ഹിന്ദു വിവാഹ നിയമം
ഹിന്ദു വിവാഹങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമമാണ് ഹിന്ദു വിവാഹ നിയമം,1955 (Hindu Marriage Act,1955).ഈ നിയമം ജമ്മു - കാശ്മീർ ഒഴികെയുള്ള ഇൻഡ്യ മുഴുവൻ വ്യാപിക്കുന്നതും, കൂടാതെ ഈ ആക്ടിന്റെ പരിധിക്ക് വെളിയിൽ താമസിക്കുന്ന എല്ലാ ഹിന്ദുക്കൾക്കും ബാധകമാണ്. വീരശൈവ, ലിംഗായത്ത് അല്ലെങ്കിൽ ബ്രഹ്മ, പ്രാർത്ഥന, ആര്യസമാജം എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടെ ഹിന്ദുമതത്തിന്റെ വികാസ രൂപത്തിൽ പെട്ട് മതം കൊണ്ട് ഹിന്ദുവായവർക്കും, ബുദ്ധ, ജൈന, സിഖു മതക്കാർക്കും ഈ നിയമം ബാധകമാണ്. എന്നാൽ മുസ്ലിം, ക്രിസ്റ്റ്യൻ, പാർസി, യഹൂദ മതക്കാർക്ക് ഈ നിയമം ബാധകമല്ല.[1] [2]
ഹിന്ദു വിവാഹ വ്യവസ്ഥകൾ
[തിരുത്തുക]ഒരു ഹിന്ദു വിവാഹത്തിനു നിയമ സാധുത്വം കിട്ടുവാൻ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.[3]
- നേരത്തെ ഒരു വിവാഹം കഴിച്ച കക്ഷിയാണെങ്കിൽ അയാളുടെ/ അവളുടെ പങ്കാളി ജീവിച്ചിരിപ്പുണ്ടാവരുത്.
- വിവാഹ സമയത്ത് കക്ഷികളിൽ ആർക്കെങ്കിലും ചിത്തഭ്രമത്തിന്റെ ഫലമായി വിവാഹത്തിനു സാധുവായ സമ്മതം കൊടുക്കുവാൻ കഴിവില്ലാത്ത ആളാവരുത്.
- വിവാഹത്തിനു സമ്മതം കൊടുക്കുവാൻ കഴിവുണ്ടെങ്കിലും മാനസിക രോഗം കാരണം വിവാഹം കഴിക്കുന്നതിനും സന്താനോല്പാദനത്തിനും വേണ്ട മാനസികമായ പ്രാപ്തി ഇല്ലാതിരിക്കരുത്
- ഭ്രാന്തിന്റെ ആവർത്തിച്ചിട്ടുള്ള ആക്രമണത്തിന് വിധേയനായിരിക്കരുത്
- വിവാഹ സമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂർത്തിയായിരിക്കണം
- കക്ഷികൾ നിരോധിത ബന്ധത്തിന്റെ ഡിഗ്രിയിൽ പെട്ടവരായിരിക്കരുത്. എന്നാൽ ഏതെങ്കിലും സമുദായത്തിൽ അപ്രകാരമുള്ള ആചാരമോ പതിവോ ഉണ്ടെങ്കിൽ അത്തരം വിവാഹങ്ങൾ നിയമവിരുദ്ധമല്ല.
- കക്ഷികൾ, അവരിൽ ഓരോരുത്തരെയും നിയന്ത്രിക്കുന്ന ആചാരമോ കീഴ് വഴക്കമോ അവർ തമ്മിൽ വിവാഹം അനുവദിക്കാത്തപക്ഷം അന്യോന്യം സപിണ്ഡർ (പിന്നൊട്ട് 3 തലമുറ വരെ അമ്മവഴിക്കും 5 തലമുറ വരെ അഛ്ചൻ വഴിക്കും ഉള്ള കുടുംബാംഗങ്ങൾ) ആയിരിക്കരുത്.
നിയമ പ്രാബല്യമില്ലാത്ത വിവാഹവും, അസാധുവായി പ്രഖ്യാപിക്കലും
[തിരുത്തുക]ചില വിവാഹങ്ങൾ തുടക്കം മുതലെ യാതൊരു നിയമ പ്രാബല്യമില്ലാത്തതായിരിക്കും. അത്തരം വിവാഹങ്ങളാണ് ശൂന്യ വിവാഹങ്ങൾ ( Void Marriage). അതായത്, കക്ഷികളിൽ ഒരാൾ നേരത്തെ വിവാഹിതരായിട്ടുള്ളതും പങ്കാളി ജീവിച്ചിരിക്കുകയും ചെയ്താൽ രണ്ടാം വിവാഹത്തിനു നിയമ പ്രാബല്യമുണ്ടാവുകയില്ല. കൂടാതെ മേല്പറഞ്ഞ നിരോധിത ബന്ധത്തില്പെട്ടവരുമായുള്ള വിവാഹവും തുടക്കം മുതലെ അസാധുവാണ്.[4]
ഇനി ചില സന്ദർഭങ്ങളിൽ വിവാഹം അസാധുവാക്കിക്കിട്ടുവാനായി, വിവാഹത്തിലെ ഒരു കക്ഷി മറ്റേ കക്ഷിക്കെതിരെ കോടതിയിൽ വിവാഹം അസാധുവാക്കിക്കിട്ടുവാൻ വേണ്ടി ഹരജി ബോധിപ്പിക്കാവുന്നതാണ്. അത്തരം വിവാഹങ്ങളാണ് ശൂന്യമാക്കാവുന്ന വിവാഹങ്ങൾ (Voidable Marriage). അത്തരം സന്ദർഭങ്ങൾ താഴെ പറയുന്നവയാണ് [5]
- എതിർകക്ഷിയുടെ വന്ധ്യത്വം (Impotent) മൂലം വിവാഹ ബന്ധം പൂർത്തീകരിക്കപ്പെട്ടില്ലെങ്കിൽ
- അഞ്ചാം വകുപ്പിലെ ചില ഉപാധികൾ ലംഘിച്ചുള്ള വിവാഹങ്ങൾ (വിവാഹ സമയത്ത് കക്ഷികളിൽ ആർക്കെങ്കിലും ചിത്തഭ്രമത്തിന്റെ ഫലമായി വിവാഹത്തിനു സാധുവായ സമ്മതം കൊടുക്കുവാൻ കഴിവില്ലാത്ത ആളാവരുത്, വിവാഹത്തിനു സമ്മതം കൊടുക്കുവാൻ കഴിവുണ്ടെങ്കിലും മാനസിക രോഗം കാരണം വിവാഹം കഴിക്കുന്നതിനും സന്താനോല്പാദനത്തിനും വേണ്ട മാനസികമായ പ്രാപ്തി ഇല്ലാതിരിക്കരുത്, ഭ്രാന്തിന്റെ ആവർത്തിച്ചിട്ടുള്ള ആക്രമണത്തിന് വിധേയനായിരിക്കരുത് തുടങ്ങിയവ ലംഘിക്കപ്പെട്ടാൽ)
- വിവാഹത്തിനു വേണ്ട സമ്മതം ബലപ്രയോഗത്താലോ വഞ്ചനയാലോ നേടിയിട്ടുള്ളതാണെങ്കിൽ,
- വിവാഹ സമയത്ത് എതിർകക്ഷി ഹരജിക്കാരനിൽ നിന്നല്ലാതെ മറ്റേതെങ്കിലും ആളിൽ നിന്ന് ഗർഭം ധരിച്ചിട്ടുണ്ടെങ്കിൽ
വിവാഹം അസാധുവാക്കുനാനുള്ള ഹരജി വ്യവസ്ഥകൾ
[തിരുത്തുക]വസ്തുതകൾ മറച്ചു വച്ചോ ബലപ്രയോഗത്താലോ ആണ് വിവാഹത്തിനു സമ്മതം കിട്ടിയതെങ്കിൽ, ബലപ്രയോഗം എന്നു അവസാനിച്ചുവോ അന്നു മുതലോ കബളിപ്പിക്കപ്പെട്ടു എന്നു എന്നു മനസ്സിലാക്കിയോ അന്നു മുതൽക്കും, ഒരു വർഷത്തിനകം വിവാഹം അസാധുവാക്കിക്കിട്ടുവാൻ കോടതിയിൽ ഹരജി ബോധിപ്പിക്കാവുന്നതാണ്. മറ്റൊരു വ്യവസ്ഥ, ഇത്തരം ബലപ്രയോഗത്തിലൂടെ സമ്മതം വാങ്ങി വിവാഹം നടത്തുകയും അല്ലെങ്കിൽ വഞ്ചിച്ചു വിവാഹം ചെയ്ത് അക്കാര്യം വഞ്ചനയ്ക്ക് വിധേയനായ ആൾ അറിയുകയും ചെയ്യുകയും അതിനു ശേഷവും ഹരജി കൊടുത്ത ആൾ പങ്കാളിയുമായി തന്റെ പൂർണ്ണ സമ്മതത്തോടെ ഭാര്യാ- ഭർത്താക്കന്മാരായി ജീവിക്കുകയും ചെയ്താൽ വിവാഹ ബന്ധം അസാധുവാക്കാനായി ഇക്കാര്യങ്ങൾ ആരോപിച്ച് കേസ് കൊടുക്കാൻ പാടുള്ളതല്ല.[6]
ദാമ്പത്യ ബന്ധം പുന:സ്ഥാപിക്കലും ജുഡീഷ്യലായ വേർപ്പെടുത്തലും
[തിരുത്തുക]ഭാര്യാ-ഭർത്താക്കന്മാരിൽ ഒരാൾ ,യാതൊരു കാരണവും കൂടാതെ മറ്റേ ആളുമായുള്ള സഹവാസത്തിൽ നിന്നു പിൻവാങ്ങുമ്പോൾ സങ്കട കക്ഷിക്ക് വിവാഹ ബന്ധം പുന:സ്ഥാപിക്കുവാനായി (Restitution of Conjugal Rights) കുടുംബ കോടതിൽ ഹരജി ഫയലാക്കാവുന്നതാണ്. ഹരജിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നു ബോധ്യപ്പെട്ടാൽ കോടതി എതിർകക്ഷിയോട് വിവാഹ ബന്ധം പുന:സ്ഥാപിക്കുവാൻ ഉത്തരവിടുന്നതാണ്. എന്നാൽ ന്യായമായ കാരണത്താലാണ് ഹരജിക്കാരനുമായുള്ള സഹവാസത്തിൽ നിന്നു പിൻ വാങ്ങിയതെന്ന് എതിർകക്ഷി തെളിയിച്ചാൽ ,വിവാഹ ബന്ധം പുന:സ്ഥാപിക്കുവാൻ കോടതി ഉത്തരവിടുകയില്ല.[7]
ജുഡീഷ്യൽ വേർപ്പെടുത്തൽ ( Judicial Seperation) എന്നു വച്ചാൽ പൂർണ്നമായ വേർപ്പാടല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ കോടതി ദമ്പതികളെ വേർപ്പെട്ടു താമസിക്കുവാൻ അനുവദിക്കുന്നു. ഇപ്രകാരം വേർപ്പെട്ടുതാമസിക്കുവാൻ വിവാഹത്തിലെ ഏതെങ്കിലും കക്ഷിക്ക് വിവാഹമോചനം കിട്ടുവാനുള്ള കാരണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ, ഇത്തരത്തിൽ താൽക്കാലികമായി വേർപ്പെട്ടുതാമസിക്കുവാനായി ഹരജി ബോധിപ്പിക്കാം. പ്രസ്തുത കാരണം കോടതിക്ക് ബോധ്യപ്പെട്ടാൽ കോടതി ജുഡീഷ്യൽ വേർപ്പെടുത്തൽ അനുവദിക്കുന്നതാണ്. ജുഡീഷ്യൽ വേർപ്പെടുത്തൽ വിധി പാസ്സ്സാക്കിയതിനു ശേഷം എതിർകക്ഷിയുടെ കൂടെ സഹവസിക്കുവാൻ ഹരജി കൊടുത്ത ആൾക്ക് ബാദ്ധ്യതയില്ല. എന്നാൽ അതിനു ശേഷം ഏതെങ്കിലും കക്ഷിയുടെ അപേക്ഷ പ്രകാരം, അപേക്ഷയിലുള്ള പ്രസ്താവനകളൂടെ സത്യാവസ്ഥ ബോധ്യപ്പെട്ടാൽ, ജുഡീഷ്യൽ വേർപ്പെടുത്തൽ റദ്ദ് ചെയ്യുവാൻ കോടതിക്ക് അധികാരമുണ്ടായിരിക്കും .[8]
വിവാഹ മോചനം
[തിരുത്തുക]നിയമ ദൃഷ്ട്യാ അസാധുവായതും അസാധുവാക്കാവുന്നതുമായ വിവാഹത്തെപറ്റിയാണ് (Void Marriage and Voidable Marriage) മുകളിൽ വിവരിച്ചത്. എന്നാൽ നിയമാനുസൃതമുള്ള വിവാഹം പിന്നീട് ദാമ്പത്യജീവിതത്തിലുണ്ടാവുന്ന ചില സാഹചര്യങ്ങളാൽ കോടതി മുഖേന വിവാഹ ബന്ധം വേർപ്പെടുത്താവുന്നതാണ്. വിവാഹ ബന്ധം വേർപ്പെടുത്തുവാനുള്ള സാഹചര്യങ്ങൾ താഴെ പറയുന്നതാണ്.[9]
- ഭാര്യയോ ഭർത്താവോ അന്യയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക
- എതിർകക്ഷിയുടെ മാനസികമോ ശാരീരികമോ ആയ ക്രുരമായ പെരുമാറ്റം. [10]
- ഹരജി കൊടുക്കുന്നതിനു തൊട്ടു മുമ്പുള്ള രണ്ട് വർഷത്തിൽ കുറയാതെയുള്ളതും തുടർച്ചയായും, എതിർകക്ഷി ഹരജികൊടുത്തയാളിനെ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ
- എതിർകക്ഷി മത പരിവർത്തനം നടത്തി ഹിന്ദു അല്ലാതായിത്തീർന്നാൽ
- ചികിൽസിച്ചു ഭേതപ്പെടുത്തുവാൻ ആവാത്ത ചിത്തഭ്രമം ഉണ്ടായിരിക്കുക, അല്ലെങ്കിൽ ന്യായമായ രീതിയിൽ വൈവാഹിക ബന്ധം തുടർന്നു കൊണ്ടുപോകുവാനാവാത്ത തരത്തിലുള്ള മാനസിക രോഗങ്ങൾ പിടിപെടുക
- ഉഗ്രവും മാറ്റാനാവാത്തതുമായ കുഷ്ട രോഗം ബാധിക്കുക
- പകരുന്ന ലൈംഗിക രോഗം ബാധിക്കുക
- ലൗകിക ജീവിതം ഉപേക്ഷിക്കുക
- ഏഴു കൊല്ലത്തിലധികമായി എതിർകക്ഷിയെക്കുറിച്ച് യാതൊരറിവുമില്ലാതിരിക്കുക
- വേർപ്പെട്ട് ജീവിക്കുവാൻ ( Judicial separation ) കോടതി ഉത്തരവായതിനു ശേഷം ഒരു വർഷത്തിലധികമായി സഹവാസം പുനരാരംഭിക്കാതിരിക്കുക
- ദാമ്പത്യ ബന്ധം പുന;സ്ഥാപിക്കുവാൻ ( Restituition of conjugal rights) കോടതി ഉത്തരവായതിനു ശേഷം ഒരു വർഷത്തിലധികമായി സഹവാസം പുനരാരംഭിക്കാതിരിക്കുക
മുകളിൽ പ്രസ്ഥാവിച്ച കാരണങ്ങൾക്ക് പുറമെ സ്ത്രീയ്ക്ക് താഴെ പറയുന്ന കാരണങ്ങളാലും വിവാഹ മോചനം ആവ്ശ്യപ്പെടാം
- ഈ നിയമം നിലവിൽ വരുന്നതിനു മുമ്പ്, ഭർത്താവ് വീണ്ടും വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അല്ലെങ്കിൽ ഈ വിവാഹം നടക്കുന്ന സമയത്ത് ഭർത്താവിനു മറ്റേതെങ്കിലും ഭാര്യ ജീവിച്ചിരുപ്പുണ്ടെങ്കിൽ
- ഭർത്താവ് ബലാൽസംഗത്തിനോ ( Rape ) , പ്രകൃതി വിരുദ്ധ ബന്ധത്തിനോ ( Sodomy) മൃഗങ്ങളുമായി സംഭോഗത്തിനോ ( Bestiality ) ശിഷിക്കപ്പെട്ട ആളാണെങ്കിൽ
- 15 വയസ്സിനു മുമ്പ് ഹരജിക്കാരിയുമായുള്ള വിവാഹം നടന്നുവെന്നും 18 വയസ്സിനു മുമ്പ് വിവാഹം നിരാകരിക്കുകയും ചെയ്തു എന്നു തെളിയിച്ചാൽ.
മുകളിൽ പറഞ്ഞ ഏതെങ്കിലും കാരണം തെളിക്കപ്പെട്ടാൽ കോടതി വിവാഹ മോചനം നൽകുന്നതാണ്.
ഉഭയ കക്ഷി സമ്മത പ്രകാരമുള്ള വിവാഹ മോചനം
[തിരുത്തുക]ഒരു കൊല്ലത്തിലധികമായി തങ്ങൾ വേർപിരിഞ്ഞു താമസിക്കുകയാണെന്നും ദാമ്പത്യ ജീവിതം യാതൊരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ല എന്നും തങ്ങൾ പരസ്പ്പരം വിവാഹ മോചനത്തിനു സമ്മതിച്ചിട്ടുണ്ടെന്നും കാണിച്ച് ഇരു കക്ഷികളും ഒരുമിച്ച് കോടതിയിൽ ഹരജി ഫയൽ ചെയ്യാവുന്നതാണ്.[11]. ഇത്തരത്തിലുള്ള ഹരജി സമർപ്പിച്ച് 6 മാസത്തിനു ശേഷം മാത്രമേ കോടതി നടപടികൾ സ്വീകരിക്കൂ. ഇരു കൂട്ടർക്കും പൊരുത്തപ്പെട്ട് പോകാൻ വേണ്ടീയാണ് 6 മാസത്തെ വൈറ്റിംഗ് പീരിയഡ് നിബന്ധന വച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു കക്ഷി പിന്മാറിയിട്ടില്ലെങ്കിൽ ഹരജി ബോധിപ്പിച്ച തിയ്യതി മുതൽ 6-18 മാസത്തിനുള്ളിൽ കോടതി ഹരജിയിൽ തീരുമാനമെടുക്കുന്നതാണ്. ഹരജിയിൽ ബോധിപ്പിച്ച പ്രകാരമുള്ള കാര്യങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ, വിധി തിയതി മുതൽ പ്രാബല്യമുള്ള , വിവാഹം വേർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു കോണ്ടൂള്ള ഒരു വിവാഹ മോചന ഡിക്രി പുറപ്പെടുവിക്കുന്നതാണ്.
വിവാഹ മോചനം നേടിയവർക്ക് എപ്പോൾ പുനർ വിവാഹം ചെയ്യാം?
[തിരുത്തുക]ഒരു വിവാഹമോചന വിധി കോടതി പുറപ്പെടുവിച്ച് താഴെ പറയുന്ന സന്ദർഭങ്ങളിൽ വിവാഹത്തിലെ ഇരു കക്ഷികളിൽ ആർക്കെങ്കിലും പുനർ വിവാഹം നടത്താം
- വിവാഹ മോചന വിധിയിന്മേൽ അപ്പീൽ കൊടുക്കുന്നതിനു യാതൊരു അവകാശമില്ലെങ്കിൽ പുനർ വിവാഹം നടത്താം
- അപ്പീൽ കൊടുക്കുവാൻ അവകാശമുണ്ടാവുകയും അത്തരത്തിൽ ഒരു അപ്പീൽ കൊടുക്കാതെ അപ്പീലിന്റെ കാലാവധി തീരുകയും ചെയ്താൽ
- അപ്പീൽ ബോധിപ്പിക്കുകയും അത് തള്ളി കൽപ്പനയായിട്ടുണ്ടെങ്കിൽ
നടപടിക്രമം
[തിരുത്തുക]ഈ നിയമത്തിന്റെ പരിധിയിലുള്ള ഏതൊരു ഹരജിയും അധികാര പരിധിയിലുള്ള കുടുംബ കോടതികളിൽ ബോധ്പ്പിക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും കുടുംബ കോടതികളുണ്ട്. ചില ജില്ലകളിൽ ഒന്നിലധികം കുടുംബ കോടതികളൂണ്ട്.[12]. അധികാര പരിധിയിലുള്ള കുടുംബ കോടതിയിൽ ആണ് കേസ് കൊടുക്കേണ്ടത്. അതിനു താഴെ പറയുന്ന ഏതെങ്കിലും അധികാര പരിധിയിലുള്ള കോടതിൽ കേസ് ഫയൽ ചെയ്യാം.[13]
- വിവാഹം ചടങ്ങനുസരിച്ച് നടത്തപ്പെട്ട സ്ഥലം
- ഹരജി സമർപ്പിക്കുന്ന സമയം എതിർകക്ഷി താമസിക്കുന്ന സ്ഥലം
- ഇരുകക്ഷികളും ഏറ്റവും ഒടുവിൽ ഒരുമിച്ച് താമസിച്ച സ്ഥലം
- ഹരജി കൊടുക്കുന്നത് ഭാര്യയാണെങ്കിൽ, അവൾ ഹരജി കൊടുക്കുന്ന സമയത്ത് താമസിക്കുന്ന സ്ഥലം
ഈ നിയമത്തിനു കീഴിലുള്ള എല്ലാ നടപടിക്രമങ്ങളൂം സിവിൽ നടപടി നിയമപ്രകാരമായിരിക്കും നടത്തുക. കൂടാതെ എല്ലാ ഹരജികളും ത്വരിതഗതിയിൽ തീർക്കേണ്ടതാണെന്നും ഹരജിയുടെ കോപ്പി എതിർകക്ഷിക്ക് നൽകി, 6 മാസത്തിനകം വിചാരണ നടപടികൾ തീർക്കാൻ പരിശ്രമിക്കണമെന്നും നിയമം അനുശാസിക്കുന്നു. കൂടാതെ അപ്പീലും ത്വരിത ഗതിയിൽ തീർക്കേണ്ടതും 3 മാസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കുവാൻ ശ്രമിക്കേണ്ടതുമാണെന്നും അനുശാസിക്കുന്നു. കേസ് നിലനിൽക്കുന്ന കാലത്തേക്കുള്ള സംരക്ഷണ ചെലവും കേസ് നടത്തിപ്പിനുള്ള ചെലവും എതിർകക്ഷിയിൽ നിന്നും ആവശ്യപ്പെടാവുന്നതാണ്. [14]
അവലംബം
[തിരുത്തുക]- ↑ Section 2 of Hindu Marriage Act 1955
- ↑ ക്രിസ്തു മതം സ്വീകരിച്ചവർക്ക് ഹിന്ദു വിവാഹ നിയമം ബാധകമല്ല,മാതൃഭൂമി ന്യൂസ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Section 5 of Hindu Marriage Act 1955
- ↑ Section 11 of Hindu Marriage Act 1955
- ↑ Section 12 of Hindu Marriage Act 1955
- ↑ Section 12 (2) of Hindu Marriage Act
- ↑ Section 9 Hindu Marriage Act
- ↑ Section 10 Hindu Marriage Act
- ↑ Section 13 Hindu Marriage Act
- ↑ http://www.dailyindianherald.com/home/details/cH6J1eCl/22 Archived 2013-08-19 at the Wayback Machine. അവിഹിത ബന്ധം ക്രൂരതയായി കണക്കാക്കാം -ഹൈക്കോടതി, ഇന്ത്യൻ ഹെറാൾഡ് 17-8-2013
- ↑ Section 13 (B) Hindu Marriage Act
- ↑ http://highcourtofkerala.nic.in/sj.html There are Sixteen Family courts functioning at Thiruvananthapuram, Kollam, Ernakulam, Ettumanoor (Kottayam), Thrissur, Manjeri, Kozhikode, Thiruvalla, Kannur, Nedumangad, Kottarakkara, Alappuzha, Kasaragod, Palakkad, Thodupuzha and Kalpetta having jurisdiction over the respective District
- ↑ Section 19 Hindu Marriage Act
- ↑ Section 24 of Hindu Marriage Act
ഇതും കാണുക
[തിരുത്തുക]- Hindu Marraige Act 1955
- രാജ്യ സഭയിൽ വിവാഹ ഭേദഗതി ബിൽ പാസ്സാക്കി, വെബ് ദുനിയ 27-8-2013
- ഹിന്ദു വിവാഹ മോചന നിയമം കൂടുതൽ ലളിതമാക്കി,കേരള ഓൺ ലൈൻ ന്യൂസ് 24-3-12 Archived 2014-03-30 at the Wayback Machine.
- ഭർത്താവ് അന്യമതക്കാരനാണെങ്കിൽ ഹിന്ദു വിവാഹ നിയമപ്രകാരം മോചനം പറ്റില്ല,ജന്മഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- നോട്ടറി ഒപ്പിട്ട വിവാഹമോചന ഉടമ്പടി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
- വിവാഹത്തിനു വേണ്ടിയുള്ള മതം മാറ്റം നിയമപരമല്ല.ഡൂൾന്യൂസ്.കോം,12-12-12