ഹാഷെപ്സുറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈജിപ്ത് കണ്ട ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായ സ്ത്രീ ഫറവോയായിരുന്നു ഹാഷെപ്സുറ്റ്. 3500 വർഷം മുമ്പാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നത്. പുരാതന ഈജിപ്തിൽ ക്ലിയോപാട്ര, നെഫെർറ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു ഹാഷെപ്സുറ്റ്.

ജീവിതരേഖ[തിരുത്തുക]

ബി.സി. ഇ 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച തുട്‌മസ് ഒന്നാമൻ ഫറോവയുടെ നിയമപിന്തുണയുള്ള ഏകമകളായിരുന്നു ഹാഷെപ്സുറ്റ്. തുട്മസ് ഒന്നാമനു ആദ്യഭാര്യയിൽ ജനിച്ച തുട്മസ് രണ്ടാമനായിരുന്നു ഹാഷെപ്സുറ്റിന്റെ ഭർത്താവ്. തന്റെ ഭർത്താവും അർദ്ധസഹോദരനുമായ തുട്മസ് രണ്ടാമൻ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്. തുട്മസ് രണ്ടാമനു മറ്റൊരു ഭാര്യയിൽ പിറന്ന മകൻ തുട്മസ് മൂന്നാമന് അന്ന് പ്രായപൂർത്തിയായിരുന്നില്ല. തന്റെ പക്കൽനിന്നും അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി ഹാഷെപ്സുറ്റിന്റെ മരണശേഷം തുട്മസ് മൂന്നാമൻ ശിലാലിഖിതങ്ങളിൽ നിന്നെല്ലാം അവരുടെ പേര് നീക്കംചെയ്തിരുന്നു.

ബി.സി.ഇ 1479 മുതൽ 1458 വരെയായിരുന്നു ഹാഷെപ്സുറ്റിന്റെ ഭരണകാലം. ഹാഷെപ്സുറ്റ് രാജ്ഞിയുടെ ഭരണകാലം പുരാതന ഈജിപ്തിന്റെ സുവർണ്ണകാലമായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ ഇറാഖ് മുതൽ സുഡാൻ വരെ അവർ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ ഐശ്വര്യസമൃദ്ധമായ കാലമായിരുന്നു ഹാഷെപ്സുറ്റ് ഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു.

തടിച്ച ശരീരപ്രകൃതിയായിരുന്ന ഹാഷെപ്സുറ്റ്, ഏകദേശം അമ്പത് വയസ്സിനടുത്ത പ്രായത്തിൽ പ്രമേഹവും അർബുദവും ബാധിച്ചാകാം മരിച്ചതെന്ന് ഗവേഷകർ കരുതുന്നു.

ചരിത്രശേഷിപ്പുകൾ[തിരുത്തുക]

1903ൽ രാജാക്കന്മാരുടെ താഴ്വരയിൽ കണ്ടെത്തിയ മമ്മി, ഫറോവ ഹാഷെപ്സുറ്റ് രാജ്ഞിയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഡെയർ എൽ ബെഹരി ക്ഷേത്രം(ഹാഷെപ്സുറ്റ് ക്ഷേത്രം

ഹാഷെപ്സുറ്റ് രാഞിക്ക് പിരമിഡുകൾ പടുത്തുയർത്തുന്നതിനോട് താല്പര്യം കുറവായിരുന്നതിനാൽ അവർ നൈൽ നദീതീരത്ത് ഒരു മല തുരന്ന് ഒരു ക്ഷേത്രം നിർമ്മിച്ചു. അതാണ് 'ദ ടെമ്പിൾ ഓഫ് ഹാഷെപ്സുറ്റ്' അഥവാ ഡെയർ എൽ ബെഹരി ക്ഷേത്രം. ഈ ക്ഷേത്രത്തിലാവണം അവരെ സംസ്കരിച്ചിട്ടുള്ളതെനാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാൽ ഡെയർ എൽ ബെഹരി ക്ഷേത്രത്തിൽ അവരുടെ മമ്മി കണ്ടെത്താനാകാത്തിരുന്നത് ചരിത്ര ഗവേഷകർക്കിടയിൽ ദുരൂഹതയായി തുടർന്നു. ക്ഷേത്രത്തിൽ നിന്ന് ഫറോവ ഹാഷെപ്സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881ൽ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന് തുണയായത്[1]. 1903ൽ കണ്ടെത്തിയ സ്ത്രീമമ്മിയുടെ പല്ല് നഷ്ടപ്പെട്ടിരിക്കുന്നതായും ഫറോവയുടെ മുദ്രപതിച്ച പെട്ടിയിലെ പല്ല് ആ മമ്മിക്ക് ശരിക്ക് ഇണങ്ങുന്നതായും പരിശോധനയിൽ തെളിഞ്ഞു. കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ ഡിസ്കവറി ചാനൽ അടുത്തെയിടെ സ്ഥാപിച്ച ഡി.എൻ.എ. ലാബിൽ ആ സ്ത്രീമമ്മിയുടെ ഇടുപ്പെല്ല്, തുടയെല്ല് എന്നിവയിൽ നിന്നെടുത്ത ഡി.എൻ.എ. വിശകലനം ചെയ്യാനും ഹവാസിനും സംഘത്തിനുമായി. മമ്മിയുടെ ജനിതകഘടന ഹാഷെപ്സുറ്റിന്റെ മുത്തശ്ശി അഹമോസ് നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങി.[1]


ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Tooth May Have Solved Mummy Mystery". The New York Times. ശേഖരിച്ചത് 15 ജൂലൈ 2013.
"https://ml.wikipedia.org/w/index.php?title=ഹാഷെപ്സുറ്റ്&oldid=3253387" എന്ന താളിൽനിന്ന് ശേഖരിച്ചത്