എമിലി ഡിക്കിൻസൺ
എമിലി ഡിക്കിൻസൺ | |
---|---|
ജനനം | Emily Elizabeth Dickinson ഡിസംബർ 10, 1830 Amherst, Massachusetts, US |
മരണം | മേയ് 15, 1886 Amherst, Massachusetts, US | (പ്രായം 55)
തൊഴിൽ | Poet |
പഠിച്ച വിദ്യാലയം | Mount Holyoke Female Seminary |
ശ്രദ്ധേയമായ രചന(കൾ) | List of Emily Dickinson poems |
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അമേരിക്കൻ കവയിത്രി ആയിരുന്നു എമിലി ഡിക്കിൻസൺ (ജീവിതകാലം:1830 ഡിസംബർ 10 – 1886 മേയ് 15). 1800-നടുത്ത് കവിതകൾ എഴുതിയ അവരുടെ ഏഴു കവിതകൾ മാത്രമാണ് ജീവിതകാലത്ത് വെളിച്ചം കണ്ടത്. മരണവും അമർത്ത്യതയും കവിതയിൽ അവരുടെ ഇഷ്ടപ്രമേയങ്ങളായിരുന്നു. എമിലിയുടെ മരണശേഷം 1890-ൽ കുടുംബാംഗങ്ങൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ച കവിതകൾക്ക് ഏറെ ആസ്വാദകരുണ്ടായി. എങ്കിലും ആ കവിതകൾ അവയുടെ മൂലപാഠത്തിലെ സവിശേഷമായ വിരാമാദിചിഹ്നങ്ങളും (punctuations) വർണ്ണനിഷ്ഠകളുമായി (capitalization) ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് തോമസ് ജോൺസന്റെ 1955-ലെ പതിപ്പിലാണ്.[2]
മസാച്യുസെറ്റ്സിലെ ആംഹെർസ്റ്റിൽ, വിപുലമായ സാമൂഹ്യ-രാഷ്ട്രീയ ബന്ധങ്ങൾക്കു പേരുകേട്ട ഒരു പ്രതിഷ്ഠിതകുടുംബത്തിലായിരുന്നു എമിലി ഡിക്കിൻസന്റെ ജനനം. ആംഹെർസ്റ്റ് അക്കാദമിയിൽ ഏഴുവർഷത്തെ അദ്ധ്യയനത്തിനൊടുവിൽ, യുവതികൾക്കുവേണ്ടിയുള്ള മൗണ്ട് ഹോളി ഓക്ക് സെമിനാരിയിൽ ചേർന്ന അവർ, കഷ്ടിച്ച് ഒരു വർഷത്തിനു ശേഷം വ്യക്തമല്ലാത്ത കാരണങ്ങളാൽ വീട്ടിലേയ്ക്കു മടങ്ങി. തുടർന്ന് അന്തർമുഖിയായി ഒറ്റപ്പെട്ട ജീവിതമാണ് അവർ മിക്കവാറും നയിച്ചത്. അതിഥികളെ അഭിമുഖീകരിക്കാനുള്ള വൈമുഖ്യവും ശുഭ്രവസ്ത്രധാരണഭ്രമവും മൂലം അയൽക്കാരും മറ്റും വിചിത്രസ്വഭാവക്കാരിയായി കണക്കാക്കിയ എമിലിയുടെ ജീവിതം ക്രമേണ സ്വന്തം മുറിയിൽ ഒതുങ്ങി. വായനയിലും കവിതാരചനയിലും അവർ സമയം പോക്കി. അവരുടെ സൗഹൃദങ്ങളധികവും കത്തുകളിലൂടെ ആയിരുന്നു.[3][4]
ഡിക്കിൻസന്റെ കവിതകളുടെ പ്രസിദ്ധീകരണത്തെ തുടർന്നുള്ള ഓരോ തലമുറയിലേയും ആസ്വാദകർ അവരെ പുതുതായി കണ്ടെത്തി. സ്വന്തം ഞരമ്പുരോഗങ്ങളെ കവിതയാക്കി മാറ്റിയ നാണക്കാരിപ്പെണ്ണെന്നും, സ്വയം തെരഞ്ഞെടുത്ത ഏകാന്തതയിൽ തനിക്കായൊരു ലോകം തീർത്ത് സ്ത്രീവിമോചനവാദികൾക്കു വഴിതെളിച്ചവളെന്നുമുള്ള തീവ്രപക്ഷങ്ങൾക്കിടയിൽ സാധ്യമായ വൈവിദ്ധ്യമത്രയും അവരുടെ വ്യക്തിത്വത്തിന്റെ വിലയിരുത്തലിൽ കാണാം. എങ്കിലും, ഡിക്കിൻസന്റെ കവിതകളുടെ അസാമാന്യമായ ഉജ്ജ്വലത പൊതുവേ സമ്മതിക്കപ്പെട്ടിരിക്കുന്നു.[2]
ജീവിതം
[തിരുത്തുക]പശ്ചാത്തലം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്നുള്ള പ്യൂരിറ്റൻ കുടിയേറ്റത്തിന്റെ ഭാഗമായി അമേരിക്കയിൽ എത്തിയവരായിരുന്നു എമിലി ഡിക്കിൻസന്റെ പിതാവിന്റെ പൂർവികർ. അവിടെ അവർ അഭിവൃദ്ധിനേടി. എമിലിയുടെ മുത്തച്ഛൻ സാമുവൽ ഡിക്കിൻസൺ മിക്കവാറും ഒറ്റയ്ക്ക് സ്ഥാപിച്ചതാണ് മസാച്യുസെറ്റ്സിൽ ആംഹെർസ്റ്റിലെ കലാലയം.[6] വക്കീലായിരുന്ന അദ്ദേഹം 1813-ൽ നഗരത്തിലെ മുഖ്യതെരുവിനോടു ചേർന്നു പണികഴിപ്പിച്ച മാളിക അടുത്ത ഒരു നൂറ്റാണ്ടു കാലത്തേയ്ക്ക് ഡിക്കിൻസന്മാരുടെ കുടുംബവീടായി. അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു. ആംഹെർസ്റ്റ് കലാലയത്തിലും യേൽ സർവകലാശാലയിലും പഠിച്ച എഡ്വേർഡ് നാട്ടിൽ തിരിച്ചുവന്ന് പിതാവിനൊപ്പം വക്കീൽപ്പണിയിൽ ചേർന്നു. ആംഹെർസ്റ്റ് കലാലയത്തിന്റെ ഖജാൻജിയുടെ പദവി നാല്പതു വർഷം വഹിച്ച അദ്ദേഹം സംസ്ഥാനനിയമസഭയിൽ പലവട്ടം അംഗമായിരിക്കുകയും അമേരിക്കൻ കോൺഗ്രസിൽ ഹാംപ്ഷയർ ജില്ലയെ ഒരു തവണ പ്രതിനിധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിനും പത്നി എമിലി നോർക്രോസിനും ജനിച്ച മൂന്നു മക്കളിൽ രണ്ടാമത്തവളായിരുന്നു എമിലി ഡിക്കിൻസൺ. രണ്ടു വയസ്സിനു മൂത്ത ജ്യേഷ്ഠൻ വില്യം ഓസ്റ്റിനും മൂന്നു വയസ്സിളപ്പമുള്ള അനുജത്തി ലവീനിയ നോർക്രോസ്സും ആയിരുന്നു എമിലിയുടെ സഹോദരങ്ങൾ.[7]
എമിലിയുടെ കർമ്മകുശലനായ പിതാവ്, പൊതുപ്രവർത്തകനായിരിക്കുന്നതിൽ അഭിമാനം കൊണ്ടു. കലാലയത്തിലെ ഖജാൻജി സ്ഥാനത്തിനും സാമാജികസ്ഥാനത്തിനും പുറമേ അദ്ദേഹം അഗ്നിശമനസമിതിയുടെ കാര്യദർശി, കന്നുകാലിപ്രദർശനത്തിന്റെ അദ്ധ്യക്ഷൻ എന്നീ പദവികളും വഹിച്ചു. എമിലിയുടെ അമ്മയെക്കുറിച്ച് താരതമ്യേന കുറച്ചു വിവരങ്ങൾ മാത്രമാണ് ലഭ്യമായുള്ളത്. ഉദ്ധതനായ ഭർത്താവിന്റെ ദുർബ്ബലയായ പത്നി ആയിരുന്നു അവരെന്നാണ് ഒരു വീക്ഷണം. എന്നാൽ അവരുടെ നിലവിലുള്ള ചില കത്തുകൾ വ്യത്യസ്തമായൊരു ചിത്രം തരുന്നു. എമിലി ഡിക്കിൻസൻ തന്നെ സുഹൃത്ത് തോമസ് വെന്റ്വർത്ത് ഹിഗിൻസിനെഴുതിയ ഒരു കത്തിലാകട്ടെ മാതാപിതാക്കൾ ഇരുവരേയും അത്ര അനുകൂലഭാവത്തിലല്ലാതെ പരാമർശിക്കുന്നുണ്ട്. "എന്റെ അമ്മ ചിന്തിക്കാൻ മെനക്കെടാറില്ല. കേസുകെട്ടുകളുടെ തിരക്കിൽ പെട്ടുകിടക്കുന്ന അച്ഛനാണെങ്കിൽ ഞങ്ങളെ ശ്രദ്ധിക്കാൻ നേരവുമില്ല. അദ്ദേഹം എനിക്കു പുസ്തകങ്ങൾ വാങ്ങിത്തരുകയും അവ വായിക്കരുതെന്ന് എന്നോട് കെഞ്ചിപ്പറയുകയും ചെയ്യുന്നു. അവ മനസ്സിനെ കലുഷമാക്കും[൧] എന്നാണ് അദ്ദേഹത്തിന്റെ പേടി" എന്ന് അവർ എഴുതി.[3]
വിദ്യാഭ്യാസം
[തിരുത്തുക]അക്കാദമി
[തിരുത്തുക]
കുഞ്ഞു കുട്ടിയായിരുന്നപ്പോൾ അടങ്ങിയിരിപ്പ്! They shut me up in Prose – Still! Could themself have peeped – |
എമിലി ഡിക്കിൻസൺ,1862-നടുത്ത് എഴുതിയത്[8] |
സഹോദരങ്ങൾക്കൊപ്പം ആംഹെർസ്റ്റിലെ ഒറ്റമുറിപ്പള്ളിക്കൂടത്തിലായിരുന്നു എമിലിയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കം. തുടർന്ന് അവർ, ആംഹെർസ്റ്റ് കലാലയത്തിനും മുൻപ് സ്ഥാപിക്കപ്പെട്ട ആംഹെർസ്റ്റ് അക്കാദമി എന്ന സ്കൂളിൽ ചേർന്നു. പതിനഞ്ചു വയസ്സു വരെയുള്ള ഏഴു വർഷക്കാലം അവർ അവിടെ പഠിച്ചു. ഡിക്കിൻസന്റെ തന്നെ സാക്ഷ്യമനുസരിച്ച്, അവിടെ പഠനവിഷയങ്ങളും അദ്ധ്യാപകരും സഹപാഠികളും എല്ലാം അവരുടെ അഭിരുചിക്കിണങ്ങുന്നതായിരുന്നു. ആംഹെർസ്റ്റ് കലാലയവുമായി അക്കാദമിക്കുണ്ടായിരുന്ന അടുത്ത ബന്ധം മൂലം അവിടത്തെ വിദ്യാർത്ഥികൾക്ക് കലാലയത്തിലെ പ്രഭാഷണങ്ങൾ കേൾക്കാനും അവസരം കിട്ടി - ജ്യോതിശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലായിരുന്നു ആ പ്രഭാഷണങ്ങൾ. ഈ വിഷയസഞ്ചയത്തിന്റെ ശാസ്ത്രാഭിമുഖ്യം പ്രകൃതിനിരീക്ഷണത്തിലും ശാസ്ത്രത്തിലും എമിലിയ്ക്ക് താത്പര്യമുണ്ടാക്കി. എങ്കിലും ഭൗതികശാസ്ത്രത്തിന്റെ കൗതുകങ്ങളെ അവർ കണ്ണുമടച്ച് ശരിവച്ചില്ല. പ്രകൃതിയുടെ രഹസ്യങ്ങളെ ഒളിഞ്ഞുനോക്കാനുള്ള ശാസ്ത്രത്തിന്റെ പ്രവണതയെ ഒരു ആദ്യകാലകവിതയിൽ എമിലി വിമർശിക്കുന്നുണ്ട്. അതിൽ അവർ, "വനപുഷ്പത്തെ പറിച്ചെടുത്ത്, കേസരങ്ങളുടെ കണക്കു നോക്കി വർഗ്ഗീകരിക്കുന്നതിനെ" വിമർശിക്കുന്നു.[3][൨] അതേസമയം സസ്യശാസ്ത്രപഠനം അവരെ ആഹ്ലാദിപ്പിച്ചു. സ്കൂൾ പഠനകാലത്ത് ബോട്ടണി പാഠപുസ്തകത്തെ ആശ്രയിച്ചു ഉത്സാഹപൂർവം സജ്ജീകരിച്ച ഹെർബേറിയം 66 പുറങ്ങളിലായി 424 അമർത്തിയ സസ്യമാതൃകകൾ(pressed specimens) ഉൾപ്പെട്ടിരുന്നു. ശിഷ്ടജീവിതം മുഴുവൻ അവർ സൂക്ഷിച്ച ആ ഹെർബേറിയം ഇന്നും സംരക്ഷിക്കപ്പെടുന്നു.[9]
ആംഹെർസ്റ്റ് അക്കാദമി വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്താൻ ശ്രമിച്ചെങ്കിലും ഒരു തരം അതിയാഥാസ്ഥിതിക സദാചാരസങ്കല്പവുമായി ചേർന്നു പോകുന്ന സാഹിത്യകൃതികൾ മാത്രമാണ് അവിടെ അവർക്കു വായിക്കാൻ അനുവാദമുണ്ടായിരുന്നത്. ജോൺ മിൽട്ടണും വില്യം ഷേക്സ്പിയറിനും പോലും അവിടെ വിലക്കുകളുണ്ടായിരുന്നു. എങ്കിലും അക്കാദമിയിൽ പഠിച്ച ഏഴുവർഷക്കാലം എമിലിയുടെ കവനശേഷിയുടെ വളർച്ചയെ സഹായിച്ചു. പെൺകുട്ടികൾക്ക് പൊതുവേ കുറച്ച് അവസരങ്ങൾ മാത്രം കിട്ടിയിരുന്ന അക്കാലത്ത് അക്കാദമിയിൽ ചെലവഴിച്ച വർഷങ്ങൾ എമിലിയ്ക്ക് താരതമ്യേനയുള്ള സ്വാതന്ത്ര്യത്തിന്റേയും ബുദ്ധിപരമായ വെല്ലുവിളികളുടേയും കാലമായിരുന്നു. പിൽക്കാലജീവിതം മുഴുവൻ നിലനിന്ന ഒട്ടേറെ സൗഹൃദങ്ങൾ അവിടെ അവർ സമ്പാദിച്ചു. 1846-48-ൽ അക്കാദമിയിൽ പ്രധാനാദ്ധ്യാപകനായിരുന്ന ലിയൊനാർഡ് ഹംഫ്രിയെ, ഡിക്കിൻസൻ തന്റെ ആദ്യത്തെ ഗുരുവായി പരിഗണിച്ചു. തന്റെ സാഹിത്യകൗതുകം പങ്കിട്ടിരുന്ന ഹംഫ്രിയുടെ 1850-ലെ മരണം അവരെ ഏറെ ദുഃഖിപ്പിച്ചു.
സെമിനാരി
[തിരുത്തുക]
കണ്ണുകാണാവുന്ന മാന്യന്മാർക്കുതകും FAITH is a fine invention |
എമിലി ഡിക്കിൻസൺ[10] |
ആംഹെർസ്റ്റ് അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ ഡിക്കിൻസൺ, 1847-ൽ തുടർന്നുള്ള പഠനത്തിന് മൗണ്ട് ഹോളി ഓക്കിൽ യുവതികൾക്കായുള്ള സെമിനാരിയിൽ ചേർന്നു. ആംഹെർസ്റ്റ് ഉൾപ്പെടുന്ന അമേരിക്കയുടെ കിഴക്കൻ തീരത്തെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്ത് കാൽവിനിസ്റ്റ് ക്രിസ്തീയതയിൽ ഊന്നിയ ധാർമ്മിക ഉണർവിന്റെ കാലമായിരുന്നു അത്.[11] മേരി ലയോൺ എന്ന വനിത നയിച്ചിരുന്ന ഹോളി ഓക്ക് സെമിനാരി, കുട്ടികളുടെ മതവിശ്വാസത്തിന് ഏറെ പ്രാധാന്യം കല്പിച്ചിരുന്നു. ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം, പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു. വിദ്യാർത്ഥിനികൾ, വിശ്വാസത്തിൽ എവിടെ നിൽക്കുന്നുവെന്നറിയാനുള്ള വിലയിരുത്തലും അതിൽ ഉൾപ്പെട്ടിരുന്നു. "രക്ഷാബോധത്തിൽ ഉറച്ചവർ", "രക്ഷാപ്രതീക്ഷ ഉപേക്ഷിക്കാത്തവർ", "പ്രതീക്ഷയില്ലാത്തവർ" എന്നിങ്ങനെയുള്ള മൂന്നു ഗണങ്ങളിൽ ഏതിൽ നിൽക്കുന്നുവെന്ന് ഏറ്റുപറയാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടപ്പോൾ, "പ്രതീക്ഷയില്ലാത്തവളായി" ഏറ്റുപറഞ്ഞത് എമിലി മാത്രമായിരുന്നെന്ന് പറയപ്പെടുന്നു. ഇത് മറ്റുള്ളവർക്ക് തെറ്റായി തോന്നിയേക്കാമെങ്കിലും നുണപറയുന്നത് അതിലും വലിയ തെറ്റാകുമായിരുന്നു എന്ന് അവർ പറഞ്ഞതായി ഒരു സഹപാഠി പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[3]
ഹോളി ഓക്ക് സെമിനാരിയിലെ പഠനം എമിലി ഡിക്കിൻസൺ ഒരു വർഷത്തിനകം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു. ഏതായാലും അതോടെ ഡിക്കിൻസന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് അന്ത്യമായി.
പിൽക്കാലജീവിതം
[തിരുത്തുക]വീട്ടിൽ തിരികെ
[തിരുത്തുക]വീട്ടിൽ തിരിച്ചെത്തിയ ഡിക്കിൻസൺ അക്കാലത്ത് അവിവാഹിതകളായ പെണ്മക്കളുടെ ഉത്തരവാദിത്തങ്ങളായി കരുതപ്പെട്ടിരുന്ന സാധാരണജോലികളിൽ മുഴുകി. എന്നാൽ അവയിൽ പലതും അവരെ മുഷിപ്പിച്ചു. 1850-കളിൽ അമ്മ രോഗം ബാധിച്ച് ശയ്യാവലംബിയായതോടെ ഈ ചുമതലകൾ വർദ്ധിച്ചു. വീട്ടിൽ നിരന്തരം വന്നിരുന്ന സന്ദർശകരെ സ്വീകരിക്കുന്നതും മറ്റുള്ളവരെ അവരുടെ വീടുകളിൽ സന്ദർശിക്കുന്നതും പൊതുപ്രവർത്തകനായ ഒരു പിതാവിന്റെ മകളെന്ന നിലയിൽ അവരുടെ കടമയായി കരുതപ്പെട്ടിരുന്നു. എമിലി ഏറ്റവുമധികം വെറുത്തതും ഇതായിരുന്നു. ക്രമേണ അവർ സന്ദർശനങ്ങളിൽ ഏർപ്പെടുന്നതിലും സന്ദർശകരെ സ്വീകരിക്കുന്നതിലും നിന്ന് കഴിയുന്നത്ര വിട്ടുമാറി. ഇക്കാലത്ത് അവർ ഹാവാർഡ് സർവകലാശാലയിൽ നിയമവിദ്യാർത്ഥി ആയിരുന്ന ജ്യേഷ്ഠൻ ഓസ്റ്റിനുമായി നിരന്തരം കത്തിടപാടുകളിൽ ഏർപ്പെട്ടു. ഉപദേശങ്ങളും ആശയങ്ങളും അവർ അയാളുമായി പങ്കുവച്ചു. ബുദ്ധിപരമായ സത്യസന്ധതയിൽ ഉറച്ചുനിൽക്കാൻ അവർ സഹോദരനെ ഉപദേശിച്ചു. എങ്കിലും കാലക്രമേണ സ്വന്തം വഴിക്കു പോയ അയാളുമായുള്ള അവരുടെ മമതാബന്ധം തണുത്തു. പിന്നീട് സഹോദരന്റെ ഭാര്യയായിത്തീർന്ന സമപ്രായക്കാരിയായ സൂസൻ ഗിൽബർട്ട് എന്ന യുവതിയുമായി അവർ ഗാഢസൗഹൃദത്തിലായി. അവർ ദീർഘമായ കത്തിടപാടുകളിൽ ഏർപ്പെട്ടു. എമിലി തന്റെ കവിതകൾ സൂസന് അയച്ചുകൊടുത്തു. തന്റെ സ്വതന്ത്രപ്രകൃതി പങ്കുവയ്ക്കുന്നവളായി എമിലി അവരെ കണ്ടെങ്കിലും ക്രമേണ അക്കാര്യത്തിൽ അവർക്ക് ഇച്ഛാഭംഗമുണ്ടായി. എങ്കിലും സൂസനുമായുള്ള എമിലിയുടെ സൗഹൃദവും കത്തിടപാടും ഏറെക്കാലം നിലനിന്നു. സൂസനെ വിവാഹം കഴിച്ച് സഹോദരൻ അടുത്തുള്ള മറ്റൊരു വീട്ടിലേക്കു താമസം മാറ്റിയശേഷവും എമിലി ആ ദമ്പതികളെ സന്ദർശിക്കുകയും അവർക്കു ജനിച്ച 3 കുട്ടികളുടെ കാര്യത്തിൽ താത്പര്യമെടുക്കുകയും ചെയ്തിരുന്നു.
മതവീക്ഷണം
[തിരുത്തുക]
കാണാൻ കണ്ണുള്ളവർക്ക്-- |
എമിലി ഡിക്കിൻസൺ, എഴുതി മരണശേഷം 1890-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഒരു കവിത[2] |
ഡിക്കിൻസൻ കവിതയുടെ മുഖമുദ്ര അതിന്റെ ആത്മീയവ്യഗ്രതകളാണ്. എങ്കിലും കുടുംബാംഗങ്ങളും മറ്റു പരിചയക്കാരുമായുള്ള എമിലി ഡിക്കിൻസന്റെ ബന്ധത്തിലെ ഒരു മുഖ്യപ്രശ്നം, തങ്ങൾ പങ്കുപറ്റിയതായി അവരൊക്കെ അവകാശപ്പെട്ട ആത്മീയമായ ഉണർവിന്റെ ഉത്സാഹത്തിൽ പങ്കുചേരാൻ എമിലിയ്ക്ക് കഴിയാതിരുന്നതാണ്. കുടുംബാംഗങ്ങളും സഹപാഠികളും ഉൾപ്പെടെ ഉറ്റവരെല്ലാം അക്കാലത്ത് ന്യൂ ഇംഗ്ലണ്ട് പ്രദേശത്ത് വ്യാപകമായിരുന്ന കാൽവിനിസ്റ്റ് സുവിശേഷാവേശത്തിനു വഴങ്ങിയപ്പോൾ എമിലി അതിനെതിരെയുള്ള നിശ്ശബ്ദപ്രതിഷേധത്തിൽ ഉറച്ചുനിന്നു.[12] കാൽവിനിസ്റ്റ് ക്രിസ്തീയതയുടെ സ്വാധീനത്തിൽ ആത്മീയമായ കണ്ടെത്തലുകളെ സംബന്ധിച്ച് മറ്റുള്ളവർ നടത്തിയ അവകാശവാദങ്ങൾ എമിലിയ്ക്ക് ബോദ്ധ്യപ്പെട്ടില്ല. ഇക്കാര്യത്തിൽ എമിലിയുടെ നിരീക്ഷണങ്ങൾ ചിലപ്പോഴൊക്കെ വ്യവസ്ഥാപിതക്രിസ്തീയതയുടെ സങ്കല്പങ്ങളേയും പദാവലിയേയും അട്ടിമറിച്ചു. ദൈവവചനമായ യേശു വഴിയുള്ള 'രക്ഷാപ്രാപ്തി'-യെക്കുറിച്ചുള്ള (salvation) അവകാശവാദങ്ങൾ ഒളിച്ചോട്ടമായി അവർക്കു തോന്നി. അതിനെ അവർ 'രക്ഷപ്പെടൽ' (escape) എന്നു വിശേഷിപ്പിച്ചു. എമിലിയുടെ അമ്മ 1831 മുതലേ നവീകൃതസഭയിൽ അംഗമായിരുന്നു. 1850 ആഗസ്റ്റിൽ പിതാവ് എഡ്വേർഡ് ഡിക്കിൻസണും എമിലിയുടെ സുഹൃത്തും സഹോദരന്റെ കാമുകിയുമായിരുന്ന സൂസൻ ഗിൽബർട്ടും വിശ്വാസപ്രഖ്യാപനം നടത്തി. അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു. 1856-ൽ സഹോദരൻ ഓസ്റ്റിനും അവരോടൊപ്പമായി.1850-ൽ സഹോദരിയുടെ വിശ്വാസപ്രഖ്യാപനത്തെ തുടർന്ന് എമിലി, സുഹൃത്ത് ജേൻ ഹംഫ്രിയ്ക്ക് ഇങ്ങനെ എഴുതി:-
“ | ക്രിസ്തു ഇവിടെ എല്ലാവരേയും വിളിച്ചിരിക്കുന്നു. എന്റെ ഉറ്റവരെല്ലാം വിളികേട്ടു കഴിഞ്ഞു. പ്രിയപ്പെട്ട (സഹോദരി) വിന്നി പോലും അവനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ചെറുത്തുനില്പിൽ ഞാൻ ഒറ്റയ്ക്കാണ്. അവരൊക്കെ അന്വേഷിക്കുകയായിരുന്നു. തങ്ങൾ കണ്ടെത്തിയതായി അവർ വിശ്വസിക്കുന്നു. എന്താണ് അവർ കണ്ടെത്തിയതെന്ന് എനിക്കറിയില്ല. അമൂല്യമായതെന്തോ ആണെന്ന് അവർ കരുതുന്നു. അക്കാര്യത്തിൽ എനിക്കുറപ്പില്ല. | ” |
മുപ്പതു വയസ്സിനടുത്ത് അവർ ദേവാലയശുശ്രൂഷകളിൽ പങ്കെടുക്കാതായി.[13] [൩] മതവിശ്വാസത്തിലെ സാധാരണതകളെ നിരസിച്ചത്, മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടുപോയെന്ന തോന്നൽ അവർക്കു നൽകി. താൻ മാത്രം സ്വർഗ്ഗത്തിന്റെ പടിക്കു പുറത്തായിപ്പോയെന്ന് (shut out of heaven) ഡിക്കിൻസൺ പരാതിപ്പെട്ടിട്ടുണ്ട്.[11]
കവിതാരചന
[തിരുത്തുക]സ്വയം വരിച്ച ഏകാന്തജീവിതത്തിൽ എമിലി ഡിക്കിൻസണ് ആശ്വാസമായത് വായനയും എഴുത്തും ആയിരുന്നു. കാല്പനികകവികൾ, ബ്രോണ്ടെ സഹോദരിമാർ, ബ്രൗണിങ്ങ് ദമ്പതിമാർ, ജോർജ്ജ് ഇലിയറ്റ്, ലോങ് ഫെലോ, എമേഴ്സൺ, തോറോ, എന്നിവർക്കു പുറമേ മാത്യു ആർനോൾഡ്, ഡാർവിൻ, തോമസ് കാർലൈൽ തുടങ്ങിയവരും അവരുടെ വായനയിൽ കടന്നു വന്നു. ബൈബിളും ഷേക്സ്പിയറുടെ കൃതികളും അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
സാമൂഹ്യബന്ധങ്ങളിൽ താത്പര്യം നഷ്ടപ്പെടുകയും മതവിശ്വാസത്തിൽ ഒറ്റപ്പെട്ടുപോവുകയും ചെയ്തതിൽ നിന്നുണ്ടായ നഷ്ടം നികത്താൻ അവർ കവിതയെ ആശ്രയമാക്കി. കവിതകൾക്ക് അവർ ശീർഷകങ്ങൾ നൽകിയില്ല. ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ. 1800-ഓളം വരുന്ന അവയിൽ ഏറ്റവും വലിയതു പോലും അച്ചടിയിൽ രണ്ടു പുറത്തിൽ അധികമില്ല. വിരാമാദിഛിഹ്നങ്ങളുടേയും, വലിയ അക്ഷരങ്ങളുടേയും(capitalization) മറ്റും കാര്യത്തിൽ തന്റേതായ വഴക്കങ്ങൾ പിന്തുടർന്നായിരുന്നു എഴുത്ത്. ഹോളി ഓക്കിലെ പഠനം ഉപേക്ഷിച്ച് 1848-ൽ ആംഹെർസ്റ്റിൽ മടങ്ങിയെത്തിയതിനെ തുടർന്ന്, പ്രത്യേകിച്ച് 1850-നടുത്ത് അവിടത്തെ മതപരമായ ഉണർവ് അതിന്റെ പാരമ്യത്തിലെത്തിയതിനു ശേഷമാണ് എമിലി കവിതാരചന ഗൗരവമായെടുക്കാൻ തുടങ്ങിയത്. രചനയിൽ അവരുടെ സമൃദ്ധിയുടെ വർഷങ്ങൾ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് (1861-65) ഏറെക്കുറെ സമാന്തരമായിരുന്നു. 1858-ൽ 52 കവിതകൾ പിറന്നപ്പോൾ, 1862-ൽ ദിവസത്തിനൊന്ന് എന്ന കണക്കിൽ അവയുടെ എണ്ണം 366 ആയി. പിന്നീട് എണ്ണം ചുരുങ്ങി 1864-ൽ 53 കവിതകൾ മാത്രമായി.[13]
ഇത്രയേറെ കവിതകൾ എഴുതിയിട്ടും, വിരലിലെണ്ണാവുന്നവ മാത്രമാണ് ഡിക്കിൻസന്റെ ജീവിതകാലത്ത് വെളിച്ചം കണ്ടത്. "സ്പ്രിങ്ങ്ഫീൽഡ് റിപ്പബ്ലിക്കൻ" എന്ന പത്രികയിലാണ് അവ പ്രത്യക്ഷപ്പെട്ടത്. അവ തന്നെ അക്കാലത്തെ അംഗീകൃത കാവ്യസമ്പ്രദായങ്ങൾക്കിണങ്ങും വിധം പ്രസാധകർ നടത്തിയ വിപുലമായ സംശോധനകളോടെ ആയിരുന്നു പ്രസിദ്ധീകരിച്ചു വന്നത്. ചില പത്രാധിപർമാരുൾപ്പെടെ പലർക്കും ഡിക്കിൻസൺ കവിതകൾ അയച്ചുകൊടുത്തിരുന്നെങ്കിലും അവയുടെ പ്രസിദ്ധീകരണം അവർ ആഗ്രഹിച്ചിരുന്നോ എന്നു വ്യക്തമല്ല. "എ നേരോ ഫെല്ലോ ഇൻ ദ് ഗ്രാസ്" (A narrow fellow in the Grass) എന്ന കവിത പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അവർ അതിന്റെ പേരിൽ മാപ്പു പറയുകയും അത് തന്റെ കയ്യിൽ നിന്നു മോഷണം പോയതാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.[3]
കവിതകൾ പ്രസിദ്ധീകരിക്കുന്നതിൽ താത്പര്യം കാട്ടിയില്ലെങ്കിലും ഡിക്കിൻസൺ അവയെ സംരക്ഷിക്കാൻ ശ്രദ്ധിച്ചു. തന്റെ 1147 കവിതകളുടെ കുറ്റം തീർത്ത പകർപ്പുകൾ അവർ ശ്രദ്ധാപൂർവം സൂക്ഷിച്ചു വച്ചു. ഡിക്കിൻസന്റെ മരണശേഷമാണ് അവ കണ്ടുകിട്ടിയത്.[13]
സൗഹൃദങ്ങൾ
[തിരുത്തുക]ജീവിതത്തിന്റെ ഗണ്യമായൊരു ഭാഗം സാമൂഹ്യജീവിതത്തിൽ നിന്ന് ഒഴിഞ്ഞു തന്റേതായ ലോകത്തിൽ ചുരുങ്ങിയെങ്കിലും എമിലി ഡിക്കിൻസണ് പല ദൃഢസൗഹൃദങ്ങളും ഉണ്ടായിരുന്നു. "എന്റെ സുഹൃത്തുക്കളാണ് എന്റെ ധനം" (My friends are my estate) എന്ന് അവർ ഒരു സുഹൃത്തിനെഴുതി. ഈ സൗഹൃദങ്ങളിൽ പലതിന്റേയും തുടക്കവും നിലനില്പും കത്തിടപാടുകളിലൂടെ ആയിരുന്നു. സഹോദരന്റെ ഭാര്യയായിരുന്ന സൂസൻ ഗിൽബർട്ടുമായുള്ള അവരുടെ സൗഹൃദം പ്രസിദ്ധമാണ്. തന്റെ കവിതകളിൽ ചിലത് പ്രസിദ്ധീകരിച്ച "സ്പ്രിങ്ങ്ഫീൽഡ് റിപ്പബ്ലിക്കൻ" എന്ന പത്രികയുടെ പത്രാധിപന്മാരായിരുന്ന സാമുവൽ ബൗൾസിനും ജോഷിയാ ഹോളണ്ടിനും എമിലി തന്റെ പല കവിതകളും അയച്ചു കൊടുക്കുകയും തുടർന്ന് ദീർഘകാലം അവരുമായി കത്തിടപാടുകൾ നിലനിർത്തുകയും ചെയ്തു. 1955-ൽ പിതാവ് അമേരിക്കൻ കോൺഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടന്ന് വാഷിങ്ടൺ, ഡി.സി. സന്ദർശിച്ച എമിലി മടക്കയാത്രയിൽ ഫിലാഡെൽഫിയയിൽ ആർച്ച് തെരുവിലെ പ്രിസ്ബിറ്റേറിയൻ പള്ളിയിലെ പുരോഹിതൻ ചാൾസ് വാഡ്സ്‌വർത്തിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ മരണം വരെ ആ സൗഹൃദം നിലനിർത്തുകയും ചെയ്തു. 1955-നു ശേഷം അദ്ദേഹത്തെ രണ്ടു വട്ടം മാത്രമേ കണാൻ അവസരം കിട്ടിയുള്ളുവെങ്കിലും "എനിക്കു ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്" "ബാലപ്രായം മുതലുള്ള എന്റെ ഇടയൻ" എന്നൊക്കെയാണ് അദ്ദേഹത്തെ അവർ വിശേഷിപ്പിച്ചിരുന്നത്.[14]
1862-ൽ സാഹിത്യനിരൂപകനും, അടിമത്ത നിരോധനവാദിയും മതപ്രബോധകനുമായ തോമസ് വെന്റ്വർത്ത് ഹിഗിൻസ് അറ്റ്ലാന്റിക് മാസികയിൽ ചെറുപ്പക്കാരായ എഴുത്തുകാർക്കു ചില നിർദ്ദേശങ്ങൾ കൊടുത്ത് ഒരു ലേഖനം എഴുതിയതിനെ തുടർന്ന് എമിലി അദ്ദേഹവുമായി തുടങ്ങിയ കത്തിടപാട് ഏറെക്കാലം തുടർന്നു. ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത 4 കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല. അവ പ്രസിദ്ധീകരിക്കാതിരിക്കുന്നതായിരിക്കും ഭേദം എന്നാണ് അദ്ദേഹം ഉപദേശിച്ചത്. എങ്കിലും എമിലിയുടെ സർഗ്ഗശക്തി ഹിഗിൻസ് തിരിച്ചറിഞ്ഞു.[15] സാഹിത്യസംബന്ധിയായ ഉപദേശങ്ങൾ അവർ അദ്ദേഹത്തോട് ആരാഞ്ഞു. "എന്റെ വരികളിൽ ജീവനുണ്ടോ എന്നു പറയാൻ താങ്കൾക്കു ഒഴിവുണ്ടാകുമോ?" എന്നാണ് അവർ അദ്ദേഹത്തോടു ചോദിച്ചത്."[൪]
ഈ സൗഹൃദങ്ങളേയും കത്തുകളേയും, ഡിക്കിൻസന്റെ രചനാസഞ്ചയത്തിന്റേയും അവരുടെ ദുരന്തഛായ വീണ ജീവിതത്തിന്റേയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യാനും പഠിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. കേവലസൗഹൃദങ്ങൾ മാത്രമായിരിക്കാതെ ചിലപ്പോഴെങ്കിലും ഇവയ്ക്ക് പ്രേമബന്ധത്തിന്റെ സ്വഭാവം ഉണ്ടായിരുന്നോ എന്നും മറ്റുമുള്ള അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ട്.[4] ഡിക്കിൻസന്റെ കഥ രതിനഷ്ടത്തിന്റെ നാടകമാണെന്ന് (a drama of erotic loss) സാഹിത്യചിന്തകൻ ഹാരോഡ് ബ്ലൂം തറപ്പിച്ചു പറയുന്നു. ചാൾസ് വാഡ്സ്‌വർത്ത്, സൂസൻ ഗിൽബർട്ട്, സാമുവൽ ബൗൾസ് എന്നിവരിൽ ആരെയെങ്കിലുമാകാം അവർക്കു നഷ്ടപ്പെട്ടതെന്നും ബ്ലൂം ഊഹിക്കുന്നു.[16] സൂസൻ ഗിൽബർട്ടിനോടും സാമുവേൽ ബൗൾസിനോടുമുള്ള ഡിക്കിൻസന്റെ പ്രേമപ്രഖ്യാപനം ചില കത്തുകളിൽ വായിക്കാം. എന്നാൽ വിവാഹിതനായിരുന്ന ബൗൾസിനെഴുതിയ കത്തിലെന്നതുപോലെ അയാളുടെ പത്നി മേരിയ്ക്കെഴുതിയ കത്തുകളിലും ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടെത്താനാകുമെന്നത് അവയുടെ സാമാന്യസ്വഭാവത്തിനു തെളിവായി ചൂണ്ടിക്കാണിക്കാം.[3]
മരണം
[തിരുത്തുക]
മരണത്തിനു വേണ്ടി നിൽക്കാൻ എനിക്കു സമയമില്ലാതിരുന്നതിനാൽ-- ആവേഗം അറിയാത്ത അവൻ, മെല്ലെ രഥമോടിച്ചു. Because I could not stop for Death-- We slowly drove—He knew no haste |
മരണത്തെ വിഷയമാക്കിയുള്ള എമിലി ഡിക്കിൻസന്റെ ഒരു കവിതയുടെ ആദ്യഭാഗം[2] |
ജീവിതാവസാനം വരെ ഡിക്കിൻസൺ കവിത എഴുതുന്നതു തുടർന്നെങ്കിലും ഒടുവിലായപ്പോൾ അവയുടെ സംശോധനയും ക്രമീകരണവും നിർത്തി. തനിക്കു ലഭിച്ചിരുന്ന കത്തുകൾ നശിപ്പിച്ചുകളയാൻ അവർ സഹോദരി ലവീനിയയെ ചുമതലപ്പെടുത്തി. എമിലിയെപ്പോലെ അവിവാഹിതയായിരുന്ന ലവീനിയയും 1899-ൽ മരിക്കുന്നതു വരെ ജനിച്ച വീട്ടിൽ കഴിഞ്ഞു.
1880-കൾ ഡിക്കിൻസൺ കുടുംബത്തിനു കഷ്ടകാലമായിരുന്നു. സ്വന്തം ഭാര്യ സൂസൻ ഗിൽബർട്ടുമായി തീരെ അകൽച്ചയിലായ എമിലിയുടെ സഹോദരൻ ഓസ്റ്റിൻ ആംഹെർസ്റ്റ് കലാശാലയിൽ പുതിയതായി വന്ന ഒരദ്ധ്യാപകന്റെ ഭാര്യ മേബിൾ ലൂമിസ് ടോഡുമായി 1882-ൽ പ്രണയത്തിലായി. എമിലി ഡിക്കിൻസണെ ഒരിക്കലും കണ്ടുമുട്ടാതിരുന്ന ടോഡ് അവരിൽ കൗതുകം പ്രകടിപ്പിക്കുകയും "ജനങ്ങൾ ഒരു കടങ്കഥയെന്നു വിളിക്കുന്നവൾ" എന്ന് അവരെ വിശേഷിപ്പിക്കുകയും ചെയ്തു.[17] ഡിക്കിൻസന്റെ മരണശേഷം അവരുടെ കവിതകളും കത്തുകളും സംശോധന ചെയ്തു പ്രസിദ്ധീകരിക്കുന്നതിൽ ടോഡ് വലിയ പങ്കു വഹിച്ചു.[13] 1882 നവംബർ 16-ന് ഡിക്കിൻസന്റെ അമ്മ മരിച്ചു. ഏറെക്കാലം ശയ്യാവലംബിയായി മക്കളുടെ പരിചരണത്തിൽ കഴിഞ്ഞ അമ്മയെപ്പറ്റി എമിലി ഇങ്ങനെ എഴുതി "ഞങ്ങൾ തമ്മിൽ ഒരിക്കലും അടുപ്പമില്ലായിരുന്നു ... അതേസമയം അവർ എന്റെ അമ്മയായിരുന്നു – ഖനികൾ കുഴിച്ചു ചെല്ലുമ്പോൾ ഒരേ സ്ഥലത്ത് കൂട്ടിമുട്ടുന്നു; അവർ ഞങ്ങളുടെ കുഞ്ഞായി മാറിയപ്പോൾ വാത്സല്യം പിറന്നു."[14] താമസിയാതെ ഓസ്റ്റിന്റെ, എമിലി ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇളയ കുട്ടിയും ടൈഫോയ്ഡ് ബാധിച്ചു മരിച്ചു.
ഒന്നിനു പിറകേ ഒന്നായി മരണം കടന്നുവന്നത് ഡിക്കിൻസനെ ദുഃഖത്തിലാഴ്ത്തി. "ഒരു മരണത്തിന്റെ വേദനയിൽ നിന്നെഴുന്നേൽക്കുന്നതിനു മുൻപ് അടുത്തതു വന്നു" എന്ന് അവർ പരാതിപ്പെട്ടു.[14] ആ വേനൽക്കാലത്ത് അടുക്കളയിൽ അപ്പം ചുട്ടുകൊണ്ടിരിക്കെ അവർക്ക് ബോധക്ഷയമുണ്ടായി. രാത്രി ഏറെയാകും വരെ അബോധാവസ്ഥയിൽ കഴിഞ്ഞ അവർ മാസങ്ങളോളം രോഗിയായിരുന്നു. 1886 മേയ് 16-ന് ഏറെ ദിവസങ്ങൾ അത്യാസന്നനിലയിൽ കഴിഞ്ഞതിനു ശേഷം 55-ആമത്തെ വയസ്സിൽ എമിലി ഡിക്കിൻസൺ മരിച്ചു. ബ്രൈറ്റിന്റെ രോഗം (Bright's disease) എന്ന അവസ്ഥ അവരുടെ മരണകാരണമായി പറഞ്ഞ അവരുടെ വൈദ്യൻ, അതു രണ്ടര വർഷം ദീർഘിച്ചെന്നു കണക്കു കൂട്ടി.[14]
പ്രസിദ്ധീകരണം
[തിരുത്തുക]എമിലി ഡിക്കിൻസന്റെ ഏതാനും കവിതകൾ അവർ ജീവിച്ചിരിക്കെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.[൫] പ്രസിദ്ധീകരിക്കപ്പെടാത്തവയിൽ തന്നെ പലതും അവരുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലും ചിലരെങ്കിലും വായിച്ചിരുന്നു. തന്റെ തൂലികാസുഹൃത്തുക്കൾ എല്ലാവർക്കും തന്നെ അവർ കവിതകൾ അയച്ചുകൊടുത്തിരുന്നു. സുഹൃത്തും സഹോദരഭാര്യയുമായ സൂസൻ ഗിൽബർട്ടിനു മാത്രം, 250-ലധികം കവിതകൾ അവർ വായിക്കാൻ നൽകിയിരുന്നു. എങ്കിലും ഡിക്കൻസിന്റെ രചനാസഞ്ചയത്തിന്റെ വൈപുല്യം തിരിച്ചറിയപ്പെട്ടത് അവരുടെ മരണശേഷം മാത്രമാണ്. എമിലി ഡിക്കിൻസന്റെ കൈവശമുണ്ടായിരുന്ന കത്തുകൾ നശിപ്പിച്ചുകളയാൻ ചുമതലപ്പെടുത്തപ്പെട്ടിരുന്ന സഹോദരി ലവീനിയ അവരുടെ മുറിയിൽ ഇലന്തമരത്തടി(cherry wood) കൊണ്ടുണ്ടാക്കിയ ഒരു പെട്ടിയിൽ 1147 കവിതകളുടെ കുറ്റംതീർത്ത പകർപ്പുകൾ കണ്ടെത്തി. അവയിൽ 833 എണ്ണം, 'ഇലക്കൂട്ടങ്ങൾ' (fascicles) എന്നു പിൽക്കാലഗവേഷകർ വിശേഷിപ്പിച്ച 40 ചെറിയ ശേഖരങ്ങളായി തുന്നിക്കെട്ടിയിരുന്നു.[13]
ഡിക്കിൻസന്റെ കവിതകളുടെ കാര്യമായൊരു സഞ്ചയം ആദ്യം വെളിച്ചം കണ്ടത് അവർ മരിച്ച് 3 വർഷം കഴിഞ്ഞാണ്. 1890-91-ൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ആ സമാഹാരത്തിനു എമിലിയുടെ സഹോദരി ലവിനിയയുടെ അഭ്യർത്ഥനപ്രകാരം മുൻകൈ എടുത്തത് അവരുടെ സഹോദൻ ഓസ്റ്റിനുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന മേബൽ ലൂമിസ് ടോഡും, സുഹൃത്ത് തോമസ് വെന്റ്വർത്ത് ഹിഗിൻസുമായിരുന്നു.[18] ഡിക്കിൻസന്റെ ജീവിതകാലത്ത് ഏതാനും കവിതകൾ പ്രസിദ്ധീകരിച്ച പത്രാധിപന്മാർ ചെയ്തതുപോലെ, ഡാഷുകളുടേയും, വലിയ അക്ഷരങ്ങളുടേയും മറ്റും ഉപയോഗത്തിൽ ഡിക്കിൻസന്റെ സവിശേഷമായ ശൈലിയ്ക്കു പകരം അംഗീകൃത വഴക്കങ്ങളെയാണ് ഈ സമാഹാരങ്ങൾ പിന്തുടർന്നിരുന്നത്. എങ്കിലും ഇവ ഡിക്കിൻസിന്റെ അസാമാന്യപ്രതിഭയുടെ വ്യാപകമായ അംഗീകാരത്തിന് വഴിയൊരുക്കി.
1894-ൽ മേബൽ ലൂമിസ് ടോഡിന്റെ ഉത്സാഹത്തിൽ, രണ്ടു വാല്യങ്ങളായി ഡിക്കിൻസിന്റെ കത്തുകളുടെ ഒരു സമാഹാരവും വെളിച്ചം കണ്ടു. 1896-ൽ അവർ തന്നെ കവിതകളുടെ ഒരു മൂന്നാം വാല്യവും പുറത്തിറക്കി. എന്നാൽ ലവീനിയ ഡിക്കിൻസണും മേബൽ ലൂയിസ് ടോഡുമായി ഓസ്റ്റിൻ ഡിക്കിൻസന്റെ സ്വത്തുക്കളെക്കുറിച്ച് നിയമത്തർക്കം തുടങ്ങിയതോടെ, എമിലിയുടെ രചനകളുടെ പ്രസിദ്ധീകരണത്തിൽ ടോഡിന്റെ പങ്കാളിത്തം തൽക്കാലത്തേയ്ക്ക് അവസാനിച്ചു. 1913-ൽ സൂസൻ ഗിൽബർട്ട് ഡിക്കിൻസന്റെ മരണത്തെ തുടർന്ന്, അവരുടെ മകൾ മാർത്ത ഡിക്കിൻസൺ ബിയാഞ്ചി, അമ്മായി അവളുടെ അമ്മയ്ക്കയച്ചു കൊടുത്തിരുന്ന കവിതകൾ "ദ സിങ്കിൽ ഹൗണ്ട്" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തുടർന്ന്, കത്തുകളും ജീവചരിത്രവും ഉൾക്കൊള്ളിച്ച് ഡിക്കിൻസൻ പാരമ്പര്യത്തെക്കുറിച്ചുള്ള തന്റെ വിചാരങ്ങൾ "ലൈഫ് ആൻഡ് ലെറ്റേഴ്സ് ഓഫ് എമിലി ഡിക്കിൻസൺ" എന്ന പേരിൽ 1924-ലും, "എമിലി ഡിക്കിൻസൺ മുഖത്തോടു മുഖം"(Emily Dickinson face to fare) എന്ന പേരിലുള്ള സ്മരണകൾ 1932-ലും ബിയാഞ്ചി പ്രസിദ്ധീകരിച്ചു. പുതിയ കവിതാസഞ്ചയങ്ങൾ അച്ചടിക്കാനും അവർ മുൻകൈയ്യെടുത്തു. ബിയാഞ്ചിയുടെ മരണത്തെ തുടർന്ന്, മേബിൽ ലൂയീസ് ടോഡും അവരുടെ മകൾ മില്ലിസെന്റ് ടോഡ് ബിങ്കാമും ചേർന്ന്, ടോഡിന്റെ കൈയ്യിൽ അവശേഷിച്ചിരുന്ന കവിതകൾ "ബോൾട്ട്സ് ഓഫ് മെലഡി" എന്ന പേരിൽ 1945-ൽ പ്രസിദ്ധീകരിച്ചു.[13]
ഡിക്കിൻസന്റെ രചനകളുടെ ആധികാരികമായ ഒരു പതിപ്പിറങ്ങാൻ 1950-കൾ വരെ കാത്തിരിക്കേണ്ടി വന്നു. ടി.എച്ച് ജോൺസൺ 3 വാല്യങ്ങളായി അവരുടെ സമ്പൂർണ്ണകവിതകൾ 1955-ലും കത്തുകൾ 1958-ലും പ്രസിദ്ധീകരിച്ചു. ഡിക്കിൻസന്റെ രചനകളെ അവയുടെ സത്യസന്ധമായ പതിപ്പുകളുടെ അടിസ്ഥാനത്തിൽ സമീപിക്കാമെന്നായത് അപ്പോൾ മാത്രമാണ്.[19] കവിതകളെ അവയുടെ ആദ്യവരികളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ ജോൺസൺ ഓരോ അവയ്ക്കു ക്രമസംഖ്യകളും നൽകി. 1775 കവിതകളാണ് അങ്ങനെ ക്രമീകരിക്കപ്പെട്ടത്. ഇന്ന് ഡിക്കിൻസന്റെ കവിതകളുടെ പഠിതാക്കളും ആസ്വാദകരും പിന്തുടരുന്നത് ഈ ക്രമീകരണമാണ്.[20]
വിലയിരുത്തൽ
[തിരുത്തുക]
പേടിപ്പെടുത്തുന്ന ആ അപരിചിതൻ പ്രജ്ഞയുമായി-- I do not know the man so bold-- |
എമിലി ഡിക്കിൻസന്റെ ഒരു കവിത[21] |
ഡിക്കിൻസൺ തന്റെ അതിശക്തമായ കവിതകളിൽ പാശ്ചാത്യചിന്തയുടേയും സംസ്കാരത്തിന്റേയും നൈരന്തര്യവുമായി വഴിപിരിയുന്നുവെന്ന് പ്രമുഖ സാഹിത്യചിന്തകൻ ഹാരോൾഡ് ബ്ലൂം നിരീക്ഷിക്കുന്നു. സമകാലീനനായിരുന്ന വാൾട്ട് വിറ്റ്മാന്റെ വിപരീതധ്രുവത്തിലാണ് ഇക്കാര്യത്തിൽ അവർ. തന്റെ മുൻഗാമി എമേഴ്സന്റെ വഴി മിക്കവാറും പിന്തുടരുകയാണ് വിറ്റ്മാൻ ചെയ്തത്. എന്നാൽ, ഷേക്സ്പിയറേയും ബ്ലേക്കിനേയും പോലെ ഡിക്കിൻസൺ എല്ലാറ്റിനേയും സ്വയം വീണ്ടും വിലയിരുത്തി. അവരുടെ ധാരണാപരമായ മൗലികതയുമായി (cognitive originality) മല്ലടിക്കാൻ തയ്യാറായി വായിക്കാനൊരുങ്ങുന്നവർക്ക് ഡിക്കിൻസന്റെ വായന അങ്ങേയറ്റം ഫലദായകമാണ്. കൂടുതൽ സൂക്ഷ്മമായി ചിന്തിക്കാൻ അവർ നമ്മെ പഠിപ്പിക്കുന്നു. നാം ആഴത്തിൽ സ്വാംശീകരിച്ചിരിക്കുന്ന സാമ്പ്രദായികതകളുടെ കെട്ടുപാടുകളിൽ നിന്നു മുക്തിനേടി പ്രതികരിക്കുക എത്ര ദുഷ്കരമാണെന്ന് അവർ നമുക്ക് വെളിപ്പെടുത്തിത്തരുന്നു.[16]
ഡിക്കിൻസന്റെ മൗലികതമൂലം ഷേക്സ്പിയറെ എന്ന പോലെ അവരേയും വർഗ്ഗീകരിക്കുക അസാദ്ധ്യമാണെന്നും ബ്ലൂം പറയുന്നു. അവർ ക്രിസ്ത്യാനികളോ സർവധർമ്മനിഷേധികളോ (Nihilists) എന്നു നാം അത്ഭുതപ്പെടുന്നു. ഷേക്സ്പിയറേയും ചാൾസ് ഡിക്കൻസിനേയും വായിച്ച അതേ ലക്ഷ്യത്തോടെയാണ് ഡിക്കിൻസൺ ബൈബിളും വായിച്ചത്. സ്വന്തം കഥയുടെ നാടകീയതയിൽ ഉൾപ്പെടുത്താൻ പറ്റിയ കഥാപാത്രങ്ങളെയാണ് ആ വായനകളിലെല്ലാം അവർ തെരഞ്ഞത്. ബൈബിളിന്റെ സംസ്കാരത്തിൽ മുങ്ങിക്കുളിച്ചു നിന്ന ഡിക്കിൻസൺ, "കാൽവരിയിലെ ചക്രവർത്തിനി", "പരിശുദ്ധാത്മാവിന്റെ മണവാട്ടി" എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. എങ്കിലും ഈ രൂപകങ്ങളും തനിക്കു ചുറ്റും രൂപപ്പെടാൻ അവർ അനുവദിച്ച നിഗൂഢകഥയുടെ ഭാഗമാകുന്നതേയുള്ളു.[16]
കുറിപ്പുകൾ
[തിരുത്തുക]൧ ^ വിഖ്യാത അമേരിക്കൻ കവി വാൾട്ട് വിറ്റ്മാന്റെ കവിതകൾ പോലും അവർക്ക് വിലക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു[22]
൨ ^ "I pull a flower from the woods--/A monster with a glass/Computes the stamen in a breath--/And has her in a 'class'" : Arturus is his other name എന്ന കവിതയിൽ നിന്ന്.
൩ ^ "എല്ലാവരും പള്ളിയിൽ സാബത്താചരിക്കുമ്പോൾ, ഞാൻ വീട്ടിൽ സാബത്തു നോക്കുന്നു" (Some keep Sabbath going to Church--/I keep it, staying at Home) എന്ന് അവർ ഒരു കവിതയിൽ എഴുതി.[2]
൪ ^ "Mr Higginson, Are you too deeply occupied to say if my Verse is alive?"
൫ ^ "ലോകമഹത്ത്വം അങ്ങനെ കടന്നു പോകുന്നു"(Sic transit gloria mundi), "ഈ ചെറിയ റോസിനെ ആരും അറിയുന്നില്ല" (Nobody knows this little Rose), "ഒരിക്കലും വാറ്റപ്പെടാത്ത മദ്യം ഞാൻ രുചിക്കുന്നു" (I Taste a liquor never brewed), "അവരുടെ കൽഭിത്തികൾക്കുള്ളിൽ സുരക്ഷിതരായി" (Safe in their Alabaster Chambers), "ഫ്ലവേഴ്സ്-വെൽ--ഇഫ് എനിബഡി" (Flowers—Well—if anybody), "ബ്ലേസിങ് ഇൻ ഗോൾഡ് ആൻഡ് ക്വെഞ്ചിങ് ഇൻ പർപ്പിൾ" (Blazing in gold and quenching in purple), "എ നേരോ ഫെല്ലോ ഇൻ ദ് ഗ്രാസ്" (A narrow fellow in the grass) എന്നിവയാണ് "സ്പ്രിങ്ങ് ഫീൽഡ് റിപ്പബ്ലിക്കൻ" എന്ന പത്രികയിൽ ഡിക്കിൻസന്റെ ജീവിതകാലത്ത് അച്ചടിച്ചുവന്നത്.
അവലംബം
[തിരുത്തുക]- ↑ D'Arienzo (2006); the original is held by Amherst College Archives and Special Collections
- ↑ 2.0 2.1 2.2 2.3 2.4 Emily Dickinson, Penguin Academic Poetry, A Pocket Anthology (fifth edition) (പുറങ്ങൾ 174-180)
- ↑ 3.0 3.1 3.2 3.3 3.4 3.5 Poetry foundation എമിലി ഡിക്കിൻസൺ Archived 2011-09-04 at the Wayback Machine.
- ↑ 4.0 4.1 Books and Writers, Emily Dickinson Archived 2011-08-08 at the Wayback Machine.
- ↑ 'The World Is Not Acquainted With Us': A New Dickinson Daguerreotype? Archived 2014-07-17 at the Wayback Machine." Amherst College Archives and Special Collections Website. September 6, 2012.
- ↑ Sewall, Richard B. 1974. The Life of Emily Dickinson. New York: Farrar, Strauss, and Giroux. ISBN 0-674-53080-2
- ↑ Wolff, Cynthia Griffin. 1986. Emily Dickinson. New York. Alfred A. Knopf. ISBN 0-394-54418-8
- ↑ Johnson, Thomas H. (ed). 1960. The Complete Poems of Emily Dickinson. Boston: Little, Brown & Co പുറം 302.
- ↑ Dickinson, Emily, 1830-1886. Herbarium, circa 1839-1846. 1 volume (66 pages) in green cloth case; 37 cm. MS Am 1118.11, Houghton Library © President and Fellows of Harvard College.
- ↑ Complete Poems of Emily Dickinson, Bartleby.com, Great Books on Line Faith is a fine invention Archived 2011-10-25 at the Wayback Machine.
- ↑ 11.0 11.1 Biography online എമിലി ഡിക്കിൻസന്റെ ജീവചരിത്രം Archived 2011-07-23 at the Wayback Machine.
- ↑ "The Self-containment Artist", ആൽഫ്രെഡ് ഹാബെഗ്ഗർ എഴുതിയ ഡിക്കിൻസന്റെ ജീവചരിത്രത്തിന് 2001 ഒക്ടോബർ 21-ലെ ന്യൂ യോർക്ക് ടൈംസ് ദിനപത്രത്തിൽ റെനി ടുർസി എഴുതിയ റെവ്യൂ Archived 2016-03-09 at the Wayback Machine.
- ↑ 13.0 13.1 13.2 13.3 13.4 13.5 ആധുനിക അമേരിക്കൻ കവിത, പോൾ ക്രംബ്ലി & ജേൻ ഡൊണാഹ്യൂ എബേർവീൻ എമിലി ഡിക്കിൻസന്റെ ജീവിതം Archived 2011-08-11 at the Wayback Machine.
- ↑ 14.0 14.1 14.2 14.3 Habegger, Alfred. 2001. My Wars Are Laid Away in Books: The Life of Emily Dickinson. New York: Random House. ISBN 978-0-679-44986-7.
- ↑ American Poems.com, Biography of Emily Dickinson Archived 2011-08-09 at the Wayback Machine.
- ↑ 16.0 16.1 16.2 ഹാരോഡ് ബ്ലൂം, "How to Read and Why" (പുറങ്ങൾ 94-97), പ്രസാധനം, ഫോർത്ത് എസ്റ്റേറ്റ്, ലണ്ടൺ
- ↑ Walsh, John Evangelist. 1971. The Hidden Life of Emily Dickinson. New York: Simon and Schuster, പുറം 26.
- ↑ Poet Seers, Poetry of Emily Dickinson, Essay on the Poetry of Emily Dickinson Archived 2011-11-03 at the Wayback Machine.
- ↑ Poet Seers, Biography of Emily Dickinson Archived 2011-08-24 at the Wayback Machine.
- ↑ Cliff Notes, Emily Dickinson's Poems, The Texts of Poems and Letters Archived 2012-05-11 at the Wayback Machine.
- ↑ ഏകനാഥ് ഈശ്വരന്റെ ഉപനിഷദ് പരിഭാഷയിൽ മാണ്ഡൂക്യോപനിഷത്തിന്റെ സന്ദർഭത്തിൽ ഉദ്ധരിച്ചിരിക്കുന്നത്, പെൻഗ്വിൻ പ്രസാധനം (പുറം 57).
- ↑ Emily Dickinson, Poetry.org Archived 2010-12-06 at the Wayback Machine.