രൂപത

എപ്പിസ്കോപ്പൽ സഭകളിൽ ഒരു മെത്രാന്റെ കീഴിൽവരുന്ന ഭരണപ്രദേശത്തിന് പറയുന്ന പേരാണ് ഭദ്രാസനം. ചില സഭകളിലിതു മഹായിടവക എന്നും അറിയപ്പെടുന്നു. എപ്പാർക്കി (ഇംഗ്ലീഷ്: eparchy), എപ്പിസ്കോപ്പി (episcopy), ഡയോസിസ് (diocese), ബിഷപ്റിക് (bishopric) എന്നിവ ഇതിനു തത്തുല്യമായ ഇംഗ്ലീഷ് പദങ്ങളാണ്. ഓരോ ഭദ്രാസനം പ്രാദേശികമായി ഇടവകകളായി ക്രമീകരിപ്പെട്ടിരിക്കുന്നു.
ചരിത്രപരമായോ ഭരണപരമായോ പ്രധാനപ്പെട്ട ഭദ്രാസനം അതിഭദ്രാസനം (archdiocese അല്ലെങ്കിൽ archeparchy) എന്നും അതിരൂപത ഭരിക്കുന്ന ബിഷപ്പ് ആർച്ചുബിഷപ്പ് (archbishop) എന്നും അറിയപ്പെടുന്നു. ആർച്ചുബിഷപ്പിന് മറ്റു രൂപതകളുടെമേൽ മേൽനോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഏതാനം രൂപതകളുടെ ഒരു ഗണത്തെ സഭാ പ്രവിശ്യ (ecclesiastical province) എന്നാണ് വിളിക്കുന്നത്. ഇത്തരം ഒരു സഭാ പ്രവിശ്യയുടെ അധ്യക്ഷൻ ആയ ആർച്ചുബിഷപ്പ് മെത്രാപ്പോലീത്ത എന്ന പദവി കൂടി വഹിക്കുന്നു. മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശങ്ങൾ മെത്രാസന പ്രവിശ്യ (metropolitan province) എന്നും അറിയപ്പെടുന്നു.
പദോത്പത്തി
[തിരുത്തുക]സുറിയാനി ഭാഷയിലെ റബ്ബ്താ (സുറിയാനി: ܪܒܬܐ) എന്ന പദത്തിൽ നിന്നുമാണ് രൂപത എന്ന മലയാള പദം രൂപം കൊണ്ടിരിക്കുന്നത്. 'വലുതായ' എന്ന എന്ന അർത്ഥമാണ് സുറിയാനിയിൽ ഇതിന് ഉള്ളത്. അതിരൂപതയെ കുറിക്കുന്ന സുറിയാനി പദമാണ് അപാർകിയാ റബ്ബ്താ.
ഇംഗ്ലീഷിൽ രൂപത എന്ന വാക്കിന് തത്തുല്യമായ ഡയോസിസ്, എപ്പിസ്കോപ്പി, എപ്പാർക്കി എന്നീ പദങ്ങൾ ഗ്രീക്ക് ഭാഷയിൽ നിന്ന് കടം കൊണ്ടവയാണ്.