Jump to content

അക്ഷക്രീഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷങ്ങൾ (ചൂതുകൾ, പകിടകൾ, ചുക്കിണികൾ) എറിഞ്ഞുള്ള ഒരുതരം പന്തയക്കളിയാണ് അക്ഷക്രീഡ . ഇതിന് അക്ഷക്രിയയെന്നും ദ്യൂതക്രീഡയെന്നും പാശകക്രീഡയെന്നും പേരുണ്ട്. ദ്യൂതക്രീഡയുടെ ഭാഷാരൂപമാണ് ചൂതുകളി.

ചരിത്രം[തിരുത്തുക]

വിവിധ രൂപങ്ങളിൽ ഇന്നും നിലനില്ക്കുന്ന ഈ വിനോദം അതിപ്രാചീനകാലം മുതലേ പല രൂപങ്ങളിൽ ഈജിപ്ത്, മെസപ്പൊട്ടേമിയ, ഗ്രീസ്, റോം, ചൈന, വെസ്റ്റ് ഇൻഡീസ് മുതലായ രാജ്യങ്ങളിൽ നിലനിന്നിരുന്നു. ബി.സി. 2,000-നു മുമ്പുള്ള ചൂതുകൾ ഈജിപ്തിലെ ശവകുടീരങ്ങളിൽ നിന്നും, ബി.സി. 600-നു മുമ്പുള്ളവ ചൈനയിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഗ്രീക്കുകാർ ട്രോയി നഗരം പിടിച്ചടക്കിയശേഷം പാലാമിഡ് ഈ കളി കണ്ടുപിടിച്ചു എന്നു സോഫോക്ളിസ് പറയുന്നു. മതകർമങ്ങളോടു ബന്ധപ്പെട്ട ഭാഗ്യപരീക്ഷണങ്ങളിൽ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നും അഭിപ്രായമുണ്ട്.

പുരാണങ്ങളിൽ[തിരുത്തുക]

ഋഗ്വേദം 10-ാം മണ്ഡലം 134-ാം സൂക്തം അക്ഷക്രീഡയെപ്പറ്റി പ്രതിപാദിക്കുന്നു. ചൂതുകളി പൂർവകല്പത്തിൽപോലും ഉണ്ടായിരുന്നു എന്നു മനുസ്മൃതിയിലെ

എന്ന പദ്യവും വ്യക്തമാക്കുന്നു.

ഭാരതീയ പുരാണങ്ങളിൽ രാജാക്കൻമാരുടെ ഒരു വിനോദമായിട്ടാണ് ഇതിനേക്കുറിച്ചു പരാമർശിച്ചിട്ടുള്ളത്. അവർക്കുവേണ്ടി ബ്രഹ്മാവുണ്ടാക്കിയതാണത്രേ ഈ വിനോദം. 'ശങ്കരശ്ച പുരാദ്വതം - സസർജസുമനോഹരം' എന്നു ബ്രഹ്മപുരാണത്തിൽ പരാമർശമുണ്ട്. അക്ഷക്രീഡയിൽ ആസക്തി വർദ്ധിച്ചു സർവസ്വവും നഷ്ടപ്പെടുത്തിയ രാജാക്കൻമാരുടെ കഥകൾ പുരാണങ്ങളിൽ സുലഭമാണ്. നളന്റെയും ധർമപുത്രരുടെയും കഥകൾതന്നെ ഇതിനു മികച്ച ഉദാഹരണം. ദ്യൂതക്രീഡ, മദ്യപാനം, സ്ത്രീസേവ, ഹിംസ, ധനമോഹം എന്നിവയിൽ വ്യാപരിക്കുന്നവരിൽ കലി കുടികൊള്ളുന്നുവെന്ന് ഭാഗവതം സൂചിപ്പിക്കുന്നു. രാജാക്കൻമാർ അവശ്യം വർജ്ജിക്കേണ്ട സപ്തവ്യസനങ്ങളിൽ ഒന്നായിട്ടാണ് മഹാഭാരതത്തിൽ വിദുരർ അക്ഷക്രീഡയെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

രീതികൾ[തിരുത്തുക]

കളിയുടെ പ്രകാരഭേദം അനുസരിച്ച് ചൂതുകൾ പല ആകൃതിയിൽ ഉണ്ട്. പിരമിഡ്, പഞ്ചഭുജം, അഷ്ടഭുജം എന്നിവയുടെ ആകൃതിയിലുള്ള ചൂതുകളാണ് അമേരിന്ത്യർ ഉപയോഗിച്ചിരുന്നത്. ഈജിപ്തിൽനിന്നും കിട്ടിയിട്ടുള്ള ചൂതുകൾ ചതുരക്കട്ടയുടെ ആകൃതിയിലുള്ളവയാണ്. മോഹൻജൊ ദാരോയിൽനിന്നും ഹരപ്പായിൽനിന്നും കിട്ടിയിട്ടുള്ളവയിൽ ചിലതു പരന്നതാണ്. സാധാരണ ചൂതുകൾ ആറുവശങ്ങളുള്ള കട്ടകളാണ്. ഒന്നുമുതൽ ആറുവരെ കുത്തുകൾ ഈ വശങ്ങളിൽ അടയാളപ്പെടുത്തിയിരിക്കും. എതിർവശങ്ങളുടെ കുത്തുകളുടെ എണ്ണം ഏഴായിരിക്കത്തക്കവണ്ണം 1 v 6, 2 v 5, 3 v 4 എന്നിങ്ങനെയാണ് അടയാളപ്പെടുത്തുക. ചൂതുകളിയുടെ വകഭേദമായ പകിടകളിയിൽ രണ്ടറ്റം നീണ്ടുകൂർത്ത് നാലു പട്ടങ്ങളോടുകൂടിയ രണ്ടു കട്ടകൾ ഉപയോഗിക്കപ്പെടുന്നു. ഓരോന്നിന്റെയും വശങ്ങളിൽ 1, 3, 6, 4 എന്നീ ക്രമത്തിനു കുത്തുകൾ ഇട്ടിരിക്കും. ചൂതുകൾ തടികൊണ്ടും ദന്തംകൊണ്ടും മൃഗങ്ങളുടെ എല്ലുകൊണ്ടും ലോഹം കൊണ്ടും നിർമ്മിക്കപ്പെട്ടിരുന്നു. വൈദിക കാലത്തു താന്നിക്കുരുകൊണ്ടുള്ള ചൂതുകൾ ഉപയോഗിച്ചിരുന്നതായി ഋഗ്വേദത്തിൽ സൂചനയുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷക്രീഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്ഷക്രീഡ&oldid=2279705" എന്ന താളിൽനിന്ന് ശേഖരിച്ചത്