ഇളംകുളം കുഞ്ഞൻപിള്ള
ഇളംകുളം കുഞ്ഞൻപിള്ള | |
---|---|
തൊഴിൽ | ചരിത്രകാരൻ |
ദേശീയത | ഇന്ത്യ |
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളംകുളം കുഞ്ഞൻപിള്ള (ജനനം: 1904 നവംബർ 8 - മരണം: 1973 മാർച്ച് 3).
ജീവിതരേഖ
[തിരുത്തുക]തിരുവിതംകൂറിലെ ഇളംകുളം ഗ്രാമത്തിൽ പുത്തൻപുരക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായാണ് പി.എൻ.കുഞ്ഞൻപിള്ള ജനിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരുന്നു ഇളംകുളം കുഞ്ഞൻപിള്ളയുടെ ജീവിതം. പറവൂരിലും മണിയാംകുളത്തും പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം കുഞ്ഞൻപിള്ള കുറച്ചുനാൾ സ്കൂൾ അദ്ധ്യാപകനായി. കൊല്ലത്തെ മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്.എം.വി. സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
1927-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പസ്സായി. തുടർന്ന് അണ്ണാമല സർവകലാശാലയിൽനിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ് എടുത്തു. അതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. മദ്രാസിലെ പഠനങ്ങൾ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വല്യ സ്വാധീനം ഉണ്ടാക്കിയിരുന്നു.[1]1934-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന് 1942-ൽ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായപ്പോൾ അവിടെ അദ്ധ്യാപകനായി.
ഭാഷാവിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി അക്കാലത്ത് കേരളചരിത്രത്തിനെപ്പറ്റി വേണ്ടത്ര പഠനസാമഗ്രികളില്ലായിരുന്നു. യൂനിവേഴ്സിറ്റി കോളേജിൽ പലരും ആ വിഷയം പഠിപ്പിക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കാതിരുന്നപ്പോൾ അതിന്ന് സധൈര്യം കുഞ്ഞൻപിള്ള മുന്നോട്ടുവന്നു. ശിഷ്യന്മാരെ പഠിപ്പിക്കാനാവശ്യമായ വസ്തുനിഷ്ഠമായ പഠനസാമഗ്രികളന്വേഷിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളാണു പിൽക്കാലത്ത് കേരളചരിത്രഗവേഷണരംഗത്ത് പുതിയ പാതകൾ തുറന്നിട്ടത്[1]. .
1929-ൽ 'സാഹിത്യമാലിക'യിൽ അദ്ദേഹത്തിന്റെ ചില ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പഠനം പൂർത്തിയാക്കിശേഷം പഠിച്ച ആർട്‌സ് കോളേജിൽതന്നെ ലക്ചററായി . 1949 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഫ്രൻസിൽ അവതരിപ്പിച്ച പ്രബന്ധം വഴി ശ്രദ്ധേയനായി. യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങിയപ്പോൾ അവിടെ പൗരസ്ത്യഭാഷാ വകുപ്പിൽ അദ്ധ്യാപകനായി. മലയാളം വിഭാഗം തലവനായി 1960 ൽ റിട്ടയർ ചെയ്തു.
തിരുവിതാംകൂർ സർവകലാശാലയെ പ്രതിനിധീകരിച്ച് ഇദ്ദേഹം മുംബൈ, ഡൽഹി, പട്ന, അഹമ്മദാബാദ്, കട്ടക്ക് എന്നിവിടങ്ങളിൽ നടന്ന ഹിസ്റ്റോറിക്കൽ ആന്റ് ഓറിയന്റൽ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്
തിരുവനന്തപുരത്തു വെച്ച് 1973 മാർച്ച് 3-ന് ഇളംകുളം കുഞ്ഞൻപിള്ള അന്തരിച്ചു.
സാഹിത്യസംഭാവനകൾ
[തിരുത്തുക]സൂക്ഷ്‌മതയും തെളിമയുമാർന്ന ശൈലി ഇളംകുളത്തിന്റെ സവിശേഷതയായിരുന്നു. ഭാഷാപഗ്രഥനവും ചരിത്രാപഗ്രഥനവും സരളമായി നിർവഹിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ ഒരിടത്തും പണ്ഡിത്യപ്രകടനം കൊണ്ട് വായനക്കാരന് ക്ലേശം സൃഷ്ടിക്കുന്നില്ല.
പഠിച്ചും പഠിപ്പിച്ചുമാണ് കുഞ്ഞൻപിള്ള വളർന്നത്. മലയാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സാംസ്കാരിക ചരിത്രത്തിലും ഭാഷാ ചരിത്രത്തിലുമൊക്കെ നിറഞ്ഞുനിന്ന അബദ്ധങ്ങൾ ഈവിഷയങ്ങളിൽ നിരന്തരമായ പഠനവും ഗവേഷണവും നടത്താൻ കുഞ്ഞൻ പിള്ളയെ പ്രേരിപ്പിച്ചു.“ഉണ്ണുനീലി സന്ദേശം” വ്യാഖ്യാനം പ്രസിദ്ധീകരിച്ചാണ് ഒരു ഗവേഷകൻ എന്ന നിലയിൽ വ്യക്തിത്വം ഉറപ്പിച്ചത്. ആ വർഷംതന്നെ പുറത്തിറങ്ങിയ “ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിൽകൂടി” എന്ന കൃതി ഈ സന്ദേശകാവ്യത്തെ കുറിച്ചുള്ള പുതിയ വെളിപാടായി. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മിസമ്പ്രദായം കേരളത്തിൽ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ തുടങ്ങിയ പ്രൌഢമായ ചരിത്ര കൃതികളും കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ, ഭാഷയും സാഹിത്യവും, ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥങ്ങളുടെ പഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹിത്യ കൃതികളും കുഞ്ഞൻപിള്ള കൈരളിക്ക് സമ്മാനിച്ചു. സ്റ്റഡീസ് ഇൻ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ് ഇൻ കേരള ഹിസ്റ്ററി എന്നീ ഇംഗ്ലീഷ് കൃതികളും പണ്ടത്തെ കേരള എന്ന തമിഴ് കൃതിയും അദ്ദേഹം രചിച്ചു. ഒരു മികച്ച അദ്ധ്യാപകൻ കൂടിയായിരുന്നു കുഞ്ഞൻപിള്ള.
ലിപിവിജ്ഞാനീയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും ഗ്രന്ഥലിപിയുടേയുമൊക്കെ പഠനങ്ങളിലൂടെ കേരളചരിത്രത്തിന്ന് മുതൽക്കൂട്ടായി. പൗരാണികഭാരതീയജ്യോതിശ്ശാസ്ത്രത്തിലെ തന്റെ അഗാധപാണ്ഡിത്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണു അദ്ദേഹം രണ്ടാം ചേരസാമ്രാജ്യത്തിന്റേയും അതിലെ രാജാക്കന്മാരുടേയും കാലഗണനകൾ ചോദ്യംചെയ്യപ്പെടലുകൾക്കതീതമായി സ്ഥാപിച്ചെടുക്കുന്നത്. നിഷ്പക്ഷവും ഏകാന്തവുമായ യാത്രകളായിരുന്നു കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെ അദ്ദേഹം നടത്തിയത്.ചരിത്രരചനയിൽ അദ്ദേഹം പുലർത്തിപ്പോന്ന ബുദ്ധിപരമായ സത്യസന്ധത വളരെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ രചനകൾ സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകൻമാർക്കുമൊക്കെ പ്രയോജനകരമായി നിലകൊള്ളുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച വഴികാട്ടി ആയിരുന്നു അദ്ദേഹമെന്ന് യൂണിവേഴ്‌സിറ്റി കോളേജിൽ ഇളംകുളത്തിന്റെ വിദ്യാർത്ഥിയായിരുന്ന പ്രൊഫ. എസ്. ഗുപ്തൻ നായർ പറയുന്നു.
കൃതികൾ
[തിരുത്തുക]- സാഹിത്യമാലിക (1929)
- കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ
- സംസ്കാരത്തിൻ റെ നാഴികകല്ലുകൾ
- ജന്മി സമ്പ്രദായം കേരളത്തിൽ
- ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽ
- കേരളം അഞ്ചും ആറും നൂറ്റാണ്ടിൽ
- ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടിൽ
- സ്റ്റഡീസ് ഇൻ കേരള ഹിസ്റ്ററി
അവലംബം
[തിരുത്തുക]- പി.ഗോവിന്ദപ്പിള്ള,മുൽക്ക് രാജ് മുതൽ പവനൻ വരെ 2007 സിതാരബുക്സ്,കായംകുളം