Jump to content

മാഗ്നിഫിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Magnificat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറിയം എലിസബത്തിനെ സന്ദർശിക്കുന്നു. ബെറിയിലെ പ്രഭു, ജോണിന്റെ മണിക്കൂറുകളുടെ പുസ്തകം എന്ന പ്രാർഥനാ ഗ്രന്ഥത്തിലെ ചിത്രീകരണം

ബൈബിൾ പുതിയ നിയമത്തിൽ ലൂക്കായുടെ സുവിശേഷത്തിലെ(ലൂക്കാ 1:46-55‌) ഒരു ദൈവസ്തുതിഗീതമാണ് മാഗ്നിഫിക്കാറ്റ്.

ബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെയിൽ ഇത് തുടങ്ങുന്നത് "മാഗ്നിഫിക്കാറ്റ് അനിമാ മിയ ദോമിനം" (Magnificat anima mea, Dominum - എന്റെ ആതമാവ് കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു) എന്നാണ്. ആ തുടക്കത്തിൽ നിന്നാണ് ഇതിന് മാഗ്നിഫിക്കാറ്റ് എന്ന പേര് കിട്ടിയത്. മറിയത്തിന്റെ സ്തോത്രഗീതം എന്ന പേരിലും ഇത് അറിയപ്പെടുന്നു.


സന്ദർഭം

[തിരുത്തുക]

അമ്മ മറിയത്തോട്, മഹാനായൊരു പുത്രൻ അവളുടെ ഗർഭത്തിൽ ഉരുവെടുക്കാൻ പോകുന്നുവെന്ന സദ്വാർത്ത അറിയിച്ച ദൈവദൂതൻ, അവളുടെ ഇളയമ്മയും വന്ധ്യയെന്നു കരുതപ്പെട്ടിരുന്നവളുമായ എലിസബത്ത് വാർദ്ധക്യത്തിൽ ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്ന വിവരവും അറിയിച്ചു. യേശുവിനു വഴിയൊരുക്കാൻ പിറന്ന പ്രവാചകനായി സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന സ്നാപകയോഹന്നാനായിരുന്നു ആ പുത്രൻ. ഈ വാർത്ത കേട്ട മറിയം, ഗലീലിയയിലെ നസറത്തിലുള്ള അവളുടെ വീട്ടിൽ നിന്ന് യൂദയായിലെ മലബ്രദേശത്തു താമസിച്ചിരുന്ന എലിസബത്തിനെ സന്ദർശിക്കാൻ ഉത്സാഹിച്ച് പുറപ്പെട്ടു. മഹാനായ പുത്രനെ ഗർഭത്തിൽ ‌വഹിച്ച് തന്നെ സന്ദർശിച്ചുവന്ന ബന്ധുവിനെ എലിസബത്ത് അഭിവാദ്യം ചെയ്തു. പ്രസിദ്ധമായ ഈ വരികളും ആ അഭിവാദനത്തിൽ ഉൾപ്പെട്ടിരുന്നു:-

"എന്റെ കർത്താവിന്റെ അമ്മ എന്റെയടുത്തു വരുവാനുള്ള ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു! നോക്കൂ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിലെത്തിയപ്പോൾ, എന്റെ ഗർഭപാത്രത്തിലെ ശിശു, സന്തോഷം കൊണ്ട് കുതിച്ചു തുള്ളി."[1][ക]

ആനന്ദപരവശയായി ഈ അഭിവാദ്യത്തോട് പ്രതികരിച്ച് മേരി ആലപിക്കുന്ന സ്തോത്രഗീതമായാണ് മാഗ്നിഫിക്കാറ്റ് സുവിശേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പൂർണരൂപം

[തിരുത്തുക]

പഠനങ്ങൾ

[തിരുത്തുക]

ബൈബിൾ പഴയനിയമത്തിലെ അനേകം സങ്കീർത്തനങ്ങളുമായും ശമൂവേലിന്റെ പുസ്തകത്തിലെ ഹന്നായുടെ സ്തോത്രഗീതം [3]പോലെയുള്ള മറ്റു ഗീതങ്ങളുമായും, ചിന്തയിലും പദാവലിയിലും മാഗ്നിഫിക്കാറ്റിനുള്ള സാമ്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണട്. സുവിശേഷങ്ങളിലൊന്നിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ സ്തുതിഗീതം പഴയനിയമത്തിലെ അവസാനത്തെ ഗീതവും പുതിയനിയമത്തിലെ ആദ്യത്തെ ഗീതവും എന്നു വരെ വിശേഷിക്കപ്പെട്ടിട്ടുണ്ട്. പൊതുവേ മറിയത്തിന്റെ സ്തോത്രഗീതമായാണ് അറിയപ്പെടുന്നതെങ്കിലും, ചില പുരാതന കൈയെഴുത്തു പ്രതികളിലെ പാഠഭേദങ്ങളുടെ അടിസ്ഥാനത്തിൽ ഇത് എലിസബത്തിന്റെ ഗീതമാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[4]


ആസ്വാദനചരിത്രം

[തിരുത്തുക]

മാഗ്നിഫിക്കാറ്റ് നൂറ്റാണ്ടുകളിലൂടെ ക്രൈസ്തവ ആരാനക്രമത്തേയും സംഗീതത്തേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. [5] നാലാം നൂറ്റാണ്ടിൽ തന്നെ അത് യാമപ്രാർഥനകളിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങിയിരുന്നു. സായാഹ്നപ്രാർഥനയായ വേസ്പരയിൽ അത് ഉൾപ്പെടുത്തിയത് വിശുദ്ധ ബെനെഡിക്ട് ആണെന്ന് പറയപ്പെടുന്നു.[6] ഈ ഗീതത്തിന്റെ അനേകം സംഗീതാവിഷ്കരണങ്ങൾ നിലവിലുണട്. അവയിൽ ഏറ്റവും പ്രസിദ്ധമായത്, പ്രഖ്യാതസംഗീതജ്ഞനായ ബാച്ചിന്റേതാണ്(Johann Sebastian Bach - 1685-1750).[7]


മറിയത്തെയും മറ്റു വിശുദ്ധരെയും ദൈവത്തിനും മനുഷ്യർക്കും ഇടയിലെ മദ്ധ്യസ്ഥരായി കണക്കാക്കി വണങ്ങുന്നതിനെ എതിർത്തിരുന്ന പ്രൊട്ടസ്റ്റന്റ് നവീകരണനായകനായ മാർട്ടിൻ ലൂഥർ പോലും, മാഗ്നിഫിക്കാറ്റിനെ വളരെ മതിച്ചിരുന്നു. ആ ഗീതത്തിന്റെ ഏറെ പ്രസിദ്ധമായ ആസ്വാദന-വ്യാഖ്യാനങ്ങളിലൊന്ന് ലൂഥർ 1520-ൽ‍ സാക്സണിയിലെ ഭരണാധികാരി ജോണിന്റെ പതിനേഴുവയസ്സുള്ള മകൻ ജോൺ ഫ്രെഡെറിക്കിന്റെ അഭ്യർഥനപ്രകാരം എഴുതിയതാണ്. [8]

കുറിപ്പുകൾ

[തിരുത്തുക]

ക. ^ ഗർഭസ്ഥനായ സ്നാപകയോഹന്നാൻ, യേശുവിനെ തിരിച്ചറിയുകയും ആ സാമീപ്യത്തിൽ ആനന്ദപരവശനാവുകയും ചെയ്തു എന്നത് ഗർഭഛിദ്രത്തിനെതിരെ നിലകൊള്ളുന്ന ക്രിസ്തീയവിഭാഗങ്ങൾ തങ്ങളുടെ നിലപാട് സ്ഥാപിക്കാൻ എടുത്തുകാട്ടാറുണ്ട്. ജനനത്തിനുമുൻപ്, യോഹന്നാനും യേശുവും തമ്മിൽ നടന്ന ഈ സംഗമം, ഗർഭസ്ഥശിശുക്കൾ വ്യക്തിത്വമുള്ള മനുഷ്യജീവികളാണെന്ന് തെളിയിക്കുന്നതായി അവർ കണക്കാക്കുന്നു.[9]

അവലംബം

[തിരുത്തുക]
  1. ലൂക്കായുടെ സുവിശേഷം 1:43-44; ഓശാന മലയാളം ബൈബിൾ
  2. ലൂക്കായുടെ സുവിശേഷം 1: 46-55, ഓശാന മലയാളം ബൈബിൾ
  3. 1 ശമൂവേൽ 2:1-10
  4. കത്തോലിക്കാ വിജ്ഞാനകോശത്തിൽ മാഗ്നിഫിക്കാറ്റിനെക്കുറിച്ചുള്ള ലേഖനം - http://www.newadvent.org/cathen/09534a.htm
  5. Mary, Mother of Jesus, Oxford Companion to the Bible-ലെ ലേഖനം
  6. Catholicculture.org - http://www.catholicculture.org/liturgicalyear/prayers/view.cfm?id=1037
  7. Women for Faith and Family - http://www.wf-f.org/Magnifi.html Archived 2008-04-16 at the Wayback Machine.
  8. മാഗ്നിഫിക്കാറ്റിന്റെ പരിഭാഷയും വിശദീകരണവും - http://www.godrules.net/library/luther/NEW1luther_c5.htm
  9. Oxford Companion to the Bibile-ൽ ഗർഭഛിദ്രത്തെക്കുറിച്ചുള്ള ലേഖനം
"https://ml.wikipedia.org/w/index.php?title=മാഗ്നിഫിക്കാറ്റ്&oldid=3640746" എന്ന താളിൽനിന്ന് ശേഖരിച്ചത്