Jump to content

ഹോബ്സെൻ-ജോബ്സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർതർ ബർണലുമായി സഹകരിച്ച് ഹോബ്സെൻ-ജോബ്സെൻ നിഘണ്ടു രചിച്ച ഹെൻറി യൂൾ

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതീയഭാഷകളിൽ നിന്നോ ആ ഭാഷകൾ വഴിയോ ഇംഗ്ലീഷിലെത്തിയ വാക്കുകളുടെയും പ്രയോഗങ്ങളുടേയും ചരിത്രവും, നിരുക്തിയും, പ്രദേശബന്ധങ്ങളും, ബഹുവിധവിവരങ്ങളും അന്വേഷിക്കുന്ന ഒരു നിഘണ്ടുവിന്റെ പ്രസിദ്ധമായ ചുരുക്കപ്പേരാണ് ഹോബ്സെൻ-ജോബ്സെൻ (Hobson-Jobson). വിഷയത്തെ, കിറുക്കൻ നിയമരാഹിത്യത്തോടെ 'തന്നിഷ്ടശൈലി'-യിൽ സമീപിക്കുന്ന ഈ കൃതി, കൊളോണിയൻ ഇന്ത്യയുടെ ഊഷ്മളമായ സ്മരണിക, എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] ബ്രിട്ടീഷ് ഇന്ത്യയിലെ കൊളോണിയൽ ഉദ്യോഗസ്ഥന്മാരായിരുന്ന ഹെൻറി യൂൾ, ആർതർ കോക്ക് ബർണൽ എന്നിവർ ചേർന്നു രചിച്ച ഈ ശേഖരം വെളിച്ചം കണ്ടത് 1886-ൽ ആണ്.

സാഹിത്യസ്രോതസ്സുകളിൽ നിന്നുള്ള ഉദ്ധരണികളുടെ പിൻബലത്തോടെ രണ്ടായിരത്തിലധികം വാക്കുകളും പ്രയോഗങ്ങളും ഇതിൽ വിശകലനം ചെയ്യപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡവുമായുള്ള യൂറോപ്യൻ ബന്ധത്തിന്റെ തുടക്കത്തോളം പഴക്കമുള്ളതാണ് ഇവയിൽ പലതും. മിക്കവയിലും നിരുക്തിസംബന്ധമായ കുറിപ്പുകളും ചേർത്തിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ദക്ഷിണേന്ത്യൻ ഭാഷകളിൽ പണ്ഡിതനായിരുന്ന ആർതർ ബർണൽ തഞ്ചാവൂരിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും ജുഡീഷ്യൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹവും യൂളും തമ്മിലുള്ള കത്തിടപാടുകളിലാണ് ഈ രചനയുടെ ആശയം വികസിച്ചു വളർന്നത്. നിഘണ്ടു പൂർത്തിയാകുന്നതിനു മുൻപ് 1882-ൽ ബർണ്ണൽ മരിച്ചതിനാൽ[2] ഇതിന്റെ അധികഭാഗം യൂളിന്റെ സൃഷ്ടിയാണ്. ബംഗാളിൽ എഞ്ചിനീയറായിരുന്നു വിരമിച്ച ശേഷം റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ അദ്ധ്യക്ഷപദവിയിലെത്തിയ യൂൾ 14 വർഷത്തെ പ്രയത്നത്തിനൊടുവിൽ നിഘണ്ടു പ്രസിദ്ധീകരിച്ചപ്പോൾ[൧][1] അതിന്റെ നിർമ്മിതിയിൽ ബർണനിന്റെ പങ്കിനെ യൂൾ പ്രത്യേകം എടുത്തു പറഞ്ഞു.[3]കൂടുതൽ ഉദ്ധരണികളും സൂചികയും ചേർത്ത ഒരു പുതിയ പതിപ്പ് 1903-ൽ വില്യം ക്രൂക്ക് പ്രസിദ്ധീകരിച്ചു. [4] പ്രസിദ്ധീകരണത്തെ തുടർന്ന് ഇന്നോളം അച്ചടിയിൽ തുടർന്ന "ഹോബ്സെൺ-ജോബ്സെൻ'-ന്റെ, ഒന്നും രണ്ടും പതിപ്പുകൾ അമൂല്യഗ്രന്ഥങ്ങൾ ശേഖരിക്കുന്നവരുടെ വിലമതിക്കുന്ന ഇനങ്ങളായിരിക്കുന്നു. എങ്കിലും രണ്ടാം പതിപ്പ് പല ഫാക്സിമിലി പകർപ്പുകളിൽ ലഭ്യമാണ്.

പേര്[തിരുത്തുക]

ആംഗ്ലോ-ഇന്ത്യൻ ഇംഗ്ലീഷിൽ ഹോബ്സെൻ-ജോബ്സെൻ എന്ന പ്രയോഗം, വിശേഷദിനങ്ങളേയും ആഘോഷങ്ങളേയും പൊതുവിലും, പ്രത്യേകമായി മുഹറവുമായി ബന്ധപ്പെട്ട ദുഃഖാചരണച്ചടങ്ങുകളേയും സൂചിപ്പിക്കുന്നു. മുഹറം വിലാപയാത്രയിൽ പങ്കെടുത്തിരുന്ന ഷിയാ മുസ്ലിങ്ങളുടെ യാ ഹസ്സൻ, യാ ഹുസൈൻ എന്ന അലമുറ ഇന്ത്യയിലെ ബ്രിട്ടീഷ് സൈനികർ അവർക്കു മനസ്സിലായ വിധത്തിൽ ആവർത്തിച്ചപ്പോഴാണ് "ഹോബ്സെൻ-ജോബ്സെൻ" എന്ന പ്രയോഗം ഉണ്ടായതെന്നു പറയപ്പെടുന്നു. അവരുടെ ആവർത്തനത്തിൽ അത് "ഹോസ്സീൻ-ഗോസ്സീൻ", "ഹോസ്സി-ഗോസ്സി", "ഹോസ്സീൻ-ജോസ്സെൻ" എന്നീ രൂപങ്ങളിലൂടെ കടന്ന് ഒടുവിൽ " "ഹോബ്സെൻ-ജോബ്സെൻ" ആയത്രെ.[5][6] തങ്ങളുടേ കൃതിക്ക് ആകർഷകമായ ഒരു പേരന്വേഷിച്ചു നടന്ന യൂളും ബർണ്ണലും, അതിന്റെ ഉള്ളടക്കത്തിന്റെ രസകരമായ ഒരു മാതൃക എന്ന നിലയിൽ ഹോബ്സെൻ-ജോബ്സെൻ എന്ന പേര് ഒടുവിൽ ഉറപ്പിക്കുകയാണു ചെയ്തത്. രണ്ടു ഭാഗങ്ങൾ ചേർന്ന ഈ പേരിനെ, കൃതിയുടെ ഉഭയകർതൃത്വത്തിന്റെ മറഞ്ഞ സൂചനയായും ഗ്രന്ഥകർത്താക്കൾ കരുതിയെന്നു പറയപ്പെടുന്നു.[7]

"ഹോബ്സെൻ-ജോബ്സെൻ" എന്ന പേരിന്റെ കൗതുകകരമായ ഒരു വിശകലനം, ത്രേസി നാഗിളിന്റെ "ദേർ ഈസ് മച്ച്, വെരി മച്ച്, ഇൻ ദ നെയിം ഓഫ് എ ബുക്ക്" എന്ന പ്രബന്ധത്തിൽ കാണാം.[8] താളബദ്ധമായ ആവർത്തനങ്ങൾ നിറഞ്ഞ ഇമ്മാതിരി പ്രയോഗങ്ങൾ ഇംഗ്ലീഷിൽ 'ഹംടി-ഡംടി', 'ഹോക്കി-പോക്കി' തുടങ്ങിയവയെപ്പോലെ 'കുട്ടിമൊഴി'-യിലോ, 'നാമ്പി-പാമ്പി', 'മുംബോ-ജംബോ' എന്ന വിധത്തിലുള്ള ആക്ഷേപങ്ങളിലോ ആണു പതിവെന്ന് പ്രബന്ധകാരി ചൂണ്ടിക്കാണിക്കുന്നു. മൂഢന്മാരുടേയോ ശുദ്ധഗതിക്കാരുടെയോ ഒരു ജോഡിയെ സൂചിപ്പിക്കാൻ വിക്ടോറിയൻ യുഗത്തിൽ പതിവായി ഉപയോഗിച്ചിരുന്ന നാമദ്വയം ആയിരുന്നു ഹോബ്സെനും ജോബ്സെനും എന്നും അവർ പറയുന്നു.[9] അതിനാൽ, ഗ്രന്ഥകർത്താക്കൾ തങ്ങളെത്തന്നെ ഒരു വിഡ്ഢി-ജോഡിയായി കണ്ടുവെന്നാകാം ഗ്രന്ഥനാമത്തിലെ ഗൂഢസൂചന എന്ന് പ്രബന്ധം ഊഹിക്കുന്നു. കൃതിയെ പൊതുവേ പുകഴ്ത്തിയ നിരുപണങ്ങൾ അതിന്റെ പേരിൽ അനൗചിത്യം കണ്ടെത്തിയതും ഈ നിഗമനത്തെ പിന്തുണയ്ക്കുന്നതായി പ്രബന്ധകാരി ചൂണ്ടിക്കാട്ടുന്നു. ഈ പ്രതികരണം നേരത്തേ കണ്ട യൂളും ബർണ്ണലും പ്രസിദ്ധീകരണത്തിനു തൊട്ടുമുൻപു വരെ, പ്രസാധകന്മാരിൽ നിന്നു പോലും പേരിനെ മറച്ചുവച്ചിരുന്നത്രെ.[10]

ഉള്ളടക്കം[തിരുത്തുക]

കറി, ടോഡി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ, പലാൻക്വിൻ തുടങ്ങിയ സാധാരണവാക്കുകൾ ഉൾപ്പെടെ പോർത്തുഗീസ് ഡച്ച്, ഇംഗ്ലീഷ് കൊളോണിയൽ പശ്ചാത്തലത്തലമുള്ള ഒട്ടേറെ വാക്കുകൾ നിരത്തുന്ന ഈ നിഘണ്ടു, അനുയോജ്യമായ രചനകളിൽ നിന്നുള്ള ഉദ്ധരണികളുടെ സഹായത്തോടെ വാക്കുകളെ അവയുടെ ഉത്ഭവവികാസങ്ങളുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കാട്ടുന്നു. കടമെടുത്ത വാക്കുകൾക്കു കാലക്രമത്തിൽ പുതിയ ഭാഷയിൽ സംഭവിക്കുന്ന അർത്ഥ, രൂപ വ്യതിയാനങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങൾ അതിൽ കാണാം. ഉദാഹരണമായി ആംഗ്ലോ ഇന്ത്യൻ ഭാഷയിൽ 'അറബി' എന്ന വാക്കിന് 'അറബിക്കുതിര' എന്നർത്ഥമായത് ഇതിനുദാഹരണമാണ്. ബോംബേ, മദ്രാസ്, കൊയ്ലോൺ, ജപ്പാൻ മുതലായ ഭൂമിശാസ്ത്രനാമങ്ങളുടെ ചരിത്രം നിഘണ്ടു വിശദമായി പരിശോധിക്കുന്നു. ഭക്ഷ്യവിഭവങ്ങളും സസ്യങ്ങളുമായി ബന്ധപ്പെട്ട പദങ്ങളും ഹോബ്സെൻ-ജോൺസെനിൽ ഏറെ സ്ഥലം കണ്ടെത്തുന്നു. 'കറി' എന്ന വാക്കിനു മാത്രമായി രണ്ടു പുറം നീക്കിവച്ചിരിക്കുന്നു. സിംഹളഭാഷയിലെ ശ്രീലങ്കൻ ചരിത്രരചനയായ മഹാവംശത്തിലാണ് ഈ വാക്കിന്റെ ആദ്യത്തെ പരാമർശം എന്ന വെളിപ്പെടുത്തലും അതിനിടെ കാണാം.[2]

വാക്കുകളുടെ സാംസ്കാരിക-ഭൂമിശാസ്ത്രപശ്ചാത്തലങ്ങൾ പലപ്പോഴും വിശദമായും സൂക്ഷ്മമായും ഇതിൽ കാണാം. മലയാളം എന്ന വാക്കിന്റെ വിശകലനം തമിഴുമായി ഏറ്റവുമടുത്ത ബന്ധമുള്ള സംസ്കൃതമായ(cultivated) ഒരു ദ്രാവിഡഭാഷ എന്നു പറഞ്ഞാണു തുടങ്ങുന്നത്. തുടർന്ന്, പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള മലബാർ തീരത്ത്, മംഗലാപുരത്തിനടുത്തു ചന്ദ്രഗിരിപ്പുഴ മുതൽ തിരുവനന്തപുരം വരെ സംസാരഭാഷയാണതെന്നും ചന്ദ്രഗിരിപ്പുഴക്കു വടക്ക് തുളു, കന്നട ഭാഷകളും തിരുവനന്തപുരത്തിനു തെക്ക് തമിഴും സംസാരിക്കുന്നുവെന്നും മറ്റും വ്യക്തമാക്കുന്നുണ്ട്.[11]

ബെറ്റൽ (Betel - വെറ്റില) എന്ന വാക്കിനെ, ഇന്ത്യയിലേയും ഇന്തോ-ചീന രാജ്യങ്ങളിലേയും ജനങ്ങൾ ഉണങ്ങിയ അടയ്ക്ക, ചുണ്ണാമ്പ് എന്നിവയ്ക്കൊപ്പം ചവയ്ക്കുന്ന "പൈപ്പർ ബെറ്റൽ" എന്ന സസ്യത്തിന്റെ ഇല എന്നു നിർവചിക്കുന്നു. മലയാളത്തിലെ വെറ്റില എന്ന മൂലപദത്തിന് "വെറും ഇല" (mere leaf) എന്ന അർത്ഥമാണുള്ളതെന്നും അതു പോർച്ചുഗീസ് ഭാഷയിലൂടെയാണ് ഇംഗ്ലീഷിൽ എത്തിയതെന്നുമുള്ള വിശദീകരണവും നൽകുന്നുണ്ട്. 'ആധുനിക' ആംഗ്ലോ-ഇന്ത്യന്മാർ കൂടുതൽ ഉപയോഗിക്കുന്നത് 'പാൻ' എന്ന വാക്കാണെന്നും തുടർന്ന് വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ തെക്കേ ഇന്ത്യയിലെ വെറ്റില വ്യാപാരത്തിന്റെ കുത്തക ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായിരുന്നെന്നാണ് ഒടുവിൽ. തുടർന്ന് പതിമൂന്നാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിലെ കായൽപട്ടണത്തിലെത്തിയ (Cael) വെനീഷ്യൻ സഞ്ചാരി മാർക്കോ പോളോയുടെ സഞ്ചാരകഥയിൽ നിന്നുള്ള ഈ ഉദ്ധരണിയാണ്: "താംബൂലം എന്നു പേരുള്ള ഒരിനം ഇല എപ്പോഴും വായിലിട്ടു ചവയ്ക്കുന്നത്, ഈ നഗരത്തിലേയും ഇന്ത്യയിൽ മറ്റെല്ലായിടങ്ങളിലേയും ജനങ്ങളുടെ ശീലമാണ്. പ്രഭുക്കന്മാരും മാന്യന്മാരും രാജാക്കന്മാരും മറ്റും അതിനെ കർപ്പൂരവും, മറ്റു സുഗന്ധദ്രവ്യങ്ങളും ചുണ്ണാമ്പും ചേർത്തു തയ്യാറാക്കി ചവയ്ക്കുന്നു."[12]

വിമർശനം[തിരുത്തുക]

ആസ്വാദ്യമായ ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്നതെങ്കിലും ഈ കൃതി അതെഴുതിയകാലത്തെ മുൻവിധികളേയും മനോഭാവങ്ങളേയും പ്രതിഫലിപ്പിക്കുന്നു. ബ്രിട്ടീഷുകാരന്റെ സാംസ്കാരികമായ 'മേന്മ'-യെക്കുറിച്ചുള്ള ബോധം ഇതിൽ ഉടനീളമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിഘണ്ടു താൻ ആസ്വദിക്കുന്നു എന്ന് ഏറ്റുപറയുന്ന നോവലൈസ്റ്റ് അമിതാവ് ഘോഷ്, അതിൽ നിറയെ വർഗ്ഗവിഭജനത്തെ സംബന്ധിച്ച ആശയങ്ങൾ കാണുന്നു. അതിനാൽ ഗ്രന്ഥകാരന്മാരായ യൂളിനേയും ബർണ്ണലിനേയും കണ്ടുമുട്ടാൻ തനിക്ക് തീരെ ആഗ്രഹമില്ലെന്നും "അവരുടെ അത്താഴവിരുന്നിൽ താൻ ഒരിക്കലും അതിഥി ആവില്ലെന്നും" അദ്ദേഹം പറയുന്നു.[1]

ഹോബ്സെൻ-ജോബ്സെൻ നിയമം[തിരുത്തുക]

ഹോബ്സെൻ-ജോബ്സെൻ എന്ന പ്രയോഗത്തിന്റെ രൂപപ്പെടലിൽ സംഭവിച്ചതു പോലെ, ഒരു ഭാഷയിൽ നിന്നു മറ്റൊന്നിലേക്കു കുടിയേറുന്ന പദങ്ങൾക്ക് പുതിയ ഭാഷയിൽ ആ ഭാഷയുടെ സ്വരപദ്ധതിക്കു ചേരും വിധം രുപഭേദം സംഭവിക്കുന്നു എന്ന സാമാന്യതത്ത്വത്തെ ഭാഷാശാസ്ത്രത്തിൽ ചിലപ്പോൾ "ഹോബ്സെൻ-ജോബ്സെൻ നിയമം" എന്നു വിളിക്കാറുണ്ട്. [13]

കുറിപ്പുകൾ[തിരുത്തുക]

^ നിഘണ്ടു പൂർത്തിയായിരുന്നില്ലെങ്കിലും "കല ദീർഘവും ജീവിതം ഹ്രസ്വവുമാണ്" (Art is long, life is short) എന്ന ന്യായത്തിൽ യൂൾ തന്റെ സംരംഭം അവസാനിപ്പിക്കുകയായിരുന്നത്രെ.[1]

പുറം കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
Hobson-Jobson എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 ബി.ബി.സി. വാർത്താമാസികയിൽ മുക്തി ജെയിൻ ചാമ്പ്യന്റെ ലേഖനം ഹോബ്സെൻ-ജോബ്സെൻ: ഇംഗ്ലീഷ് ഇന്ത്യയോടു കടപ്പെട്ടിരിക്കുന്ന വാക്കുകൾ
 2. 2.0 2.1 2003 ജൂൺ 23-ലെ ദ ഹിന്ദു ദിനപത്രത്തിൽ പ്രതിമാ ആഷർ എഴുതിയ ലേഖനം Hobson-Jobson's choice Archived 2010-11-29 at the Wayback Machine.
 3. Yule & Burnell, vii
 4. Yule & Burnell, xi
 5. Yule & Burnell, 419
 6. ബംഗ്ലാദേശിലെ ഡെയ്ലി സ്റ്റാർ ദിനപത്രത്തിൽ 2004 ജൂൺ 12-ന് ഖദേമുൾ ഇസ്ലാം എഴുതിയ ലേഖനം Stray Thoughts on the Hobson-Jobson
 7. Yule & Burnell, ix
 8. ത്രേസി നേഗിൽ (2010). 'ദേർ ഈസ് മച്ച്, വെരി മച്ച് ഇൻ ദ നെയിം ഓഫ് എ ബുക്ക്' അല്ലെങ്കിൽ, 'ഹോബ്സെൻ-ജോബ്സെന്റെ പ്രസിദ്ധമായ പേരും അതിന്റെ ഉത്ഭവവും', in മൈക്കിൽ ആഡംസ്, സംശോധന ചെയ്ത, ′കണ്ണിങ്ങ് പാസേജസ്, കൻട്രൈവ്ഡ് കോറിഡോർസ്′: നിഘണ്ടു-നിർമ്മാണത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അപ്രതീക്ഷിതപ്രബന്ധങ്ങൾ എന്ന പുസ്തകം (പുറങ്ങൾ 111-127)
 9. See also The Story Behind "Hobson-Jobson", in Word Routes: Exploring the Pathways of our Lexicon, by Ben Zimmer, June 4, 2009
 10. Nagle 2010, 114
 11. മലയാളം, ഹോബ്സെൻ-ജോബ്സെൻ പുറം 546
 12. ബെറ്റൽ, ഹോബ്സെൻ-ജോബ്സെൻ പുറം 88
 13. ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഹോബ്സെൻ-ജോബ്സെൻ എന്ന 'എൻട്രി'"
"https://ml.wikipedia.org/w/index.php?title=ഹോബ്സെൻ-ജോബ്സെൻ&oldid=3793466" എന്ന താളിൽനിന്ന് ശേഖരിച്ചത്