-ൽ പുതിയപേരിൽ (Academia porguesa da historian ) പുനരുദ്ധരിക്കപ്പെടുകയുണ്ടായി.[19]

പോളണ്ട്

[തിരുത്തുക]

ശാസ്ത്രത്തിന്റെ സുഹൃത്തുക്കൾ (Towarzy-stwo Przyjaciol Nauk) എന്ന പേരിൽ 1800-ൽ വാഴ്സായിൽ സ്ഥാപിതമായ പഠനസംഘമാണ് പോളിഷ് ദേശീയ അക്കാദമിയുടെ പ്രാഗ്രൂപം. 1816-ൽ ക്രാക്കോവിൽ ഇതിന്റെ ഒരു ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആസ്റ്റ്രിയൻ ഗവ. 1872-ൽ ഇതു പോളിഷ് ശാസ്ത്രസാഹിത്യ അക്കാദമിയായി (Polska Akademja Umiejetnosci) പുനഃസംഘടിപ്പിച്ചു. പിന്നീട് (1951) ഇത് മറ്റൊരു പേരിൽ അറിയപ്പെടാൻ തുടങ്ങി (Polska Akademja Nauk).[20]

ഫിൻലൻഡ്

[തിരുത്തുക]

ഫിന്നിഷ് ശാസ്ത്ര അക്കാദമി (Soumalainen Tiedeakatemir) 1908-ൽ രൂപംകൊണ്ടു. എന്നാൽ ഒരു ശാസ്ത്രപഠനസമിതി (Societas Scientiarium Fennica) 1838 മുതൽ മുടങ്ങാതെ ഒരു വാർഷികഗ്രന്ഥം (Year Book) പ്രസിദ്ധീകരിച്ചു വന്നിരുന്നു.[21]

ഫ്രാൻസ്

[തിരുത്തുക]

നേരത്തെ ഫ്രാൻസിലുണ്ടായിരുന്ന പണ്ഡിത സഹൃദയസമിതികളെല്ലാംതന്നെ 1793-ൽ കൂടിയ 'കൺവെൻഷനി'ൽ (The convention)നിരോധിക്കപ്പെട്ടിരുന്നു. 1795-ൽ സംഘടിപ്പിക്കപ്പെട്ട ഒരു സ്ഥാപനം (Institute National) ഇതിന്റെ ചില പ്രവർത്തനങ്ങൾ പുനരുദ്ധരിക്കുകയുണ്ടായി. 1816-ൽ മുഖ്യ ഫ്രഞ്ച് ദേശീയ അക്കാദമികളെയെല്ലാം ഒരു പുതിയ സ്ഥാപനത്തിന്റെ (Institute de France) ഘടകങ്ങളായി പുനഃസംവിധാനം ചെയ്യപ്പെട്ടു. എന്നാൽ ഇതിനോട് സംയോജനം ചെയ്യപ്പെട്ടിട്ടില്ലാത്ത പല അക്കാദമികളും ഫ്രാൻസിന്റെ മിക്ക പ്രാദേശിക കേന്ദ്രങ്ങളിലും പ്രവർത്തനം നടത്തുന്നു. അതിലൊന്ന് (Acade-mie des Jeux Floraux) അതത് കാലങ്ങളിലുണ്ടാകുന്നതിൽ മികച്ച സാഹിത്യസൃഷ്ടികൾക്ക്, സ്വർണത്തിലും വെള്ളിയിലും നിർമിതമായ പുഷ്പങ്ങൾ സമ്മാനമായി നൽകിവരുന്നു.[22]

ബൽജിയം

[തിരുത്തുക]

1769-ൽ സാഹിത്യസംഘടനയായി രൂപംകൊണ്ട ഒരു സാംസ്കാരിക സ്ഥാപനം. സാഹിത്യം, കല, ശാസ്ത്രം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു അക്കാദമിയായി (Academie Royal des Science ,des letters etdes Beaux - Arts de Velgiqve) 1845-ൽ ഉയർത്തപ്പെട്ടു. പല ശാസ്ത്ര സാംസ്കാരിക ശിക്ഷണങ്ങൾക്കും വേണ്ടി പ്രത്യേകം നീക്കിവയ്ക്കപ്പെട്ട വേറെയും അക്കാദമികൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.[23]

ബ്രസീൽ

[തിരുത്തുക]

1896-ലാണ് ഇവിടെ ആദ്യമായി ഒരു അക്കാദമി സ്ഥാപിതമായത് (Academia Brasileira de Letras). ഇപ്പോൾ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും പ്രത്യേകം അക്കാദമികളുണ്ട്.[24]

ബ്രിട്ടൻ

[തിരുത്തുക]

ഗ്രേറ്റ് ബ്രിട്ടനിൽ (അവിടെയുള്ളതിനെ അനുകരിച്ച് അയർലൻഡിലും യു.എസ്സിലും ചില കോമൺവെൽത്ത് രാജ്യങ്ങളിലും) ഗവൺമെന്റിന്റെ ആഭിമുഖ്യത്തിലുള്ള അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും കുറവാണ്. മതം, ശാസ്ത്രം, സാഹിത്യം, സുകുമാരകലകൾ തുടങ്ങിയ സാംസ്കാരിക വിഷയങ്ങൾ സ്വകാര്യ സംരംഭങ്ങളുടെ സ്വച്ഛന്ദാനുസന്ധാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന പതിവാണ് ഈ രാജ്യങ്ങളിൽ പ്രായേണ കണ്ടുവരിക. ഇംഗ്ളണ്ടിൽ ജയിംസ് ഒന്നാമന്റെ വാഴ്ചക്കാലത്ത് (1603-25) അറിവ് വർദ്ധിപ്പിക്കാൻ (For the Promotion of knowledge ) വേണ്ടി ഉടലെടുത്ത ഒരു സ്ഥാപനം ആ രാജാവിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ആരംഭിച്ചത് (King Jame's Academie or College of Honour).[25] പിന്നീടത് കുറേക്കാലം 'ബ്രിട്ടിഷ് അക്കാദമി' എന്നും 1662 മുതൽ 'റോയൽ അക്കാദമി' എന്നും ഉള്ള പേരുകളിൽ പ്രസിദ്ധമായിത്തീർന്നു. സ്പാൾഡിങ്ങിലെ 'മാന്യന്മാരുടെ സമിതി' (Gentlemen's Society of Spalding, 1710), 'രാജകീയ കലാസമിതി' (Royal Soceity of Arts , 1754), 'ചാന്ദ്രസമിതി' (Lunar Soceity, 1768), ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ (Royal Institution of Grate Briton, 1799) എന്നിവയാണ് ബ്രിട്ടനിലെ ഏറ്റവും പഴക്കംചെന്ന അക്കാദമികൾ. സ്കോട്ട്ലൻഡിലും (Royal Society of edinburgh, 1739) അയർലൻഡിലും (Royal dublin Society , 1731) ഇത്തരം സ്ഥാപനങ്ങൾ വളരെ നേരത്തെതന്നെ രൂപംകൊള്ളാൻ തുടങ്ങിയിരുന്നു.[26]

ബ്രിട്ടനിലെ മുഖ്യ അക്കാദമികൾ പലതും അമൂല്യവും കനപ്പെട്ടതുമായ കൃതികളുടെ ആയിരക്കണക്കിന് വാല്യങ്ങൾ പണ്ഡിതന്മാരെക്കൊണ്ട് തയ്യാറാക്കിച്ച് പ്രസിദ്ധീകരിച്ചുവരുന്നു.

മെക്സിക്കോ

[തിരുത്തുക]

സ്പെയിനിൽ ഓരോ കാലത്ത് രൂപംകൊണ്ട അക്കാദമികൾക്ക് സമാന്തരമായി മെക്സിക്കോയിലും ഇത്തരം സ്ഥാപനങ്ങൾ സംഘടിപ്പിക്കപ്പെട്ടുവന്നു. ഇവയിൽ ഏറ്റവും പഴക്കം ചെന്നത് 1875-ൽ ആരംഭിക്കപ്പെട്ട ഒന്നാണ് (Academia Mexicana Correspondiente de la Real Espanola).[27]

അവിഭക്ത യൂഗോസ്ളേവിയ

[തിരുത്തുക]

ഇറ്റാലിയൻ നവോത്ഥാനത്തിന്റെ അതിപ്രസരം 16-ാ ശ.-ത്തിൽതന്നെ യൂഗോസ്ലാവിയയിൽ അലയടിച്ചു തുടങ്ങിയിരുന്നു. അക്കാലത്തുതന്നെ ഡാൽമേഷ്യ, ഇസ്ത്രീയ എന്നിവടങ്ങളിൽ 'അക്കാദമി' എന്ന പേരിൽ തന്നെ സാംസ്കാരിക സ്ഥാപനങ്ങൾ രൂപംകൊള്ളാൻ തുടങ്ങി. (ഉദാ. Accademia dei Concor di at Duvrounik). സ്ളോവേനിയ, സാഗ്രേബ്, സെർബിയ, ബൽഗ്രേഡ് തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ അക്കാദമികൾ സ്ഥാപിതമാകാൻ പിന്നെ അധികകാലം വേണ്ടിവന്നില്ല. ആധുനികകാലത്ത് തിരക്കേറിയ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന മൂന്ന് അക്കാദമികളാണ് യൂഗോസ്ളേവിയയിലുള്ളത്. (Srpska Akademija Nuauka,1886; Akademija Znanosti i Umetnosti 1867; 1921-ൽ സ്ഥാപിതമായതും, 1938-ൽ പുനഃസംഘടിപ്പിക്കപ്പെട്ടതും ആയ Slovenska Akademija Znanosti in Umetnosti)[28]

യു.എസ്.എ

[തിരുത്തുക]

അമേരിക്കയിലെ ബ്രിട്ടിഷ് തോട്ടങ്ങൾക്കിടയിൽ പ്രയോജനകരമായ വിജ്ഞാനം വർദ്ധിപ്പിക്കാനുള്ള ഒരു നിർദ്ദേശം' എന്ന ശീർഷകത്തിൽ ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചുകൊണ്ട് 1743-ൽ ബഞ്ചമിൻ ഫ്രാങ്ക്ളിൻ രൂപം നൽകിയ സമിതിയാണ് ഐക്യനാടുകളിലെ ആദ്യത്തെ അക്കാദമിയെന്നു പറയാം. ഇതിന്റെ ആദ്യത്തെ കാര്യദർശിയായിരുന്ന ഫ്രാങ്ക്ളിൻ തന്നെ 1769 മുതൽ മരണംവരെ അതിന്റെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. വാർഷികസമ്മേളനങ്ങൾ കൂടുകയും ആനുകാലിക പ്രസിദ്ധീകരണങ്ങൾ പുറത്തുവിടുകയും ചെയ്യുന്ന കർത്തവ്യം ഇതു മുടങ്ങാതെ നടത്തി. 1780-ൽ കലകൾക്കും ശാസ്ത്രങ്ങൾക്കും വേണ്ടിയുള്ള ഒരു അക്കാദമി ബോസ്റ്റണിൽ സ്ഥാപിതമായി.

ജനങ്ങളുടെ ഇടയിൽ വിജ്ഞാനത്തിന്റെ വികസനത്തിനും വിതരണത്തിനുമായി' സ്മിത്സോണിയൻ സ്ഥാപനം (Smithsonian Institute) വാഷിങ്ടണിൽ നിർമ്മിക്കുന്നതിനായി അമേരിക്കൻ ഐക്യനാടുകൾക്ക് തന്റെ സമ്പത്ത് മുഴുവൻ ദാനം ചെയ്ത ജയിംസ് സ്മിത്സൺ (1765-1829) എന്ന ഇംഗ്ളീഷ് ശാസ്ത്രജ്ഞനും അമേരിക്കൻ അക്കാദമികളുടെ വളർച്ചയ്ക്ക് കാര്യമായ സംഭാവനയാണ് ചെയ്തത്.[29] വിൽപത്രപ്രകാരമുള്ള ഇദ്ദേഹത്തിന്റെ സ്വത്ത് സ്വർണനാണയങ്ങളായി 1,04,960 പവൻ (എട്ടര ഷില്ലിങ്ങ്) വരുമായിരുന്നു. 1846-ൽ ഇതിന്റെ പണി ആരംഭിച്ചു.

ഫിലഡൽഫിയയിലെ പ്രകൃതിശാസ്ത്ര അക്കാദമി (1812), ന്യൂയോർക്കിലെ ശാസ്ത്ര അക്കാദമി (1817) എന്നിവ നേരത്തെതന്നെ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. അമേരിക്കയിൽ കലകൾക്കും ശാസ്ത്രങ്ങൾക്കുമല്ലാതെ രസതന്ത്രം, ഭൌതികം, വാനശാസ്ത്രം, ശൂന്യാകാശഗവേഷണം, ഉപവനസംരക്ഷണം (Horticulture), സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സൈനികതന്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ ശാഖകൾക്കും പ്രത്യേകം പ്രത്യേകം അക്കാദമികളുണ്ട്.

സി.ഐ.എസ്. (മുൻ സോവിയറ്റ് യൂണിയൻ)

[തിരുത്തുക]

പീറ്റർ ചക്രവർത്തി 1724-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ സ്ഥാപിച്ച ശാസ്ത്ര പഠനകേന്ദ്രം 1725-ൽ ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്റെ വിധവയായ കാതറൈൻ രാജ്ഞിയായിരുന്നു (Rossiy-skaya Akademia Nauk). 1934-ൽ ഇതിന്റെ ആസ്ഥാനം മോസ്കോയിലേക്ക് മാറ്റി. സോവിയറ്റ് യൂണിയനിൽ പെട്ടിരുന്ന എല്ലാ അംഗരാജ്യങ്ങളിലും ഇതിന്റെ വിവിധ വിഭാഗങ്ങളുടെ ശാഖാസ്ഥാപനങ്ങളുണ്ട്. പഠനഗവേഷണങ്ങളിൽ നിസ്തന്ദ്രമായ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ വിജ്ഞാനപീഠങ്ങൾ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ അറിവു വ്യാപിപ്പിക്കുന്നതിൽ തത്പരരാണ്.

രണ്ടാം ലോകയുദ്ധം അവസാനിച്ചതിനുശേഷം എല്ലാ പൂർവ യൂറോപ്യൻ കമ്യൂണിസ്റ്റു രാഷ്ട്രങ്ങളും പ്രവർത്തനങ്ങളുടെ നല്ലൊരു ഭാഗം വിജ്ഞാനാനുസന്ധാനത്തിനായി വിനിയോഗിച്ചുവരുന്നു.

സ്പെയിൻ

[തിരുത്തുക]

1575 മുതൽ സ്പെയിനിൽ ശാസ്ത്രപഠന സമിതികളുണ്ടായിത്തുടങ്ങി. എന്നാൽ പ്രാചീന കാലത്തുണ്ടായിരുന്ന അക്കാദമികളുടെ പ്രവർത്തനങ്ങൾ ആഭ്യന്തരയുദ്ധത്തിന്റെ (1936-39) ആരംഭത്തിൽ റിപ്പബ്ളിക്കൻ ഗവൺമെന്റ് നിരോധിക്കുകയുണ്ടായി. 1939-ൽ ഇവ ഒരു കേന്ദ്രത്തിന്റെ (Institute de Espana) കീഴിൽ പുനഃസംഘടിതമായി.

സ്വിറ്റ്സർലൻഡ്

[തിരുത്തുക]

മിക്ക സ്വിസ് പ്രവിശ്യ(Canton)കൾക്കും സ്വന്തമായ അക്കാദമികളുണ്ട്. കലകളുടെ പ്രോൽസാഹനത്തിനു വേണ്ടി ഒരു സ്വകാര്യവ്യക്തി ആരംഭിച്ച ഒരു സമിതിക്ക് (Societepour P' Avancement de Arts) 1776-ൽ ഗവൺമെന്റ് ഔദ്യോഗിക പദവി നല്കി. 1815-ൽ ഒരു പ്രകൃതിശാസ്ത്ര പഠനസമിതി സൂറിച്ചിൽ രൂപംകൊണ്ടു. (Schweizerische Nature Forschende Gesellschaft). 1946-ൽ സ്ഥാപിതമായ സ്വിസ് ദേശീയ അക്കാദമി (Societe Suisse des Sciences Morales) ചരിത്രം, തത്ത്വശാസ്ത്രം, ഭാഷാശാസ്ത്രം, സാമൂഹ്യശാസ്ത്രങ്ങൾ തുടങ്ങിയവയുടെ പഠനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു.

സ്വീഡൻ

[തിരുത്തുക]

ഏതാനും പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും കൂടി ഉപ്സാലായിൽ ആരംഭിച്ച (1710) ഒരു ശാസ്ത്രപഠന സമിതി വളരെവേഗം വികസിച്ചു. (1741)-ൽ സ്റ്റോക്ക്ഹോമിൽ രൂപംകൊണ്ട ഒരു സമിതിയുടെ (Kungliga Svenska Vetenskapsakademien) സ്ഥാപകൻമാരിൽ ഒരാൾ പ്രസിദ്ധ പ്രകൃതിശാസ്ത്രജ്ഞനായ കരോലസ് ലിനേയസ് (1707-78) ആയിരുന്നു.

കലാശാസ്ത്രാദികളുടെ പഠനങ്ങൾക്കുള്ള ഹംഗേറിയൻ അക്കാദമി (Magyar Manyos Akadenia) 1825-ൽ സ്ഥാപിതമായി.

അവലംബം

[തിരുത്തുക]
  1. http://wikimapia.org/7278430/Royal-Military-Academy Royal Military Academy
  2. http://www.academie-sciences.fr/ academie des sciences
  3. http://www.aal.edu.ar/ Academia Argentina de Letras
  4. http://www.oeaw.ac.at/english/home.html Archived 2007-04-03 at the Wayback Machine. Osterreichische Akademie der Wissenschaften
  5. http://www.eoas.info/biogs/A000831b.htm Philosophical Society of Australasia (1821 - 1850)
  6. http://www.lib.uwaterloo.ca/society/history/1780rasbln.html Archived 2010-09-23 at the Wayback Machine. Reale Accademia delle Scienze e Belle-Lettere di Napoli
  7. http://www.lib.uwaterloo.ca/society/history/1798ide.html Archived 2010-09-23 at the Wayback Machine. Institut d'Égypte
  8. http://www.islamicfinder.org/getitWorld.php?id=61306&lang= Fouad Lababidi Islamic Academy
  9. http://www.mla.gov.uk/ Archived 2008-05-16 at the Wayback Machine. Museums, Galleries,Archves Council
  10. http://www.utppublishing.com/product.php?productid=1608 Canadian Who's Who 2004
  11. http://www.uai-iua.org/english/projects/proj_9_en.asp Archived 2008-11-21 at the Wayback Machine. Akkademia Athenon
  12. http://en.academic.ru/dic.nsf/enwiki/4399804 Academia Chilena de la Lengua
  13. http://www.study-in-germany.de/english/2.6.42.html Archived 2009-04-28 at the Wayback Machine. Leibniz Association of German Research Institutes
  14. http://www.dkdm.dk/?sc_lang=en The Royal Danish Academy of Music
  15. http://www.royalsocietysa.org.za/ ROYAL SOCIETY OF SOUTH AFRICA (RSSA)
  16. http://www.lowcountriessculpture.org/mons08_en.pdf Archived 2008-08-27 at the Wayback Machine. Conference proposal - The Low Countries Sculpture Society
  17. http://www.dnva.no/ Internet Archive Search: creator:"Norske videnskaps-akademi i Oslo
  18. http://www.dmoz.org/Society/Philosophy/Organizations/ Archived 2010-08-22 at the Wayback Machine. Open Directory - Society: Philosophy: Organizations
  19. http://www.lib.uwaterloo.ca/society/history/1720arhp.html Archived 2010-09-23 at the Wayback Machine. Academia Real da História Portuguesa
  20. http://www.pan.pl/ Polska Akademja Nauk
  21. http://www.jstor.org/pss/713427 Societas Scientiarum Fennica
  22. http://jeux.floraux.free.fr/ Acade-mie des Jeux Floraux
  23. http://en.wikipedia.org/wiki/The_Royal_Academies_for_Science_and_the_Arts_of_Belgium The Royal Academies for Science and the Arts of Belgium
  24. http://www.academia.org.br/abl/cgi/cgilua.exe/sys/start.htm?sid=23 Academia Brasileira de Letras
  25. http://blogs.hoopsking.com/2009/07/lebron-james-academy-recap.html Archived 2015-05-09 at the Wayback Machine. King Jame's Academie or College of Honour
  26. http://www.royalsoced.org.uk/map/index.htm Royal Society of edinburgh, 1739)
  27. http://www.informador.com.mx/cultura/2010/193540/6/academia-mexicana-de-la-lengua-celebra-135-aniversario.htm Archived 2011-12-19 at the Wayback Machine. Academia Mexicana de la Lengua celebra 135 aniversario
  28. http://www.sazu.si/ slovenska akademija znanosti i umetnosti
  29. http://www.sil.si.edu/ Smithsonian Institute

പുറംകണ്ണികൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കാദമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കാദമി&oldid=3896734" എന്ന താളിൽനിന്ന് ശേഖരിച്ചത്