പ്രഫുല്ല ചന്ദ്ര റായ്
Prafulla Chandra Ray | |
---|---|
ജനനം | Prafulla Chandra Ray 2 August 1861 Raruli-Katipara, Jessore District, Bengal Presidency, British India (now in the Khulna District, Khulna Division, Bangladesh) |
മരണം | 16 ജൂൺ 1944 | (പ്രായം 82)
ദേശീയത | British Indian |
കലാലയം | University of Calcutta (B.A.) University of Edinburgh (B.Sc., D.Sc.) |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | Conjugated Sulphates of the Copper-Magnesium Group: A Study of Isomorphous Mixtures and Molecular Combinations (1887) |
ഡോക്ടർ ബിരുദ ഉപദേശകൻ | Alexander Crum Brown |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Satyendranath Bose Meghnad Saha Jnanendra Nath Mukherjee Jnan Chandra Ghosh |
ഒപ്പ് | |
പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ് (ഓഗസ്റ്റ് 2, 1861 - ജൂൺ 16, 1944). 1861 ഓഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുൽനാ ജില്ലയിൽ ജനിച്ചു. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
ജീവിതം
[തിരുത്തുക]പ്രഫുല്ല ചന്ദ്രയുടെ പിതാവായിരുന്ന ഹരീഷ് ചന്ദ്ര ഒരു ഭൂവുടമയായിരുന്നു. തനിക്ക് ഒൻപത് വയസ്സാകുന്നത് വരെ പ്രഫുല്ല ചന്ദ്ര പഠിച്ചത് അവിടെത്തന്നെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം കൊൽക്കത്തയിലേക്ക് കുടിയേറി. അവിടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഹേർ സ്കൂളിലായിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് ശക്തമായ ഒരു അതിസാരം പിടിപെടുകയും പിന്നീടുള്ള ജീവിതത്തെ അത് ബാധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ആൽബർട്ട് സ്കൂളിലാണ് പഠിച്ചത്.
1879-ൽ അദ്ദേഹം കൽക്കട്ട സർവ്വകലാശാലയുടെ പ്രവേശനപ്പരീക്ഷവിജയിച്ച് മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിൽ(വിദ്യാസാഗർ കോളജ്) പ്രവേശനം നേടി. ബഞ്ചമിൻ ഫ്രാങ്ക്ലിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ 'പട്ടം പറത്തൽ പരീക്ഷണ'ത്തെക്കുറിച്ചും വായിച്ചതിനുശേഷം പ്രഫുല്ല ചന്ദ്രയിൽ ശാസ്ത്രത്തിലുള്ള താത്പര്യം വളർന്നു. ആ സമയത്ത് മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യുട്ടിൽ ശാസ്ത്രക്ലാസ്സുകൾ ഇല്ലാതിരുന്നതിനാൽ ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പാഠങ്ങൾ കൊൽക്കത്ത പ്രസിഡൻസി കോളജിൽ നിന്നുമായിരുന്നു പഠിച്ചത്. അവിടുത്തെ പ്രഫസ്സർ അലക്‌സാണ്ടർ പെഡ്ലറുടെ രസതന്ത്ര ക്ലാസുകൾ അദ്ദേഹത്തെ ആകർഷിച്ചു. പ്രകൃതിശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം ഉണർത്തിയതും പെഡ്ലർ ആയിരുന്നു. 1882-ൽ ശാസ്ത്രത്തിൽ B.A. ബിരുദം നേടുവാനായി പഠിച്ചുകൊണ്ടിരുന്ന അവസരത്തിൽ അദ്ദേഹം ഒരു അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷയിൽ പങ്കെടുത്ത് ആകെ രണ്ടുപേർക്ക് മാത്രം ലഭിയ്ക്കുന്ന ഗിൽക്രിസ്റ്റ് സ്കോളർഷിപ് കരസ്ഥമാക്കുകയും, ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ച് എഡിൻബർഗ് സർവ്വകലാശാലയിലെ തന്റെ പുനഃപഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു.
എഡിൻബർഗിലെ പഠനകാലത്ത് അവിടുത്തെ കെമിക്കൽ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്നു റേ. മികച്ച വിദ്യാർത്ഥിക്കുള്ള ഹോപ് പ്രൈസും കരസ്ഥമാക്കിയിരുന്നു. 1885 ൽ ബി.എസ്സ് സിയും 1887ൽ ഡി എസ്സ് സിയും റേ പൂർത്തിയാക്കി. പഠനകാലത്ത് റേ അവതരിപ്പിച്ച രണ്ടു പ്രബന്ധങ്ങൾ - ഇന്ത്യ, സിപായി ലഹളയ്ക്ക് മുമ്പും പിമ്പും (India, Before and After the Mutiny), ഇന്ത്യയെക്കുറിച്ച് ( Essay on India) എന്നിവ - ഏറെ ശ്രദ്ധ നേടി.
ഇന്ത്യയിൽ തിരിച്ചെത്തിയ റേ പ്രസിഡൻസി കോളേജിൽ അധ്യാപകനായി ചേർന്നു. 1889 മുതൽ 1946ൽ പിരിയുന്നതു വരെ, 27 വർഷം അദ്ദേഹം അവിടെ തുടർന്നു. പരീക്ഷണങ്ങളും അനുഭവകഥകളും കൊണ്ട് ആകർഷകമാക്കിയ റേ യുടെ ക്ലാസ് പ്രശസ്തമായിരുന്നു. രസതന്ത്രം പഠിക്കാൻ സമർത്ഥരായ കുട്ടികൾ വിദൂരങ്ങളിൽ നിന്നുപോലും പ്രസിഡൻസി കോളേജിലേക്കു വന്നു. രൂക്ഷഗന്ധങ്ങളും രാസബാഷ്പങ്ങളും നിറഞ്ഞ പഴയ ലാബോറട്ടറിയുടെ സ്ഥാനത്ത് എഡിൻബർഗ് മാതൃകയിൽ മികച്ച ലബോറട്ടറി നിലവിൽ വന്നു. ആ ലാബോറട്ടറിയിൽ വച്ചാണ് 1895ൽ റേ തന്റെ പ്രശസ്തമായ കണ്ടുപിടിത്തം - മെർക്യുറസ് നൈട്രൈറ്റിന്റെ സൃഷ്ടി - നടത്തിയതും. തുടർന്ന് റേ യും അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർത്ഥികളും ചേർന്ന് നൈട്രൈറ്റുകളെയും ഹൈപ്പൊനൈട്രൈറ്റുകളെയും സംബന്ധിച്ച് ഒരു പഠനശാഖ തന്നെ വളർത്തിയെടുത്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയും നടമാടുന്ന ഇന്ത്യയിൽ ശാസ്ത്രവും വ്യവസായവും കൈകോർത്താൽ പുതിയ തൊഴിൽ സൃഷ്ടിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയ റേ സ്വന്തം വീട്ടിൽ വച്ച് മിനറൽ ആസിഡുകളും ഔഷധങ്ങളും നിർമ്മിച്ചെടുത്തു. ജീവിതം മുഴുവൻ അവിവാഹിതനായ് കഴിഞ്ഞ റേയ്ക്ക് പണം സഹജീവികളുടെ സേവനത്തിനുള്ളതാണ്. ഉൽപന്നങ്ങൾക്ക് ആവശ്യം വർദ്ധിച്ചതോടെ കൂടുതൽ വലിയ ഒരു വ്യവസായമായി, ബംഗാൾ കെമിക്കൽ ആന്റ് ഫാർമസ്യൂട്ടിക്കൽ വർക്സ് (BCPW) എന്ന പേരിൽ , 1902ൽ അതു രജിസ്റ്റർ ചെയ്യപ്പെട്ടു.
ഗവേഷണങ്ങളും വ്യവസായ സംരംഭവും എല്ലാം മുന്നേറുമ്പോൾത്തന്നെ, റേയുടെ ശ്രദ്ധ പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങളിലേക്ക് തിരിഞ്ഞിരുന്നു. സംസ്കൃതത്തിലും പ്രാകൃത ഭാഷയിലും ലഭ്യമായ കൈയെഴുത്ത് പ്രതികൾ, പ്രത്യേകിച്ച് ആയുർവേദ ഗ്രന്ഥങ്ങൾ, അദ്ദേഹം ശ്രദ്ധയോടെ പഠനവിധേയമാക്കി. പല നിർമ്മാണ വിദ്യകളും സ്വയം ചെയ്തു നോക്കി. ഒടുവിൽ എല്ലാം സംഗ്രഹിച്ച് 'ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം' ( History of Hindu Chemistry ) എന്ന പേരിൽ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചു. അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആൽകെമിയാണ് പ്രാചീനകാല രസതന്ത്രം എന്നു വിശ്വസിച്ചിരുന്നവരെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ അതിലുണ്ടായിരുന്നു. ഇന്ത്യൻ ജനതയുടെ ദേശാഭിമാനം വളർത്താൻ പോന്ന, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ആവേശം പകരുന്ന, കൃതിയായ് അതു മാറി.
1916ൽ റേ പ്രസിഡൻസി കോളേജിൽ നിന്നു വിരമിച്ചു. തുടർന്നു റേ കൊൽക്കത്ത സർവ്വകലാശാലയുടെ കീഴിലുള്ള ആദ്യത്തെ 'കോളേജ് ഓഫ് സയൻസി'ലെ 'പലിത് പ്രൊഫസർ ചെയറിൽ' നിയമിതനായ്. അടുത്ത വർഷം സി.വി.രാമൻ ഫിസിക്സിന്റെ പലിത് പ്രൊഫസർ ആയി സ്ഥാനമേറ്റു. ബോസ് - റേ - രാമൻ (BRR)കൂട്ടുകെട്ടാണ് ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിന് അടിത്തറ പണിതത്.
1932ൽ റേയുടെ ആത്മകഥയുടെ ഒന്നാം ഭാഗം -'ഒരു ബംഗാളി രസതന്ത്രജ്ഞന്റെ ജീവിതവും അനുഭവങ്ങളും'(Life and Experience of a Bengal Chemist) പുറത്തു വന്നു. ഇന്ത്യൻ യുവത്വത്തിനാണ് അദ്ദേഹം അതു സമർപ്പിച്ചത്. മൂന്നു വർഷത്തിനു ശേഷം അതിന്റെ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു.
റേ ഒരു വലിയ മനുഷ്യസ്നേഹി ആയിരുന്നു. ലളിതമായി ജീവിച്ച അദ്ദേഹത്തെ ആചാര്യ എന്നാണ് എല്ലാവരും വിളിച്ചത്. വരുമാനത്തിൽ വലിയ പങ്കും സാമൂഹ്യസേവനത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന്, നീക്കി വച്ചു. രസതന്ത്ര ഗവേഷണങ്ങൾക്കുള്ള നാഗാർജ്ജുന പ്രൈസും ജീവശാസ്ത്ര ഗവേഷണത്തിനുള്ള ആശുതോഷ് മുഖർജി പ്രൈസും സ്ഥാപിച്ചത് പി.സി.റേ ആണ്. 1923ലെ ബംഗാൾ പ്രളയകാലത്ത് ദുരിതാശ്വാസ കമ്മറ്റി രൂപീകരിക്കാൻ മുന്നിട്ടിറങ്ങുകയും 25 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തു.
1919ൽ ബ്രിട്ടീഷ് ഗവൺമെന്റ് റേയ്ക്ക് നൈറ്റ് (സർ) സ്ഥാനം നൽകി ആദരിച്ചു. 1924ൽ റേ ഇന്ത്യൻ കെമിക്കൽ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.1934ൽ റേ ലണ്ടൻ കെമിക്കൽ സൊസൈറ്റിയുടെ ഓണററി ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടു. 1944 ജൂൺ 16 ന് ആചാര്യ റേ അന്തരിച്ചു.
കുറിപ്പുകൾ
[തിരുത്തുക]
- ↑ Prior to 1970, the Indian National Science Academy was named the "National Institute of Sciences of India", and its fellows bore the post-nominal "FNI". The post-nominal became "FNA" in 1970 when the association adopted its present name.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ray_FCS
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.