Jump to content

ഹോർ-ആഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈജിപ്തിലെ ഒന്നാം രാജവംശത്തിലെ രണ്ടാമത്തെ ഫറവോയായി ചില ഈജിപ്തോളജിസ്റ്റുകൾ കണക്കാക്കുന്ന വ്യക്തിയാണ് ഹോർ-അഹ (അല്ലെങ്കിൽ ഹോറസ് ആഹ ). മറ്റു ചിലർ അദ്ദേഹത്തെ ആദ്യത്തെ ഫറവോയായും മെനെസ് എന്ന പേരിൽ അറിയപ്പെട്ട ഭരണാധികാരിയായും കണക്കാക്കുന്നു. നീണ്ട ഭരണം കാഴ്ച വച്ചതായി കണക്കാക്കപ്പടുന്ന അദ്ദേഹം ബി.സി.ഇ 31-ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്.

സാധാരണയായി ഉപയോഗിക്കുന്ന ഹോർ-ആഹ എന്ന പേര് ഫറവോയുടെ ഹോറസ്-നാമത്തിന്റെ വിവർത്തനമാണ്. ഈ പേര് ഹോറസ് ദേവനുമായി ബന്ധപ്പെട്ട രാജകീയ പദവിയുടെ ഒരു ഘടകമാണ്. ഹോറസ് ദി ഫൈറ്റർ എന്നർത്ഥം വരുന്ന ഹോറസ് -ആഹ എന്നാണ് കൂടുതൽ പൂർണ്ണമായ പേര്. [1]

മാനെതോയുടെ ഈജിപ്റ്റിയാക്കയിൽ (ഈജിപ്തിന്റെ ചരിത്രം) അദ്ദേഹത്തിന്റെ ഗ്രീക്ക് നാമം അതോത്തിസ് അല്ലെങ്കിൽ "അതോടിസ്" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യകാല രാജവംശത്തിന്റെ കാലഘട്ടത്തിൽ, പുരാവസ്തു രേഖകൾ ഫറവോന്മാരെ അവരുടെ ഹോറസ്-നാമങ്ങളിലാണ് സൂചിപ്പിച്ചിരുന്നത്. അതേസമയം ചരിത്രരേഖകളായ, ടൂറിൻ, അബിഡോസ് കിംഗ് ലിസ്റ്റുകളിൽ ഒരു ബദൽ രാജകീയ നാമം ഉപയോഗിക്കുന്നു. [1] [2] ഫറവോയുടെ പേരിന്റെ വ്യത്യസ്ത ശീർഷക ഘടകങ്ങൾ പലപ്പോഴും സംക്ഷിപ്‌തതയ്‌ക്കായി ഒറ്റക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽത്തന്നെയും നാമങ്ങളുടെ തിരഞ്ഞെടുക്കൽ സാഹചര്യത്തിനും കാലഘട്ടത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. [2]

മുഖ്യധാരാ ഈജിപ്തോളജിക്കൽ സമവായം ഫ്ലിൻഡേഴ്‌സ് പെട്രിയുടെ കണ്ടെത്തലുകളെ പിന്തുടർന്ന് രണ്ട് രേഖകളും സമന്വയിപ്പിക്കുകയും ഹോർ-അഹയെ (പുരാവസ്തു തെളിവു പ്രകാരം) നെബ്റ്റി -നെയിം ഐറ്റി (ചരിത്രരേഖകൾ പ്രകാരം) എന്നതുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. [1] [2] [3]

ഹോർ-ആഹയുടെ സെരെഖിനെ ഉൾക്കൊള്ളുന്ന ലിഖിതവും ഹൈറോഗ്ലിഫ് ഉപയോഗിച്ച് പ്രകടിപ്പിക്കുന്ന നെബ്റ്റി-നാമവും.

സിദ്ധാന്തങ്ങൾ

[തിരുത്തുക]

ഹോർ-ആഹയെക്കുറിച്ച് ചില വിവാദങ്ങൾ നിലനിൽക്കുന്നു. ചിലർ [4]ഹോർ-ആഹ ഇതിഹാസപുരുഷനായ മെനെസ് എന്ന അതേ വ്യക്തിയാണെന്നും ഈജിപ്ത് മുഴുവൻ ഏകീകരിച്ചത് അയാളാണെന്നും വിശ്വസിക്കുന്നു. ഈജിപ്തിനെ ഏകീകരിച്ച ഫറവോയായ നർമറിന്റെ മകനാണ് അദ്ദേഹം എന്ന് മറ്റുള്ളവർ അവകാശപ്പെടുന്നു. ഈ കാലഘട്ടത്തിൽ നിന്നുള്ള ഗണ്യമായ ചരിത്രതെളിവുകൾ ഈജിപ്തിനെ ആദ്യമായി ഏകീകരിച്ച ഫറവോയായി നാർമറും ഹോർ-ആഹ അദ്ദേഹത്തിന്റെ മകനും അവകാശിയുമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

നാർമറിന്റെ പിൻഗാമി

[തിരുത്തുക]

ഉം എൽ കഅബിലുള്ള ഡെൻ, ഖ്വാ ശവസംസ്കാരങ്ങളിൽ നിന്ന് നിന്ന് ഗുണ്ടർ ഡ്രെയർ കണ്ടെത്തിയ മുദ്രകൾ ഹോർ-ആഹയെ ഒന്നാം രാജവംശത്തിലെ രണ്ടാമത്തെ ഫറവോയായി വെളിപ്പെടുത്തുന്നു. [5] അദ്ദേഹത്തിന്റെ മുൻഗാമിയായ നാർമർ അപ്പർ ഈജിപ്തിനെയും ലോവർ ഈജിപ്തിനെയും ഏകീകൃത രാജ്യമാക്കി. ബി.സി.ഇ 31-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഹോർ-ആഹ സിംഹാസനത്തിൽ കയറിയിരിക്കാമെന്നു കരുതപ്പെടുന്നു.

ആഭ്യന്തര നയം

[തിരുത്തുക]

ഹോർ-ആഹ നിരവധി മതപരമായ പ്രവർത്തനങ്ങൾ നടത്തിയതായി കരുതപ്പെടുന്നു. നീത്ത് ദേവിയുടെ ആരാധനാലയത്തിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം നിരവധി ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [6] നൈൽ ഡെൽറ്റയുടെ വടക്ക്-പടിഞ്ഞാറ് സയസിൽ സ്ഥിതി ചെയ്യുന്ന നീത്തിന്റെ ക്ഷേത്രം അദ്ദേഹം സന്ദർശിച്ചിരുന്നു. [7] കൂടാതെ, സെക്കർ ദേവന്റെ പവിത്രമായ ഹെനു ബാർക്കിന്റെ ആദ്യത്തെ അറിയപ്പെടുന്ന ചിത്രീകരണം അദ്ദേഹത്തിന്റെ ഭരണകാലത്തുള്ള ടാബ്‌ലെറ്റിൽ കൊത്തിവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. [8]

ഹോർ-അഹ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നെയ്‌ഹോട്ടെപ്പിന്റെ മസ്തബ.

ഹോർ-ആഹയുടെയും നെയ്ത്‌ഹോട്ടെപ് രാജ്ഞിയുടെയും ശവക്കല്ലറകളിൽ നിന്നുള്ള പാത്രങ്ങളിലെ ലിഖിതങ്ങളും ലേബലുകളും സീലിംഗുകളും സൂചിപ്പിക്കുന്നത് ഈ രാജ്ഞി ആഹയുടെ ഭരണകാലത്ത് മരിച്ചുവെന്നാണ്. [9] നെയ്ത്‌ഹോട്ടെപ് രാജ്ഞി ആഹായുടെ അമ്മയാണെന്ന് കരുതപ്പെടുന്നു. [10] നഖാഡയിലെ സെമിത്തേരി നെയ്ത്‌ഹോട്ടെപ്പിന്റെ വിശ്രമ സ്ഥലമായി തിരഞ്ഞെടുത്തത് അവർ ഈ പ്രവിശ്യയിൽ നിന്നാണ് വന്നതെന്നതിന്റെ ശക്തമായൊരു സൂചനയാണ്. ഈ പ്രദേശത്തെ തിനൈറ്റ് രാജാക്കന്മാരുടെ ആധിപത്യം ശക്തിപ്പെടുത്തുന്നതിനായി നഖാഡയിലെ പുരാതന രാജവംശത്തിലെ അംഗത്തെ നാർമർ വിവാഹം കഴിച്ചുവെന്ന വീക്ഷണത്തെ ഇത് പിന്തുണയ്ക്കുന്നു. [7] എന്നാൽ 2016 ജനുവരിയിൽ കണ്ടെത്തിയ ഒരു ശിലാലിഖിതം ഹോർ- ആഹയുടെ പിൻഗാമിയായിരുന്ന ഡ്ജെറിന്റെ ഭരണകാലത്ത് നെയ്ത്ത്ഹോട്ടെപ് യഥാർത്ഥത്തിൽ റീജന്റ് രാജ്ഞി ആയിരുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. [11] അതിനാൽ, ശവക്കല്ലറയിലെ തെളിവുകൾ തെളിയിക്കുന്നത് ഹോർ-അഹയുടെ ഭരണകാലത്തും ഡ്ജെറിന്റെ ഭരണത്തിലും നെയ്ത്ത്ഹോട്ടപ്പ് ജീവിച്ചിരുന്നുവെന്നാണ്.

മെംഫിസിലെ വടക്കൻ സഖാറ നെക്രോപോളിസിലെ ഏറ്റവും പഴയ മസ്തബ അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അക്കാലത്തെ രീതിയിൽ ഹോർ-അഹയുടെ ബന്ധുവായിരിക്കാൻ സാധ്യതയുള്ള ഭരണസംവിധാനത്തിലെ ഒരു ഉന്നത അംഗത്തിന്റേതാണ് മസ്തബ. [7] ആഹായുടെ ഭരണകാലത്ത് മെംഫിസിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ ശക്തമായ സൂചനയാണിത്.

സാമ്പത്തിക പുരോഗതി

[തിരുത്തുക]

ഹോർ-ആഹയുടെ ഭരണകാലത്തെ കുറച്ചേ പുരാവസ്തുക്കൾ അവശേഷിക്കുന്നുള്ളു. എന്നിരുന്നാലും, നന്നായി നിർമ്മിച്ച ചെമ്പ് കൊണ്ടുള്ള കോടാലി തലകൾ, ഫെയൻസ് പാത്രത്തിന്റെ ശകലങ്ങൾ, [12] ആനക്കൊമ്പ് കൊണ്ടുള്ള പെട്ടി, ആലേഖനം ചെയ്ത വെള്ള മാർബിളുകൾ എന്നിവയെല്ലാം ആഹായുടെ ഭരണകാലത്തെ കരകൗശലത്തിന്റെ അഭിവൃദ്ധിയെ സാക്ഷ്യപ്പെടുത്തുന്നു. [7]

ഈജിപ്തിന് പുറത്തുള്ള പ്രവർത്തനങ്ങൾ

[തിരുത്തുക]

അബിഡോസിൽ നിന്നുള്ള ആനക്കൊമ്പിലുള്ള ഒരു ഫലകത്തിലെ ലിഖിതങ്ങൾ സൂചിപ്പിക്കുന്നത് നൂബിയൻമാർക്കെതിരായ ഒരു പര്യവേഷണത്തിന് ഹോർ-അഹ നേതൃത്വം നൽകി എന്നാണ്.[13]

ഹോർ-ആഹയുടെ ഭരണകാലത്ത്, തെക്കൻ ലെവന്റുമായുള്ള വ്യാപാരം കുറഞ്ഞതായി കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ നാർമറിൽ നിന്ന് വ്യത്യസ്തമായി നൈൽ താഴ്‌വരയ്ക്ക് പുറത്ത് ഹോർ-അഹയെ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഈജിപ്തും അതിന്റെ കിഴക്കൻ അയൽക്കാരും തമ്മിലുള്ള ദീർഘദൂര വ്യാപാരം ക്രമേണ കുറയുന്നതിന്റേയും അതിനു പകരം ഈജിപ്തുകാർ പ്രാദേശിക വിഭവങ്ങൾ കൂടുതൽ ചൂഷണം ചെയ്യുന്നതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻ ബെസോറിലെ ഒരു ഈജിപ്ഷ്യൻ ഔട്ട്‌പോസ്റ്റിൽ നിന്നുള്ള പാത്രകഷണങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത് ഹോർ-ആഹയുടെ ഭരണകാലത്ത് ആ വാസസ്ഥലം സജീവമായിരുന്നു എന്നാണ്. മറ്റ് ഈജിപ്ഷ്യൻ വാസസ്ഥലങ്ങളായ ബൈബ്ലോസും ലെബനീസ് തീരവും അക്കാലത്തും സജീവമായിരുന്നു.[14]

ഈജിപ്ഷ്യൻ പുരോഹിതൻ മാനെത്തോയുടെ അഭിപ്രായത്തിൽ (ഹോർ-ആഹയുടെ ഭരണത്തിന് 2600 വർഷത്തിലധികം ശേഷം ജീവിച്ചിരുന്നു), ആഹാ മെംഫിസിൽ ഒരു കൊട്ടാരം പണിതു. കൂടാതെ അദ്ദേഹം ശരീരഘടനയെക്കുറിച്ച് ഒന്നിലധികം പുസ്തകങ്ങൾ എഴുതിയ ഒരു വിദഗ്ദ്ധനായ വൈദ്യനായിരുന്നു. [15]

കുടുംബം

[തിരുത്തുക]

ഹോർ- ആഹയുടെ മുഖ്യഭാര്യ ബെനറിബ് ആയിരുന്നു. അവരുടെ പേര് അനേകം സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഈജിപ്തിലെ അബിഡോസിലെ ബി 14 ശവകുടീരത്തിൽ അദ്ദേഹത്തിന്റെ പേരിനൊപ്പം എഴുതിയിട്ടുണ്ട്. [16] [17] [18] ഹോർ-അഹയുടെ ശവകുടീരത്തോട് ചേർന്നാണ് ബി 14 ശവകുടീരം സ്ഥിതി ചെയ്യുന്നത്. [19] ഹോർ-അഹയ്ക്ക് മറ്റൊരു ഭാര്യയും ഉണ്ടായിരുന്നു, ഖെന്താപ്പ്. [20] കെയ്‌റോ അന്നൽസ് സ്റ്റോണിൽ അവരെ ഡ്ജറിന്റെ അമ്മയായി പരാമർശിച്ചിട്ടുണ്ട്.

ഹോർ-ആഹയുടെ അമ്മ നെയ്ത്‌ഹോട്ടെപ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. അവർ പരേതനായ നാർമറിന്റെ ഭാര്യയാണെന്നും വിശ്വസിക്കപ്പെടുന്നു. നാർമറിന്റെ മരണശേഷം ഹോർ-ആഹയുടെ മൂന്ന് മന്ത്രിമാരിലൊരാളായ രേഖിത് എന്നയാളെ പുനർവിവാഹം കഴിച്ചിരിക്കാമെന്നു കരുതപ്പെടുന്നു.

ശവകുടീരം

[തിരുത്തുക]
ഹോർ-ആഹയുടെ ശവകുടീരത്തിൽ മൂന്ന് അറകൾ B10, B15, B19 എന്നിവ ഉൾപ്പെടുന്നു. അവ ഇൻസെറ്റിൽ കാണിച്ചിരിക്കുന്നു. B14 ഹോർ-ആഹയുടെ ഭാര്യ ബെനറിബിന്റെ ശവകുടീരമാകാമെന്നു കരുതുന്നു.

ഹോർ-അഹയുടെ ശവകുടീരം അബിഡോസിൽ ഒന്നാം രാജവംശത്തിലെ രാജാക്കന്മാരുടെ നെക്രോപോളിസിലാണ് സ്ഥിതി ചെയ്യുന്നത്. നർമറിന്റെ ശവകുടീരത്തോട് നേരിട്ട് ചേർന്നുള്ള മൂന്ന് വലിയ അറകൾ ഇതിൽ ഉൾപ്പെടുന്നു. [21] അറകൾ ചതുരാകൃതിയിലാണ്. മരുഭൂമിയിലെ തറയിൽ നേരിട്ട് കുഴിച്ചു, അവയുടെ ചുവരുകൾ ചെളി ഇഷ്ടികകൾ കൊണ്ട് നിരത്തിയിരിക്കുന്നു. നാർമറിന്റെയും കായുടെയും ശവകുടീരങ്ങൾക്ക് രണ്ട് അറകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതേസമയം ഹോർ-അഹയുടെ ശവകുടീരത്തിൽ മൂന്ന് വലിയതും വേർതിരിക്കപ്പെട്ടതുമായ അറകൾ ഉൾപ്പെടുന്നു. അറകൾക്ക് മുകളിൽ വലിയ മേൽത്തട്ട് നിർമ്മിക്കുന്നത് അക്കാലത്ത് ബുദ്ധിമുട്ടായിരുന്നു, കാരണം ഈ ഘടനകൾക്കുള്ള തടി പലപ്പോഴും കാനാനിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു.

ഹോർ-ആഹയുടെ ശവകുടീരത്തിന്റെ ശ്രദ്ധേയമായ കാര്യം രാജകുടുംബത്തിലെ അംഗങ്ങളെ ഫറവോയോടൊപ്പം അടക്കം ചെയ്തു എന്നതാണ്. അനുചരന്മാരെ ബലി ചെയ്ത ഈജിപ്തിലെ ഏറ്റവുമാദ്യത്തെ ഉദാഹരണമാണിത്. ഇവർ കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. അടക്കം ചെയ്തവരിൽ വേലക്കാരും കുള്ളന്മാരും സ്ത്രീകളും നായ്ക്കളും ഉണ്ടായിരുന്നു. ഹോർ-ആഹയുടെ പ്രധാന കല്ലറകൾക്ക് വടക്ക് കിഴക്കായി മൂന്ന് സമാന്തര വരികളിലായി മൊത്തം 36 അനുബന്ധ ശ്മശാനങ്ങൾ സ്ഥാപിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Edwards 1971: 13
  2. 2.0 2.1 2.2 Lloyd 1994: 7
  3. Cervelló-Autuori 2003: 174
  4. Stephan Seidlmayer, The Rise of the State to the Second Dynasty, quoted in Egypt: The World of the Pharaohs, 2004 (translated from German, 2010), ISBN 978-3-8331-6000-4
  5. Toby A.H. Wilkinson: Early Dynastic Egypt. S. 69–70
  6. W. M. Flinders Petrie: The Royal Tombs of the Earliest Dynasties 1901, Part II, London 1901, Taf. X,2; XI,2
  7. 7.0 7.1 7.2 7.3 Toby A.H. Wilkinson: Early Dynastic Egypt. S. 291
  8. Toby A.H. Wilkinson: Early Dynastic Egypt. S. 301
  9. De Morgan Recherches sur les origines de l'Egypte II. Ethnographie préhistorique et tombeau royal de Negadah
  10. Silke Roth: Die Königsmütter des Alten Ägypten von der Frühzeit bis zum Ende der 12. Dynastie. Wiesbaden 2001, S. 31–35
  11. Owen Jarus, Live Science, Early Egyptian Queen Revealed in 5,000-Year-Old Hieroglyphs,
  12. F. Petrie Abydos, II, London: Egypt Exploration Fund. Memoir 23, A. J. Spencer Early Egypt: The rise of civilisation in the Nile Valley, London: British Museum Press 1993
  13. W. M. Flinders Petrie: The Royal Tombs of the Earliest Dynasties 1901, Part II, London 1901, Taf. XI,1
  14. Toby A.H. Wilkinson: Early Dynastic Egypt. S. 71
  15. Baker, Darrell D. (2008). Encyclopedia of the Pharaohs Volume 1: Predynastic to the Twentieth Dynasty 3300-1069 BC. Egypt: The American University in Cairo Press. p. 8. ISBN 978-977-416-221-3.
  16. Aidan Dodson & Dyan Hilton, The Complete Royal Families of Ancient Egypt, Thames & Hudson (2004), p.46
  17. Walter Bryan Emery: Ägypten – Geschichte und Kultur der Frühzeit. S. 47f.
  18. Toby A.H. Wilkinson: Early Dynastic Egypt. S. 70
  19. Dodson & Hilton, p.46
  20. "Queens of Egypt, informations based on the book The Complete Royal Families of Ancient Egypt". Archived from the original on 2014-07-23. Retrieved 2022-11-29.
  21. W. M. Flinders Petrie: The Royal Tombs of the Earliest Dynasties 1901, Part II, London 1901, S. 7–8, Taf. LIX; and more recently: Werner Kaiser: Einige Bemerkungen zur ägyptischen Frühzeit, In: Zeitschrift für Ägyptische Sprache und Altertumskunde 91 (1964), 86–124, and 96–102

ഗ്രന്ഥസൂചി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹോർ-ആഹ&oldid=4022110" എന്ന താളിൽനിന്ന് ശേഖരിച്ചത്