ഈജിപ്ഷ്യൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുരാതന ഈജിപ്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Map of ancient Egypt

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ്‌ ഈജിപ്ഷ്യൻ സംസ്കാരം. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്‌, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം. വടക്ക് മെഡിറ്ററേനിയൻ കടലും കിഴക്കും പടിഞ്ഞാറും മരുഭൂമികളും തെക്ക് കൂറ്റൻ വെള്ളച്ചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളും വിദേശാക്രമണങ്ങളിൽ നിന്ന് ഈജിപ്റ്റിന്‌ സം‌രക്ഷണം നൽകി. അത് അവിടെ തനതായ സംസ്കാരം ഉടലെടുക്കാൻ സഹായകമായി.

3100 ബി.സി.ഇ യോടു കൂടി മെനെസിന്റെ (നാർമർ ആണെന്ന് കരുതപ്പെടുന്നു) കീഴിൽ അപ്പർ ഈജിപ്റ്റിന്റേയും ലോവർ ഈജിപ്റ്റിന്റേയും രാഷ്ട്രീയേകീകരണത്തോടുകൂടിയാണ് ഈജിപ്ഷ്യൻ സംസ്കാരം രൂപം കൊണ്ടത്.[1] പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും ഓൾഡ് കിങ്ങ്ഡം, മിഡിൽ കിങ്ങ്ഡം, ന്യൂ കിങ്ങ്ഡം എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥിരതയാർന്ന ഭരണം അനുഭവപ്പെട്ട രാജവംശങ്ങളായും അവയ്ക്കിടയിലെ അസ്ഥിരമായ കാലഘട്ടങ്ങളായ ആദ്യ ഇടക്കാല കാലഘട്ടവും (ഫസ്റ്റ് ഇന്റർമീഡിയറ്റ് പിരീഡ്) രണ്ടാമത്തെ ഇടക്കാല കാലഘട്ടവും (സെക്കന്റ് ഇന്റർമീഡിയറ്റ് പിരീഡ്) ആയി തിരിച്ചിരിക്കുന്നു. ഓൾഡ് കിങ്ങ്ഡം തുടക്ക വെങ്കലയുഗത്തിലും മിഡിൽ കിങ്ങ്ഡം മദ്ധ്യവെങ്കലയുഗത്തിലും ന്യൂ കിങ്ങ്ഡം അന്ത്യവെങ്കലയുഗത്തിലുമാണ് നിലനിന്നിരുന്നത്.

ന്യൂ കിങ്ങ്ഡത്തിന്റെ സമയത്ത് നൂബിയയുടെ ഭൂരിഭാഗവും മദ്ധ്യപൂർവേഷ്യയുടെ ചില പ്രദേശങ്ങളും അധീനത്തിലാക്കി ഈജിപ്റ്റ് അതിന്റെ അധികാരത്തിന്റെ പാരമ്യത്തിലെത്തി. ഈജിപ്ത് അതിന്റെ ചരിത്രത്തിനിടയിൽ ഹിക്സോസ്, ലിബിയക്കാർ, നൂബിയന്മാർ, അസീറിയക്കാർ, അഖാമിനീഡ് പേർഷ്യക്കാർ, അലക്സാണ്ടറിന്റെ നേതൃത്വത്തിൽ മാസിഡോണിയക്കാർ എന്നിവരുടെ അധിനിവേശനത്തിനടിമപ്പെട്ടിരുന്നു. അലക്സാണ്ടറിന്റെ മരണശേഷം രൂപപ്പെട്ട ഗ്രീക്ക് പാരമ്പര്യമുള്ള ടോളമി രാജവംശം 30 ബി.സി.ഇ വരെ ഈജിപ്റ്റ് ഭരിച്ചു. 30 ബി.സി.ഇ യിൽ ക്ലിയോപാട്രയുടെ ഭരണത്തിനു കീഴിൽ ഈജിപ്റ്റ് റോമാ സാമ്രാജ്യത്തോട് യുദ്ധത്തിൽ പരാജയപ്പെടുകയും റോമാ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറുകയും ചെയ്യപ്പെട്ടു.[2]

നൈൽനദിയുടെ കൃഷിക്കനുയോജ്യമായ അനുകൂലനങ്ങളാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്ക്കാരത്തിന്റെ വിജയത്തിനൊരു കാരണമായി പറയപ്പെടുന്നത്. ഫലഭൂയിഷ്ഠമായ നൈൽതാഴ്വരയിലെ വർഷാവർഷങ്ങളിലുള്ള വെള്ളപ്പൊക്കവും നിയന്ത്രിതജലസേചനവും മിച്ചോൽപ്പാദനത്തിലേക്കു നയിക്കുകയും ഇത് ഉയർന്ന ജനസാന്ദ്രതക്കും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നതിക്കും കാരണമായി മാറി. മിച്ചോൽപ്പാദനം നൈൽനദീതടത്തിലേയും ചുറ്റുമുള്ള മരുഭൂമിയിലേയും ധാതുക്കളുടെ ചൂഷണത്തിനും, സ്വതന്ത്രമായ ഒരു ലിപിയുടെ ആവിഷ്ക്കാരത്തിനും, കൃഷിയുടെ പദ്ധതികളുടെ നടത്തിപ്പിനും, ചുറ്റുമുള്ള പ്രദേശങ്ങളുമായുള്ള വാണിജ്യത്തിനും, ഈജിപ്റ്റിന്റെ അധികാരം ഉയർപ്പിടിക്കാനായുള്ള സൈന്യത്തിന്റെ വളർച്ചക്കും വഴിയൊരുക്കി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഫറവോയുടെ അധികാരത്തിന്നു കീഴിൽ ഉദ്യോഗസ്ഥന്മാരുടേയും പുരോഹിതന്മാരുടേയും പകർപ്പെഴുത്തുകാരുടേയും കൂടിയുള്ള ഒരു ഭരണസംവിധാനം നിലനിന്നിരുന്നു. ഈ ഭരണസംവിധാനം വിപുലമായ ആചാരക്രമങ്ങളോടുകൂടിയ മതത്തിനെ അടിസ്ഥാനമാക്കി ഈജിപ്ഷ്യൻ ജനതയുടെ ഐക്യവും സഹകരണവും ഉറപ്പിച്ചു.[3]

പുരാതന ഈജിപ്തുകാരുടെ സംഭാവനകളിൽ ഖനനത്തിനുള്ള സാങ്കേതികവിദ്യകൾ, സർവ്വേരീതികൾ, പിരമിഡുകളും ക്ഷേത്രങ്ങളും സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഗണിതശാസ്ത്രരീതികൾ, ഫലപ്രദവുമായ വൈദ്യശാസ്ത്രരീതികൾ, ജലസേചനസമ്പ്രദായങ്ങൾ, കാർഷികോൽ‌പാദനത്തിനുള്ള സാങ്കേതികവിദ്യകൾ, അറിയപ്പെടുന്ന ആദ്യത്തെ പലക അടിസ്ഥാനമാക്കിയുള്ള വഞ്ചികൾ,[4] ഈജിപ്ഷ്യൻ ഫെയ്‌ൻസ് (പ്രത്യേകതരം സെറാമിക് നിർമ്മാണം) ഗ്ലാസുണ്ടാക്കാനുള്ള സാങ്കേതികവിദ്യ, സാഹിത്യത്തിന്റെ വ്യത്യസ്തരൂപങ്ങൾ, മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സമാധാന ഉടമ്പടി (ഹിറ്റൈറ്റുകളുമായുള്ളത്) ഇവയും പുരാതന ഈജിപ്റ്റിന്റെ സംഭാവനകളിൽപ്പെടുന്നു. [5] പുരാതന ഈജിപ്റ്റ് ലോകചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തി. അവരുടെ കലയും വാസ്തുവിദ്യയും പല സംസ്കാരങ്ങളും പകർത്തുകയും അവരുടെ പുരാവസ്തുക്കൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കടത്തപ്പെടുകയും ചെയ്യപ്പെട്ടു. പുരാതന ഈജിപ്റ്റിന്റെ സ്മാരകങ്ങളുടെ അവശിഷ്ടങ്ങൾ സഹസ്രാബ്ദങ്ങളായി സഞ്ചാരികളുടെയും എഴുത്തുകാരുടെയും ഭാവനകൾക്ക് പ്രചോദനമായി മാറി. ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിൽ യൂറോപ്യന്മാരും ഈജിപ്തുകാരും നടത്തിയ പുരാതനവസ്തുഖനനങ്ങൾ ഈജിപ്ഷ്യൻ നാഗരികതയെക്കുറിച്ചുള്ള ശാസ്ത്രീയാന്വേഷണത്തിനും അതിന്റെ സാംസ്കാരിക പാരമ്പര്യത്തെ വിലമതിക്കുന്നതിനും കാരണമായി.[2]

ജനങ്ങൾ[തിരുത്തുക]

വടക്കു പടിഞ്ഞാറു നിന്ന് ലിബിയന്മാരും, വടക്കു കിഴക്കു നിന്ന് സെമറ്റിക് വർഗ്ഗക്കാരും തെക്കു നിന്ന് നീഗ്രോകളും നദീതടങ്ങളിലേയ്ക്ക് പ്രവേശിച്ച് പരസ്പരം കൂടിക്കലർന്നാണ്‌ ഈജിപ്റ്റുകാരുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ഇവിടെ ഭരണം നടത്തിയിരുന്നത് ഫറവോയാണ്.

ചരിത്രം[തിരുത്തുക]

നൈൽ നദിയുടെ പുത്രിയായാണ്‌ ഈജിപ്റ്റ് അറിയപ്പെടുന്നത്. ഗ്രീക്ക് സഞ്ചാരികൾ ഈജിപ്തിനെ നൈലിൻറെ വരദാനം എന്നു വിളിച്ചു. നൈൽ നദിയിലുണ്ടാകുന്ന ഫലഭൂയിഷ്ഠമായ വെള്ളപ്പൊക്കം മനുഷ്യർക്ക് സ്ഥിരതയുള്ള കാർഷിക സമ്പദ്‌വ്യവസ്ഥയും സങ്കീർണ്ണവും കേന്ദ്രീകൃതവുമായ ഒരു സമൂഹവ്യവസ്ഥ വികസിപ്പിക്കാനുള്ള അവസരവും ഒരുക്കി. [6] [7]ഈ സങ്കീർണ്ണമായ സമൂഹവ്യവസ്ഥ മനുഷ്യ നാഗരികതയുടെ ചരിത്രത്തിലെ പ്രധാനസവിശേഷതകളിലൊന്നായിരുന്നു. ബി.സി. രണ്ടായിരത്തിനു മുൻപുള്ള ഈജിപ്റ്റിന്റെ ചരിത്രം നിഗമനങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ബി.സി.5000-നും 3000നും ഇടയിലുള്ള കാലഘട്ടം രാജവംശാതീതകാലമാണ്‌. ഈ കാലഘട്ടത്തിന്റെ ആരംഭത്തിൽ ഏതാനും ഗോത്രവർഗ്ഗങ്ങളാണ്‌ ഈജിപ്റ്റിൽ നിലനിന്നിരുന്നത്. കാലക്രമത്തിൽ ഇവയെല്ലാം സം‌യോജിച്ച് രണ്ടു രാഷ്ട്രങ്ങൾ ഉടലെടത്തു. അവ ഉപരി ഈജിപ്റ്റ് (Upper Egypt), നിമ്‌ന ഈജിപ്റ്റ് (Lower Egypt) എന്നും അറിയപ്പെടുന്നു. നൈൽ നദിയുടെ ഉത്ഭവസ്ഥാനം ഉൾക്കൊള്ളുന്ന ഈജിപ്റ്റിന്റെ തെക്കൻ പ്രദേശങ്ങൾ ഉപരി ഈജിപ്റ്റും നദീതടപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കു ഭാഗം നിമ്‌ന ഈജിപ്റ്റുമായിരുന്നു.

നിയതമായ ഈജിപ്തിന്റെ ആവിർഭാവം 3150 ബി സി യിൽ അപ്പർ ഈജിപ്തിന്റെയും ലോവർ ഈജിപ്തിന്റെയും ഏകീകരണത്തോടെ ആരംഭിച്ചതായാണ് കണക്കാക്കുന്നത് .പുരാതന ഈജിപ്തിലെ ആദ്യ ഫറോവ ആയി കണക്കാക്കപ്പെടുന്ന നാർമെർ ആണ് ഈജിപ്തിനെ ഒരു ഏകീകൃത രാഷ്ട്രമായി മാറ്റിയത് ഈജിപ്തിന്റെ ചരിത്രം സുസ്ഥിരമായ രാജവംശങ്ങളിലൂടെയാണ് മുന്നേറിയിട്ടുള്ളത് . ഇടക്ക് താരതമ്യേന അസ്ഥിരമായ കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട് .അവയെ മധ്യവർത്തി കാലഘട്ടങ്ങൾ എന്ന് വിളിക്കുന്നു .പുരാതന രാജവംശം ,മധ്യകാല രാജവംശം ആധുനിക രാജവംശം ഇവയാണ് പുരാതന ഈജിപ്തിലെ പ്രമുഖ രാജവംശങ്ങൾ ഈജിപ്തിലെ രാജാക്കന്മാരായിരുന്നു ഫറോവമാർ എല്ലാവിധ അധികാരങ്ങളും ഉള്ളവരായിരുന്നു ഫറോവമാർ ഭൂമിയുടെ അധിപന്മാർ ആരായിരുന്നു രാജാക്കന്മാർ രാജാവിനെ ദൈവത്തിൻറെ പ്രതിനിധിയായി കണ്ടു. അദ്ദേഹത്തിൻറെ പ്രതിമകൾ ഉണ്ടാക്കി ക്ഷേത്രങ്ങൾ സ്ഥാപിച്ചു. കൂടാതെ ക്ഷേത്രങ്ങളിൽ രാജാവിൻറെ ഭരണനേട്ടങ്ങൾ എഴുതിവച്ചു.

ജീവിത രീതി

പുരാതന ഈജിപ്റ്റിലെ ജനങ്ങൾ പ്രധാനമായും കൃഷി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.കൂടാതെ നൂൽനൂൽക്കലും സ്ഫടിക പാത്ര നിർമ്മാണവുമായിരുന്നു മറ്റ് തൊഴിലുകൾ. ഇവർ ജ്യോതിശാസ്ത്രത്തിലും ഗണിത ശാസ്തത്തിലും പ്രാവീണ്യമുള്ളവരായിരുന്നു. സമയമറിയാൻ അവർ സൗര ഘടികാരവും ജലഘടികാരവും ഉപയോഗിച്ചിരുന്നു.കൂടാതെ പിരമിഡ് നിർമ്മാണത്തിലെ ദീർല ചതുരവിസ്തൃതിയും ത്രികോണ വിസ്തൃതിയും കണക്കിലാക്കിയതിലൂടെ അവർക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവ് വെളിവാക്കുന്നു. ദൈവീകമായ കാര്യങ്ങൾ അറിയിക്കുന്നതിനായി അവർ ഹൈറോ ഗ്ലിഫിക്സ് (Hiero glyphics) എന്ന ലിപി ഉപയോഗിച്ചി രുന്നതായി ഷാപോലിയൻ (cham pollian)എന്ന ഫ്രഞ്ച് ഗവേഷകൻ 1798 ൽ കണ്ടെത്തിയതായി ചരിത്രം പറയുുന്നു. ശില്പ നിർമ്മാാണത്തിലും അവർക്ക് അതീവ വൈദഗ്ദ്ധ്യം ഉണ്ടാായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഭാഷ[തിരുത്തുക]

പ്രധാന ലേഖനം: ഈജിപ്ഷ്യൻ ഭാഷ

ആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് ഈജിപ്ഷ്യൻ ഭാഷ. ബാർബർ, സെമിറ്റിക് ഭാഷകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു[8].

ലിപി[തിരുത്തുക]

പ്രധാന ലേഖനം: ഹിറോഗ്ലിഫ്

ഈജിപ്റ്റിൽ നിലവിലുണ്ടായിരുന്ന ലിപിയാണ് ഹൈറോഗ്ലിഫിക്സ്. വലതുനിന്ന് ഇടത്തോട്ടാണ് ഇത് വായിക്കേണ്ടത്. ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം വിശുദ്ധമായ എഴുത്ത് എന്നാണ്.

അവലംബം[തിരുത്തുക]

 1. Dodson & Hilton (2004), p. 46.
 2. 2.0 2.1 James (2005), p. 84.
 3. James (2005), p. 8; Manuelian (1998), pp. 6–7.
 4. Ward (2001).
 5. Clayton (1994), p. 153.
 6. Shaw (2003), pp. 17, 67–69.
 7. Shaw (2003), p. 17.
 8. Loprieno (1995b) p. 2137

പുസ്തകസൂചിക[തിരുത്തുക]

 • James, T.G.H. (2005). The British Museum Concise Introduction to Ancient Egypt. University of Michigan Press. ISBN 978-0-472-03137-5.
 • Dodson, Aidan; Hilton, Dyan (2004). The Complete Royal Families of Ancient Egypt. Thames & Hudson. ISBN 978-0-500-05128-3.
 • Loprieno, Antonio (1995b). "Ancient Egyptian and other Afroasiatic Languages". എന്നതിൽ Jack M. Sasson (ed.). Civilizations of the ancient Near East. Vol. 4. Scribner. pp. 2137–2150. ISBN 978-0-684-19723-4. |volume= has extra text (help)
 • Manuelian, Peter Der (1998). Regine Schulz; Matthias Seidel (eds.). Egypt: The World of the Pharaohs. Cologne, Germany: Könemann. ISBN 978-3-89508-913-8.
 • Clayton, Peter A. (1994). Chronicle of the Pharaohs. London: Thames and Hudson. ISBN 978-0-500-05074-3.
 • Ward, Cheryl (May 2001). "World's Oldest Planked Boats". Archaeology. 54 (3).
 • Shaw, Ian, ed. (2003). The Oxford History of Ancient Egypt. Oxford: Oxford University Press. ISBN 978-0-19-280458-7.
"https://ml.wikipedia.org/w/index.php?title=ഈജിപ്ഷ്യൻ_സംസ്കാരം&oldid=3550932" എന്ന താളിൽനിന്ന് ശേഖരിച്ചത്