ഹൃദയകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബി. ഹൃദയകുമാരി
Hridayakumar.jpg
ജനനം(1930-09-01)സെപ്റ്റംബർ 1, 1930
മരണംനവംബർ 8, 2014(2014-11-08) (പ്രായം 84)[2]
ദേശീയത ഇന്ത്യ
തൊഴിൽഎഴുത്തുകാരി
പ്രധാന കൃതികൾകാൽപനികത
മാതാപിതാക്കൾബോധേശ്വരൻ, വി.കെ കാർത്ത്യാനിയമ്മ

മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമാണ് ബി. ഹൃദയകുമാരി(1 സെപ്റ്റംബർ 1930 - 8 ഒക്ടോബർ 2014) ആറന്മുളയിൽ വാഴപ്പള്ളിൽ തറവാട്ടിലായിരുന്നു ജനനം. കാല്പനികത എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി[3][4].

ജീവിതരേഖ[തിരുത്തുക]

സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരന്റെയും ഗവ. വിമൻസ് കോളജിലെ സംസ്കൃതം പ്രഫസർ, വി.കെ കാർത്ത്യാനിയമ്മയുടെയും മകളാണ്. സാമൂഹിക പരിഷ്കർത്താവായ പിതാവ് ഹൃദയകുമാരിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ ചിന്തകളെ ഏറെ ആരാധിച്ചിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി രണ്ടുവർഷക്കാലത്തോളം കഴിഞ്ഞു. കവയിത്രി സുഗതകുമാരി സഹോദരിയാണ്. തിരുവനന്തപുരം വിമൻസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. എറണാകുളം മഹാരാജാസ്, പാലക്കാട് വിക്‌ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, യൂണിവേഴ്‌സിറ്റി കോളജ്, വിമൻസ് കോളജ് തുടങ്ങി സംസ്ഥാനത്തെ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപികയായിരുന്നു. വിമൻസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

തിരുവനന്തപുരം കോട്ടൻ ഹില്സ് സ്കൂളിലെയും വിമന്സ് കോളേജിലെയും പഠനത്തിനുശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അവർ അദ്ധ്യാപന രംഗത്തേക്ക്‌ വന്നു.തിരുവനന്തപുരം യൂണിവേഴ്സിററി വിമന്സ് കോളേജ് , എറണാകുളം മഹാരാജാസ്‌ കോളേജ് , പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായും തിരുവനന്തപുരം വിമന്സ് കോളേജ് പ്രിൻസിപലായും സേവനം അനുഷ്ഠിച്ചു . ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി അദ്ധ്യക്ഷയും സ്കൂൾ പാഠ്യപദ്ധതിപരിഷ്കരണത്തിനുള്ള കരിക്കുലംകമ്മിറ്റിഅംഗവുമായിരുന്നു.കേരളത്തിലെ സർവകലാശാലകളിലും കോളജുകളിലും ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ രീതി നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു.

കലാസാഹിത്യരംഗം[തിരുത്തുക]

അറിവിന്റെയും അധ്യാപനത്തിന്റെയും അഴകായിരുന്നു ഹൃദയകുമാരി എന്നാണ്‌ ശിഷ്യരുടെ അഭിപ്രായം. പിൽക്കാലത്ത് വിദ്യാഭ്യാസ ചിന്തകയായി കേരളത്തിന്റെ പഠനനിലപാടുകളെ മാറ്റിമാറികും മുൻപ്‌ അവർ ക്ലാസ് മുറികളെ അറിവിന്റെ ഭാവപ്രബന്തമാക്കിമാറ്റി. സുഗതകുമാരിയും സുജാതാകുമാരിയും കവിതയുടെ കല്പനാ ലോകത്തേക്ക്‌ നടന്നു നീങ്ങിയപ്പോൾ ഹൃദയകുമാരി കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു. കാൽപനികത എന്ന കലാരഹസ്യം നിരന്തരം അന്വേഷിച്ചു നടന്ന നിരൂപക മലയാളത്തിന്റെയും ആംഗലേയത്തിന്റെയും ക്ലാസ്സിക് കവികളുടെ ഭാവ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ച്‌ കാൽപനികത എന്ന എക്കാലത്തെയും മികച്ച കലാഗ്രന്ഥം രൂപപെടുത്തി.വള്ളത്തോൾ കൃതികൾ ഇംഗ്ലീഷിലേക്കും ടാഗോർ കൃതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, റോമൻ കവിതകളിലെ കാൽപനികതയെക്കുറിച്ചെഴുതിയ 'കാല്പനികത' എന്ന പഠനം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.

കർമപഥം[തിരുത്തുക]

36 വർഷത്തെ അദ്ധ്യാപന കാലത്ത്‌ അന്ന് ചിട്ടവട്ടങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസ സമ്പ്രദായങ്ങൾക് സ്വന്തം പരീക്ഷണങ്ങളിലൂടെ പുതുമുഖം നൽകിയ ടീച്ചർ പിൽകാലം കേരളത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക് പുതുവഴികൾ നിർദ്ദേശിച്ചു. നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ താളപിഴകളെ നിരന്തരം തിരുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അച്ഛൻ ബോധേശ്വരന്റെ വഴിയിൽ ഉറച്ചു നിന്ന് ഗാന്ധിയൻ സോഷ്യലിസ്സ്റ്റ് കാഴ്ച്ചപാടുകളായിരുന്നു ടീച്ചറുടെ ചിന്തകളുടെ വെളിച്ചം. ഹൃദയകുമാരിയുടെ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉദ്യോഗസ്ഥഭരണതലത്തിലും സാഹിത്യത്തിലും പ്രമുഖരായ വ്യക്തികളാണ്. തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിച്ചശേഷമാണ് ഹൃദയകുമാരി തന്റെ ഉദ്യോഗത്തിൽ നിന്ന് 1986 ൽ വിരമിച്ചത്.

മനോരമ ന്യൂസിൽ പത്രപ്രവർത്തക ആയിരുന്ന മകൾ ശ്രീദേവിപിള്ളയോടൊപ്പം ആയിരുന്നു ഹൃദയകുമാരി താമസിച്ചിരുന്നത്. വാർധക്യസഹജമായ അസുഖങ്ങൾ മൂലം രണ്ട് മാസം കിടപ്പിലായിരുന്നു ഹൃദയകുമാരി 84 ആം വയസ്സിൽ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് 2014, നവംബർ 8 ആം തീയതി അന്തരിച്ചു.

കൃതികൾ[തിരുത്തുക]

 • ഓർമ്മകളിലെ വസന്തകാലം[5]
 • വള്ളത്തോൾ
 • കാല്പനികത
 • 'നവോത്ഥാനം ആംഗലസമൂഹത്തിന്'
 • 'നന്ദിപൂർവം' (ആത്മകഥ)
 • ചിന്തയുടെ ചില്ലുകൾ
 • ഹൃദയപൂർവം
 • വള്ളത്തോൾ
 • രവീന്ദ്രനാഥ ടാഗോർ കൃതികൾ ( വിവർത്തനം)
 • വള്ളത്തോൾ കൃതികൾ ( വിവർത്തനം)

പുരസ്കാരങ്ങൾ[തിരുത്തുക]

 • 'വനിതാരത്‌നം' (2014)
 • കേരള സാഹിത്യ അക്കാദമി അവാർഡ്
 • ക്യാപറ്റൻ ലക്ഷ്മി പുരസ്‌കാരം
 • സോവിയറ്റ് കൾച്ചറൽ സൊസൈറ്റി പുരസ്‌കാരം
 • ഗുപ്തൻ നായർ പുരസ്കാരം[6] എന്നിവയും ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹൃദയകുമാരി&oldid=2882715" എന്ന താളിൽനിന്ന് ശേഖരിച്ചത്