ഡെങ്കിപ്പനി
Dengue fever | |
---|---|
മറ്റ് പേരുകൾ | Dengue, breakbone fever[1][2] |
The typical rash seen in dengue fever | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | Infectious disease |
ലക്ഷണങ്ങൾ | Fever, headache, joint pain, rash[1][2] |
സങ്കീർണത | Bleeding, low levels of blood platelets, dangerously low blood pressure[2] |
സാധാരണ തുടക്കം | 3-14 days after exposure[2] |
കാലാവധി | 2-7 days[1] |
കാരണങ്ങൾ | Dengue virus by mosquitos |
ഡയഗ്നോസ്റ്റിക് രീതി | Detecting antibodies to the virus or its RNA[2] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Malaria, yellow fever, viral hepatitis, leptospirosis[3] |
പ്രതിരോധം | Dengue fever vaccine, decreasing mosquito exposure[1][4] |
Treatment | Supportive care, intravenous fluids, blood transfusions[2] |
ആവൃത്തി | 50 to 528 million per year[5] |
മരണം | ~20,000[6] |
ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി (Dengue) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever). ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബൊപിക്റ്റ്സ് എന്നീ . കൊതുകുകൾ ശുദ്ധജലത്തിൽ,പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും (dorsum of thorax) വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ (Tiger mosquito) എന്നും വിളിക്കുന്നു.
ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത് [7]
ചരിത്രം
[തിരുത്തുക]എ. ഡി. 992-ൽ ചൈനയിൽനിന്നും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോട് ഏറെ സാമ്യമുള്ള രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, 1635-ൽ ഫ്രഞ്ച് വെസ്റ്റ് ഇൻഡിസിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിയാണ് ആദ്യമായി രേഖപ്പെടുത്തിയ ഡെങ്കിപ്പനി. 1779-ൽ അൽ ജബാർറ്റി, കെയ്റോയിലും അതേവർഷം തന്നെ ഡേവിഡ് ബയ്ലോൺ, ബറ്റാവിയ (ജക്കാർത്ത)യിലും 1780-ൽ ബഞ്ചമിൻ റുഷ്, ഫിലാഡെൽഫിയയിലും ഈ രോഗത്തെ സംബന്ധിച്ച് നടത്തിയ പഠനങ്ങൾ ഏറെ ശ്രദ്ധേയങ്ങളാണ്. തുടർന്ന് ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോട് ഏറെ സാമ്യം പുലർത്തുന്ന രോഗങ്ങൾ പകർച്ചവ്യാധിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 18-ാം ശതകത്തിൽ കരീബിയയിലെ സ്പാനിഷ് സംസാരിക്കുന്ന ജനവിഭാഗങ്ങളിൽ ഈ പകർച്ചവ്യാധി ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. രോഗികൾ കാലുകൾക്ക് വേദനയനുഭവപ്പെടാത്തവിധത്തിൽ അടിവച്ചു നടക്കാൻ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ആ അർഥം വരുന്ന 'ഡെങ്ഗി' എന്ന സ്പാനിഷ് പദം രോഗത്തിനു നൽകിയത്. ഇംഗ്ലീഷിൽ ഡാൻഡി ഫീവർ എന്നും പറയുന്നു. ബ്രേക്ക് ബോൺ ഫീവർ, ഡെംഗ (Denga), ഡുംഗ (Dunga), സെവൻ ഡെ ഫീവർ, അഥവാ ഏഴുദിനപ്പനി, ബൊനോൻ, ചാപ്പൻ നൊനാഡ (Chapennonada), ഹോമ ഗു (Homa Mguu) എന്നീ വിവിധ പേരുകളിൽ ഈ രോഗം വിവിധ പ്രദേശങ്ങളിൽ അറിയപ്പെടുന്നു.
രോഗാണുക്കൾ.
[തിരുത്തുക]ഫ്ളാവിവൈറിഡെ (Flaviviridae) കുടുംബത്തിൽപ്പെട്ട ഫ്ളാവിവൈറസുകളാണ് രോഗാണുക്കളായി വർത്തിക്കുന്നത്. ഇവയുടെ 4 സീറോടൈപ്പുകളെ (Serotypes) (ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റർ മാത്രം വലിപ്പമുള്ള ഏകശ്രേണിയിൽ റൈബോന്യൂക്ലിക് അമ്ലം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഫ്ളാവിവൈറസ് ജനുസ്സിൽത്തന്നെ ജൈവപരമായ സവിശേഷതകൾ കൊണ്ട് ഏറെ പ്രത്യേകത പുലർത്തുന്നവയാണ് ഡെങ്കിവൈറസുകൾ. രോഗം ബാധിച്ച മനുഷ്യർ, രോഗാണുവാഹകരായ കൊതുകുകൾ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.
ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാലു വിധമുണ്ട്. ഒരു സീറോടൈപ്പു മൂലം ഉണ്ടാകുന്ന രോഗബാധ മനുഷ്യരിൽ ആ സീറോടൈപ്പിന് ആജീവനാന്ത പ്രതിരോധശക്തി സംജാതമാക്കുന്നു. എന്നാൽ ഇത് മറ്റു സീറോടൈപ്പുകൾക്കെതിരേ സംരക്ഷണമായി വർത്തിക്കുന്നില്ല. മറ്റൊരു സീറോടൈപ്പു മൂലം ഉണ്ടാകുന്ന രോഗബാധ ഗുരുതരമാകുന്നതും സാധാരണമാണ്.
ഇനങ്ങൾ
[തിരുത്തുക]ഡെങ്കിപ്പനി മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.
രോഗ വ്യാപനം
[തിരുത്തുക]ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
രോഗ ലക്ഷണങ്ങൾ
[തിരുത്തുക]പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ g ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു സാഡിൽ ബാഗ് സിൻഡ്രോം എന്നും പേരുണ്ട്
മരണ കാരണം
[തിരുത്തുക]ഏതെങ്കിലും ഒരിനം ഡെങ്കിവൈറസ് ആദ്യമായി ബാധിക്കുന്നവർക്കാണ് 'സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവർ- DF) ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്കിവൈറസുകൾ ഒരേ വ്യക്തിയെ വീണ്ടും ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ-DHF) അല്ലെകിൽ ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിൻഡ്രോം-DSS) ഉണ്ടാവുന്നത്.ഡെങ്കി ഹെമറേജിക് ഫീവർ,(ഡെങ്കി ഷോക്ക് സിൻഡ്രോം-DSS) എന്നിവ രണ്ടും വളരെ മാരകമായിട്ടുള്ള ഡെങ്കിപ്പനിയുടെ അവസ്ഥയാണ്. സാധാരണ ഡെങ്കിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങൾ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിനും തുടർന്നുള്ള മരണത്തിനും കാരണം.ആഘാതാവസ്ഥയോടു കൂടിയ ഡെങ്കിപ്പനിയിൽ രോഗിയുടെ രക്തസമ്മർദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ച ആൾക്ക് വീണ്ടും ഡെങ്കിവൈറസ്ബാധയുണ്ടാകുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.
ചികിത്സ
[തിരുത്തുക]ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല.
രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്. രക്തം കട്ടയാവാതിരിക്കുവാനായി ഹൃദ്രോഗികൾക്കും മറ്റും നൽകിവരുന്ന ആസ്പിരിൻ പോലെയുള്ള ഔഷധങ്ങൾ രോഗബാധിതർ ഉപയോഗിക്കാൻ പാടില്ല. ഇവ രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടുന്നു എന്നതാണ് കാരണം. ഡെങ്കിപ്പനി ബാധിക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ കൂടുതൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കും.
ആരോഗ്യമുള്ള ഒരാൾക്ക് ഒരു ഘന മി.ലിറ്റർ രക്തത്തിൽ ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം പ്ലേറ്റ്ലെറ്റുകൾ ഉണ്ടാവും. ഡെങ്കിപ്പനി വന്നാൽ പ്ലേറ്റ്ലെറ്റുകൾ കുറയും. അത് രണ്ടോ മൂന്നോ ദിവസത്തിനകം പഴയ പോലെയാവും. പതിനായിരത്തിൽ താഴെ ആയാൽ മാത്രമെ പ്ലേറ്റ്ലെറ്റുകൾ മാറ്റേണ്ടതുള്ളു. [8]
പപ്പായയുടെ (കുരുന്ന്)ഇല അരച്ചു അതിന്റെ നീരു ഡെങ്കിപ്പനിക്ക് മരുന്നായി ഉപയോഗിച്ചു വരുന്നു. [9] ഈ ചികിത്സ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പപ്പായയുടെ കായ്ക്കകത്തെ കുരുക്കളും ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതായി കോസ്റ്റാറിക്കയിൽ നിന്നും റിപ്പോർട്ടുകളുണ്ട്. [10]
കൊതുകിനെപ്പറ്റി
[തിരുത്തുക]പുലി കൊതുകുകൾ (ടൈഗർ മസ്ക്വിറ്റോസ്) എന്ന് പൊതുവേ അറിയപ്പെടുന്ന 'ഈഡിസ് ഈജിപ്റ്റി' (Aedes aegypti) കൊതുകുകളാണ് ഡെങ്കിപ്പനിയുടെ പ്രധാന രോഗാണുവാഹകർ. 'ഈഡിസ് ആൽബോപ്പിക്റ്റ്സ്' എന്നയിനം കൊതുകുകളും രോഗവ്യാപനത്തിനു പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. 'ഈഡിസ് നിവിയസ്' ഇനം കൊതുകുകൾ മലേഷ്യയിലും വിയറ്റ്നാമിലും ഡെങ്കിപ്പനി വ്യാപിപ്പിക്കുന്നു. 'ഈഡിസ് സമോയൻസ്', 'ഈഡിസ് ഫിജിയൻസിസ്' എന്നീ കൊതുകുകൾ സമോവ, ഫിജി എന്നിവിടങ്ങളിൽ രോഗം പരത്തുന്നതായി സംശയിക്കപ്പെടുന്നു. 'ഈഡിസ് പോളിനേസിയൻസ്', 'ഈഡിസ് സ്ക്കൂട്ടല്ലാരിസ്' എന്നീ കൊതുകുകൾ പസിഫിക് ദ്വീപുകളിൽ ഈ രോഗം പരത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. 'ഈഡിസ് റൊട്ടുമെ', 'ഈഡിസ് ഹൈബ്രിഡിയുസ്', 'ഈഡിസ് ഒബെ', 'ഈഡിസ് കുക്കി', 'ഈഡിസ് സ്യൂഡോസ്ക്കൂട്ടല്ലാരിസ്', 'ഈഡിസ് ഹാക്കൻസോണി' എന്നീ ഇനങ്ങളിലുള്ള കൊതുകുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ രോഗം വ്യാപിപ്പിക്കുന്നതായി കരുതുന്നു. ഇന്ത്യയിൽ ഈഡിസ് ഈജിപ്റ്റി,ഈഡിസ് ആൽബോപ്പിക്റ്റ്സ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. 1998 മുതൽ 2002 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ പഠനങ്ങളിലൂടെ ഈഡിസ് കൊതുകുകളെ എല്ലാ ജില്ലകളിലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളും ഈഡിസ് കൊതുകുകളുടെ ഈറ്റില്ലങ്ങളാണെന്ന് പറയാം. മഴക്കാലമാകുന്നതോടെ (ഇടവിട്ടുള്ള മഴ) ഈയിനം കൊതുകുകളുടെ എണ്ണത്തിലുള്ള വർധനവിനും രോഗവ്യാപനത്തിനും ആക്കം കൂടുന്നു. ഗൃഹ/ പരിസര സൂചിക (House/premises index), കൂത്താടികൾ ഉൾക്കൊള്ളുന്ന സ്രോതസ്സ് സൂചിക (Container index), സ്രോതസ്സ് - ഗൃഹ അനുപാത സൂചിക അഥവാ ബ്രീട്ടി സൂചിക (Breteau index) എന്നിവ അടിസ്ഥാനമാക്കിയാണ് ഒരു പ്രദേശത്ത് രോഗവ്യാപനത്തിന്റെ സാധ്യത മനസ്സിലാക്കുന്നത്. ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത തിട്ടപ്പെടുത്താനും രോഗവ്യപനത്തിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനും കൊതുകു നിയന്ത്രണത്തിനും അതുവഴി രോഗനിർമാർജ്ജനത്തിനും വേണ്ട സത്വര നടപടികൾ കൈക്കൊള്ളുന്നതിനും ഈ സൂചികകൾ സഹായകമാണ്. 1999 മുതൽ 2002 വരെ ആലപ്പുഴ ജില്ലയിൽ ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകളെ സംബന്ധിച്ചു നടത്തിയ പഠനത്തിൽ നിന്ന് ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകളാണ് ഇവിടെ മുഖ്യമായും പ്രജനനം നടത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈഡിസ് ഈജിപ്റ്റി ഇനത്തിൽപ്പെട്ട കൊതുകുകൾ ഇവിടെ ഇപ്പോൾ കാണപ്പെടുന്നില്ല. ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ ഇവിടെ മുഖ്യരോഗാണുവാഹകരായി വർത്തിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലാകമാനം കൂടുതൽ പേർക്ക് രോഗം ബാധിക്കുന്നതും മരണസംഖ്യയിൽ വർധനവുണ്ടാകുന്നതും ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ രോഗവ്യാപനത്തിൽ മുഖ്യ പങ്കുവഹിക്കുന്നതുമൂലമാണെന്ന് കരുതേണ്ടിയിരിക്കുന്നു.പകൽസമയം രക്തപാനം നടത്തുന്ന ഈഡിസ് കൊതുകുകൾ രാത്രികാലങ്ങളിലാണ് മുട്ടയിടാൻ ഇഷ്ടപ്പെടുന്നത്. ഇവ ജലോപരിതലത്തിൽ മുട്ടയിടുന്നതിനുപകരം, ജലം ഉൾക്കൊള്ളുന്ന പാത്രങ്ങളുടെ ജലപ്പരപ്പിനു തൊട്ടു മുകളിലുള്ള നനഞ്ഞ തലങ്ങളിലാണ് മുട്ടയിടുക.. ഈയിനം കൊതുകുകളുടെ മുട്ടകൾ വെള്ളത്തിന്റെ അസാന്നിധ്യത്തിലും മാസങ്ങളോളം യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കും. ഒരു പ്രാവശ്യമിടുന്ന മുട്ടകൾ ജലത്തിന്റെ ലഭ്യത അനുസരിച്ച് മാത്രം വിരിയുന്ന സ്വഭാവം ഇത്തരം കൊതുകുകളുടെ പ്രത്യേകതയാണ്. വരണ്ട കാലാവസ്ഥയെ അതിജീവിച്ച മുട്ടകൾ ഇടയ്ക്കിടെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നത് വിരിയാനുള്ള പ്രചോദനം നൽകും. വീട്ടിനുള്ളിലോ സമീപത്തോ വിശ്രമിക്കുന്ന ഇത്തരം കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. ഇവ മഴ വെള്ളം ഏറെ ഇഷ്ട്ടപ്പെടുന്നു. കിണറുകളിലോ, കുളങ്ങളിലോ,പുഴകളിലോ, പാടത്തോ, ജലാശയങ്ങളിലോ ഈഡിസ് കൊതുകുകൾ വംശവർധന നടത്തുന്നില്ല. നമ്മുടെ പരിസരത്തുള്ള പാത്രം, കുപ്പി, ചിരട്ട, ടയർ, വീപ്പ, വാട്ടർ ടാങ്ക്, മൺചട്ടി, ആട്ടുകല്ല്, പൂച്ചട്ടി, വാട്ടർ കൂളർ, റബർ എടുക്കാൻ മരത്തിൽ പിടിപ്പിച്ചിരിക്കുന്ന ചിരട്ട/പാത്രം എന്നിവയിൽ ശേഖരിക്കപ്പെടുന്ന അൽപ്പം ജലത്തിൽ പോലും ഇവ മുട്ടയിട്ട് പെരുകുന്നു. വാഴയുടെ കഷ്യങ്ങൾ, സിമെന്റു മേൽക്കൂര, മതിലിനുമുകളിൽ പിടിപ്പിച്ചിട്ടുള്ള കുപ്പിച്ചീളുകൾ, ഉപയോഗിക്കാത്ത സിമെന്റ് കട്ടകളിലെ കുഴികൾ, സിമന്റ് ടാങ്കുകൾ, മരപ്പൊത്തുകൾ എന്നിവയിലുള്ള മഴ വെള്ളത്തിൽ ഈയിനം കൊതുകുകൾ മുട്ടയിടുന്നു. രോഗാണുവാഹകരായ കൊതുകുകൾ ജീവിതകാലം മുഴുവൻ മനുഷ്യന് രോഗം പകർത്തുന്നു. 'ട്രാൻസ്ഒവേറിയൻ ട്രാൻസ്മിഷൻ' എന്ന പ്രക്രിയയിലൂടെ മുട്ടകൾ വഴി തലമുറകളോളം രോഗാണുവാഹകശേഷി നിലനിർത്തുവാൻ ഇവയ്ക്കു കഴിയും. അതിനാൽ രോഗബാധിതരുടെ രക്തം കുടിക്കാതെ തന്നെ ഇവയ്ക്ക് രോഗാണുവാഹകരായി മാറാൻ കഴിയുന്നു. കൊതുകുകളുടെ എണ്ണം, അവയുടെ ആയുസ്സ്, ശരീരത്തിലെ രോഗാണുക്കളുടെ എണ്ണം എന്നിവയാണ് ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ രോഗവ്യാപനശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഈഡിസ് കൊതുകുകൾക്ക് ഒരു സെക്കന്റിൽ 50 സെ. മീ. ദൂരം പറക്കാൻ കഴിയും. വീടുകളും മറ്റ് കെട്ടിടങ്ങളും തിങ്ങിഞെരുങ്ങിയ നഗരപ്രദേശങ്ങളിൽ ഇവയുടെ സഞ്ചാരം 100-400 മീ. വരെയാണ്. എന്നാൽ ഗതാഗതസൗകര്യങ്ങൾ വികസിച്ചതോടെ വിമാനങ്ങൾ, കപ്പലുകൾ, ട്രെയിനുകൾ, മറ്റ് വാഹനങ്ങൾ എന്നിവയിലൂടെ സഞ്ചരിച്ച് വിദൂരദേശങ്ങളിലെത്തി ഈയിനം കൊതുകുകൾ രോഗവ്യാപനം നടത്തുന്നതായി വ്യക്തമായിട്ടുണ്ട്
കാലാവസ്ഥ സ്വാധീനം
[തിരുത്തുക]ഉഷ്ണമേഖലാ രാജ്യങ്ങളിലെ ഇടവിട്ടുള്ള മഴ, 20-32° വരെയുള്ള അന്തരീക്ഷ താപനില എന്നിവ ഈഡിസ് കൊതുകുകളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അനുകൂലമാണ്. അതേസമയം അന്തരീക്ഷ താപനില 10°-ൽ താഴെയായിരിക്കുമ്പോൾ പോലും രോഗസംക്രമണം നടത്താൻ വ. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ ശേഷി ആർജിച്ചതായി കണ്ടുവരുന്നു.
രോഗവ്യാപനം ആഗോളതലത്തിൽ.
[തിരുത്തുക]1827 മുതൽ കരീബിയൻ-ഗൾഫ് അത് ലാന്തിക് പ്രദേശങ്ങളിൽ ഇത്തരം പകർച്ചവ്യാധി ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും 1941-42 ൽ പനാമയിൽ പ്രത്യക്ഷപ്പെട്ട പകർച്ചവ്യാധിയെ സംബന്ധിച്ച പഠനത്തിലൂടെയാണ് രോഗത്തിനാധാരമായ വൈറസുകളെ കണ്ടെത്തിയത്.1897-ൽ നോർത്ത് ക്യൂൻസ്ലാൻഡിൽ (ആസ്റ്റ്രേലിയ) രക്തസ്രാവത്തോടുകൂടിയതും, ഡെങ്ഗിപ്പനിയോട് ഏറെ സാമ്യമുള്ളതുമായ ഒരു പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനലക്ഷണങ്ങളോടു കൂടിയ രക്തസ്രാവരോഗം 1903-ൽ ഹവായിയിലും 1928-ൽ ഗ്രീസിലും 1931-ൽ തായ്വാനിലും രേഖപ്പെടുത്തിയിട്ടുള്ളതായറിയാം. ഏകദേശം നാല്പത് വർഷങ്ങൾക്കുമുമ്പ് തന്നെ കരീബിയയിലും തെ. അമേരിക്കയുടെ വടക്കൻ പ്രദേശങ്ങളിലും ഡെങ്ഗിപ്പനി വ്യാപിച്ചിരുന്നതായി റിപ്പോർട്ടുകളിൽ കാണുന്നു. അരൂബ, ബാർബദോസ്, ബ്രസീൽ, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, എൽ സാൽവഡോർ, ഫ്രഞ്ച് ഗയാന, ഗ്വാട്ടിമാല, ഗ്വാട്ടിലൂപ്പ്, ഗൊണൂറസ്, ട്രിനിഡാഡ്, ജമേക്ക, മെക്സിക്കൊ, നികരാഗ്വ, ക്യൂബ, വെനിസ്വെല എന്നിവ ഡെങ്ഗിപ്പനി ഭീഷണി നേരിടുന്ന സ്ഥലങ്ങളാണ്.ഉഷ്ണമേഖലാ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കൻ ആഫ്രിക്കയും കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളും ഡെങ്ഗിപ്പനിയുടെ ആക്രമണത്തിനു വിധേയമാകുന്ന സ്ഥലങ്ങളാണ്. അങ്ഗോള, ബുർകിനഫാസോ, കൊമറോസ്, ജിബൂട്ടി, എത്യോപ്യ, ഗയാന, ഗീനിയ, കെനിയ, മഡഗാസ്കർ, മൗറീഷ്യസ്, മൊസാമ്പിക്, നൈജീരിയ, പാകിസ്താൻ, സൗദി അറേബ്യ, സെനഗൽ, സേഷെൽസ്, സൊമാലിയ, സുഡാൻ, യുണൈറ്റഡ് റിപ്പബ്ലിക് ഒഫ് താൻസാനിയ എന്നിവിടങ്ങളിൽ 1967 മുതൽ ഡെങ്ഗിപ്പനി വൻദുരിതം വിതച്ചുകൊണ്ടിരിക്കുന്നു.സിംഗപ്പൂർ, കംബോഡിയ, ചൈന, ലാവോസ്, മലേഷ്യ, ന്യൂ കാലഡോണിയ, പാലൊ, ഫിലിപ്പീൻസ്, തഹീതീ, വിയറ്റ്നാം, ഫിജി തുടങ്ങിയ പടിഞ്ഞാറൻ പസിഫിക് രാജ്യങ്ങളും ഇന്ത്യ, ഇന്തോനേഷ്യ, മാലിദ്വീപുകൾ, മ്യാൻമാർ, ശ്രീലങ്ക, തായ്ലൻഡ് തുടങ്ങിയ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഡെങ്ഗിപ്പനി ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്.
ആഗോള പ്രശ്നം
[തിരുത്തുക]ഡെങ്ഗിപ്പനി ഇന്ന് ഒരു അന്തർദേശീയ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. രണ്ടാം ലോക യുദ്ധത്തിനുശേഷം തെ.-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഡെങ്ഗിപ്പനിയുടെ തീവ്രത വർഷംതോറും ഏറിവരുന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കുള്ളിൽ ഈ രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ച് രോഗാതുരതയിലും മരണനിരക്കിലും മറ്റെല്ലാ കൊതുകുജന്യരോഗങ്ങളെയും പിന്നിലാക്കി. ഇന്ന് ഈ രോഗം നൂറിലേറെ രാജ്യങ്ങളിൽ വൻദുരിതം വിതച്ചു കൊണ്ടിരിക്കുന്നു. ലോകജനസംഖ്യയുടെ ഏകദേശം 40 ശ.മാ. (250-300 കോടി) ഡെങ്ഗിപ്പനി ഭീഷണി നേരിടുന്നു. പ്രതിവർഷം ഏകദേശം 10 കോടി ആളുകൾ രോഗബാധിതരാകുന്നു. ഇതിൽ അഞ്ച് ലക്ഷത്തോളം പേർ രക്തസ്രാവത്തോട് കൂടിയ ഡെങ്ഗിപ്പനിക്ക് അടിപ്പെടുന്നു. ഡെങ്ഗിപ്പനി ബാധിക്കുന്നവരിൽ 95 ശ.മാ.-ത്തിലേറെയും പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണെന്ന് ആഗോളതലത്തിലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ഡെങ്ഗിപ്പനി മൂലമുള്ള മരണനിരക്ക് ശരാശരി 5 ശ.മാ. ആണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
രോഗവ്യാപനം ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യയിൽ 1813-ൽ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളോട് ഏറെ സാമ്യം പുലർത്തുന്ന പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഡാബിൻ എന്ന വൈദ്യശാസ്ത്രഗവേഷകൻ 1945-ൽ കൊൽക്കത്തയിൽ രോഗബാധിതരായ പട്ടാളക്കാരിൽ നിന്നും രോഗത്തിനാധാരമായ വൈറസുകളെ വേർതിരിച്ചെടുത്തതോടെയാണ് ഈ രോഗം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. 1960-നുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ രോഗം ഒരു പകർച്ചവ്യാധിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും അനേകം ജീവൻ അപഹരിക്കുകയുമുണ്ടായി. 1996-ൽ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട ഡെങ്ഗിപ്പനി, 10,252 പേരെ ബാധിക്കുകയും 423 പേരുടെ മരണത്തിനു കാരണമാകുകയും ചെയ്തു.ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഡെങ്ഗിപ്പനി/രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി ബാധിതരുടെ എണ്ണവും മരണനിരക്കും പട്ടിക I-ൽ കൊടുത്തിരിക്കുന്നു. കേരളം, കർണാടകം, തമിഴ്നാട്. ഒറീസ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാണ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഡെങ്ഗിപ്പനിയുടെ ഭീഷണി സർവസാധാരണമാണ്.കേരളത്തിൽ വളപട്ടണം പ്രദേശത്തു വർധിച്ച തോതിലുള്ള വളർച്ചയാണ് ഉണ്ടായിരിക്കുന്നത്
രോഗവ്യാപനം കേരളത്തിൽ.
[തിരുത്തുക]പൂന ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ഗവേഷകർ കേരളത്തിൽ ഡെങ്ഗി വൈറസുകൾ ഉൾപ്പെടെയുള്ള ആർബോവൈറസുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട് (1973). തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ 1974-ൽ ഈ രോഗം ഒരു പകർച്ചവ്യാധിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതും രോഗാണുക്കളായ ഡെങ്ഗി-2 വൈറസുകളെ വേർതിരിച്ചെടുക്കാൻ സാധിച്ചതും എടുത്തു പറയേ വസ്തുതകളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം വൈറസുകളെ സംബന്ധിച്ച പഠനങ്ങൾ ധാരാളം നടന്നിട്ടുണ്ടെങ്കിലും, കേരളത്തിൽ നാമമാത്രമായി മാത്രമേ ഇത്തരം പഠനങ്ങൾക്ക് അവസരമുണ്ടായിട്ടുള്ളൂ. തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിലെ ഗവേഷകർ തെക്കൻ കേരളത്തിൽ ഡെങ്ഗി വൈറസുകളെ സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഈ പഠനത്തിൽ ജപ്പാൻ മസ്തിഷ്ക്കജ്വരം, വെസ്റ്റ് നൈൽ പനി , ചിക്കൻഗുനിയ, ഡെങ്ഗി-2 വൈറസുകൾ മനുഷ്യരിൽനിന്നും വേർതിരിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മലമ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യരോഗങ്ങൾ അനേകം പേരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ഡെങ്ഗിപ്പനി അടുത്ത കാലം വരെ ഒരു വലിയ ഭീഷണിയായിരുന്നില്ല. 1997-ൽ കോട്ടയം ജില്ലയിൽ 14 പേർക്ക് ഡെങ്ഗിപ്പനി ബാധിച്ചതും 4 പേർ മരിക്കാനിടയായതും ഈ രോഗം കേരളത്തിൽ ചുവടുറപ്പിച്ചതിന്റെ തെളിവാണ്. 1998-ൽ കോട്ടയം ജില്ലയിൽ, കഠിനമായ പനി, അസഹ്യമായ തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗികളുടെ രക്തം ശേഖരിച്ച് പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ പരിശോധിച്ചപ്പോൾ ഇവരിൽ 57.2 ശ.മാ. പേർക്ക് ഡെങ്ഗിപ്പനിയാണെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞു. രോഗാണുവാഹകരായ കൊതുകുകളും രോഗാണുക്കളായ വൈറസുകളും 1997 വരെ കേരളത്തിൽ നിശ്ശബ്ദമായി മറ്റൊരു പടയൊരുക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് വേണം കരുതാൻ. ഏറ്റവും അനുയോജ്യമായ സാഹചര്യം സംജാതമായതോടെ 2003-ൽ ഈ രോഗം കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയും 1560 പേരെ രോഗബാധിതരാക്കുകയും 35 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു (2003 ജൂല. 21 വരെ ലഭിച്ച റിപ്പോർട്ട്). കേരളത്തിൽ 1997 മുതൽ പ്രത്യക്ഷപ്പെട്ട ഈ രോഗത്തെ സംബന്ധിച്ച വിവരം പട്ടിക II-ൽ കൊടുത്തിരിക്കുന്നു.
രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ
[തിരുത്തുക]കൊതുകിനെ പ്രതിരോധിക്കുകയാണ് വഴി. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക, റിപ്പലന്റ്സ് ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം.രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും. കൊതുകുവല, കൊതുകുകടക്കാത്ത സ്ക്രീനുകൾ, മനുഷ്യർക്ക് ഹാനികരമല്ലാത്ത കൊതുകുതിരികൾ തുടങ്ങിയവ വ്യക്തിഗതസംരക്ഷണ മാർഗങ്ങളാണ്.സമഗ്രമായ കൊതുകുനശീകരണവും കൊതുകുകളുടെ പ്രജനനസ്ഥലങ്ങൾ ഇല്ലാതാക്കുകയും ആണ് ഡെങ്ഗിപ്പനി നിയന്ത്രണത്തിനുള്ള ഏകപോംവഴി. ഉപയോഗശൂന്യമായി വെളിയിൽ കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ പെരുകുവാൻ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിർമാർജ്ജനം ചെയ്യുന്നതിന് ഇത്തരം സ്രോതസ്സുകൾ നശിപ്പിക്കുകയാണ് ഫലപ്രദമായ മാർഗം.കീടനാശിനിയുടെ പ്രയോഗം, ധൂപനം (fogging), ജൈവിക നിയന്ത്രണങ്ങൾ എന്നിവ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനപ്രദമാണ്. ബോധവത്ക്കരണത്തിന് പ്രാധാന്യം നൽകി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവർത്തകരും സഹകരിച്ച് നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ നടപടികൾ രോഗനിയന്ത്രണത്തിന് മുതൽക്കൂട്ടായിരിക്കും.
മുന്നറിയിപ്പ് സംവിധാനം
[തിരുത്തുക]ഡെങ്കിപ്പനി പടരാനുള്ള സാധ്യത 16 ആഴ്ചകൾക്കു മുമ്പു തന്നെ മനസ്സിലാക്കി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം സിങ്കപ്പൂർ സ്വദേശിയായ യിൻ ലിങ്ങ് ഹി രൂപകൽപ്പന ചെയ്തു വരുന്നു. അന്തരീക്ഷ താപമാനത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ വിശകലനം ചെയ്ത്, ഡെങ്കിപ്പനി പടർന്നു പിടിക്കാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനാകുമെന്ന് യിൻ ലിങ്ങ് ഹിയുടെ ആദ്യഘട്ട ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.[11]
ഇതും കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- Parks Textbook of Preventive and Social Medicine , by Park , 19th ed , Bhanot publishers , Jabalpur .
- ↑ 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;WHO2015
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 2.2 2.3 2.4 2.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BMJ2015
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Nelson Textbook of Pediatrics: The field of pediatrics (in ഇംഗ്ലീഷ്). Elsevier Health Sciences. 2016. p. 1631. ISBN 9781455775668.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;East2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Bhatt2013
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Car2015
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ സഈദ്, ഡോ സജ്‌ന. "ഡെങ്കിപ്പനിയെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കാം; അറിയണം ഇക്കാര്യങ്ങൾ" (in ഇംഗ്ലീഷ്). Retrieved 2021-08-15.
- ↑ മാതൃഭൂമി ദിനപത്രം 09.06.2013 പേജ്1
- ↑ "IndianExpress.com : Papaya leaf juice helps fight dengue fever(ആംഗലേയം)". Retrieved 2013 ജൂൺ 13.
{{cite web}}
: Check date values in:|accessdate=
(help) - ↑ "News.co.cr : Papaya seeds, natural remedy for Dengue Fever in Costa Rica - See more at: http://news.co.cr/papaya-seeds-natural-remedy-for-dengue-fever-in-costa-rica/22357/#sthash.MAxFU1bl.dpuf (ആംഗലേയം)". Retrieved 2013 ജൂൺ 13.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|title=
- ↑ മുന്നറിയിപ്പ് സംവിധാനം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെങ്കിപ്പനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |