Jump to content

വാൾഡെൻഷന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Waldensians എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാൾഡെൻഷൻ സഭയുടെ പ്രാരംഭകനായി കരുതപ്പെടുന്ന പീറ്റർ വാൽഡോ (പൊതുവർഷം 1140-1218)

മദ്ധ്യയുഗങ്ങളുടെ അവസാനം യൂറോപ്പിൽ ഉടലെടുത്ത ഒരു ക്രിസ്തീയമുന്നേറ്റത്തിലെ അംഗങ്ങളാണ് വാൽഡെൻഷന്മാർ. വടക്കൻ ഇറ്റലി ഉൾപ്പെടെയുള്ള ചില നാടുകളിൽ അവരുടെ പിന്തുടർച്ചക്കാർ ഇന്നും നിലനിൽക്കുന്നു. വിശ്വസനീയമായ രേഖകളുടെ അഭാവം മൂലം, ഈ പ്രസ്ഥാനത്തിന്റെ ആദിമചരിത്രത്തെ സംബന്ധിച്ച് കാര്യമായ അവ്യക്തതയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ വേദവ്യതിചലനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട അവർ, പതിനേഴാം നൂറ്റാണ്ടിൽ ഉന്മൂലനാശത്തിന്റെ വക്കോളമെത്തി. എങ്കിലും യൂറോപ്പിലും, തെക്കും വടക്കും അമേരിക്കകളിലും സജീവമായ വാൾഡെൻഷൻ സമൂഹങ്ങൾ ഇന്നും നിലനിൽക്കുന്നു.

വാൽഡെൻഷൻ മുന്നേറ്റത്തിന്റെ ചരിത്രപൈതൃകം ആ പ്രസ്ഥാനത്തെ ദീനജനസേവനത്തിനും, സാമൂഹ്യനീതിക്കും, മതാന്തരസൗഹാർദ്ദത്തിനും, മത-ധാർമ്മികവൈവിദ്ധ്യത്തിനും, മനഃസാക്ഷിസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന സുവിശേഷപ്രഘോഷകരുടെ കൂട്ടായ്മയായി കാണുന്നു.[1] ആധുനിക കാലത്തെ വാൾഡെൻഷന്മാരുടെ സമൂഹമാണ്, വാൾഡെൽഷൻ സദ്വാർത്താ സഭ

തുടക്കം

[തിരുത്തുക]

ഫ്രാൻസിലെ ലയോൺസ് നഗരത്തിൽ ജീവിച്ചിരുന്ന പീറ്റർ വാൾഡോ എന്ന ധനികനായ വ്യാപാരിയുടെ മതവീക്ഷണത്തിലാണ് വാൾഡെൻഷൻ മുന്നേറ്റത്തിന്റെ തുടക്കം. തെക്കൻ ഫ്രാൻസിലെ 'ലാംഗ്യൂ-ഡോക്ക്' നാട്ടുഭാഷയിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്താൻ ആഗ്രഹിച്ച അദ്ദേഹം അതിനായി ഒരുപറ്റം പണ്ഡിതന്മാരെ നിയോഗിച്ചു. പരിഭാഷ പഠിച്ച വാൾഡോ, ക്രിസ്തുവിന്റെ അപ്പസ്തോലന്മാരെപ്പോലെ എല്ലാ ക്രിസ്ത്യാനികളും സമ്പത്തൊന്നുമില്ലാതെ ദരിദ്രരായി ജീവിക്കുകയാണു വേണ്ടത് എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. കടങ്ങൾ വീട്ടിക്കഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന തന്റെ സ്വത്തിൽ ഒരു ഭാഗം ഭാര്യക്കു നൽകിയശേഷം അദ്ദേഹം ബാക്കിയുള്ളത് പാവങ്ങൾക്കു വിതരണം ചെയ്തു. തുടർന്ന് "ലയോൺസിലെ ദരിദ്രർ" എന്നു സ്വയം വിശേഷിപ്പിച്ച ഒരുപറ്റം അനുയായികൾക്കൊപ്പം വാൾഡോ ക്രിസ്തീയദാരിദ്ര്യത്തിൽ ജീവിക്കാൻ തുടങ്ങി. സന്യാസികളെപ്പോലെ വസ്ത്രധാരണം ചെയ്ത അവർ, ബ്രഹ്മചര്യനിഷ്ഠയിൽ ലളിതജീവിതം നയിച്ച് സുവിശേഷം പ്രഘോഷിക്കുകയും ബൈബിളിന് ഏറെ പ്രാധാന്യം കല്പിച്ച് അതിന്റെ ഏറെ ഭാഗങ്ങൾ മനപാഠമാക്കുകയും ചെയ്തു.[2]

വിശ്വാസങ്ങൾ

[തിരുത്തുക]

വാൾഡെൻഷന്മാരുടെ പ്രബോധനം ബൈബിളിനെ, പ്രത്യേകിച്ച് പുതിയനിയമത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. നാട്ടുഭാഷയിലുള്ള ബൈബിൾ പാഠത്തിൽ വലിയൊരു ഭാഗം അവർ മനപാഠമാക്കി. സുവിശേഷങ്ങൾ പ്രഘോഷിക്കുന്ന ലാളിത്യത്തെ അക്ഷരാർത്ഥത്തിൽ പിന്തുടർന്ന് അവർ, ലളിതവസ്ത്രം ധരിച്ച് നഗ്നപാദരായി, വഴിയിൽ കിട്ടിയത് ഭക്ഷിച്ച് പ്രഘോഷണം നിർവഹിച്ചു. വ്യവസ്ഥാപിതസഭയെ അവർ അതിന്റെ കുറവുകളും അഴിമതിയും തുറന്നുകാട്ടി വിമർശിച്ചു. ശുദ്ധീകരണസ്ഥലം എന്നത് ഈ ലോകത്തിലെ ദുരിതങ്ങളാണെന്നും പ്രാർത്ഥന ഫലപ്രദമാകാൻ ദേവാലയത്തിന്റെ ഔപചാരികത ആവശ്യമില്ലെന്നും അവർ പഠിപ്പിച്ചു. സാധാരണക്കാർക്ക് മനസ്സിലാകാത്ത ലത്തീൻ ഭാഷയിലുള്ള പ്രാർത്ഥന അവർക്കിഷ്ടമില്ലായിരുന്നു. ദേവാലയസംഗീതത്തേയും അവർ എതിർത്തു. ദുർവൃത്തരായ പുരോഹിതർ നൽകുന്ന കൂദാശകൾ ഫലം ചെയ്യില്ലെന്ന് അവർ കരുതി. തികഞ്ഞ സത്യസന്ധതയ്ക്ക് അവരുടെ പ്രബോധങ്ങൾ ഏറെ പ്രാധാന്യം കല്പിച്ചു. ഓരോ നുണയും മാരകപാപം ആണെന്ന് വാൾഡെൻഷന്മാർ പഠിപ്പിച്ചു. നിയമക്കോടതികളിലെ ശപഥം പോലും അവരുടെ ദൃഷ്ടിയിൽ, "ആണയിടരുത്" എന്ന ക്രിസ്തുവിന്റെ പ്രബോധനത്തിനു വിരുദ്ധമായിരുന്നു. വിശുദ്ധകുർബ്ബാനയിൽ അവർ പങ്കെടുത്തെങ്കിലും നല്ലവനായ ഏത് ക്രിസ്ത്യാനിക്കും അത് അർപ്പിക്കാൻ അർഹതയുണ്ടെന്ന് അവർ വിശ്വസിച്ചു. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നാരംഭിക്കുന്ന കർത്തൃപ്രാർത്ഥനയും, ഭക്ഷണത്തിനു ശേഷമുള്ള ഉപകാരസ്മരണയും ആയിരുന്നു അവരുടെ മുഖ്യപ്രാർത്ഥനകൾ.[3]

എതിർപ്പുകൾ

[തിരുത്തുക]

പ്രാദേശികസഭാധികാരികൾ ഈ പുതിയ തീക്ഷ്ണധാർമ്മികതയുടെ പ്രചരണത്തിൽ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ വാൾഡോ റോമിലെത്തി മാർപ്പാപ്പായിൽ നിന്ന് പ്രഘോഷണാനുമതി നേടി. പ്രാദേശിക സഭാനേതൃത്വത്തിന്റെ മേൽനോട്ടത്തിലായിരിക്കണം പ്രഘോഷണം എന്ന വ്യവസ്ഥയിലാണ് അനുമതി നൽകപ്പെട്ടത്. എന്നാൽ പുതിയ പ്രഘോഷണം ഒന്നിനൊന്ന് വ്യവസ്ഥാപിത ക്രിസ്തീയതക്ക് എതിരായിത്തീർന്നതിനാൽ 1184-ൽ വെറോണയിലെ സഭാ സമ്മേളനം വാൾഡെൻഷന്മാർക്ക് വിലക്കു കല്പിച്ചു. അതോടെ വ്യവസ്ഥാപിത പൗരോഹിത്യത്തെ തള്ളിപ്പറഞ്ഞ വാൽഡെൻഷന്മാർ സഭക്കു പുറത്തായി. [4] 'ദരിദ്രകത്തോലിക്കർ' എന്ന പേരിൽ അവരിൽ ഒരു വിഭാഗം കത്തോലിക്കാ സഭയിലേക്കു മടങ്ങി.

പീഡനങ്ങൾ

[തിരുത്തുക]

പുതിയ വിശ്വാസത്തിൽ ഉറച്ചുനിന്ന മറ്റുള്ളവർക്ക് വലിയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാത്താറിസത്തിനെതിരെ കത്തോലിക്കാ സഭ നടത്തിയ കുരിശുയുദ്ധത്തിൽ വാൾഡെൻഷന്മാരും വലിയതോതിൽ വേട്ടയാടപ്പെട്ടു. നാട്ടുഭാഷയിൽ പ്രചരിച്ച ബൈബിളിനെ ആശ്രയിച്ചു വളർന്ന ഇത്തരം 'വേദവ്യതിയാനങ്ങളെ' നിയന്ത്രിക്കാൻ, കാത്താർ വിരുദ്ധയുദ്ധത്തിന്റെ സമാപ്തിയിൽ ചേർന്ന ടൂളൂസിലെ സഭാ സമ്മേളനം, സങ്കീർത്തനങ്ങൾ ഒഴികെയുള്ള ബൈബിൾ ഭാഗങ്ങൾ പുരോഹിതരല്ലാത്തവർ കൈവശം വയ്ക്കുന്നതു നിരോധിക്കുക പോലും ചെയ്തു.[2] കാത്താറുകൾക്കെതിരായുള്ള കുരിശുയുദ്ധത്തിൽ നേരിടേണ്ടി വന്ന പീഡനങ്ങൾക്കിടെ വാൾഡെൻഷന്മാരിൽ പലരും ഇറ്റലിയിലെ പീഡ്മോണ്ടിലെക്കും മറ്റും പലായനം ചെയ്തിരുന്നു. പീഡ്മോണ്ടിൽ വാൾഡെൻഷന്മാർ നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് "കർത്താവേ, കശാപ്പുചെയ്യപ്പെട്ട നിന്റെ വിശുദ്ധന്മാർക്കു വേണ്ടി പ്രതികാരം ചെയ്താലും" എന്ന പേരിൽ ആംഗലകവി ജോൺ മിൽട്ടൺ രചിച്ച പതിനെട്ടാം സോനെറ്റ്.[4] [5]

അതിജീവനം

[തിരുത്തുക]

ഇറ്റലിയിൽ ആല്പ്സിന്റെ താഴ്വാരങ്ങളിൽ ഒറ്റപ്പെട്ട സമൂഹങ്ങളായി നിലനിന്ന വാൾഡെൻഷൻ സമൂഹങ്ങൾ 16-ആം നൂറ്റാണ്ടിൽ പാശ്ചാത്യസഭയിലുണ്ടായ നവീകരണത്തിനിടെ വീണ്ടും സജീവമായി.[3] ഇന്ന് യൂറോപ്പിന്റെ പല ഭാഗങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും വാൽഡെൻഷൻ സമൂഹങ്ങൾ നിലനിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. http://www.waldensian.org
  2. 2.0 2.1 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറങ്ങൾ 769-70)
  3. 3.0 3.1 A History of Christianity, Kenneth Scott Latourette (പുറങ്ങൾ 451-53)
  4. 4.0 4.1 പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറം 448)
  5. Poetry Foundation Sonnet XVIII: On the Late Massacre in Piemont

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാൾഡെൻഷന്മാർ&oldid=2650279" എന്ന താളിൽനിന്ന് ശേഖരിച്ചത്