Jump to content

ഇൻഡക്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inductor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻഡക്റ്റർ
താഴ്ന്ന ഇൻഡക്റ്റൻസ് ഉള്ള ചില ഇൻഡക്റ്ററുകൾ
തരംഅപ്രവർത്തകം
Working principleവൈദ്യുതകാന്തിക പ്രേരണം
First productionമൈക്കൽ ഫാരഡേ (1831)
ഇലക്ട്രോണിക് ചിഹ്നം

ഒരു അപ്രവർത്തക ഇലക്ട്രോണിക് ഉപകരണമാണ്‌ ഇൻഡക്റ്റർ. വൈദ്യുതധാര കടന്നുപോകുമ്പോൾ ഉണ്ടാകുന്ന കാന്തികക്ഷേത്രത്തിൽ ഊർജ്ജം സൂക്ഷിച്ചുവയ്ക്കുകയാണ്‌ ഈ ഉപകരണം ചെയ്യുന്നത്. കാന്തികോർജ്ജം സൂക്ഷിച്ചുവയ്ക്കാനുള്ള ഇൻഡക്റ്ററിന്റെ കഴിവിനെ ഇൻഡക്റ്റൻസ് ഉപയോഗിച്ചാണ്‌ അളക്കുക. ഫാരഡേയുടെ വൈദ്യുതകാന്തികപ്രേരണനിയമം അനുസരിച്ചാണ്‌ ഇൻഡക്റ്ററിന്റെ പ്രവർത്തനം. വൈദ്യുതധാരയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ ഇൻഡക്റ്റർ ചെറുക്കുന്നു.

പ്രവർത്തനതത്ത്വം

[തിരുത്തുക]

ഒരു ഇൻഡക്റ്ററിൽ കൂടി വൈദ്യുതി കടന്നു പോകുമ്പോൾ, ചുറ്റും കാന്തികക്ഷേത്രം തീർത്തുകൊണ്ട് വൈദ്യുതിയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കുന്ന പ്രക്രീയയാണ് ഇൻഡക്റ്റൻസ് (L). ഇൻഡക്റ്ററിൽ കൂടിയുള്ള വൈദ്യുതി പ്രവാഹത്തിൽ വ്യതിയാനം ഉണ്ടാകുമ്പോൾ അതിനു അനുസരിച്ച് ഇൻഡക്റ്ററിനു ചുറ്റും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്തികക്ഷേത്രം രൂപം കൊളളുന്നു, അപ്പോൾ മൈക്കൽ ഫാരഡയുടെ വൈദ്യുതകാന്തിക പ്രേരണതത്വം അനുസരിച്ച് ഇൻഡക്റ്ററിൽ ഒരു e.m.f പ്രേരിതമാക്കപ്പെടുകയും ഈ പ്രേതിത e.m.f ഇൻഡക്റ്ററിൽകൂടിയുള്ള വൈദ്യുതപ്രവാഹത്തെ ചെറുക്കുകയും ചെയ്യുന്നു. ഈ പ്രക്രീയയെ സെൽഫ് ഇൻഡക്ഷൻ എന്നു പറയുന്നു.

ഇൻഡക്റ്റർ നിർമ്മിക്കാൻ ഉപയോഗിച്ച ചാലകം, കോയിലിലെ ചുരുളുകളുടെ എണ്ണം, ചാലകത്തിന്റെ കനം എന്നിവ ഇൻഡക്റ്റൻസിനെ തീരുമാനിക്കുന്ന ഘടകങ്ങളാണ്. ഒരു കോയിലിന്റെ ഇൻഡക്റ്റൻസ് വർദ്ധിപ്പിക്കാനായി, കോയിലിനുള്ളിൽ പച്ചിരുമ്പ് വയ്ക്കാറുണ്ട്. ഇങ്ങനെ കോയിലിന്റെ ഇൻഡക്റ്റൻസ് മെച്ചപ്പെടുത്താൻ വയ്ക്കുന്ന വസ്തുക്കളെ കോർ (core) എന്നു വിളിക്കുന്നു.

ഇൻഡക്റ്റൻസ് അളക്കുന്ന ഏകകമാണ് ഹെൻറി (Henry - H). ജോസഫ് ഹെൻറി (1797-1878) എന്ന ഭൗതികശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് ഈ ഏകകം ഉപയോഗിക്കുന്നത്.

ഒരു കോയിലിൽ (ഇൻഡക്റ്റർ) കൂടിയുള്ള വൈദ്യുതപ്രവാഹതീവ്രത 1 ആംപിയർ / സെക്കൻഡ് എന്ന നിരക്കിൽ മാറുമ്പോൾ അതിൽ 1 വോൾട്ട് e.m.f പ്രേരിതമാക്കപ്പെട്ടാൽ, ആ കോയിലിന്റെ ഇൻഡക്റ്റൻസ് 1 H( ഒരു ഹെൻറി ) എന്നു പറയാം.

ഹെൻറി എന്ന ഏകകം വളരെ വലുതായതിനാൽ സാധാരണയായി മില്ലി ഹെൻറിയിലാണ്(milli Henry-mH) കോയിലുകളുടെ ഇൻഡക്റ്റൻസ് പ്രതിപാദിക്കുന്നത്.

ഇലക്ട്രിക് സർക്കീട്ടിൽ

[തിരുത്തുക]

വൈദ്യുതപ്രവാഹതീവ്രതയിൽ ഉണ്ടാകുന്ന ഏതൊരു മാറ്റത്തെയും ചെറുക്കുന്ന ഒരു ഉപകരണമാണ് ഇൻഡക്റ്റർ. നേർധാരാവൈദ്യുതിയ്ക്ക് ഇൻഡക്റ്റർ യാതൊരു പ്രതിരോധവും (കോയിലിനു വളരെ ചെറിയ ഓമിക്ക് പ്രതിരോധം ഉണ്ടെന്നോർക്കുക) നൽകുന്നില്ല. എന്നാൽ പ്രത്യാവർത്തിധാരാ വൈദ്യുതിക്കു ഇൻഡക്റ്റർ വളരെ വലിയ പ്രതിരോധമാണ് നൽകുന്നത്. പ്രത്യാവർത്തിധാരാ വൈദ്യുതിക്ക് ഇൻഡക്റ്റർ നൽകുന്ന ഈ പ്രതിരോധത്തെ ഇൻഡക്റ്റീവ് റിയാക്റ്റൻസ് എന്നു പറയുന്നു. ഈ റിയാക്റ്റൻസ് പ്രത്യാവർത്തിധാരാ വൈദ്യുതിയുടെ ആവൃത്തി വർദ്ധിക്കുന്നതിനനുസരിച്ച് വർദ്ധിക്കും.

"https://ml.wikipedia.org/w/index.php?title=ഇൻഡക്റ്റർ&oldid=2198707" എന്ന താളിൽനിന്ന് ശേഖരിച്ചത്