ഇ.സി.ജി.
ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി. അഥവാ ഇലക്ട്രോ കാർഡിയൊഗ്രാഫ്. ഇ.സി.ജി പരിശോധന ഹൃദയത്തെ ബാധിച്ചിരിക്കാവുന്ന സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ചും, രോഗാവസ്ഥയെക്കുറിച്ചും സൂചനകൾ നൽക്കുന്നു. പലപ്പോഴും ഇ.സി.ജി.യുടെ ലഭ്യത ഒരു ജീവൻരക്ഷാ നടപടിയായി ഭവിക്കാറുണ്ട്.
ഹൃദയവും വിദ്യുത് സിഗ്നലുകളും
[തിരുത്തുക]ഹൃദയപേശികളിൽ അടങ്ങിയിരിക്കുന്ന പേസ് മേക്കർ കോശങ്ങളാണ് വിദ്യുത് സിഗ്നലുകൾ ഉല്പാദിപ്പിക്കുന്നത്. ഹൃദയത്തിന്റെ മുകൾ ഭാഗത്തുനിന്നും ആരംഭിക്കുന്ന ഈ വിദ്യുത് പ്രവാഹം ഉടൻതന്നെ സമീപ കോശങ്ങളിലേക്കും പടരുന്നു. ഇതുമുലം സംഭവിക്കുന്ന പേശീചുരുങ്ങലും(contraction), വികസിക്കലുമാണ്(relaxation) ഹൃദയമിടിപ്പ്.
ചരിത്രം
[തിരുത്തുക]ഹൃദയമിടിപ്പ് വൈദ്യുത് സിഗ്നലുകൾ പുറപ്പെടുവിക്കുന്നു എന്ന വസ്തുത 18-മാം നൂറ്റാണ്ടിൽ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും അതിസൂക്ഷ്മമായ അളവിൽ മാത്രം ഉല്പാദിപ്പിക്കപ്പെടുന്ന ഈ പ്രവാഹം അളക്കാൻ പ്രാപ്തിയുള്ള മാപിനികൾ വിദൂരമായിരുന്നു. യന്ത്രം ഹൃദയത്തിലേക്ക് നേരിട്ട് ഘടിപ്പിച്ചാല്ലലാതെ ഈ സിഗ്നലുകൾ രേഖപ്പെടുത്തുക അസാധ്യമായതിനാൽ പരീക്ഷണങ്ങൾ തവളകളിലും മറ്റു ജന്തുക്കളിലും ഒതുങ്ങുകയാണുണ്ടായത്.
സ്വതേ വളരെ ചെറിയ അളവിൽ മാത്രം ഹൃദയത്തിൽ നിന്നും ഉടലെടുക്കുന്ന സിഗനലുകൾ രക്ത, മാംസ, അസ്ഥി മണ്ഡലത്തിലൂടെ കടന്ന് തൊലിപ്പുറത്തെത്തുമ്പോഴേക്കും തീർത്തും ദുർബലമായ സിഗ്നലുകളാവുന്നതു മൂലം അവ രേഖപ്പെടുത്താനോ അവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ പോലുമോ സാധ്യമായിരുന്നില്ല. ഈ ന്യൂനതമറികടക്കുന്നതിൽ നിർണ്ണായകമായ കാൽവെയ്പ്പായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ വില്യം ഐന്തോവൻ രൂപകല്പനചെയ്തെടുത്ത യന്ത്രസംവിധാനം. ഇലക്ട്രോ ക്കാർഡിയോഗ്രാഫ് എന്ന പദവും ശാസ്ത്രത്തിനു സംഭാവന ചെയ്തതും അദ്ദേഹമാണ്.ഇന്ന് ഉപയോഗിക്കുന്ന ഒട്ടിക്കാവുന്ന ഇലക്ട്രോടുകളിൽ നിന്നു വ്യത്യസ്തമായി ഐന്തോവൻ ഉപ്പുവെള്ളം നിറച്ച പാത്രങ്ങളിൽ രോഗികളുടെ കൈ മുക്കികൊണ്ടാണ് പരിക്ഷണം നടത്തിയത്. ഇരുപതാം നൂറ്റാണ്ടിനൊപ്പം പിറന്ന ഇ.സി.ജി യന്ത്രം അതിന്റെ ഉപജ്ഞാതാവിനു 1924ലെ നൊബേൽ സമ്മാനവും നേടികൊടുത്തു.[1]
പരിശോധന സംവിധാനം
[തിരുത്തുക]വേദനാരഹിതവും ശരീരത്തെ ഹനിക്കാതെയും(painless non invasive) ഉള്ള പരിശോധനയാണ് ഇ.സി.ജി. ആധുനിക ഇ.സി.ജി. സംവിധാനത്തിൽ സാധാരണയായി 10 ഇലക്ട്രോടുകൾ ആണ് കാണപ്പെടുക. ഇരുകൈകളിലും ഇരുകാലുകളിലുമായി 4 ഇലക്ട്രോടുകളും നെഞ്ചിന്റെ ഇരുവശത്തുമായി ആറ് ഇലക്ടോടും ചേർന്നതാണ് പത്ത് ഇലക്ട്രോടുകൾ . ഈ ഇലക്ട്രോടുകൾ ഇ.സി.ജി യന്ത്രത്തിലേക്കാണ് ഘടിപ്പിക്കുക.
ഇ.സി.ജി. രേഖ
[തിരുത്തുക]ഹൃദയമിടിപ്പ്മൂലം തൊലിപ്പുറത്ത് സംഭവിക്കുന്ന വൈദ്യുത വിത്യാനങ്ങൾ ഈ ഇലക്ട്രോടുകൾ പിടിച്ചെടുത്ത്, വിസ്തരണം (amplify)ചെയ്തു രേഖപ്പെടുത്തുകയാണ് യന്ത്രം ചെയ്യുന്നത്. ഹൃദയം സ്ഥിതിചെയ്യുന്ന ശരീര ഉപരിതലത്തിലെ രണ്ട് ഇലക്ട്രോടുകൾ തമ്മിലുള്ള അതിസൂക്ഷമമായ വോൾട്ടേജ് വ്യത്യാസം തരംഗരൂപത്തിലാക്കി (wave form) കടലാസ്സിലോ, സ്ക്രീനിലോ ലഭിക്കുന്ന ഗ്രാഫാണ് ഇ.സി.ജി രേഖ. താളാവൃത്തി , വേഗമാറ്റം, ആവർത്തനവ്യത്യാനങ്ങൾ (arrythmia), ഹൃദയപേശിയുടെ വിവിധ ഭാഗങ്ങളുടെ ക്ഷമത തുടങ്ങിയ അതിപ്രധാനമായ നിരവധി വിവരങ്ങളാണ് ഇ.സി.ജി. വെളിപ്പെടുത്തുന്നത്.[2]
ഇ.സി.ജി.യുടെ പ്രാധാന്യം
[തിരുത്തുക]ഹൃദ്രോഗികളിലും, ഹൃദ്രോഗമുള്ളതായി സംശയിക്കപ്പെടുന്നവരിലും മാത്രമായി നടത്തപ്പെടുന്ന പരിശോധനയല്ല. ഇ.സി.ജി. ഇ.സി.ജി.യുടെ പ്രവചനമൂല്യം (predictive value) അതിനെ അടിസ്ഥാനവും അനിവാര്യവുമായ ഒരു ആരോഗ്യ നിർണ്ണയ പരിശോധനയാക്കിയിരിക്കുന്നു. രക്തപരിശോധനയോടൊപ്പം ഇ.സി.ജി, ഇന്ന് എല്ലാ മെഡിക്കൽ ചെക്കപ്പിന്റെയും ഭാഗമാണ്.
തലചുറ്റൽ, അപസ്മാരം, രക്തസ്രാവം, ബോധക്ഷയം തുടങ്ങിയ അത്യാഹിത വിഭാഗ അവസരങ്ങളിലും, ഓപ്പറേഷനുകൾക്ക് മുമ്പും, അനസ്തീസിയ കൊടുത്തുകൊണ്ടിരിക്കുന്ന വേളകളിലും ഇ.സി.ജി. അത്യന്താപേക്ഷിതമാണ്.
അവലംബം
[തിരുത്തുക]- ↑ ഇ.സി.ജി യെപ്പറ്റി പ്രാഥമിക വിവരങ്ങൾ അടങ്ങുന്ന നൊബേൽ സമ്മാന സംഘടനയുടെ സൈറ്റ്
- ↑ ഇ.സി.ജി.യുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ