സ്വാമി ആനന്ദതീർഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാമി ആനന്ദതീർഥ
Swami ananda theertha.jpg
ജനനം(1905-01-02)ജനുവരി 2, 1905
തലശ്ശേരി
മരണം1987 നവംബർ 21
പയ്യന്നൂർ
ദേശീയതഇൻഡ്യ
തൊഴിൽസ്വാതന്ത്ര്യസമരസേനാനി, സാമൂഹ്യപരിഷ്കർത്താവ്

കേരളത്തിന്റെ സാമൂഹിക നവോത്ഥാന - അയിത്തോച്ചാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആധ്യാത്മിക നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു സ്വാമി ആനന്ദതീർഥ. 1905 ജനവരി രണ്ടിന് തലശ്ശേരിയിലെ സമ്പന്നമായ ഗൗഡസാരസ്വത ബ്രാഹ്മണ കുടുംബത്തിലായിരുന്നു സ്വാമിയുടെ ജനനം.

ജീവിതരേഖ[തിരുത്തുക]

ആനന്ദ ഷേണായ് എന്നായിരുന്നു ആദ്യനാമം. തലശ്ശേരി ബ്രണ്ണൻ സ്കൂൾ, ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1926-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ഫിസിക്‌സിൽ രണ്ടാം റാങ്കോടെ ബി.എ. ഓണേഴ്‌സ് പാസായി. ഗാന്ധിജിയുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനായ ആനന്ദൻ സ്വാതന്ത്ര്യ സമരത്തിലും നവോത്ഥാന പ്രവർത്തനങ്ങളിലും സജീവമായി. അയിത്തോച്ചാടന പ്രവർത്തനങ്ങളിൽ മുഴുകിയ അനന്ത ഷേണായിയെ ശ്രീനാരായണഗുരു ശിവഗിരിയിലേക്ക് വിളിച്ചുവരുത്തി ശിഷ്യത്വം നൽകി. 1928 ആഗസ്ത് മൂന്നിന് ഗുരുവിൽ നിന്ന് കാഷായം സ്വീകരിച്ച് സംന്യാസിയായി. പിന്നീടാണ് സ്വാമി ആനന്ദതീർഥ എന്ന് അറിയപ്പെട്ടത്.

1930-ൽ വേദാരണ്യം കടപ്പുറത്ത് സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടു. പയ്യന്നൂരിലെ കണ്ടോത്ത് ക്ഷേത്രത്തിനു മുന്നിൽ എ.കെ.ജിക്ക് ജാതി കോമരങ്ങളുടെ ഭീകര മർദ്ദനം ഏറ്റ സംഭവം തന്റെ തട്ടകം പയ്യന്നൂരിലേക്ക് മാറ്റാൻ സ്വാമിയെ പ്രേരിപ്പിച്ചു. തുടർന്ന് ഉത്തരകേരളം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

വിദ്യാഭ്യാസ മേഖലയിലും സ്വാമിയുടെ പ്രവർത്തനങ്ങൾ സജീവമായിരുന്നു. ദളിതരും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരുമായ കുട്ടികൾക്കായി 1931 നവംബർ 21ന് പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചു. എ.കെ.ജി., കെ.പി.ആർ. ഗോപാലൻ, ടി.സി .നാരായണൻ നമ്പ്യാർ, വിഷ്ണുഭാരതീയൻ, കേരളീയൻ തുടങ്ങിയവരുടെ പിന്തുണയും ആനന്ദതീർഥക്കു ലഭിച്ചു. 1934 ജനുവരി 12ന് ഗാന്ധിജി ആശ്രമം സന്ദർശിക്കുകയും ആശ്രമവളപ്പിൽ ഒരു മാവിൻതൈ നടുകയും ചെയ്തു. ആ മാവ് വളർന്നു പന്തലിച്ച് ഗാന്ധി മാവ് എന്ന പേരിൽ പയ്യന്നൂരിന്റെ സാംസ്കാരിക ചിഹ്നമായി ഇന്നും ആശ്രമവളപ്പിലുണ്ട്.

1933ൽ അയിത്താചരണത്തെ എതിർക്കുന്നതിനായി ജാതി നാശിനിസഭ സ്ഥാപിച്ചു. സഭയുടെ ആഭിമുഖ്യത്തിൽ മിശ്രവിവാഹങ്ങളും മിശ്രഭോജനവും സംഘടിപ്പിച്ചു. ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, പൊതുവഴികൾ, ആരാധനാലയങ്ങൾ എന്നുവേണ്ട, അവർണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളിലേക്കൊക്കെ അദ്ദേഹം അവരെയും കൂട്ടി ജാഥ നയിച്ചു. 1959 ൽ സ്വാമി ശ്രീ നാരായണ ധർമസംഘം ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അബ്രാഹ്മണർക്ക് പ്രവേശനം ആവശ്യപ്പെട്ട് 1982-ൽ സ്വാമി സത്യാഗ്രഹം നടത്തി. അതിനുശേഷമാണ് ഊട്ടുപുരയിൽ എല്ലാ ഭക്തർക്കും പ്രവേശനവും ഭക്ഷണവും ലഭിച്ചുതുടങ്ങിയത്.

1972 ൽ സ്വാതന്ത്ര സമര സേനാനികൾക്കുള്ള താമ്രപത്രം നൽകി രാജ്യം സ്വാമിയെ ആദരിച്ചു. ഒരേ സമയം സ്വാതികനായ സംന്യാസിയും ധീരനായ വിപ്ലവകാരിയുമായിരുന്ന അദ്ദേഹം 1987 നവംബർ 21ന് പയ്യന്നൂരിൽ അന്തരിച്ചു. പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയവളപ്പിൽ സ്വാമിയുടെ ഭൗതിക ശരീരം അടക്കം ചെയ്ത മണ്ഡപം ഉണ്ട് .

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വാമി_ആനന്ദതീർഥ&oldid=2273436" എന്ന താളിൽനിന്ന് ശേഖരിച്ചത്