Jump to content

താരെ സമീൻ പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(താരെ സമീൻ പർ (ഹിന്ദി ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താരെ സമീൻ പർ
(ഭൂമിയിലെ താരങ്ങൾ)
താരെ സമീൻ പർ ന്റെ പരസ്യ ചിത്രം
സംവിധാനംആമിർഖാൻ
നിർമ്മാണംആമിർഖാൻ
രചനഅമോൽ ഗുപ്ത (also Creative Director)
അഭിനേതാക്കൾദർശീൽ സഫാരി
ആമിർഖാൻ
ടിസ്കോ ചോപ്ര
വിപിൻ ശർമ്മ
Sachet Engineer
Tanay Chheda
എം.കെ. റയ്ന
സംഗീതംശങ്കർ-എഹ്സാൻ-ലോയ്
ഗാനരചനപർസൂൻ ജോഷി
ഛായാഗ്രഹണംസേതു
ചിത്രസംയോജനംദീപ ഭാട്ട്യ (also concept and research)
വിതരണംഅമീർഖാൻ പ്രൊഡക്ഷൻസ് (India - film)
UTV Home Entertainment (India - DVD)
The Walt Disney Company (International - DVD)
റിലീസിങ് തീയതിDecember 21, 2007(Film)
July 25, 2008 (India DVD)
September 22, 2009 (International DVD)
രാജ്യംഇന്ത്യ
ഭാഷഹിന്ദി/ഇംഗ്ലീഷ്
ബജറ്റ്Rs. 12 crores
സമയദൈർഘ്യം140 min.
ആകെRs. 131 crores[1]

2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ' (ഹിന്ദി:तारे ज़मीन पर). ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്. പ്രസൂൺ ജോഷിയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശങ്കർ-എഹ്സാൻ-ലോയ് ത്രയമാണ്‌.

എട്ട് വയസ്സായ ഇഷാൻ (ദർശീൽ സഫാരി) എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം, പുതുതായി വന്ന നികുംഭ് (ആമിർ ഖാൻ) എന്ന അദ്ധ്യാപകൻ മനസ്സിലാക്കി പഠനവൈകല്യത്തിൽ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ 'താരെ സമീൻ പർ' എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.

വടക്കേ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഈ ചിത്രത്തിന്റെ വീഡിയോ വിതരണാവകാശം അന്തർദേശീയ സ്റ്റുഡിയോ ആയ വാൾട്ട് ഡിസ്‌നി കമ്പനി വാങ്ങുകയുണ്ടായി. ഒരു വിദേശ സ്റ്റുഡിയോ,ഭാരതത്തിൽ നിന്നുള്ള ഒരു ചലച്ചിത്രത്തിന്‌ ആദ്യമായാണ്‌ വീഡിയോ വിതരണാവകാശം വാങ്ങുന്നത്.

2008-ലെ ഏറ്റവും നല്ല സിനിമക്കുള്ള ഫിലിംഫെയർ പുരസ്കാരം താരെ സമീൻ പർ നേടി. കൂടാതെ ഡൽഹി സർക്കാർ ഈ ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കഥാസംഗ്രഹം

[തിരുത്തുക]

ഇഷാൻ നന്ദകിഷോർ അവസ്തി എന്ന എട്ടു വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂളിൽ പോകുന്നതും പഠിക്കുന്നതും എപ്പോഴും തീരെ അസുഖകരമായി അനുഭവപ്പെടുന്നു. എല്ലാ വിഷയങ്ങളും അവന്‌ ബുദ്ധിമുട്ട് നിറഞ്ഞതും, പരീക്ഷകളിലൊക്കെ അവൻ പരാജയപ്പെടുകയുമാണ്‌ . പന്ത് ഒരു നേ‌ർ‌വരയിലൂടെ എറിയുന്നത് പോലുള്ള സാധാരണ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ഇഷാന്‌ പിഴക്കുകയാണ്‌. എന്നാൽ അദ്ധ്യാപകരും ഇഷാന്റെ സഹപാഠികളും അവനെ മറ്റുള്ളവരുടെ കൂടെയെത്താനും പഠനകാര്യങ്ങളിൽ ശ്രദ്ധയുള്ളവനാക്കാനും ശ്രമിക്കുന്നതിന്‌ പകരം അവനെ കളിയാക്കാനും വേദനിപ്പിക്കാനുമാണ്‌ താത്പര്യം കാട്ടുന്നത്. അതേസമയം ഇഷാന്റെ സ്വകാര്യ ലോകം നിറങ്ങളുടെയും വരകളുടെയും മായാജാലം കൊണ്ട് സമ്പന്നമാണ്‌. മറ്റുള്ളവരാരും ഇഷാനെ ഇതിലൊന്നും അഭിനന്ദിക്കുന്നുമില്ല.

വീട്ടിലായാലും കാര്യം വ്യത്യസ്തമല്ല. അച്ഛനും അമ്മയും ഇഷാനെ കുറിച്ച് വലിയ പ്രതീക്ഷയാണ്‌. ഇഷാന്റെ മൂത്ത സഹോദരൻ മിടുക്കനും പഠനകാര്യത്തിൽ മാത്രമല്ല കായിക ഇനങ്ങളിലും മികവ് കാണിക്കുന്നവനാണ്‌. അതിനാൽ മാതാപിതാക്കൾ മൂത്തമകന്റെ മിടുക്കും ചുറുചുറുക്കും ഇഷാനെ ഇടക്കിടക്ക് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. സ്കൂളിലെ മോശം പ്രകടനം കാരണം മകനെ ബോർഡിംഗിൽ‍ ചേർത്ത് കൂടുതൽ അച്ചടക്കവും പഠനനിലവാരവും നൽകാൻ തീരുമാനിക്കുകയാണ്‌ മതാപിതാക്കൾ. എന്നാൽ ബോർഡിംഗ് സ്കൂളിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഭയവും നിരാശയും അതോടൊപ്പം രക്ഷിതാക്കളെ പിരിഞ്ഞ് നിൽക്കുന്നതും അവന്റെ കാര്യം കൂടുതൽ വഷളാക്കി.

ആ ഇടക്കാണ്‌ സ്കൂളിൽ താത്കാലികമായി പുതിയ കലാധ്യാപകൻ റാം ശങ്കർ നികുംഭ് എന്ന നികുംഭ് സർ(ആമിർ ഖാൻ) വരുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിൽ പ്രത്യേക ശൈലി സ്വീകരിക്കുന്നതിനാൽ നികുംഭ് പെട്ടെന്ന് തന്നെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സാർ ആയി മാറി. ക്ലാസിൽ സന്തോഷവാനല്ലാതെയും ഒന്നിലും പ്രതികരിക്കാതെയും ഇരിക്കുന്ന ഇഷാനെ നികുംഭ് സാർ ആദ്യമേ ശ്രദ്ധിച്ചിരുന്നു. ഇഷാന്റെ മുൻ ക്ലാസുകളിൽ ചെയ്ത വർക്കുകളും മറ്റും പരിശോധന നടത്താൻ ഇത് നികുംഭിനെ പ്രേരിപ്പിച്ചു. അതിൽ നിന്ന് മനസ്സിലായത് ഇഷാന്റെ ഈ പരാജയം ഡിസ്ലെക്സിയ എന്ന പഠന വൈകല്യത്തിന്റെ പ്രതിഫലനമാണ്‌ എന്നായിരുന്നു.

ഒരു ദിവസം നികുംഭ് ഇഷാന്റെ മതാപിതാക്കളെ സന്ദർശിച്ച് അവന്റെ ചിത്രരചനകളുടെ കൂടുതൽ ശേഖരം കാണുണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. നികുംഭ് ഇഷാന്റെ ചിത്രരചനകൾ‍ കണ്ട് അത്ഭുതപ്പെടുകയാണ്‌. ഇഷാൻ പ്രതിഭയുള്ള കുട്ടിയാണെന്നും പക്ഷേ അവന്റെ ബുദ്ധിയിൽ മറ്റുകുട്ടികളെപോലെയല്ല വിവരങ്ങളുടെ പ്രക്രിയ നടക്കുന്നതെന്നും വ്യത്യാസമുണ്ടെന്നും നികുംഭ് ഇഷാന്റെ രക്ഷിതാക്കളെ പറഞ്ഞ് മനസ്സിലാക്കുന്നു.ഡിസ്ലെക്സിയ എന്നത് ബുദ്ധിക്കുറവുമായി ബന്ധപ്പെട്ടതെല്ലന്നും അത് ഞരമ്പ് സംബന്ധമായ ഒരു പ്രത്യേക അവസ്ഥയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇഷാന്റെ പഠന വിജയത്തിനായി പ്രത്യേക ട്യൂഷൻ നൽകാൻ ഒരുക്കമാണെന്ന് നികുംഭ് രക്ഷിതാക്കളെ അറിയിക്കുന്നു. മകന്റെ പ്രശ്നം എന്താണെന്നുള്ളത് ഒരു ഉദാഹരണത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു പെട്ടിക്ക് മുകളിലായി എഴുതിയിട്ടുള്ള ജപ്പാൻ ഭാഷയിലുള്ള വാചകം വായിക്കാൻ ഇഷാന്റെ അച്ഛനോട് നികുംഭ് ആവശ്യപ്പെടുന്നു. തനിക്ക് അത് വായിക്കാൻ കഴിയില്ല എന്ന് പറയുന്ന ഇഷാൻറെ അച്ഛൻ നന്ദ കിഷോറിനെ (വിപിൻ ശർമ്മ) ‍കളിയാക്കുകയാണ്‌ നികുംഭ്. ഇതേ സാഹചര്യമാണ്‌ നിങ്ങളുടെ മകൻ ഓരോ ദിവസവും അനുഭവിക്കുന്നതെന്നും നികുംഭ് ബോധ്യപ്പെടുത്തുന്നു.

ഒരു ദിവസം നികുംഭ് ക്ലാസിൽ ഡിസ്ലെക്സിയ എന്ന വിഷയം വിശദീകരിക്കുകയും ഡിസ്ലെക്സിയ ബാധിച്ച പ്രഗല്ഭരായ ചില ആളുകളുടെ ലിസ്റ്റ് കുട്ടികൾക്ക് നൽകുകയും ചെയ്തു. അവയിൽ ആൽബർട്ട് ഐൻസ്റ്റൈൻ, ലിയനാർഡോ ഡാ വിഞ്ചി, വാൾട്ട് ഡിസ്നി, അഗത ക്രിസ്റ്റി, തോമസ് ആൽ‌വ എഡിസൺ, പാബ്ലോ പിക്കാസോ എന്നിവർ ഉൾപ്പെടുന്നു. അന്ന് ക്ലാസ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോവുമ്പോൾ ഇഷാനെ പ്രത്യേകം വിളിച്ച് നിൽക്കാൻ‍ പറയുകയും താനും ഡിസ്‌ലക്സ്യയാണ്‌ അനുഭവിക്കുന്നതെന്നും ഇഷാനോട് പറയുന്നു. സ്കൂൾ പ്രിൻസിപ്പലിനേയും നികുംഭ് ഈ വിവരം അറിയിക്കുന്നു. പ്രിൻസിപ്പലിന്റെ അനുമതിയോടെ ഇഷാന്‌ പ്രത്യേക രീതികൾ (ഡിസ്‌ലക്സ്യയുടെ രംഗത്തുള്ളവർ വികസിപ്പിച്ച ടെക്‌നിക്) സ്വീകരിച്ച് പരിശീലനം നൽകുന്നു.അധികം വൈകാതെ ഇഷാൻ ഭാഷാപഠനത്തിലും ഗണിതത്തിലും താത്പര്യം കാണിക്കുകയും പഠന നിലവാരം മെച്ചപ്പെടുകയും ചെയ്തു. സ്കൂൾ വാർഷികത്തിൽ നികുംഭ് സർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ഒരു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.മത്സരത്തിന്റെ വിധികർത്താവ് ലളിത് ലജ്‌മിയായിരുന്നു.ആ മത്സരത്തിൽ ഇഷാൻ തന്റെ അപാരമായ രചനാ വൈഭവം കൊണ്ട് ഒന്നാംസ്ഥാനം നേടി.ഇഷാന്റെ ചിത്രം വരച്ച നികുംഭ് സർ ആയിരുന്നു മത്സരത്തിലെ രണ്ടാമനായി തിരഞെടുക്കപ്പെട്ടത്.

സ്കൂളിലെ അവസാന ദിനത്തിൽ നികുംഭ് സാറിനെ കണ്ട ഇഷാന്റെ രക്ഷിതാക്കൾക്ക് തങ്ങളുടെ മകനിലുണ്ടായ അപാരമായ മാറ്റത്തെ കുറിച്ച് പറയാൻ വാക്കുകളില്ലായിരുന്നു. ഇഷാനെ വായുവിലേക്ക് നികുംഭ് വാരിയെറിയുന്ന ഒരു ഫ്രീസ് ഫ്രൈം ഷോട്ടിലൂടെ ചിത്രത്തിന്റെ തിരശ്ശീല വീഴുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

പേരിന്‌ പിന്നിൽ

[തിരുത്തുക]

കുട്ടികളെയും അവരുടെ കഴിവിനെയും പ്രകീർത്തിക്കുന്ന ഒരു ചിത്രമെന്ന നിലക്കാണ്‌ ഈ ചിത്രത്തിന്‌, വളരെ ഭാവത്മകമായ ഈ പേര്‌ ('താരെ സമീൻ പർ'-ഭൂമിയിലെ താരങ്ങൾ) തിരഞ്ഞെടുത്തത് എന്ന് ആമിർഖാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

2009 ലെ ഓസ്കാർ നോമിനേഷൻ കിട്ടിയ ചിത്രമായിരുന്നു. പക്ഷേ ചിത്രം അവസാന ലിസ്റ്റിൽ ഇടം നേടിയില്ല. ചിത്രത്തിലെ സംഗീതത്തിന്റെ സ്വഭാവമാണ്‌ തള്ളപ്പെടാൻ കാരണമായതെന്ന് വിധികർത്താക്കളിലൊരാളായ കൃഷ്ണ ഷാ പിന്നീട് വ്യക്തമാക്കുകയുണ്ടായി.2008 ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ഫിലിഫെയർ പുരസ്കാരവും മറ്റു അഞ്ചോളം പുരസ്കാരങ്ങളും ഈ ചിത്രം നേടി.ഏറ്റവും നല്ല സം‌വിധായകനുള്ള പുരസ്കാരം ആമിർഖാൻ നേടുകയുണ്ടായി .കൂടാതെ ഇതിൽ സ്കൂൾ കുട്ടിയായി അഭിനയിച്ച ദർശീൽ സഫാരിക്ക് ഏറ്റവും നല്ല പ്രകടനത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു. 2007 ലെ ഏറ്റവും മികച്ച കുടുംബ ക്ഷേമ ചിത്രത്തിനുള്ള 55-ആമത് ദേശീയപുരസ്കാരവും ഈ ചിത്രം നേടുകയുണ്ടായി[2].

ഡിസ്‌ലക്സ്യ അസോസിയേഷനു വേണ്ടിയുള്ള പ്രദർശനം

[തിരുത്തുക]

2008 ഒക്‌ടോബർ 29 നു, ഇന്റർനാഷണൽ ഡിസ്‌ലക്സ്യ അസോസിയേഷനുവേണ്ടി അമേരിക്കയിലെ സിയാറ്റിലിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. അതിനെ കുറിച്ച് ആമിർ ഖാൻ‍ പറയുന്നു: "തന്റെ ചിത്രത്തെ കുറിച്ച് ഇന്ത്യക്കാരല്ലാത്ത പ്രേക്ഷകരുടെ പ്രതികരണമറിയാൻ തനിക്ക് ആകാംക്ഷയുണ്ടായിരുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ്‌ ചിത്രത്തിന്റെ പ്രദർശനമവസാനിച്ചത്. ചില പ്രേക്ഷകരുടെ കണ്ണുകളിൽ കണ്ണുനീര് കണ്ടപ്പോൾ ഞാൻ വികാരഭരിതനായി". ഇന്ത്യയിൽ എങ്ങനെയാണോ ഈ ചിത്രത്തിനുള്ള പ്രതികരണം ലഭിച്ചത് അതേ പ്രതികരണം തന്നെ ഇവിടെയും ലഭിച്ചു".

അവലംബം

[തിരുത്തുക]
  1. "It's films that matter at the box office, not stars: Aamir". Press Trust of India. Retrieved 2008-08-10.[പ്രവർത്തിക്കാത്ത കണ്ണി]
  2. ഹിന്ദു ഓൺലൈൻ Archived 2009-09-10 at the Wayback Machine. 07/09/2009 ന് ശേഖരിച്ചത്

പുറം കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താരെ_സമീൻ_പർ&oldid=3787016" എന്ന താളിൽനിന്ന് ശേഖരിച്ചത്