Jump to content

പന്നൽച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fern എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പന്നൽച്ചെടികൾ
Ferns (Pteridophyta)
Temporal range: Mid Devonian[1]—സമീപസ്ഥം
Athyrium filix-femina unrolling young frond
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Pteridophyta
Classes

പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന വിഭാഗത്തിലുള്ളവയാണ് പന്നൽച്ചെടികൾ (Ferns). ഇവയ്ക്ക് സപുഷ്പികളെ പോലെ യഥാർത്ഥ വേരുകളും തണ്ടുകളും ഇലകളുമുണ്ട്. എങ്കിലും ഇവയ്ക്ക് പൂക്കളും വിത്തുകളുമുണ്ടാവില്ല. ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവ സമൃദ്ധിയായി വളരുന്നു. മരത്തിന്റെ പുറംതൊലിയിലും കുന്നിൻചെരുവുകളിലും കുളങ്ങളുടേയും അരുവികളുടേയും തീരങ്ങളിലും പന്നൽ ചെടികളെ സാധാരണയായി കാണാനാകും. ചിലയിനം ചെടികൾ അലങ്കാരസസ്യങ്ങളായി വളർത്തുന്നുണ്ട്.

വിവരണം

[തിരുത്തുക]

പന്നൽച്ചെടികൾക്ക് വിത്തുണ്ടാക്കുന്ന ചെടികളെപ്പോലെ തന്നെ തണ്ടുകളും ഇലകളും വേരുകളുമുണ്ട്. എന്നാൽ ഇവ സ്പോറുകൾ വഴിയാണ് പ്രത്യുല്പാദനം നടത്തുന്നത്.

തണ്ടുകൾ(കാണ്ഡം): പന്നൽച്ചെടിയുടെ തണ്ടുകളെ റൈസോം എന്നാണ് പറയുന്നത്. എന്നാൽ സാധാരണ ഭൂകാണ്ഡങ്ങളെപ്പോലെ ഇവ എല്ലായ്പ്പോഴും മണ്ണിനടിയിലല്ല കാണപ്പെടുന്നത്. അധിസസ്യങ്ങളായ ചില പന്നലുകളിലും നിലത്തു വളരുന്ന അനവധി സ്പീഷീസുകളിലും മണ്ണിനു മുകളിലുള്ള ഇടത്തരം കടുപ്പമുള്ള കാണ്ഡങ്ങൾ കാണാം.

ഇലകൾ: ചെറിയ തണ്ടോടുകൂടിയ പച്ചനിറമുള്ള പ്രകാശസംശ്ലേഷണം ചെയ്യുന്ന ഭാഗത്തിന് ഫ്രോൻഡ് എന്നാണ് പേര്. പുതിയ ഇലകൾ ക്രോസിയർ എന്ന് പേരുള്ള ചുരുളുകളിൽ നിന്ന് ചുരുളഴിഞ്ഞ് ഫ്രോൻഡുകളായി മാറുകയാണ് ചെയ്യുന്നത്. ട്രോപ്പോഫിൽ എന്നും സ്പോറോഫിൽ എന്നും പേരുള്ള രണ്ടുതരം ഇലകളുണ്ട്. ട്രോപ്പോഫിൽ സപുഷ്പികളിലെ പച്ച നിറമുള്ള ഇലകളോട് സാമ്യമുള്ള, പ്രകാശസംശ്ലേഷണം വഴി പഞ്ചസാര ഉല്പാദിപ്പിക്കുന്ന ഭാഗമാണ്. സ്പോറോഫിൽ ഫ്രോൻഡുകളിലെ സ്പൊറാൻജിയകളിലാണ് സ്പോറുകൾ ഉണ്ടാകുന്നത്. പ്രത്യുല്പാദനക്ഷമമായ സ്പോറോഫിൽ ഫ്രോൻഡുകൾക്ക് ട്രോപ്പോഫിലുകളുമായി വളരെയധികം സാമ്യമുണ്ട്. അവയിൽ പ്രകാശസംശ്ലേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ചില വിഭാഗങ്ങളിൽ ട്രോപ്പോഫിലുകൾക്ക് വലുപ്പം കുറവാണ്. ചിലപ്പോൾ അവയിൽ ഹരിതകം ഉണ്ടാവുകയില്ല. പന്നൽ ഇലകൾ ലളിതമായ ഘടനയോടു കൂടിയതും അത്യന്തം സങ്കീർണമായവയുമുണ്ട്.

വേരുകൾ: മണ്ണിനടിയിലുള്ള പ്രകാശസംശ്ലേഷണശേഷിയില്ലാത്ത, വെള്ളവും പോഷകങ്ങളും മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന ഭാഗം. ഘടനാപരമായി വിത്തുൽപ്പാദിപ്പിക്കുന്ന ചെടികളുടെ വേരുകളോട് വളരെയധികം സാമ്യമുണ്ട്.


പന്നലിന്റെ ജീവിതചക്രത്തിൽ ഡിപ്ലോയിഡ് സ്പോറോഫൈറ്റ് ഘട്ടത്തിനാണ് പ്രാമുഖ്യം. പന്നലുകളുടെ ഗാമിറ്റോഫൈറ്റ് ഘട്ടം വിത്തുല്പാദിപ്പിക്കുന്ന ചെടികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സ്വതന്ത്രമായ നിലനിൽപ്പുള്ള ഇവയ്ക്ക് ലിവർവോർട്ടുകളുമായി സാമ്യമുണ്ട്.

ഫേണിന്റെ ഗാമിറ്റോഫൈറ്റിലെ ഭാഗങ്ങൾ:

  • പ്രോതാലസ്: ഒരു സെല്ലിന്റെ കനമുള്ളതും വൃക്കാകാരവുമായ പ്രകാശസംശ്ലേഷണ ശേഷിയുള്ള പച്ച നിറമുള്ള ഭാഗം. 3-10 സെമീ നീളവും 2-8 സെമീ വീതിയും കാണും. പ്രോതാലസ് ഗാമീറ്റുകൾ ഉല്പാദിപ്പിക്കുന്നത് താഴെപ്പറയുന്നവയിലൂടെയാണ്
    • ആന്തറിഡിയ: ഫ്ലജല്ലം ഉള്ള ബീജം ഉല്പാദിപ്പിക്കുന്ന ഗോളാകൃതിയിലുള്ള ഭാഗം
    • ആർച്ചിഗോണിയ: ഫ്ലാസ്ക് രൂപത്തിലുള്ള, അടിഭാഗത്ത് ഒറ്റ അണ്ഡം ഉല്പാദിപ്പിക്കുന്ന ഭാഗം. ബീജം ഈ ഫ്ലാസ്കിന്റെ കഴുത്തുവഴി നീന്തിയാണ് അണ്ഡത്തിലേക്ക് എത്തുന്നത്.
  • റൈസോയിഡ്: നീളം കൂടിയ ഒറ്റ സെല്ലുകൾ കൊണ്ട് ഉണ്ടാക്കിയ വേരുപോലുള്ള, വെള്ളവും ധാതുക്കളും ലവണങ്ങളും വലിച്ചെടുക്കുന്ന ഭാഗം. റൈസോയിഡുകൾ പ്രോതാലസിനെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നു.

ജീവിത ചക്രം

[തിരുത്തുക]

ഡിപ്ലോയിഡ് അലൈംഗിക ഘട്ടവും(സ്പോറോഫൈറ്റ്) ഹാപ്ലോയിഡ് ലൈംഗിക ഘട്ടവും ഉള്ള, തലമുറകളുടെ പരിവൃത്തി(alternation of generations) എന്നറിയപ്പെടുന്ന ജീവിതചക്രത്തിലൂടെ കടന്നുപോകുന്നവയാണ് പന്നലുകൾ. ഡിപ്ലോയിഡ് സ്പോറോഫൈറ്റുകളിൽ 2n ജോഡി ക്രോമസോമുകൾ ഉണ്ട്. ഓരോ സ്പീഷീസിലും n എന്ന സംഖ്യ വ്യത്യസ്തമായിരിക്കും. ഹാപ്ലോയിഡ് ഗാമിറ്റോഫൈറ്റുകളിൽ n എണ്ണം ജോഡിയില്ലാത്ത ക്രോമസോമുകൾ(സ്പോറോഫൈറ്റ് ഘട്ടത്തിലേതിന്റെ പകുതി എണ്ണം) ഉണ്ടായിരിക്കും.

ഒരു മാതൃകാ പന്നൽച്ചെടിയുടെ ജീവിത ചക്രം താഴെപ്പറയുന്ന പോലെയാണ്:

  1. ഊനഭംഗം(meiosis) വഴി സ്പോറുകൾ ഉല്പാദിപ്പിക്കുന്ന ഡിപ്ലോയിഡ് സ്പോറോഫൈറ്റ് ഘട്ടം
  2. സ്പോർ മുളച്ച് സ്വതന്ത്രമായി വളരുന്ന ഹാപ്ലോയിഡ് ഗാമിറ്റോഫൈറ്റായി മാറുന്നു. ഗാമിറ്റോഫൈറ്റിന് പ്രകാശസംശ്ലേഷണം നടത്താൻ കഴിയുന്ന പ്രൊതാലസ് എന്ന ഭാഗം ഉണ്ട്.
  3. ഗാമിറ്റോഫൈറ്റ് ക്രമഭംഗം(mitosis) വഴി ഗാമീറ്റുകൾ ഉണ്ടാക്കുന്നു
  4. ഫ്ലജല്ലകളുള്ള, ചലനശേഷിയുള്ള ബീജം പ്രോതാലസിലുള്ള അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടക്കുന്നു
  5. ബീജസങ്കലനം നടന്ന അണ്ഡം ഇപ്പോൾ ഒരു ഡിപ്ലോയിഡ് സിക്താണ്ഡമാണ്. ഇത് വളർന്ന് സ്പോറോഫൈറ്റ്(പന്നൽച്ചെടി) ആയി മാറുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം-

[തിരുത്തുക]
  1. Wattieza, Stein, W. E., F. Mannolini, L. V. Hernick, E. Landling, and C. M. Berry. 2007. "Giant cladoxylopsid trees resolve the enigma of the Earth's earliest forest stumps at Gilboa", Nature (19 April 2007) 446:904–907.
"https://ml.wikipedia.org/w/index.php?title=പന്നൽച്ചെടി&oldid=3725246" എന്ന താളിൽനിന്ന് ശേഖരിച്ചത്