ടെട്രോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാലു ഇലക്ട്രോഡുകളുള്ള ഒരു ഇലക്ട്രോണിക് നിർവാതക കുഴൽ. ഉയർന്ന ആവൃത്തികളിൽ ട്രയോഡ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപാകതകൾ പരിഹരിക്കാനായിട്ടാണ് ഇതിന് രൂപം നൽകിയത്. ട്രയോഡിലെ കൺട്രോൾ ഗ്രിഡ്ഡിനും പ്ളേറ്റിനും (ആനോഡിനും) ഇടയ്ക്കായി ഒരു ഗ്രിഡ്ഡു കൂടി (സ്ക്രീൻ ഗ്രിഡ്ഡ്) ഘടിപ്പിച്ചാണ് ടെട്രോഡ് നിർമ്മിക്കുന്നത്. പ്ളേറ്റിലെ പൊട്ടൻഷ്യലിനു മാറ്റം വരുമ്പോൾ ആ മാറ്റം കൺട്രോൾ ഗ്രിഡ്ഡിനെ സ്വാധീനിക്കാത്ത വിധം അതിനെ സംരക്ഷിക്കുന്ന ഒരു സ്ഥിര വൈദ്യുത കവചമായി സ്ക്രീൻ ഗ്രിഡ്ഡ് വർത്തിക്കുന്നു. പരിപഥ രേഖകളിൽ ടെട്രോഡിനെ സൂചിപ്പിക്കുന്നത് ചിത്രത്തിലെ ചിഹ്നമുപയോഗിച്ചാണ്.

ഒന്നാം ലോകയുദ്ധകാലത്ത് ജർമൻ ഊർജ ശാസ്ത്രജ്ഞനായ വാൾട്ടർ ഷോട്ട്കി (Walter Schottky) ആണ് ടെട്രോഡിന്റെ ഒരു പരീക്ഷണ മാതൃക ആദ്യമായി നിർമിച്ചത്. തുടർന്ന് പ്രയോഗക്ഷമമായ ടെട്രോഡ് പുറത്തിറക്കിയത് 1924-ൽ അമേരിക്കൻ എൻജിനീയറായ ആൽബർട്ട് ഡബ്ള്യൂ. ഹൾ (Albert W.Hull) ആണ്.

മൂന്നിലേറെ ഇലക്ട്രോഡുകളുള്ള ഇലക്ട്രോൺ ട്യൂബുകൾ, മൾട്ടിഇലക്ട്രോഡ് ട്യൂബുകൾ എന്നാണറിയപ്പെടുന്നത്. ഇവയുടെ കൂട്ടത്തിൽ ഏറ്റവും സരളമായ മൾട്ടിഇലക്ട്രോഡ് ട്യൂബാണ് ടെട്രോഡ്.

പില്ക്കാലത്ത് ടെട്രോഡിനു പകരം പെന്റോഡ് ഉപയോഗിച്ചു തുടങ്ങിയെങ്കിലും ബീം പവർ ടെട്രോഡ് (beam power tetrode) എന്നറിയപ്പെടുന്ന ഒരു ഇനം ടെട്രോഡ് ഇന്നും പവർ ആംപ്ലിഫിക്കേഷൻ (power amplification) രംഗത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

മറ്റൊരു പ്രത്യേകതരം ടെട്രോഡാണ് ഡൈനെട്രോൺ (dynatron) എന്നറിയപ്പെടുന്നത്. ഇതിലെ സ്ക്രീൻ ഗ്രിഡ്ഡിന്റെ വോൾട്ടത അതിന്റെ പ്ലേറ്റ് വോൾട്ടതയെക്കാൾ ഉയർന്നിരിക്കും. അതിനാൽ ഇത് ഋണാത്മക പ്രതിരോധകത (negative resistance) പ്രദർശിപ്പിക്കുന്നു; അതായത് പ്ലേറ്റ് വോൾട്ടത കൂടുന്നതനുസരിച്ച് പ്ലേറ്റ് ധാര കുറയുന്നു എന്നർഥം. ഈ സംവിധാനം ദോലക പരിപഥങ്ങളിൽ പ്രയോജനപ്പെടുത്തിവരുന്നുണ്ട്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെട്രോഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെട്രോഡ്&oldid=2282870" എന്ന താളിൽനിന്ന് ശേഖരിച്ചത്