അങ്കഗണിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arithmetic tables for children, Lausanne, 1835

വാസ്തവിക ധനസംഖ്യകളെയും അവയുടെ പ്രയോഗത്തെയും പറ്റി പ്രതിപാദിക്കുന്ന ഗണിതശാഖയാണു അങ്കഗണിതം. ഗണിതശാസ്ത്രത്തിലെ ഏറ്റവും പഴക്കമേറിയതും അടിസ്ഥാനപരവുമായ ശാഖയാണിത്. അങ്കഗണിതത്തിന് അരിത്‌മെറ്റിക് (Arithmetic) എന്നാണ് ഇംഗ്ളീഷിലുള്ള പേര്. സംഖ്യയെന്നർഥമുള്ള അരിത്മോസ് എന്ന ഗ്രീക്കുപദത്തിന്റെ തദ്ഭവമാണ് അരിത്‌മെറ്റിക്.

ബീജഗണിതത്തിന്റെ മുന്നോടിയായ അങ്കഗണിതത്തിൽ അമൂർത്തമായ സങ്കല്പങ്ങൾ ഏറെയില്ല. മനുഷ്യസംസ്കാരത്തിന്റെ ആവശ്യങ്ങളനുസരിച്ച് വികസിച്ച ഈ ഗണിതശാഖ നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായ ഒന്നാണ് . ആടുമാടുകളുടെയും ആയുധങ്ങളുടെയും എണ്ണം തിട്ടപ്പെടുത്താൻ പ്രാചീനമനുഷ്യന് കഴിഞ്ഞിരുന്നില്ല. സംഖ്യാസമ്പ്രദായം അവന് അപരിചിതമായിരുന്നു. ഓരോന്നിനും ഓരോ കല്ല് പെറുക്കി സൂക്ഷിച്ചായിരുന്നിരിക്കണം (ഒന്നിനൊന്ന് അനുയോഗമായി) പ്രാചീനമനുഷ്യൻ ആടുമാടുകളുടെയും ആയുധങ്ങളുടെയും എണ്ണം തിട്ടപ്പെടുത്തിയിരുന്നത് . ചെറിയവരകൾ ഉപയോഗിച്ചും കൈവിരലുകളിൾ എണ്ണിയും ഇന്നത്തെ രീതിയിലേക്ക് ആ ഗണനസമ്പ്രദായം പരിഷ്കരിക്കപ്പെട്ടു.

അങ്കഗണിതത്തിൽ മൗലികമായി നാലു ക്രിയകളുണ്ട്: കൂട്ടൽ (സങ്കലനം), കുറയ്ക്കൽ (കിഴിക്കൽ, വ്യവകലനം), ഗുണിക്കൽ (പെരുക്കൽ, ഗുണനം), ഹരിക്കൽ (ഹരണം). ഇവയുടെ പ്രയോഗം, ഘടകക്രിയ, ലഘുതമസാധാരണഗുണിതം (ലസാഗു), ഉത്തമസാധാരണഘടകം (ഉസാഘ) എന്നിവയും ഭിന്നകങ്ങളുടെ പ്രയോഗം, അനുപാതം, ത്രൈരാശികം, മാനനിർണയം, വ്യാവസായികഗണിതം, ശതമാനം, പലിശ, സ്റ്റോക് നിക്ഷേപങ്ങൾ, ബിൽ ഡിസ് ക്കൗണ്ട് -- എന്നീ പ്രായോഗികപ്രാധാന്യമുള്ള വിഷയങ്ങളുമാണ് അങ്കഗണിതത്തിൽ പ്രതിപാദിക്കുന്നത്.

വ്യാവസായികകാര്യങ്ങളിൽ ഇടപെടാനായി വേണ്ടത്ര ഗണിത പരിശീലനം കിട്ടുന്നതിനും യുക്തിപരീക്ഷണമെന്ന നിലയിൽ മാനസികമായ അച്ചടക്കമുണ്ടാകുന്നതിനും അങ്കഗണിതം ആവശ്യമാണ്. ഗുണനപ്പട്ടിക ഹൃദിസ്ഥമാക്കുന്നതുകൊണ്ട് നിത്യോപയോഗമുള്ള കണക്കുകൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും.

ഗണിതചിഹ്നങ്ങളുടെ കണ്ടുപിടിത്തം[തിരുത്തുക]

അങ്കഗണിതത്തിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ് +, -, x, ÷ എന്നിവ. ഇവ യഥാക്രമം കൂട്ടൽ, കുറയ്ക്കൽ, ഗുണിക്കൽ, ഹരിക്കൽ എന്നീ ഗണിതക്രിയകളെ സൂചിപ്പിക്കുന്നു. '+' എന്ന സങ്കലനചിഹ്നവും '-' എന്ന വ്യവകലനചിഹ്നവും ജോഹാൻ വിഡ്മാൻ എന്ന ഗണിതശാസ്ത്രജ്ഞൻ 1489-ൽ പ്രസിദ്ധം ചെയ്ത അങ്കഗണിതം (Arithmetic) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി അച്ചടിയിൽ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഇംഗ്ളീഷ് ഗണിതശാസ്ത്രജ്ഞനായ വില്യം ഔട്രഡ് (1574-1660) പ്രസിദ്ധപ്പെടുത്തിയ ക്ളാവിസ് മാത്തമാറ്റിക്ക (Clavis Mathematica, 1631) എന്ന ഗ്രന്ഥമാണ് 'x' എന്ന ഗുണനചിഹ്നം ഉൾക്കൊള്ളുന്ന അച്ചടിഗ്രന്ഥങ്ങളിൽ ഏറ്റവും പഴയതായി അറിയപ്പെടുന്നത്. 1668-ൽ ജോൺപെൽ (1610-1685) ലണ്ടനിൽ പ്രസിദ്ധംചെയ്ത ഒരു ഗ്രന്ഥത്തിലാണ് '÷' എന്ന ഹരണചിഹ്നം ആദ്യമായി പ്രയോഗിച്ചുകാണുന്നത്. '=' എന്ന സമചിഹ്നം ആദ്യമായി അച്ചടിച്ചുകണ്ടത് റോബർട്ട് റിക്കോർഡ് 1557-ൽ പ്രസിദ്ധം ചെയ്ത ആൾജിബ്ര എന്ന ഗ്രന്ഥത്തിലാണ്.

"https://ml.wikipedia.org/w/index.php?title=അങ്കഗണിതം&oldid=2157434" എന്ന താളിൽനിന്നു ശേഖരിച്ചത്