Jump to content

മേഘനാഥ് സാഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meghnad Saha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേഘനാഥ്‌ സാഹ
മേഘനാഥ്‌ സാഹ
ജനനം(1893-10-06)6 ഒക്ടോബർ 1893
മരണം16 ഫെബ്രുവരി 1956(1956-02-16) (പ്രായം 62)
ദേശീയതഇന്ത്യൻ
കലാലയംധാക്ക കോളേജ്
കൽക്കട്ട യൂനിവേഴ്സിറ്റി
അറിയപ്പെടുന്നത്താപീയ അയൊണീകരണം
സാഹാ അയൊണീകരണ സൂത്രവാക്യം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം , ഗണിതം
സ്ഥാപനങ്ങൾഅലഹബാദ് സർവകലാശാല
കൽക്കട്ട സർവകലാശാല
ഇമ്പീരിയൽ കോളേജ് ലണ്ടൻ
Indian Association for the Cultivation of Science

ജ്യോതിർഭൗതികത്തിന് (Astrophysics) നിസ്‌തുലമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു മേഘനാഥ്‌ സാഹ (ഒക്ടോബർ 6, 1893 - ഫെബ്രുവരി 16, 1956). 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടിത്തം ജ്യോതിർഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്നു. ഒരു പദാർത്ഥം വളരെ ഉയർന്ന താപനിലയിലേക്കെത്തുമ്പോൾ, ഇതിന്റെ ഇലക്‌ട്രോണുകൾക്ക്‌ ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊർജ്ജം ലഭിക്കും (അയണീകൃതമാകും). ഇങ്ങനെയുള്ള പ്രവർത്തനമാണ്‌ താപഅയണീകരണം എന്നറിയപ്പെടുന്നത്‌. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന്‌ ഇത്‌ പുതിയ ദിശാബോധം നൽകി. സാഹ സമവാക്യം ഉപയോഗിച്ച്‌ നക്ഷത്രങ്ങളുടെ വർണരാജി അപഗ്രഥിച്ചാൽ അതിൻറെ താപനില അറിയാൽ സാധിക്കുമെന്നത്‌ അസ്‌ട്രോഫിസിക്‌സിന്റെ വളർച്ചയുടെ നാഴികകല്ലായി.

ജനനം, ബാല്യം, വിദ്യാഭ്യാസം

[തിരുത്തുക]

ഇന്നത്തെ ബംഗ്ലാദേശ്‌ തലസ്ഥാന നഗരിയായ ധാക്കയ്‌ക്ക്‌ 45 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ശിവതാരാളി എന്ന ഗ്രാമത്തിൽ 1893 ഒക്ടോബർ 6 നാണ്‌ മേഘനാഥ്‌ സാഹയുടെ ജനനം. പലചരക്ക്‌ വ്യാപാരിയായിരുന്ന ജഗന്നാഥ്‌ സാഹയുടെയും ഭുവനേശ്വരിദേവിയുടെ അഞ്ചാമത്തെ മകനായിരുന്ന സാഹയുടെ ബാല്യകാലം താരതമ്യേന ദുർബലമായ സാമ്പത്തികാവസ്ഥയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം വീട്ടിൽ നിന്നും എഴുമൈൽ അകലെയുള്ള മിഡിൽ സ്‌കൂളിൽ പ്രവേശനം തേടി. സ്‌കൂളിന്‌ സമീപത്തുള്ള ഒരു ഡോക്‌ടറുടെ കൂടെ താമസിച്ച്‌ അദ്ദേഹത്തിന്റെ സഹായിയായി നിന്ന്‌ ലഭിക്കുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ്‌ പഠനം, ഭക്ഷണം എന്നിവ മുന്നോട്ട്‌ കൊണ്ടുപോയത്‌. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്‌ ധാക്കാ മിഡിൽ സ്‌കൂൾ പരീക്ഷയിൽ ഒന്നാമനായി, അങ്ങനെ നേടിയ സ്‌കോളർഷിപ്പിന്റെ സാമ്പത്തികബലത്തിലാണ്‌ ധാക്കാ കോളിജിയറ്റ്‌ സ്‌കൂളിൽ ചേരുന്നത്‌. 1905 ൽ ബ്രിട്ടീഷുകാർ നടത്തിയ ബംഗാൾ വിഭജനത്തിനെതിരെ ജനവികാരം ശക്തമായിരുന്ന അക്കാലത്ത്‌ സഹപാഠികൾക്കൊപ്പം ഗവർണറിനെ സന്ദർശിച്ചതിനെ തുടർന്ന്‌ സ്‌കോളർഷിപ്പും സ്‌കൂൾ പഠനവും തടസപ്പെട്ടു. പിന്നീട്‌ കിഷോരിലാൽ ജൂബിലി സ്‌കൂളിൽ ചേർന്ന്‌ പഠിച്ചു.

ഗണിതശാസ്‌ത്രവും ചരിത്രവും സാഹയുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു. കോളജു വിദ്യാഭ്യാസം പ്രശസ്‌തമായ കൽക്കത്താ പ്രസിഡൻസി കോളേജിലായിരുന്നു. അക്കാലത്ത്‌ അതിപ്രശസ്‌തരുടെ ഒരു നിരതന്നെ പ്രസിഡൻസിയെ സമ്പന്നമാക്കിയിരുന്നു. രസതന്ത്ര വിഭാഗത്തിൽ പ്രഫുല്ല ചന്ദ്ര റായ്‌ ഭൗതികശാസ്‌ത്രത്തിൽ ജഗദീഷ് ചന്ദ്ര ബോസ് എന്നിവർ അദ്ധ്യാപകരായും പില്‌കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞൻമാരായി തീർന്ന സത്യേന്ദ്രനാഥ്‌ ബോസ്‌, പി.സി. മഹലനോബിസ്‌ ജ്ഞാൻ ഘോഷ്, ജെ.എൻ. മുഖർജി എന്നിവർ സഹപാഠികളായും ബോസിനുണ്ടായിരുന്നു. പിന്നീട് പ്രഗല്ഭനായ ഗണിതജ്ഞനായിരുന്ന അമിയ ചരൺ ബാനെർജി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഗണിതശാസ്‌ത്രം മുഖ്യവിഷയമാക്കി 1913 ൽ പ്രസിഡൻസിയിൽ നിന്നും രണ്ടാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. ഒന്നാംറാങ്ക്‌ സത്യേന്ദ്രനാഥ്‌ ബോസിനായിരുന്നു. തുടർന്ന്‌ പ്രയുക്ത ഗണിതശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിതന്നെ കരസ്ഥമാക്കി.

ജോലി, ഗവേഷണം

[തിരുത്തുക]

പുതുതായി സ്ഥാപിച്ച കൊൽക്കത്ത സയൻസ്‌ കോളേജിൽ അദ്ധ്യാപകനായി ചേർന്ന്‌ ഔദ്യോഗികജീവിതം ആരംഭിച്ചു. അധ്യാപനവൃത്തിക്കൊപ്പം തന്നെ ഗവേഷണത്തിലും ഏർപ്പെട്ടു. 1918 ൽ രാധികാറാണിയെ വിവാഹം കഴിച്ചു. 1919 ൽ ഡോക്‌ടറേറ്റ്‌ നേടുകയും ചെയ്‌തു. സതീർത്ഥനായ സത്യേന്ദ്രനാഥ്‌ബോസും അദ്ധ്യാപകനായി അവിടെയുണ്ടായിരുന്നത്‌ സാഹയ്‌ക്ക്‌ ഏറെ അനുഗ്രഹമായിരുന്നു. സാഹയും സത്യേന്ദ്രനാഥും ചേർന്ന്‌ ആൽബർട്ട്‌ ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ഇംഗ്ലീഷിലേക്ക്‌ തർജമ ചെയ്‌തിരുന്നു. ഇതിന്റെ ഒരു പകർപ്പ്‌ പ്രിൻസ്റ്റണിലുള്ള ഐൻസ്റ്റൈൻ ആർക്കീവ്‌സിൽ സൂക്ഷിച്ചിട്ടുണ്ട്‌. 1919 ൽ രണ്ടുവർഷം നീളുന്ന യൂറോപ്പ്‌ പര്യടനത്തിന്‌ പുറപ്പെട്ടു. ലണ്ടനിലേയും ബെർലിനിലേയും ശാസ്‌ത്രസമൂഹത്തെയും പരീക്ഷണശാലയേയും ഗവേഷണ സൗകര്യത്തിന്‌ പ്രയോജനപ്പെടുത്തി. 1922 ൽ കൽക്കത്താ സർവകലാശാലയിൽ ഭൗതികശാസ്‌ത്ര വിഭാഗത്തിൽ പ്രൊഫസറായി ജോലിയിൽ തിരികെയെത്തി. 1923 ൽ അലഹബാദ്‌ സർവകലാശാലയിലെ ഭൗതികശാസ്‌ത്ര വിഭാഗം വകുപ്പുമേധാവിയായുള്ള ജോലി സ്വീകരിച്ചു. 1927ൽ അദ്ദേഹം റോയൽ സൊസൈറ്റി ഫെല്ലൊ ആയി.1934 ലെ ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ 21 മത് സെഷന്റെ അധ്യക്ഷനായിരുന്നു. പത്മഭൂഷൺ നേടിയ ഭൗതികശാസ്ത്രജ്ഞനായ ഡി.എസ്. കോത്താരി ഈ കാലയളവിൽ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. 1930 വരെ സാഹ അൻപതോളം ഗവേഷണ പ്രബന്ധങ്ങൾ വിവിധ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു. 1956ൽ മരണം വരെ കൽക്കട്ട സർവകലാശാലയിലെ ഫാക്കൽട്ടി ഓഫ് സയൻസിലെ ഡീനും പ്രൊഫസ്സറും ആയിരുന്നു.

മറ്റു പ്രവർത്തനങ്ങൾ

[തിരുത്തുക]

1938 ൽ പണ്‌ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത ദേശീയ പ്ലാനിംഗ്‌ കമ്മിറ്റിയിലെ സജീവാംഗമായിരുന്നു. സാമൂഹിക വിപ്ലവത്തിനായി വ്യവസായിക വളർച്ച അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം വാദിച്ചു. അലഹബാദ്‌ സർവ്വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം, കൽക്കട്ടയിലെ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയർ ഫിസിക്‌സ്‌, നാഷണൽ അക്കാഡമി ഓഫ്‌ സയൻസ്‌, ഇൻഡ്യൻ ഫിസിക്കൽ സൊസൈറ്റി, ഇൻഡ്യൻ അസോസിയേഷൻ ഫോർ ദ്‌ കൾട്ടിവേഷൻ ഓഫ്‌ സയൻസ്‌, സാഹ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയർ ഫിസിക്‌സ്‌ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിലും മികച്ച സംഭാവനകൾ നല്‌കി. സയൻസ്‌ ആൻഡ്‌ കൾച്ചർ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. മരിക്കുന്നതുവരെ ഇതിന്റെ എഡിറ്റർ ആയിരുന്നു. ഇന്ത്യയിലെ നദീജല പ്ലാനിംഗിന്റെ മുഖ്യശില്‌പിയായിരുന്നു. ദാമോദർവാലി പ്രോജക്‌ട്‌ തയ്യാറാക്കിയതും സാഹയുടെ നേതൃത്വത്തിലായിരുന്നു.

1934 ലെ ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌ അദ്ധ്യക്ഷനായിരുന്നു. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്ന ഒരു ശാസ്‌ത്രാന്വേഷിയായിരുന്നു ഇദ്ദേഹം. മറ്റുള്ള ശാസ്‌ത്രജ്ഞന്മാരിൽ നിന്നും ഭിന്നമായി സജീവ രാഷ്‌ട്രീയത്തിലും ഇദ്ദേഹം ഇടപെട്ടിരുന്നു. 1952 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച്‌ മികച്ച ഭൂരിപക്ഷത്തോടെ പാർലമെന്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത്‌ ആണവോർജ കമ്മീഷൻ രൂപവത്കരിക്കണം എന്ന ഹോമി ജെ. ഭാഭയുടെ നിർദ്ദേശം പണ്‌ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു സാഹയുടെ അഭിപ്രായത്തിന്‌ വിട്ടിരുന്നു. ആണവോർജ സാധ്യതകൾ ചൂഷണം ചെയ്യുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ സർവകലാശാലകളിലും മറ്റും ഒരുക്കിയ ശേഷമേ നമ്മുടെ രാജ്യത്ത്‌ ഇത്തരത്തിൽ ആണവോർജ കമ്മീഷൻ രൂപവത്കരിക്കാവൂ എന്ന്‌ മേഘനാഥ്‌ സാഹ നെഹ്‌റുവിന്‌ മറുപടി നൽകി.

ഭാരതത്തിന്റെ പാർലമെന്റിൽ ന്യൂക്ലിയർ ഊർജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ ചർച്ച തുടങ്ങിവെച്ചതും 1954 ൽ മേഘനാഥ്‌ സാഹയായിരുന്നു.ഇതിനിടെ അസ്‌ട്രോണൊമിക്കൽ സൊസൈറ്റി ഓഫ്‌ ഫ്രാൻസിന്റെ വിശിഷ്‌ട ആയുഷ്‌കാല അംഗത്വവും ഇദ്ദേഹത്തെ തേടിയെത്തി. അസ്‌ട്രോഫിസിക്‌സിൽ മൗലിക ചിന്തയ്‌ക്കും ഗവേണത്തിനും അടിത്തറയിട്ട ജീവിതകാലമായിരുന്നു മേഘനാഥ്‌ സാഹയുടേത്‌.

മിക ശാസ്ത്രജ്ഞരെയും പോലെ സാഹയും ഒരു നിരീശ്വരവാദിയായിരുന്നു. ഇദ്ദേഹം 1956 ഫെബ്രുവരി 16-ന് 62-ആം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

പ്രശസ്‌തമായ നിരീക്ഷണം

[തിരുത്തുക]

റഫറൻസ്

[തിരുത്തുക]

കൂടുതൽ വായനക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേഘനാഥ്_സാഹ&oldid=3091356" എന്ന താളിൽനിന്ന് ശേഖരിച്ചത്