ജബോത്തിക്കാബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jabuticaba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജബോത്തിക്കാബ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
ആവൃതബീജികൾ
(unranked):
യൂഡിക്കോട്ടുകൾ
(unranked):
റോസിഡുകൾ
Order:
മിർട്ടേലുകൾ
Family:
മിർട്ടേസേ
Genus:
മിർസിയേരിയ
Species:
മി. കൗളിഫ്ലോറ
Binomial name
മിർസിയേരിയ കൗളിഫ്ലോറ
(Mart.) O.Berg

തെക്കൻ ബ്രസീലിൽ വളരുന്ന മിർട്ടേസേ വർഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് ജബോത്തിക്കാബ ("മിർസിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവർഗ്ഗത്തിൽ പെട്ട് ഇതേപേരിൽ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങൾ ബ്രസീൽ, അർജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ വളരുന്നു. മാന്തളിൽ ഛായ കലർന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

വിവരണം[തിരുത്തുക]

കായ്ച്ചുനിൽക്കുന്ന ഒരു ജബോത്തിക്കാബ മരം

പോർത്തുഗീസ് ഭാഷയിൽ 'ജബൂത്തികാബീര' എന്നു പേരുള്ള ഈ ചെടിയുടെ ഇലകൾക്ക് തൈയ്യായിരിക്കുമ്പോൾ ചെമ്പുനിറവും മൂപ്പെത്തിയാൽ പച്ചനിറവുമാണ്. വളരെ സാവധാനം വളരുന്ന ഈ ചെടി ഈർപ്പവും നേരിയ പുളിപ്പും ഉള്ള മണ്ണിൽ നന്നായി വളരുന്നു. എങ്കിലും ഏതു സാഹചര്യവുമായി ഇണങ്ങാൻ കഴിയുന്ന ഈ ഈ ചെടി മണൽ തിങ്ങി ക്ഷാരാംശം കലർന്ന തീരപ്രദേശങ്ങളിൽ പോലും, ശ്രദ്ധിച്ചാൽ വളർത്താൻ കഴിയും. വെളുത്ത നിറമുള്ള ഇതിന്റെ പൂക്കൾ മരത്തടിയോടു ചേർന്നാണ് ഉണ്ടാകുന്നത്. സ്വാഭാവികാവസ്ഥയിൽ ഇത് വർഷത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രം പൂവിടുന്നു. എന്നാൽ, തുടർച്ചയായി ജലസേചനം ലഭിച്ചാൽ ഇത് പലവട്ടം പുഷ്പിച്ച് ആണ്ടു മുഴുവനും ഫലം നൽകുന്നു.

മൂന്നോ നാലോ സെന്റീമീറ്റർ വ്യാസമുള്ള പഴങ്ങൾക്കുള്ളിൽ ഒന്നു മുതൽ നാലു വരെ വിത്തുകൾ ഉണ്ടാകാം. പഴങ്ങൾ മരത്തൊലിയോടു പറ്റിച്ചേർന്ന് തിങ്ങി കാണപ്പെടുന്നതിനാൽ, കായ്ച്ചു നിൽക്കുന്ന മരം വിശേഷപ്പെട്ട കാഴ്ചയാണ്. പഴത്തിന് കട്ടികൂടി പരുഷരുചിയുള്ള തൊലിയും ഉള്ളിൽ വഴുവഴുപ്പും മധുരരുചിയുമായി, വെളുപ്പോ റോസ് നിറമോ ഉള്ള മാംസളഭാഗവും ഉണ്ട്. ബ്രസീലിലിലെ ചന്തകളിൽ സുലഭമായി കാണപ്പെടുന്ന ഈ പഴം മിക്കവാറും പഴമായി തന്നെ തിന്നുകയാണ് പതിവ്; മറ്റു പല നാടുകളിലും മുന്തിരിപ്പഴത്തിനുള്ള പ്രചാരം അതിന് ബ്രസീലിൽ ഉണ്ട്. പറിച്ചെടുത്ത പഴം മൂന്നു നാലു ദിവസത്തിനുള്ളിൽ നുരക്കാൻ തുടങ്ങുന്നതിനാൽ മിച്ചം വരുന്ന പഴങ്ങൾ ജാം, അച്ചാറുകൾ, വീഞ്ഞ്, മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പഴം ഏറെക്കാലം സൂക്ഷിക്കാൻ ബുദ്ധിമുട്ടായതിനാൽ, അത് തനിരൂപത്തിൽ കൃഷിപ്രദേശങ്ങൾക്കു പുറത്തുള്ള ചന്തകളിൽ വിരളമായേ കാണാറുള്ളു. പഴത്തിന്റെ ഉണക്കിയ തൊലികൊണ്ടുണ്ടാക്കുന്ന കഷായം ശ്വാസകോശരോഗങ്ങൾ, വലിവ്, അതിസാരം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. തൊണ്ടവേദന മാറാൻ അത് കവിൾക്കൊള്ളുന്നതും പതിവാണ്.

ജബോത്തിക്കാബയുടെ ഇലകൾ

പഴത്തിൽ നീർവീക്കത്തിന്റേയും അർബുദത്തിന്റേയും ചികിത്സകളിൽ പ്രയോജനപ്പെട്ടേക്കാവുന്ന സംയുക്തങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.[1] ഈ പഴത്തിൽ മാത്രം കാണപ്പെടുന്ന ജബോത്തിക്കാബിൻ എന്ന വസ്തു അവയിൽ ഒന്നാണ്.

ബ്രസീലിനു പുറത്ത്[തിരുത്തുക]

കായ്ച്ചുനിൽക്കുന്ന ജബോത്തിക്കാബ, മറ്റൊരു ചിത്രം

ബ്രസീലിൽ ഈ ചെടിയുടെ വിവിധ ജാതികൾ ഒരേ പേരിൽ തന്നെ അറിയപ്പെടുന്നു. എല്ലാ ജബോത്തിക്കാബ ഇനങ്ങളും മിതോഷ്ണമേഖലയിൽ വളരുന്നവയാണെങ്കിലും ഹ്രസ്വമായ മഞ്ഞുവീഴ്ചയെ മിക്കയിനങ്ങൾക്കും അതിജീവിക്കാനാവും. ഉത്തരാർത്ഥഗോളത്തിൽ ഇതിന്റെ വൻതോതിലുള്ള കൃഷിക്കു താപനിലയേക്കാൾ തടസമായിരിക്കുന്നത്, വളർച്ചയുടെ വേഗക്കുറവും പഴം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുമാണ്. ഒട്ടുമരങ്ങൾ കായ്ക്കാൻ അഞ്ചുവർഷത്തോളം മതി; എന്നാൽ വിത്തുനട്ടുണ്ടാക്കുന്ന മരങ്ങൾ കായ്ക്കാൻ പത്തിരുപതു വർഷം വേണ്ടി വരുന്നു. മൂപ്പെത്താത്ത ചെടികളുടെ വലിപ്പക്കുറവ് അവയെ കൃഷിമേഖലയ്ക്കു പുറത്ത് ബോൺസായ് ചെടിയായും അലങ്കാരച്ചെടിയായും പ്രചരിപ്പിച്ചിട്ടുണ്ട്. തൈവാനിലും കരീബിയൻ നാടുകളിലും ബൊൺസായ് കലയിൽ ഈ ചെടി ഉപയോഗിക്കപ്പെടുന്നു.ഇന്ന് കേരളത്തിൽ വിവിധ ഇനങ്ങളിൽ ഉള്ള ജബോത്തിക്കാബാ ചെടികൾ വളർത്തുന്നുണ്ട് . കേരളത്തിൽ റെഡ് ഹൈബ്രിഡ് ജബോത്തിക്കാബ ആദ്യമായി കായ്ച്ചത് കൊട്ടാരക്കര ഡോ .ഹരിമുരളീധരന്റെ ഗ്രീൻ ഗ്രാമ പഴത്തോട്ടത്തിലാണ്

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Reynertson KA, Wallace AM, Adachi S, Gil RR, Yang H, Basile MJ, D'Armiento J, Weinstein IB, Kennelly EJ. Bioactive depsides and anthocyanins from jaboticaba (Myrciaria cauliflora). J Nat Prod. 2006 Aug;69(8):1228-30 PMID 16933884 doi:10.1021/np0600999.
"https://ml.wikipedia.org/w/index.php?title=ജബോത്തിക്കാബ&oldid=3910201" എന്ന താളിൽനിന്ന് ശേഖരിച്ചത്