ഡെങ്ക്വാക്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dengue vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊതുക് പരത്തുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഡെങ്കിപ്പനിക്കെതിരെ വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു പ്രതിരോധമരുന്നാണ് ഡെങ്ക്വാക്സിയ (Dengvaxia).[1] ഒമ്പതു വയസ്സിനും നാൽപ്പത്തിയഞ്ചു വയസ്സിനുമിടയിൽ പ്രായമുള്ള രോഗികളിൽ ഈ മരുന്ന് ഉപയോഗിച്ചുവരുന്നു. ഫ്രഞ്ച് കമ്പനിയായ സനോഫി പാസ്റ്ററാണ് ഇത് നിർമ്മിക്കുന്നത്.[2] ഡെങ്കി പ്രതിരോധത്തിനായി ഉപയോഗാനുമതി ലഭിച്ച ആദ്യത്തെ പ്രതിരോധ മരുന്നാണ് ഡെങ്ക്‌വാക്സിയ.[3] പതിനഞ്ചു രാജ്യങ്ങളിലായി 40,000-ത്തോളം പേരിൽ പരീക്ഷിച്ചു നോക്കിയതിനുശേഷമാണ് ഇതിന് അനുമതി ലഭിച്ചത്. അനുമതി നൽകിയ ആദ്യരാജ്യം മെക്സിക്കോ ആണ്.[1]

ഈഡിസ് പെൺകൊതുകുകൾ പരത്തുന്ന മാരക രോഗങ്ങളിലൊന്നായ ഡെങ്കിപ്പനി ബാധിച്ച് വർഷംതോറും 22,000 പേർ മരിക്കുന്നു.[4] പ്രതിവർഷം 40 കോടി പേരെ ഈ രോഗം ബാധിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.[3] രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധ മരുന്നുകൾ ഇതുവരെ കണ്ടെത്തിയിരുന്നില്ല.[5] ഡെങ്ക്‌വാക്സിയ ഉപയോഗിക്കുന്നതിലൂടെ ഡെങ്കിപ്പനി ബാധിച്ചുള്ള ആശുപത്രി വാസം എൺപതു ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.[1]

ഡെങ്കിപ്പനി[തിരുത്തുക]

ഡെങ്കൂ (Dengue) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue Fever). പ്രാണികളിലൂടെ പകരുന്ന ഫ്ളാവി വൈറസുകളുടെ ഗണത്തിൽപ്പെടുന്നവയാണ് ഡെങ്കൂ വൈസുകൾ. ഇവയുടെ 4 സീറോടൈപ്പുകളെ (Serotypes) (ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4) ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരിനം ഡെങ്കിവൈറസ് ബാധിക്കുന്നവർക്കാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്. ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്സ് (albopictus) എന്നീ ഇനം പെൺ കൊതുകുകളുടെ ഉമിനീർ ഗ്രന്ഥികളിൽ ഡെങ്കൂ വൈസുകൾക്കു ജീവിക്കാൻ സാധിക്കും. ഈ കൊതുകുകൾ കടിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. ഒന്നിലധികം ഇനം ഡെങ്കിവൈറസുകൾ ഒരേ വ്യക്തിയെ വീണ്ടും ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി ഉണ്ടാവുന്നത്. ഡെങ്കിപ്പനിയുടെ വളരെ മാരകമായിട്ടുള്ള അവസ്ഥയാണിത്.

ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. 1635-ൽ ഫ്രഞ്ച് വെസ്റ്റ് ഇൻഡിസിലാണ് രോഗം ആദ്യമായി രേഖപ്പെടുത്തിയത്‌. ഇന്ത്യയിൽ 1950-60 കാലഘട്ടത്തിലാണ് രോഗം തിരിച്ചറിഞ്ഞത്.[6] രാജ്യത്ത് 2015-ൽ മാത്രം 90,000 പേർ ഈ രോഗത്തിനു ചികിത്സ തേടുന്നുണ്ടായിരുന്നു.[4]

ചികിത്സ[തിരുത്തുക]

ഡെങ്കിപ്പനിക്കു ഫലപ്രദമായ ചികിത്സ നിലവിലില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സിക്കുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക, നല്ലതുപോലെ വിശ്രമിക്കുക, പനി കുറയുന്നതിനായി പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ കഴിക്കുക, സന്ധിവേദന കുറയ്ക്കുന്നതിനുള്ള മരുന്നുകൾ നൽകുക എന്നീ മാർഗ്ഗങ്ങളാണ് സ്വീകരിച്ചുവരുന്നത്.[5]

ഡെങ്കിപ്പനി തടയുന്ന പ്രതിരോധ മരുന്ന് (വാക്സിൻ) കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ ലോകത്തിന്റെ പല ഭാഗത്തും നടന്നിരുന്നു. ചില മരുന്നുകൾ കണ്ടെത്തിയിരുന്നെങ്കിലും അവയ്ക്കൊന്നും ഉപയോഗ അനുമതി ലഭിച്ചിരുന്നില്ല. ഫ്രഞ്ച് കമ്പനിയായ സനോഫി പാസ്റ്റർ വികസിപ്പിച്ചെടുത്ത ഡെങ്ക്വാക്സിയ എന്ന പ്രതിരോധ മരുന്നിനാണ് ആദ്യമായി ഉപയോഗാനുമതി ലഭിച്ചത്.[5] വ്യത്യസ്ത തരം ലക്ഷണങ്ങളോടു കൂടിയ നാലുതരം ഡെങ്കി വൈസുകളെയും ഇത് പ്രതിരോധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.[4] അതിനാൽ ഇതിനെയൊരു ടെട്രാവാലന്റ് വാക്സിനായി ഉപയോഗിക്കുന്നു.[2]

സനോഫി പാസ്റ്റർ[തിരുത്തുക]

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ സ്ഥിതിചെയ്യുന്ന പ്രശസ്ത മരുന്നു നിർമ്മാണക്കമ്പനിയാണ് സനോഫി. 1973-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.[7] മരുന്നുകൾ, വാക്സിനുകൾ, ഡ്രഗ്സ് എന്നിവയാണ് ഇവിടുത്തെ പ്രധാന ഉല്പ്പന്നങ്ങൾ. കമ്പനിയിൽ വാക്സിനുകൾ (പ്രതിരോധ മരുന്ന്) നിർമ്മിക്കുന്നതിനുള്ള വിഭാഗമാണ് സനോഫി പാസ്റ്റർ (Sanofi Pasteur).[2] ഇവിടെ വച്ചാണ് ഡെങ്ക്‌വാക്സിയ നിർമ്മിച്ചെടുത്തത്. ഇരുപതു വർഷത്തെ ഗവേഷണങ്ങൾക്കായി 160 കോടി ഡോളർ (10,000 കോടി രൂപ) ചെലവായി.[1]

പരീക്ഷണം[തിരുത്തുക]

പതിനഞ്ചു രാജ്യങ്ങളിൽ നിന്നായി 40,000-ത്തോളം പേരിൽ ഡെങ്ക്വാക്സിയ പരീക്ഷിച്ചു നോക്കിയിരുന്നു. ഇന്ത്യയിൽ ന്യൂഡെൽഹി, ലുധിയാന, കൊൽക്കത്ത, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലെ 18-45 പ്രായക്കാരിലും മരുന്ന് പരീക്ഷിച്ചിരുന്നു.[4]

ഉപയോഗാനുമതി[തിരുത്തുക]

2015 ഡിസംബർ 9-ന് മെക്സിക്കോ ആണ് മരുന്ന് ഉപയോഗിക്കാനുള്ള അനുമതി ആദ്യം നൽകിയത്. ദി ഫെഡറൽ കമ്മീഷൻ ഫോർ ദി പ്രൊട്ടക്ഷൻസ് എഗൻസ്റ്റ് സാനിട്ടറി റിസ്ക്സ് (COFEPRIS) ആണ് ലൈസൻസ് നൽകിയത്.[4] ഏഷ്യ, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഇരുപതോളം രാജ്യങ്ങളിൽ സനോഫി മരുന്ന് ഉപയോഗത്തിനുള്ള അനുമതി തേടിയിട്ടുണ്ട്.[3] 2016-ൽ യൂറോപ്പും 2017-ൽ അമേരിക്കയും ഡെങ്ക്വാക്സിയ ഉപയോഗിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ കമ്പനിയ്ക്ക് പ്രതിവർഷം പത്തുകോടി ഡോസ് മരുന്ന് ഉണ്ടാക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "ഡെങ്കിപ്പനിക്ക് പ്രതിരോധ മരുന്ന് ഡെങ്ക്‌വാക്സിയ". മലയാള മനോരമ. 2015 ഡിസംബർ 11. പേജ്-5. കൊല്ലം എഡിഷൻ.
  2. 2.0 2.1 2.2 "DENGVAXIA®, WORLD'S FIRST DENGUE VACCINE, APPROVED IN MEXICO". Sanofi Pasteur. 2015 ഡിസംബർ 9. ശേഖരിച്ചത് 2015 ഡിസംബർ 14. line feed character in |title= at position 20 (help); Check date values in: |accessdate= and |date= (help)
  3. 3.0 3.1 3.2 "World's 1st dengue vaccine cleared for use in Mexico". Times of India. 2015 ഡിസംബർ 11. ശേഖരിച്ചത് 2015 ഡിസംബർ 14. line feed character in |title= at position 27 (help); Check date values in: |accessdate= and |date= (help)
  4. 4.0 4.1 4.2 4.3 4.4 "ലോകത്തിലെ ആദ്യ ഡെങ്കി പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക്". കേരള കൗമുദി. 2015 ഡിസംബർ 10. ശേഖരിച്ചത് 2015 ഡിസംബർ 14. Check date values in: |accessdate= and |date= (help)
  5. 5.0 5.1 5.2 "Serum quickens pace for a dengue vaccine, drug for treating virus". The Indian Express. 2015 ഡിസംബർ 12. ശേഖരിച്ചത് 2015 ഡിസംബർ 14. line feed character in |title= at position 51 (help); Check date values in: |accessdate= and |date= (help)
  6. "Dengue fever vaccine Dengvaxia: Hope but with caution". The Indian Express. 2015 ഡിസംബർ 11. ശേഖരിച്ചത് 2015 ഡിസംബർ 14. line feed character in |title= at position 21 (help); Check date values in: |accessdate= and |date= (help)
  7. "World's first dengue vaccine, Dengvaxia, approved for use in Mexico". Jagran Josh. 2015 ഡിസംബർ 11. ശേഖരിച്ചത് 2015 ഡിസംബർ 14. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഡെങ്ക്വാക്സിയ&oldid=2343093" എന്ന താളിൽനിന്ന് ശേഖരിച്ചത്