എം.എ. ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.A. John എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.എ. ജോൺ
എം.എ. ജോൺ
ജനനം
കുര്യനാട്

1936, ജൂൺ 23
മരണം2011, ഫെബ്രുവരി 22
ദേശീയത ഇന്ത്യ
തൊഴിൽരാഷ്ട്രീയം

ഒരു മുൻ കോൺഗ്രസ് നേതാവായിരുന്നു എം.എ ജോൺ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. കേരളത്തിലെ കെ.എസ്.യു.വിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവുമാണ് ഇദ്ദേഹം. കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു ജോൺ.

ജീവിതരേഖ[തിരുത്തുക]

1936 ജൂൺ 26-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മറ്റത്തിൽ കുളത്തനാനിയിൽ എം.ജെ. എബ്രാഹാമിന്റെയും ഭാര്യ മറിയാമ്മ എബ്രാഹാമിന്റെയും ഏഴ് മക്കളിൽ നാലാമനായാണ് ജനനം. 1978-ലാണ് എം.എ. ജോൺ വിവാഹിതനായത്. മതപരമായ ചടങ്ങുകളോട് താല്പര്യം ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു. നാസ്തികനും യുക്തിവാദിയുമായിരുന്നു ജോൺ.


കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. കെ.എസ്.യൂവിൽ പ്രവർത്തിച്ച ശേഷം 1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിന് ദേശീയതലത്തിൽ മാത്രം പ്രസിഡന്റുണ്ടയിരുന്ന അക്കാലത്ത് 1965-ൽ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കെ. കാമരാജിന് ജോൺ കത്തയയ്ക്കുകയുണ്ടായി. തുടർന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.

എങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസ് വിട്ട് പരിവർത്തന വാദി കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി. 1970 കാലഘട്ടങ്ങളിൽ എം.എ. ജോൺ നമ്മെ നയിക്കും എന്ന മുദ്രാവാക്യം ഏറെ പ്രശസ്തി നേടിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജോൺ കുറച്ചുകാലം രാജ്യരക്ഷാനിയമപ്രകാരം ജയിലിലടക്കപ്പെട്ടിരുന്നു. എന്നാൽ 1976-ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയുണ്ടായി. കെ. കരുണാകരൻ ഡി.ഐ.സി. (കെ.) എന്ന പാർട്ടി രൂപവത്കരിച്ചപ്പോൾ ജോൺ ഈ പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഡി.ഐ.സി. (കെ)യിൽ നിന്നു പിരിഞ്ഞ് ഡി.ഐ.സി. (ഇടത്) രൂപികരിച്ചു. ഡി.ഐ.സി. (ഇടത്) പിന്നീട് കോൺഗ്രസ് എസ്സിൽ ലയിച്ചു. എഴുത്തും വായനയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കിയ ജോണിന് അറുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി ആണുള്ളത്. ഒരു നല്ല കർഷകനും കൂടിയായിരുന്നു എം.എ. ജോൺ.

2011 ഫെബ്രുവരി 22 -ന് ഹൃദയാഘാതം മൂലം സ്വവസതിയിൽ അന്തരിച്ചു[1]. മൃതദേഹം ഫെബ്രുവരി 24 -ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-25. Retrieved 2011-02-22.
"https://ml.wikipedia.org/w/index.php?title=എം.എ._ജോൺ&oldid=3625878" എന്ന താളിൽനിന്ന് ശേഖരിച്ചത്