Jump to content

ഇസ്‌ലാമിക ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിക നിയമം (ശരീഅത്ത്‌) അനുസരിച്ച് പണമിടപാടുകൾ നടത്തുന്ന ബാങ്കുകളെയാണ് സാധാരണയായി ഇസ്‌ലാമിക ബാങ്ക് എന്ന് വിളിക്കുന്നത്. ശരീഅത്തിൽ പലിശ അനുവദിനീയമല്ലാത്തതിനാൽ ഇത്തരം ബാങ്കുകൾ പലിശ രഹിത ബാങ്കുകൾ കൂടിയാണ്. എന്നാൽ എല്ലാ പലിശ രഹിത ബാങ്കുകളും ഇസ്‌ലാമിക ബാങ്കാകുകയില്ല. കാരണം മദ്യവ്യവസായം, ചൂതാട്ടം, ലോട്ടറി പോലെയുള്ള ഇസ്‌ലാമിക നിയമത്തിൽ അനുവദിനീയമല്ലാത്ത ഒരു മേഖലയിലും നിക്ഷേപം നടത്താൻ ഇസ്‌ലാമിക ബാങ്കുകൾക്ക് കഴിയുകയില്ല. എന്നാൽ ഇത്തരം മേഖലകളിൽ നിക്ഷേപം നടത്താൻ പലിശ രഹിത ബാങ്കുകൾക്കാകും. ഇസ്‌ലാമിക ബാങ്കുകളിലെ നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളതാണ്. എന്നാൽ ഇത്തരം നഷ്ടസാധ്യതയെ കാര്യക്ഷമമായ മേൽനോട്ടത്തിലൂടെ പൂർണ്ണമായും ഇല്ലാതാക്കാനോ കുറക്കാനോ കഴിയും. അതുപോലെ ഇസ്‌ലാമിക ബാങ്കുകളിൽ നിന്നും വായ്പകൾ എടുക്കുന്നവർക്ക് പലിശ, കൂട്ടുപലിശ മുതലായവയുടെ അഭാവവും തിരിച്ചടവിന് മതിയായ കാലാവധി ലഭിക്കുന്നതും മൂലം പ്രയോജനപ്രദമാണ്. നിക്ഷേപകർക്ക് ഇസ്‌ലാമിക ബാങ്കിൽ നിന്നും ലാഭവിഹിതം ആണ് ലഭിക്കുക. അതുപോലെ സംരംഭകത്വത്തിൽ പങ്കാളിത്തം വഹിക്കാത്തവർക്ക്‌ പലിശ രഹിത കടങ്ങൾ (ഖർദ്‌ ഹസൻ) നൽകാനുള്ള വകുപ്പും ഇസ്‌ലാമിക്‌ ബാങ്കിലുണ്ട്‌.

ഇന്ന് നിലവിലുള്ള ബാങ്കുകൾ വായ്പ അനുവദിക്കുന്നത്‌ ജാമ്യവസ്തുവിന്റെ ഉറപ്പിന്മേൽ ആയതുകൊണ്ട് ജാമ്യവസ്തു നൽകാൻ സാധിക്കാത്ത് മൂലം സാധാരണക്കാർക്ക് ഈ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുക അസാധ്യമാണ്. എന്നാൽ ഇസ്‌ലാമിക ബാങ്കുകൾ പ്രധാനമായും പരിഗണിക്കുന്നത് ഇടപാടുകാരന്റെ തിരിച്ചടവിനുള്ള ശേഷിയാണ്. ഇസ്‌ലാമിക ബാങ്കുകൾ ലാഭ-നഷ്ട പങ്കാളിത്ത രീതിയിൽ പ്രവർത്തിക്കുന്നതിനാൽ ജാമ്യവസ്തു ഇല്ലെങ്കിലും തിരിച്ചടക്കാൻ ശേഷിയുള്ളവന്‌ മുറാബഹ , ഇജാറ എന്നീ രീതികളിലൂടെ വായ്പ ലഭിക്കാൻ സംവിധാനങ്ങൾ ഉണ്ട്. ഇത്തരം ബാങ്കുകൾ ഇസ്‌ലാമിക നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും എല്ലാ വിഭാഗം ആളുകൾക്കും ഇത്തരം ബാങ്കുകളിൽ നിക്ഷേപം നടത്താനും ഇവിടെ നിന്നും വായ്പകൾ എടുക്കാനും സാധിക്കും.ഇസ്‌ലാമിക ബാങ്കിൽ പണമിടപാടുകൾ നടത്തുന്നത് മുറാബഹ, ഇജാര, മുളാരബ, മുഷാരക തുടങ്ങിയ രീതികൾ അവലംബിച്ചാണ്.

പലിശ ഖുർആനിൽ

[തിരുത്തുക]
  • പലിശ തിന്നുന്നവർ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത്‌ പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്‌ എന്ന്‌ അവർ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട്‌ ( അതനുസരിച്ച്‌ ) വല്ലവനും ( പലിശയിൽ നിന്ന്‌ ) വിരമിച്ചാൽ അവൻ മുമ്പ്‌ വാങ്ങിയത്‌ അവന്നുള്ളത്‌ തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും ( പലിശയിടപാടുകളിലേക്ക്‌ തന്നെ ) മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.- ഖുർആൻ :2-275
  • അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധർമ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും.- ഖുർആൻ :2-276
  • സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയിൽ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങൾ ( യഥാർത്ഥ ) വിശ്വാസികളാണെങ്കിൽ.- ഖുർആൻ :2-278
  • സത്യവിശ്വാസികളേ, നിങ്ങൾ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം.-ഖുർആൻ:3-130
  • ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളർച്ച നേടുവാനായി നിങ്ങൾ വല്ലതും പലിശയ്ക്ക്‌ കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കൽ അത്‌ വളരുകയില്ല. അല്ലാഹുവിൻറെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട്‌ നിങ്ങൾ വല്ലതും സകാത്തായി നൽകുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവർ.ഖുർആൻ:30-39

വായ്‌പ

[തിരുത്തുക]

ഇസ്ലാമിക്‌ ബാങ്കിംഗ് പ്രകാരം വായ്‌പ എടുക്കുപ്പോൾ മൊത്തം വായ്‌പ തുക വഴി എത്ര രൂപയാണോ ബാങ്കിന് ലാഭമായി വരേണ്ടത് ആ തുക ലാഭ തുക ആയി കണക്കാക്കി വായ്‌പ തരുന്ന തുകയിൽ നിന്നും ആദ്യമേ ബാങ്ക് പിടിക്കുന്നു. ഫലത്തിൽ പലിശ ഇല്ലെക്കിലും പലിശ ഇനത്തിൽ ബാങ്കിന് കിട്ടേണ്ട തുക ലാഭ തുക ആയി കണക്കാക്കി കിഴിച്ച ശേഷം ഉള്ള തുക മാത്രമേ വായ്പ എടുക്കുന്ന ആൾക്ക് കിട്ടുകയുള്ളൂ .

മുറാബഹ

[തിരുത്തുക]

മുറാബഹ എന്ന രീതിയിൽ ഇസ്‌ലാമിക ബാങ്കുകൾ ഇടപടുകാരന് ആവശ്യമുള്ള വസ്തുവോ ഉപകരണമോ വിലക്ക് വാങ്ങി നൽകുന്നു. ബാങ്കിൻറെ ഉടമസ്ഥതയിൽ വിലക്ക് വാങ്ങുന്ന അത്തരാം വസ്തുവോ ഉപകരണമോ ഇടപടുകാരന് ഒരു നിശ്ചിത ലാഭവിഹിതമെടുത്ത്‌ വിൽക്കുന്നു. ഈ തുക ഇടപടുകാരന് നിശ്ചിത ഗഡുക്കളായി അടച്ചു തീർക്കാം. നിശ്ചിത സമയത്തിന് തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിലും അടച്ചു തീർക്കേണ്ട സംഖ്യ വർദ്ധിക്കുകയില്ല. ആധുനിക ഇസ്ലാമിക്‌ ബാങ്കുകളിൽ എഴുപത്തഞ്ചു ശതമാനം വിനിമയങ്ങളും നടക്കുന്നത് മുറാബഹ രീതിയിലാണ്‌.

ഇജാറ എന്ന അറബി വാക്കിന്റെ അർത്ഥം വാടക എന്നാണ്. ഇജാറ രീതിയിൽ ബാങ്ക്‌ ഉപഭോക്താവിന്റെ ആവശ്യാനുസരണമുള്ള വസ്തുവോ ഉപകരണമോ വിലക്കുവാങ്ങി വാടകക്ക്‌ നൽകുന്നു. വസ്തുവിന്റെ വില രേഖപ്പെടുത്തിയ കരാർ പ്രകാരം ഒരു നിശ്ചിത തുക ഉപഭോക്താവ്‌ വാടക നൽകുന്നതോടൊപ്പം ഉപഭോക്താവ് ആ വസ്തു അല്ലെങ്കിൽ ഉപകരണം സ്വന്തമാക്കാൽ ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ വില കൂടി ഗഡുക്കളായി അടച്ചുതീർക്കാം.ഇജാറ രീതിയിൽ ഉപഭോക്താനിനുള്ള നേട്ടങ്ങൾ താഴെപ്പറയുന്നവയാണ്.

  • ഉപഭോക്താവിന് ആവശ്യമുള്ള മൂലധനത്തിന്റെ 100% -വും ലഭിക്കുന്നു.
  • ആദ്യ ഗഡു അടക്കുമ്പോൾത്തന്നെ ഇജാറ രീതിയിൽ വാങ്ങുന്ന വസ്തുവിന്റെയോ അല്ലെങ്കിൽ ഉപകരണത്തിന്റെയോ പൂർണ്ണമായ കൈവശാവകാശം ലഭിക്കുന്നു.
  • കരാർ ഉണ്ടാക്കുമ്പോൽ തനിക്ക് കൂടി സ്വീകാര്യമായ വ്യവസ്ഥകൾ കരാരിൽ ഉൾപ്പെടുത്താൻ കഴിയുന്നു.
  • കമ്പ്യൂട്ടർ പോലെ സാങ്കേതികവിദ്യ അടിക്കടി മാറുന്ന മേഖലകളിൽ ഭീമമായ മൂലധനനിക്ഷേപം നടത്തേണ്ടിവരുന്നത് ഒഴിവാക്കാൻ കഴിയുന്നു.
  • പരിമിതകാലത്തേക്ക് മാത്രം ആവശ്യമുള്ള വസ്തുക്കളും ഉപകരണങ്ങളും മൂലധനനിക്ഷേപം ഇല്ലാതെ ലഭ്യമാകുന്നു.

മുദാറബ

[തിരുത്തുക]

ഒരു വ്യവസായ സംരംഭത്തിന്‌ വേണ്ടി ഒരാൾ പണം മുടക്കുകയും മറ്റൊരാൾ തന്റെ കഴിവും പ്രാവീണ്യവും ഉപയോഗപ്പെടുത്തി ബിസിനസ്‌ നടത്തുകയും ചെയ്യുന്ന രീതിയാണ് മുദാറബ. ഇത്തരം വ്യവസായ സംരംഭത്തിൽ നിന്നും ലഭിക്കുന്ന ലാഭം നേരത്തേ ഉണ്ടാക്കിയിട്ടുള്ള കരാർ അനുസരിച്ച് ഇരുപങ്കാളികളും ആനുപാതികമായി പങ്കുവെക്കുന്നു. ഈ രീതിയിൽ നഷ്ടം വരികയാണെങ്കിൽ പണം മുടക്കുന്നയാൾ ഒറ്റക്ക് വഹിക്കേണ്ടതായി വരും.

അൽ മുഷാരക

[തിരുത്തുക]

അൽ മുഷാരക (Arabic: المشاركة‎) എന്ന അറബി വാക്കിന്റെ അർത്ഥം സഹപ്രവർത്തനം, കൂട്ടുസംരംഭം എന്നൊക്കെയാണ്. രണ്ടോ അതിലധികമോ ആളുകൾ ഒരു കൂട്ടുസംരംഭത്തിൽ നിക്ഷേപം നടത്തുകയും അതിൽ നിന്നുള്ള ലാഭ നഷ്ടങ്ങൾ അവരവരുടെ നിക്ഷേപത്തിന്റെ അനുപാതത്തിൽ പങ്കുവെക്കുകയും ചെയ്യുന്ന രീതിയാണിത്.


ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിൽ ഇസ്‌ലാമിക ബാങ്കിങ് തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ നിയമമനുസരിച്ച് ഇന്ത്യയിൽ ഇസ്‌ലാമിക ബാങ്കിങ്ങിന് സാധുതയില്ല[1] .

സംസ്ഥാനത്ത് (KERALA) ഇസ്ലാമിക ബാങ്ക് സ്ഥാപിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു[2]. ഇസ്ലാമിക ബാങ്ക് സ്ഥാപിക്കുന്നതിനെതിരെ സുബ്രഹ്മണ്യ സ്വാമി, ആർവി ബാബു എന്നിവർ സമർപ്പിച്ച ഹർജികൾ തള്ളികൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ചലമേശ്വർ സർക്കാർ നടപടി ശരിവെച്ചത്.

അവലംബം

[തിരുത്തുക]
  1. http://articles.timesofindia.indiatimes.com/2013-05-10/india-business/39167900_1_islamic-banking-interest-rate-shariah[പ്രവർത്തിക്കാത്ത കണ്ണി]
  2. Babu, Ajith (2011-02-03). "ഇസ്ലാമിക ബാങ്കുകൾ സ്ഥാപിക്കാൻ ഹൈക്കോടതി അനുമതി". Retrieved 2020-08-04.
"https://ml.wikipedia.org/w/index.php?title=ഇസ്‌ലാമിക_ബാങ്ക്&oldid=3998934" എന്ന താളിൽനിന്ന് ശേഖരിച്ചത്