Jump to content

വെസ്റ്റൺ കാനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാന്തെ, ഹോമർ, വിർജിൽ എന്നിവർ റഫേലിന്റെ 'പർണാസ്സസ്' എന്ന രചനയിൽ

പാശ്ചാത്യപാരമ്പര്യത്തിലെ സാഹിത്യത്തിന്റേയും കലയുടേയും ഉദാത്തമാതൃകകളും പാശ്ചാത്യസംസ്കാരത്തിന്റെ വികാസത്തെ നിർണ്ണയിച്ചവയുമായ സാഹിത്യ-കലാസൃഷ്ടികളുടെ സാങ്കല്പികസംഹിതയാണ് വെസ്റ്റൺ കാനൻ (Western Canon) അല്ലെങ്കിൽ 'പാശ്ചാത്യസംഹിത'. കലാമികവിൽ മുന്തിനിൽക്കുന്ന സൃഷ്ടികളാണ് ഈ സംഹിതയുടെ ഭാഗമായി കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ നൈരന്തര്യത്തിലും "ഉപരിസംസ്കൃതി"-യുടെ വികാസത്തിലും ഈവിധമൊരു സംഹിത പ്രസക്തമായി കരുതപ്പെടുന്നു. മികച്ച സൃഷ്ടികളുടെ 'കാനൻ' എന്ന ആശയത്തെ കലയുടെ നിർവചനത്തിന് അടിസ്ഥാനമാക്കുന്നതു പോലും പതിവാണ്. സംഹിതയിലെ സൃഷ്ടികളുമായുള്ള താരതമ്യമാണ് ഒരു സൃഷ്ടിയുടെ കലാമൂല്യം നിർണ്ണയിക്കേണ്ടതെന്നോ, അതിലെ രചനകളെ അവഗണിക്കുന്ന ലാവണ്യനിയമങ്ങൾ അസാധുവാണെന്നോ ഉള്ള നിലപാടായി ഈ സമീപനത്തെ ലിയോ ടോൾസ്റ്റോയ് നിർവചിച്ചിട്ടുണ്ട്.[1]

വെസ്റ്റൺ കാനനെക്കുറിച്ച് അതേപേരിൽ എഴുതിയ പ്രസിദ്ധരചനയിൽ ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യവിമർശകനായ ഹാരോൾഡ് ബ്ലൂം, സൗന്ദര്യസംവേദന ധാർമ്മികവും രാജനൈതികവുമായ പരിഗണനകളിൽ നിന്നു സ്വതന്ത്രമാണെന്നും പാശ്ചാത്യകാനനിൽ ഇടംകാണാനുള്ള യോഗ്യത കലാപരമായ മൗലികത മാത്രമാണെന്നും വാദിക്കുന്നു. ഷേക്സ്പിയർ മുതൽ സാമുവൽ ബെക്കറ്റ് വരെ, ലാവണ്യത്തികവു സാധിച്ച 26 യൂറോപ്യൻ-അമേരിക്കൻ എഴുത്തുകാരുടെ ഒരു പട്ടികയിലൂടെ ബ്ലൂം ഈ നിലപാട് വിശദീകരിക്കുന്നു.[൧] പാശ്ചാത്യകലാപാരമ്പര്യത്തെ പുരാതനയുഗം മുതൻ മദ്ധ്യകാലം വരെയുള്ള 'ദൈവാധിപത്യയുഗം', ദാന്തെ മുതൽ ഗൈഥേ വരെയുള്ള 'പ്രഭുവാഴ്ചായുഗം', പത്തൊൻപതാം നൂറ്റാണ്ടിലെ 'ജനാധിപത്യയുഗം', ഇരുപതാം നൂറ്റാണ്ടിലെ 'അലങ്കോലയുഗം' (Chaotic age) എന്നിങ്ങനെ നാലു ഘട്ടങ്ങളായി തിരിക്കുന്ന സമഗ്രമായൊരു കാനനും ബ്ലൂം അവതരിപ്പിക്കുന്നു.[2]

കുറിപ്പുകൾ

[തിരുത്തുക]

^ ഷേക്സ്പിയർ, ദാന്തെ, ജെഫ്രി ചോസർ, മിഗയൂൽ സെർവാന്റെസ്, മൊണ്ടേയ്ൻ, മോള്യേർ, ജോൺ മിൽട്ടൺ, സാമുവൽ ജോൺസൺ, ഗൈഥേ, വില്യം വേഡ്‌സ്‌വർത്ത്‌, ജേൻ ഔസ്റ്റൻ, വാൾട്ട് വിറ്റ്മാൻ, എമിലി ഡിക്കിൻസൺ, ചാൾസ് ഡിക്കൻസ്, ജോർജ്ജ് ഇലിയറ്റ്, ഹെൻറിക് ഇബ്സൻ, ഫ്രോയിഡ്, മാർസെൽ പ്രൂസ്ത്, ജെയിംസ് ജോയ്സ്, വിർജിനിയ വുൾഫ്, ഫ്രാൻസ് കാഫ്ക ഹോർഹെ ലൂയി ബോർഹെ, പാബ്ലോ നെരൂദ, ഫെർനാൻഡോ പെസോവാ, സാമുവൽ ബെക്കറ്റ് എന്നിവരാണ് ബ്ലൂമിന്റെ പട്ടികയിലെ 26 പേർ.

അവലംബം

[തിരുത്തുക]
  1. ലിയോ ടോൾസ്റ്റോയ് (1898) What is Art?, p.164
  2. "സ്റ്റാൻഫോർഡ് പ്രെസിഡൻഷ്യൻ ലെക്ചേഴ്സ് ആൻഡ് സിമ്പോസിയാ ഇൻ ഹ്യുമാനിറ്റീസ് ആൻഡ് ആർട്ട്സ്" ദ വെസ്റ്റൺ കാനൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെസ്റ്റൺ_കാനൻ&oldid=1879546" എന്ന താളിൽനിന്ന് ശേഖരിച്ചത്