വക്കീൽ
ഫ്രഞ്ച് ചിത്രകാരൻ ഹോനൊർ ഡൗമിയർ പത്തൊമ്പതാം നൂറ്റാണ്ടിൽ വരച്ച അഭിഭാഷകന്റെ പടം | |
തൊഴിൽ / ജോലി | |
---|---|
ഔദ്യോഗിക നാമം | വക്കീൽ അഭിഭാഷകൻ ബാരിസ്റ്റർ |
തരം / രീതി | profession |
പ്രവൃത്തന മേഖല | law |
വിവരണം | |
അഭിരുചികൾ | Good memory, advocacy and interpersonal skills, analytical mind, critical thinking, commercial sense |
തൊഴിൽ മേഘലകൾ | court |
അനുബന്ധ തൊഴിലുകൾ | Lawyer, barrister, judge |
ഒരു കക്ഷിക്കുവേണ്ടി ഏതെങ്കിലും കോടതിയിലോ, ട്രൈബ്യൂണലിലോ മറ്റേതെങ്കിലും അധികാരസ്ഥാനങ്ങളിലോ ഹാജരായി വാദം നടത്തുന്നതിന് തൊഴിൽപരമായ യോഗ്യതയും അധികാരവും വൈദഗ്ദ്ധ്യവും സിദ്ധിച്ചിട്ടുള്ള ആളെയാണ് അഭിഭാഷകൻ, അഭിഭാഷക അഥവാ വക്കീൽ എന്നു വിളിക്കുന്നത്. പല രാജ്യങ്ങളുടേയും നിയമവ്യവസ്ഥകൾ ഈ പദത്തെ വ്യത്യസ്തമായ അർഥങ്ങളിൽ ഉപയോഗിക്കുന്നു. ഇതിനുവേണ്ടിയുള്ള വക്കാലത്ത് അഥവാ അധികാരപത്രം കക്ഷിതന്നെ സാക്ഷികൾ സഹിതം അഭിഭാഷകന്റെ മുമ്പിൽ ഹാജരായി ഒപ്പിട്ടു സമർപ്പിക്കുന്നു; ആവശ്യാനുസരണം അഭിഭാഷകൻ അധികാരസ്ഥാനത്ത് പ്രസ്തുത അധികാരപത്രം ഫയൽ ചെയ്യുകയും ചെയ്യുന്നു.
ബ്ലാക്കിന്റെ നിയമ നിഘണ്ടു പ്രകാരം, നിയമത്തിൽ പ്രായോഗിക പ്രവർത്തനം നടത്തുന്നതിനായി അനുമതി ലഭിക്കപ്പെട്ട, അഭിഭാഷകൻ, അറ്റോർണി, പ്ലീഡർ, കോൺസൽ, സോളിസിറ്റർ എന്നീ പേരുകളിൽ ഏതെങ്കിലും ഒന്നിൽ അറിയപ്പെടുന്ന വ്യക്തിയാണ് വക്കീൽ.
നിയമകാര്യങ്ങൾക്കായി തന്റെ സേവനം ഉപയോഗപ്പെടുത്തുന്നവരാരോ അവരുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നതിനെ അഭിഭാഷകവൃത്തി എന്ന് വിളിക്കാം.
നീതിനിർവ്വഹണത്തിന് വേണ്ടിയും സാമൂഹിക-രാഷ്ട്രീയ അധികാരങ്ങളുടെ സ്ഥിരത നിലനിർത്തുന്നതിനും തെറ്റുകളെ തിരുത്തുന്നതിനും ഒരു പരമാധികാര ഗവൺമെന്റ് അംഗീകരിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന എല്ലാ പെരുമാറ്റച്ചിട്ടകളുമാണ് സാധാരണഗതിയിൽ നിയമത്തിന്റെ നിർവ്വചനത്തിൽപ്പെടുന്നത്. വ്യക്തിനിഷ്ഠമായ പ്രത്യേക പ്രശ്നങ്ങളുടെ പരിഹാരത്തിനായി, സങ്കീർണ്ണവും അമൂർത്തവുമായ നിയമ തത്ത്വങ്ങളും അറിവും പ്രയോഗിക്കുക അഥവാ നിയമകാര്യങ്ങൾക്കായി തന്റെ സേവനം ഉപയോഗപ്പെടുത്തുക എന്നിവയും വക്കീലിന്റെ ജോലിയുടെ ഭാഗമാണ്.
ലോകത്തെ വ്യത്യസ്ത നിയമവ്യവസ്ഥകൾക്കനുസരിച്ച് വക്കീലിന്റെ അഥവാ അഭിഭാഷകന്റെ പങ്കും വ്യത്യാസപ്പെട്ടിരിക്കുന്നു. [1]
അഭിഭാഷകന്റെ കർത്തവ്യം
[തിരുത്തുക]അഭിഭാഷകന്റെ പ്രാഥമിക കർത്തവ്യം അയാളുടെ നിയമ പരിജ്ഞാനത്തെ നിശ്ചിതമായിട്ടുള്ള കേസുകളിൽ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയെന്നതാണ്. ഒരു അഭിഭാഷകൻ തന്റെ കക്ഷിയുടെ സഹായത്തോടുകൂടി കേസിന്റെ വസ്തുതകൾ മനസ്സിലാക്കി, തെളിവുകൾക്ക് സാക്ഷികളുമായി സമ്പർക്കത്തിലേർപ്പെട്ടും, രേഖകൾ പരിശോധിച്ചും വാദമുഖങ്ങൾ തയ്യാറാക്കി കോടതി മുൻപാകെ സമർപ്പിക്കുന്നു. കേസുകൾ വിസ്തരിക്കപ്പെടുമ്പോൾ തന്റെ കേസിനുപോദ്ബലകമായ തെളിവുകൾ അവതരിപ്പിക്കുകയും, മറുഭാഗത്തുനിന്നും വരുന്ന തെളിവുകളെ എതിർക്കുകയും, നിയമപരവും വസ്തുതാപരവുമായ കാര്യങ്ങളിൻമേൽ വാദം നടത്തുകയുമാണ് അഭിഭാഷകന്റെ ധർമം.
വിവാദകാര്യങ്ങൾ കോടതികളിൽ പോകാതെ, തർക്കകക്ഷികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടും, അനുരഞ്ജനം മുഖേനയും രാജിവ്യവസ്ഥകൾ ഉന്നയിച്ചും ന്യായമായ തീർപ്പുകളിൽ എത്തിക്കുന്നതിലും തൻമൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഒഴിവാക്കുന്നതിലും അഭിഭാഷകർക്ക് ഒരു നല്ല പങ്കു വഹിക്കാൻ കഴിയും.
അഭിഭാഷകൻ കോടതിയിൽ
[തിരുത്തുക]ഒരു അഭിഭാഷകൻ തന്റെ വാദത്തിനിടയിൽ കോടതി മുമ്പാകെ, അന്യഥാ അപകീർത്തിക്കുറ്റത്തിനു വിധേയമാക്കപ്പെടാവുന്ന പദപ്രയോഗങ്ങൾ നടത്തിയാലും, അത്തരം പ്രസ്താവങ്ങളുടെ പേരിൽ അയാൾ ശിക്ഷാനടപടികൾക്കു വിധേയനാക്കപ്പെടുന്നില്ല. എന്നാൽ അഭിഭാഷകൻ ചില നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും വിധേയനാണ്. തെളിവുനിയമ(Evidence Act)ത്തിലെ ചട്ടങ്ങൾ അനുസരിച്ച്, ഒരു വിവാദത്തിൽ അപ്രസക്തമായ വസ്തുതകൾ ഉന്നയിക്കാൻ പാടില്ല; നിയമത്തിന്റെ മറവിൽ നിന്നുകൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കുവാനും പാടില്ല. ഒരു ബാറിലെ മററു അഭിഭാഷകരുടെ പൊതുവായ അഭിപ്രായങ്ങളെയും തൊഴിൽപരമായ കീഴ്നടപ്പുകളെയും അയാൾ മാനിക്കേണ്ടതാണ്. അതുപോലെ, അഭിഭാഷകനിൽ അർപ്പിതമായിട്ടുള്ള വിശ്വാസങ്ങൾക്കും ചുമതലകൾക്കും വിപരീതമായി പ്രവർത്തിക്കുന്നപക്ഷം തൊഴിൽപരമായ നടപടി ദൂഷ്യത്തിനുള്ള (Professional Misconduct) ശിക്ഷണനടപടികൾ സ്വീകരിക്കുന്നതിന് അധികാരമുള്ള ബാർകൌൺസിലുകളും അഭിഭാഷകന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ വരുമാനമുണ്ടാകുന്ന മറ്റു തൊഴിലുകളിൽ പ്രവേശിക്കുന്നതിന് വിലക്കുകളുണ്ട്.
വിവിധ രാജ്യങ്ങളിൽ
[തിരുത്തുക]ഇംഗ്ളണ്ടിൽ ബാരിസ്റ്റർമാർക്ക് അവിടെയുള്ള ഏതു കോടതിയിലും ഹാജരായി വാദം നടത്തുന്നതിനുള്ള അവകാശമുണ്ട്. എന്നാൽ അവിടെ സോളിസിറ്റർ (Solicitor) എന്ന പേരിൽ അറിയപ്പെടുന്ന അഭിഭാഷകർക്ക് മജിസ്റ്റ്രേട്ട് കോടതികളിലും കൌണ്ടി കോടതികളിലും (County Courts) മറ്റും ഹാജരാകുന്നതിനു മാത്രമേ അവകാശമുള്ളൂ. ഇതുപോലെ മുൻപ് ഇന്ത്യൻ സംസ്ഥാനങ്ങളിലും എല്ലാ കോടതികളിലും ഹാജരായി വാദം നടത്തുന്നതിനുള്ള അധികാരം ഇല്ലാതിരുന്ന അഭിഭാഷകൻ വക്കീൽ, പ്ളീഡർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നിലവിലുള്ള നിയമം (Advocates Act No. 25 of 1961) അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തെ ബാർ കൌൺസിലിൽ അഡ്വക്കേറ്റ് ആയി എൻറോൾ (enrol) ചെയ്തിട്ടുള്ള അഭിഭാഷകന് ഇന്ത്യയിലുള്ള ഏതു കോടതിയിലും ഹാജരായി വാദം നടത്തുന്നതിനുള്ള അവകാശം സിദ്ധിച്ചിട്ടുണ്ട്.
അഡ്വക്കേറ്റ് (Advocate) എന്നുള്ള സാങ്കേതികസംജ്ഞ റോമൻ നിയമത്തിൽനിന്നും ഉദ്ഭവിച്ചിട്ടുള്ളതാണ്. ഫ്രാൻസിൽ അവൊകാ (Avocat) എന്നാണ് അഭിഭാഷകരെ വിളിക്കുന്നത്. ജർമനിയിൽ വാദം നടത്തുന്നവരേയും അഡ്വക്കേറ്റ് എന്നുതന്നെ പറയുന്നു. യു.എസിൽ അഡ്വക്കേറ്റ് എന്ന പദത്തിന് പ്രത്യേക പ്രാധാന്യം ഒന്നുമില്ല. അവിടെ അറ്റോർണി (Attorney), കോൺസൽ (Counsel), ലോയർ (Lawyer) എന്നീ പദങ്ങളോടൊപ്പം അഡ്വക്കേറ്റ് എന്ന പദവും ഉപയോഗിച്ചുവരുന്നു.
അഭിഭാഷകദിനം
[തിരുത്തുക]ഡിസംബർ 3 ഇന്ത്യയിൽ ദേശീയ അഭിഭാഷകദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും പ്രശസ്ത അഭിഭാഷകനുമായ ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനമാണ് ഈ ദിവസം. അദ്ദേഹത്തോടുള്ള ആദരസൂചന കൂടിയാണ് ഈ ആചരണം.[2]
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Indian Advocates History". Archived from the original on 2010-08-06. Retrieved 2011-01-30.
- ↑ "Advocate's Day".
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഭിഭാഷകൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |